വാനരപ്പട അഭ്യാസികളായി മാറി. ശല്യക്കാരായപ്പോള്‍ സിംഹവാലന്‍ കുരങ്ങുകളെ കുട്ടികള്‍ വിരട്ടിയോടിച്ചു. കയ്യില്‍ വടിയും ചൂരലും കാണാം. കുരങ്ങന്‍മാര്‍ ഒറ്റക്കുതിപ്പിന് വീടിന്റെ മേല്‍ക്കൂരകളില്‍ അഭയം തേടി. അവിടെ കൂട്ടമായിരുന്ന് കുട്ടികളെ പരിഹസിച്ചു. ശബ്ദിച്ചു. സിംഹവാലന്റെ ശല്യത്തെ നേരിടാന്‍ കുട്ടികള്‍ മാത്രമല്ല വീട്ടമ്മമാരും സജ്ജമാണ്. തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലാണ് ദൃശ്യം. ക്യാമറയുമായി കാത്തിരുന്നാല്‍ ആക്ഷന്‍ ചിത്രങ്ങള്‍ നിരവധി. അവയില്‍ വൈവിധ്യവും കാണാം.

പശ്ചിമഘട്ടത്തിലെ സിംഹവാലന്‍ കുരങ്ങുകള്‍ വംശനാശം നേരിടുന്നവയാണ്. സൈലന്റ് വാലിയിലും നെല്ലിയാമ്പതിയിലും പറമ്പിക്കുളത്തും വാഴച്ചാലിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങളുണ്ട്. ഏതാണ്ട് 4000 ഓളം വരുമെന്നാണ് കണക്ക്.

സൈലന്റ് വാലിയിലെ വൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്ന അറുപതുകളിലാണ് സിംഹവാലന്‍ കുരങ്ങുകള്‍ കൂടുതലായി അറിയാന്‍ തുടങ്ങിയത്. സൈലന്റ് വാലി മഴക്കാടുകളുടെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ കൂടി ഉള്‍പ്പെടുത്തിയിരുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സിംഹവാലന് അതോടെ ആഗോളപ്രശസ്തി ലഭിച്ചു.

Simha Vaalan

മഴക്കാടുകളും നിത്യഹരിതവനങ്ങളുമാണ് സിംഹവാലന്‍ കുരങ്ങുകളുടെ ആവാസകേന്ദ്രം. വനത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. വൃക്ഷങ്ങളില്‍ നിന്ന് താഴെയിറങ്ങുന്നതും അപൂര്‍വ്വമാണ്.

പക്ഷെ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ സ്ഥിതി വ്യത്യസ്തം. സിംഹവാലന്‍ കുരങ്ങുകള്‍ വൃക്ഷങ്ങളില്‍ നിന്ന് നിലത്തിറങ്ങി വിഹരിക്കും. വാല്‍പ്പാറ ടൗണിലെ പുതുത്തോട്ടം കോളനിയിലാണ് അവ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. തേയില ഫാക്ടറി തൊഴിലാളികളുടെ ചെറിയൊരു കോളനി. ഏതാണ്ട് 120ഓളം സിംഹവാലന്‍മാരുടെ പട തന്നെ അവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. കോളനിക്കു മുന്നിലുള്ള റോഡ് മുറിച്ചുകടന്നാല്‍ വനമുണ്ട്. എന്നാലും വാനരപ്പടയുടെ ഹൃദ്യമായ വേദി കോളനി തന്നെ.

ലക്ഷംവീട് കോളനിയുടെ പ്രതീതി. ചെറിയ വീടുകള്‍. ആയിരത്തോളം പേര്‍ അവിടെ തിങ്ങിപ്പാര്‍ക്കുന്നു. വീട്ടുകാര്‍ ആരെങ്കിലും പുറത്തിറങ്ങുന്നതിനു മുമ്പായി എല്ലാം ഭദ്രം എന്നുറപ്പു വരുത്തും. ജനലും വാതിലും അടച്ചിടും. അടുക്കളവാതില്‍ ഒരുപാതി തുറന്നാല്‍ മതി സിംഹവാലന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ മോഷ്ടിച്ചതു തന്നെ. അവന് കലി ഇളകിയാല്‍ ടെലിവിഷന്‍ കേബിളുകള്‍ വലിച്ച് പൊട്ടിക്കുക പതിവാണ്.

പലപ്പോഴും റോഡിലേക്കിറങ്ങുന്ന വാനരന്‍മാര്‍ വാഹനങ്ങള്‍ ഇടിച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവയുടെ രക്ഷയ്‌ക്കെത്തിയിട്ടുള്ളത് നാഷണല്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ്. പ്രശസ്ത വന്യജീവി പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ: എ.ജെ.ടി ഖോര്‍സിങ്ങാണ് ഫൗണ്ടേഷന്‍ പ്രസിഡണ്ട്.

