കാടോരങ്ങളിലെ ഹരിതസ്വച്ഛതയിൽ കാനനവിശുദ്ധിയുടെ പ്രതീകമായി സൗമ്യവും ദീപ്തവുമായ ഭാവത്തോടെ കൂട്ടുകൂടുന്ന, മിഴിക്കോണിൽ കാടിന്റെ നൈർമല്യവും ലാളിത്യവും ഉൾക്കുളിരും ആർദ്രതയുമെല്ലാം തെളിയുന്ന മുഗ്ധലാവണ്യമാണ് "ചീതൾ' എന്ന വിളിപ്പേരുളള പുള്ളിമാനുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെയും ഹിമവൽ താഴ്വരയിലേയും തണലിഴയുന്ന നിബിഡ വനങ്ങളുടേയും അർദ്ധ നിത്യഹരിതവനങ്ങളുടേയും, പുൽമേടുകളുടേയും യൗവനകാന്തിയിൽ ലയിച്ച് ഇക്കൂട്ടർ ജീവിതം മെനയുന്നു.

പുള്ളിമാനിന്റെ സ്വഭാവ സവിശേഷതകൾ തൊട്ടറിയുന്നത് മുത്തങ്ങ കാട്ടിലൂടെയുള്ള ആദ്യകാലയാത്രകളിലാണ്. വയനാട് ജില്ലയിലെ അമ്പലവയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജോലി ചെയ്യുന്ന കാലത്ത് വനം വകുപ്പ് ഒരുക്കുന്ന വനസഹവാസ ക്യാമ്പുകളിൽ (Nature Camp) നേച്വർ ക്ലബ്ബിലെ വിദ്യാർത്ഥികളുടെ ചുമതലക്കാരനായിട്ടാണ് കാടേറ്റം തുടങ്ങുന്നത്.

Deers 2

കാടിനുള്ളിലെ താല്കാലിക വാസസ്ഥലത്തിന് ചുറ്റും, വാച്ച് ടവറിന് സമീപവുമെല്ലാം സായന്തനമാകുന്നതോടെ പുള്ളിമാനുകൾ നിറയും. പൂർണ്ണചന്ദ്രൻ തെളിയുന്ന രാവുകളിൽ സുഹൃത്ത് ഹരികൃഷ്ണനുമൊത്ത് കൺപോളകളെ ഉറക്കം വന്ന് മൂടുംവരെ പുൽപ്പരപ്പിൽ തെളിയുന്ന മാൻകൺവെട്ടവും മൃദുചലനങ്ങളും പ്രണയകലഹങ്ങളും നോക്കിയിരുന്നു മതിവരാത്ത നാളുകൾ! ശരിക്കും എന്നെ കാട്ടിലേക്ക് വലിച്ചടുപ്പിച്ച കാന്തികവലയമാണ് മാനഴകുകൾ. ആദ്യം മടിച്ച് മടിച്ച് ചെറു കൂട്ടങ്ങളായാണ് അവർ വന്നെത്തുക. പിന്നീട് അൻപതായി, നൂറായി പുൽപ്പരപ്പിന്റെ ഇരുൾ പച്ചയിൽ തൂവെള്ളമുത്തുകൾ തുന്നിച്ചേർത്ത പൊന്നാട പോലെ നിറയും. രാത്രി ഏറുമാടത്തിൽ കയറിയാൽ, പിന്നീട് വായിച്ചറിഞ്ഞ പോലെ വാഴക്കൂമ്പിന്റെ മണമുള്ള മാൻഗന്ധം ഒഴുകിവരുന്നതായി അറിയാം. എപ്പോഴും ഈർപ്പം മുറ്റി നില്ക്കുന്ന മൂക്ക് വിടർത്തി, ചെവികൾ കൂർപ്പിച്ച് ചെറു ചുവടുകൾവെച്ച് മടിച്ച് മടിച്ചാണ് വരവ്. കൈ നീട്ടിയാൽ അടുത്ത് വന്ന് തെല്ലുനേരം അനങ്ങാതെ നിന്നശേഷം കൈവെള്ളയിൽ മൂക്കുരസി ഓടിമറയും.

മാനുകളിൽ ഉത്സാഹം നുരയിട്ട് പൊന്തുന്ന മഴനാളുകളിൽ ചിലേടം കാട്ടുപച്ചയാകെ മാനഴകു കൊണ്ട് മൂടപ്പെടും. ബന്ദിപ്പൂരിലെ സഫാരി പോയിന്റിന് സമീപമുള്ള പുൽപ്പരപ്പാകെ വെയിൽ കനക്കും നേരങ്ങളിൽ ചിത്രകംബളമായി മാറും. മെയ്, ജൂൺ മാസങ്ങളിൽ നിറയെ കൊയ്യോത്തിപ്പൂക്കൾ (May Flower) ചെമ്പരവതാനി വിരിക്കുന്ന മുതുമലയിലെ പ്രവേശന കവാടത്തിലെ തണലിടത്തിലും ഇക്കൂട്ടർ വിശ്രമം തേടുന്നത് കാണാം! നന്നേ പ്രഭാതത്തിൽ കാടുണരും മുമ്പ് സജീവമാകുന്ന ഇവർ ഉച്ചവെയിൽ കനക്കുന്നതോടെ തണലിടം തേടും. ചാഞ്ഞു മയങ്ങിയും അയവിറക്കിയും വെയിൽ ചായും വരെ വിശ്രമം.

