രു പണിമുടക്ക് ദിവസമായിരുന്നു അന്ന്. നേരം ശരിക്ക് വെളുത്തുതുടങ്ങിയിട്ടില്ല. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുന്ന ഒരു യുവാവിനെയും എടുത്തുകൊണ്ട് ആ മല കയറുകയാണ്. ചാറ്റല്‍ മഴയുണ്ട്. ഒപ്പം മഞ്ഞും. ഒരാളുടെ ശ്വാസം അല്‍പ്പമൊന്നു പാളിയാല്‍ എല്ലാം തകിടംമറിയും. ഒടുവില്‍ എന്തിന് വന്നുവോ ആ ലക്ഷ്യത്തിലേക്ക് അവരെത്തി. കൊടികുത്തിമല തന്റെ സര്‍വപ്രതാപത്തോടെയും അവര്‍ക്ക് സ്വാഗതമരുളി.

ഇത് കൊടികുത്തിമലയേക്കുറിച്ചുള്ള കഥയല്ല. മനസ്സാന്നിധ്യം കൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന റയീസ് എന്ന മലപ്പുറം വെളിമുക്ക് സ്വദേശിയുടെ കഥയാണ്. ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതയാത്രയുടെ കഥയാണ്. വളരെ ചെറുപ്പം മുതല്‍ തന്നെ യാത്രകള്‍ റയീസിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വല്യുപ്പയുടെ കൂടെയായിരുന്നു ആദ്യയാത്രകള്‍. സെല്‍ഫ് ലേണിങ്ങിന്റെ ഭാഗമായി യാത്ര ചെയ്യുക എന്നത് പഠിപ്പിച്ചത് വല്യുപ്പയായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലായിരുന്നു തനിച്ചുള്ള യാത്രകളുടെ തുടക്കം. മാസികകളും മറ്റും വാങ്ങാന്‍ വെച്ചിരിക്കുന്ന കാശെടുത്താണ് മിക്കപ്പോഴും യാത്ര. യാത്രകള്‍ക്ക് പ്രത്യേക സ്ഥലം എന്നൊന്നും ഉണ്ടായിരുന്നില്ല.  സ്‌കൂള്‍ കട്ട് ചെയ്തിട്ടുള്ള ഒരു പകലിന്റെ നീളം മാത്രമുള്ള യാത്രകളായിരുന്നു അന്നുണ്ടായിരുന്നത്. തൊട്ടടുത്താണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍. അവിടെയെത്തി ആദ്യം വരുന്ന ട്രെയിനില്‍ കയറി പകുതി ദൂരം യാത്ര ചെയ്യും.

സ്ഥലം കണ്ട് ആസ്വദിക്കുകയല്ലായിരുന്നു റയീസിന്റെ യാത്രകളുടെ ആത്യന്തിക ലക്ഷ്യം. ഒരുപാട് ആളുകളെ കാണണം, അവരോട് സംസാരിക്കണം. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു പ്രപഞ്ചമുണ്ടെന്നാണ് റയീസിന്റെ വിശ്വാസം. അതിന്റെ പൊട്ടും പൊടിയും അനുഭവിക്കുക. സ്‌കൂളിലെ പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അനുഭവങ്ങളാണ് അവ തരികയെന്ന് റയീസ് പറയുന്നു. ക്ലാസ് കട്ട് ചെയ്ത് യാത്ര പോയി തിരിച്ചു വരുമ്പോള്‍ എപ്പോഴെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ റയീസിന്റെ മുഖത്ത് ഇന്നും ചിരി പരക്കും. അനിയത്തി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നപ്പോള്‍ അവിടേക്ക് പോയതാണ് ഉള്ളില്‍ പൊള്ളിച്ചുനില്‍ക്കുന്ന അനുഭവം പകര്‍ന്ന യാത്രയെന്ന് റയീസ് പറയുന്നു. 

14 വര്‍ഷം മുമ്പാണ് റയീസിന്റെ ജീവിതത്തിനെയാകെ വഴിതിരിച്ചുവിട്ട ആ അപകടം സംഭവിക്കുന്നത്. 10ാം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്ന സമയമായിരുന്നു. സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടിയ്ക്കായുള്ള സാധനസാമഗ്രികളുമായി രാത്രിയില്‍ ചെറിയ ഒരു ലോറിയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് ലോറിയുടെ പിന്‍ഭാഗത്ത് കിടന്നുറങ്ങുകയായിരുന്നു റയീസ്. തലപ്പാറയില്‍ വെച്ച് വാഹനം മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയും റയീസിന്റെ നട്ടെല്ലിന് ക്ഷതമേല്‍ക്കുകയുമായിരുന്നു. ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് അപകടത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തനാവുന്നത്. അന്നെല്ലാം കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയാണ് റയീസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. 