Simha Vaalan 2

റോഡിന് അല്‍പം വളവുണ്ട്. ഫൗണ്ടേഷന്റെ വാച്ചര്‍മാരായ ധര്‍മ്മരാജനും ജോസഫും പകല്‍സമയത്ത് റോഡില്‍ നില്‍ക്കും അവരുടെ കയ്യില്‍ ചെറിയൊരു ബോര്‍ഡുണ്ട്. വാഹനങ്ങള്‍ മെല്ലെ പോകുക. സിംഹവാലന്‍ ഇവിടെ റോഡ് മുറിച്ചു കടക്കും. അപകടം ഒഴിവാക്കുക. 

ഈ സംരംഭത്തിന് ശേഷം അപകടങ്ങള്‍ കുറഞ്ഞു, സിംഹവാലനെ രക്ഷിക്കാനുള്ള ദൗത്യം വിജയിച്ചുവെന്ന് പറയാം. പക്ഷെ കോളനിയില്‍ കുരങ്ങിന്റെ ശല്യം നിലച്ചിട്ടില്ലെന്ന് ധര്‍മ്മരാജന്‍ പറയുന്നു. അതിനാല്‍ കുരങ്ങന്‍മാരെ നേരിടാന്‍ കുട്ടികള്‍ വരെ തയ്യാറെടുത്ത് നില്‍ക്കുന്നു.  സിംഹവാലന് ഇവിടെ ഭക്ഷണം സുലഭം. പാഴായ ഭക്ഷണവസ്തുക്കള്‍ പലരും പുറത്തിടുന്നു. അത് വാനരന്‍മാര്‍ കൂട്ടമായി എത്തി ഭക്ഷിക്കുന്നു. ചിലപ്പോള്‍ അവ ഭക്ഷണത്തെച്ചൊല്ലി കലഹിക്കുകയും ചെയ്യും.

വാനരന്‍മാര്‍ അഭ്യാസികളാണ്. വീടിന്റെ മേല്‍ക്കൂരയിലും ടെലിഫോണ്‍ പോസ്റ്റിലും അവ അഭ്യാസപ്രകടനങ്ങളും നടത്തി കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. നോക്കിനില്‍ക്കുന്നവരോട് ചില വാനരന്‍മാര്‍ പല്ലിളിച്ച് കാണിക്കും.

സിംഹവാലനെ ക്യാമറയിലാക്കുമ്പോള്‍ 

  1. വനജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സിംഹവാലനെ ക്യാമറയിലാക്കാന്‍ കേരളത്തില്‍ നെല്ലിയാമ്പതിയും പറമ്പിക്കുളവുമാണ് നല്ലയിടങ്ങള്‍ 
  2. വാല്‍പ്പാറയില്‍ നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുടെ ത്രില്ലില്ല. രാജമലയില്‍ നിന്ന് വരയാടിന്റെ ഫോട്ടോയെടുക്കുന്നതു പോലെയേ വരൂ അത് 
  3. പ്രകാശം കുറഞ്ഞ മഴക്കാടുകളിലാണ് ഇവയെ കാണുക 
  4. വെടിപ്ലാവ് പൂക്കുമ്പോള്‍ അതിന്റെ തേന്‍ കുടിക്കാന്‍ ഇവയ്ക്ക് ഇഷ്ടമാണ്. വെടിച്ചക്കയോടും പ്രിയമുണ്ട്. ആലിന്‍കായാണ് മറ്റൊരു ഇഷ്ടഭോജ്യം. ഇതിനെ കേന്ദ്രീകരിച്ച് നിന്നാല്‍ ഫോട്ടോയ്ക്ക് സാധ്യതയുണ്ട്. 
  5. മരത്തിന് മുകളിലോ മറഞ്ഞിരുന്നോ വേണം ഫോട്ടോയെടുക്കാന്‍ 
  6. കണ്ണ് ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുക. നല്ല ചിത്രങ്ങള്‍ കിട്ടാന്‍ അതാണ് നല്ലത് 
  7. വളരെ ഉയരത്തിലായിരിക്കും ഇവ. അതുകൊണ്ട് തന്നെ 400 mm ലെന്‍സ് കരുതുന്നത് നല്ലതായിരിക്കും 
  8. വളരെ ക്ഷമാപൂര്‍വ്വമുള്ള കാത്തിരിപ്പു വേണം

Content Highlights: Lion Tailed Macaque, Valparai Travel, Wildlife Photography, NA Naseer Photography