എന്ത് തേടിയാണോ മുമ്പ് യാത്രകള്‍ ചെയ്തുകൊണ്ടിരുന്നത് അവയെല്ലാം അപകടത്തിന് ശേഷം തന്നെ അന്വേഷിച്ച് വരാന്‍ തുടങ്ങിയെന്നാണ് റയീസിന്റെ പക്ഷം. പലപ്പോഴും പാതിര വരെ വീട്ടില്‍ ആളുകളുണ്ടാവും. അപകടം നടന്നതിന് ശേഷം ഇക്കാലമത്രയും ഈ പതിവ് തുടരുന്നു. ആദ്യത്തെ 10 വര്‍ഷം ശരീരത്തിന്റെ ചലനശേഷി വളരെ കുറവായിരുന്നു. ഇപ്പോള്‍ കഴുത്ത് മാത്രം ഇളക്കാം. സംസാരിക്കാം. പക്ഷേ റയീസ് ഫോണിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചു. തന്റെ സമാന അവസ്ഥയിലുള്ളവരെ പോരാടുന്നവര്‍ എന്നു വിളിക്കാനാണ് റയീസിനിഷ്ടം. ഇത്തരം ആളുകളുമായി നിരന്തരം സംസാരിക്കുകയും സമൂഹത്തില്‍ തന്നാലാവുംവിധമുള്ള ഇടപെടലുകള്‍ നടത്തിയും ഒരു സമാന്തര ലോകം തന്നെ ഇദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.  

അപകടമുണ്ടായതിന് ശേഷം മൂന്ന് വര്‍ഷമായി വാഹനത്തില്‍ സഞ്ചരിച്ച് പുറത്ത് യാത്ര ചെയ്യാന്‍ തുടങ്ങിയത്. അതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു സ്‌ട്രെച്ചറും കാറുമുണ്ട് ഇദ്ദേഹത്തിന്. കൂട്ടുകാരും സഹോദരങ്ങളുമൊക്കെയാണ് യാത്രകളില്‍ ഒപ്പമുണ്ടാവാറ്. ഇടയ്ക്ക് ബ്ലോഗ് എഴുതും. സോഷ്യല്‍ മീഡിയ റയീസിനെ സംബന്ധിച്ചിടത്തോളം തനിക്ക് എഴുതാനോ പറയാനോ ഉള്ള കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരിടം മാത്രമാണ്. 

ഒരിക്കല്‍ സൗഹൃദം, ഉടല്‍, ആത്മഹത്യ എന്നിങ്ങനെ മൂന്ന് വിഷയങ്ങളെ കോര്‍ത്തിണക്കി റയീസ് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഉടല്‍ എന്ന ഭാഗത്ത് അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. 'വികലാംഗന്‍ മുതല്‍ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരാവയവങ്ങള്‍ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്. കൊടികുത്തിമലയുടെ മുകളില്‍ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല. വേണമെന്ന് വെച്ചാല്‍ ആര്‍ക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്. എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കില്‍ ഇനി ഉടലിന്റെ പേരില്‍ അഭിസംബോധന ചെയ്യരുത്. അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി, ചിലയിടങ്ങളില്‍ വീര്‍ത്തും മറ്റു ചിലയിടങ്ങള്‍ ഒട്ടിയും ഒതുങ്ങി നില്‍ക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവര്‍ണ്ണ കാഴ്ചപ്പാടുണ്ടല്ലോ. അതിനെ ചലനമറ്റ, കുമ്പയുള്ള, തടിച്ച, പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ. ഉടലല്ല സുഹൃത്തേ ഉയിരാണ് പ്രധാനം.'

ഗ്രീന്‍ പാലിയേറ്റീവ് എന്ന എന്‍.ജി.ഓയുടെ ഭാഗമായി ചില ഇടപെടലുകള്‍ റയീസ് നടത്താറുണ്ട്. ഈയിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വയനാട്ടിലെ കുറിച്യര്‍മല എല്‍.പി സ്‌കൂള്‍ അപ്പാടെ തകര്‍ന്നിരുന്നു. ഈ സ്‌കൂളിനെ ഗ്രെയിന്‍ പാലിയേറ്റീവിന്റെ വളണ്ടിയര്‍മാര്‍ നാട്ടുകാരുടെ സഹായത്തോടെ 72 മണിക്കൂര്‍ കൊണ്ടാണ് പഠനയോഗ്യമാക്കി നല്‍കിയത്. കൂടാതെ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വെളിമുക്കിലെ കളക്ഷന്‍ കേന്ദ്രം കൂടിയായിരുന്നു പ്രളയദുരിതമനുഭവിക്കുന്ന 200 കുടുംബങ്ങള്‍ക്ക് അടുത്ത ഒരുവര്‍ഷത്തേക്ക് റേഷന്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റയീസും സംഘവും. മറ്റ് എന്‍.ജി.ഓകളൊന്നും എത്തിപ്പെടാത്ത പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന കമ്മ്യൂണിറ്റി സെന്ററുകള്‍, കുടിവെള്ള പദ്ധതികള്‍ മുതലായവ പുനരുദ്ധരിക്കണമെന്നും ഇദ്ദേഹം സ്വപ്‌നം കാണുന്നു. 

കോളേജുകളിലും എന്‍.ജി.ഓകള്‍ക്കു വേണ്ടിയും സെഷനുകളെടുക്കാറുണ്ട് റയീസ്. ലൗ, ലൈഫ്, ഹോപ്പ് തുടങ്ങിയവയാണ് വിഷയങ്ങള്‍. എത്ര തവണ ആത്മഹത്യയേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന ചോദ്യം ഈയടുത്തുവരെ നേരിട്ടുണ്ടെന്ന് റയീസ് നേരിട്ടിട്ടുണ്ട്. പക്ഷേ ജീവിതത്തിന്റെ സ്‌നേഹാനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് താനെന്നാണ് റയീസ് ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത്. അതെ റയീസ് ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.