Deers 3

മാനുകൾ മേയുന്ന വനവഴിയിലൂടെയാവും മിക്കവാറും എല്ലാ കാടേറ്റങ്ങളും. കാടുകയറുമ്പോഴും കാടിറങ്ങുമ്പോഴും ഇളംപുല്ല് നുണയവേ മുഖമുയർത്തിയുള്ള നോട്ടത്തിൽ, മിഴിക്കോണിൽ നിറയുന്ന കടലാഴമുള്ള സ്നേഹം വനചാരിയിലേക്ക് ഒഴുകിയെത്തും. ചിലപ്പോൾ ഉൾവനത്തിന്റെ നിഗൂഢതയിൽനിന്നും കാടിന്റെ തുറസ്സിലേക്ക് അവർ ഇറങ്ങിവരുന്നത് വെളിച്ചം നുകരാനാണോ എന്നുതോന്നാം. ഒരിക്കൽ പറമ്പിക്കുളത്തെ തൂണക്കടവിനടുത്ത വഴിയോരത്തേക്ക് ഒരു വലിയകൂട്ടം മാനുകൾ വരിയൊപ്പിച്ച് ഇറങ്ങി വരുന്നത് കണ്ടപ്പോൾ സെറിമോണിയൽ പരേഡിൽ പങ്കെടുക്കുന്ന ആർമി ഉദ്യോഗസ്ഥരുടെ ചിട്ടയും, അച്ചടക്കവുമാണ് മനസ്സിലോടിയെത്തിയത്.

ചിലപ്പോഴെല്ലാം ഇക്കൂട്ടർ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്നതും കാണാം! മഴവില്ലുകൾ വീണുടയും പോലെ വനവർണ്ണങ്ങൾ ചിതറി വീഴുന്ന ജലപ്പരപ്പിൽ മാനുകളൊന്നായി മുത്തമിടുമ്പോൾ ജലരാശിയിൽ തെളിയുന്ന പ്രതിബിംബവും കാടഴകായി വിരിയും കാഴ്ചതന്നെ ജലസാന്നിധ്യം തേടിയുള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള അമ്മയുടെ മിടുക്കും കാടകത്ത് പലപ്പോഴും കാണാനായിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ പാകത്തിൽ കാലുകൾക്കു കരുത്തും പേശിബലവും ഉറച്ചിട്ടില്ലാത്ത കുഞ്ഞുങ്ങൾ പുൽപ്പരപ്പിൽ നിശ്ചലമായി പതിഞ്ഞു കിടക്കുന്നു. കുഞ്ഞിനെ വലംവച്ച് നില്ക്കുന്ന അമ്മ അത് അടുത്തെത്തിയാൽ ശരവേഗത്തിൽ കുതിക്കുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗതിവേഗത്തിന്റെ തുണകൊണ്ട് അമ്മ രക്ഷപ്പെട്ട് വീണ്ടും ശരീരത്തിലെ വെളളപ്പൊട്ടുകളും പ്രകൃതിസൗഹൃദവർണങ്ങളും ശത്രുവിൽനിന്നും രക്ഷനേടാൻ സഹായകമാവുന്നു. മാൻ വർഗ്ഗത്തിലെ മറ്റു ജാതികളിൽ ശരീരത്തിലെ ആദ്യ രോമാവരണം പൊഴിയുന്നതോടെ വെള്ളപ്പൊടുകൾ അപ്രത്യക്ഷമാകുന്നു. എന്നാൽ പുള്ളിമാനുകളിൽ ഈ പൊട്ടുകൾ പ്രായാധിക്യത്തിലും മാഞ്ഞുപോകുന്നില്ല!

Deers 4

പുള്ളിമാനുകൾ കൂട്ടുജീവിതം നയിക്കുന്നവരാണ്. പത്ത് മുതൽ അൻപത് വരെയുള്ള കൂട്ടങ്ങളായാണ് പതിവായി കാണുക. ചിലപ്പോൾ നൂറോ അതിലധികമോ അംഗങ്ങളുള്ള കൂട്ടമായും മേയുന്നത് കാണാം. ഒന്നോ രണ്ടോ കൊമ്പന്മാരും ചെറു കൊമ്പോടുകൂടിയ ആണുങ്ങളും കുറേയേറെ സുന്ദരികളും കുഞ്ഞുങ്ങളുമടങ്ങിയ മഴക്കാലത്ത് ഇളംപുല്ല കിളിർക്കുമ്പോഴും, ചെറു വൃക്ഷങ്ങൾ തളിർക്കുമ്പോഴും അത്യുത്സാഹത്തോടെ കൂട്ടം കൂടുന്നതും കാട് വരണ്ട് തുടങ്ങുമ്പോൾ കൂട്ടംതെറ്റി ഉത്സാഹമറ്റവരായി അലയുന്നതും കാണാം. പശ്ചിമബംഗാളിലെ സുന്ദർബൻസിലൂടെയുള്ള യാത്രയ്ക്കിടയിൽ സുന്ദരി വൃക്ഷത്തിന്റെ (Heritera fomes) തളിരിലകൾ രുചിക്കാനായി പിൻകാലിലുയർന്ന് മുൻകാലുകൊണ്ട് മരച്ചില്ല താഴ്ത്തി കൊതിയോടെ തീറ്റയെടുക്കുന്ന പുള്ളിമാനുകളെ പലതവണ കാണാനായി.

അയവെട്ടുന്ന, ഇരട്ട കുളമ്പുള്ള കടമാനുകൾ (Antilopes) അവയുടെ കൊമ്പുകൾ പൊഴിച്ചുകളയുന്നവയല്ല. എന്നാൽ, പുള്ളിമാനുകൾ ആണിന് അലങ്കാരമായ ബഹുശാഖകളായി പിരിയുന്ന കരുത്തുറ്റ കൊമ്പുകൾ എല്ലാ വർഷവും പൊഴിച്ചുകളയുകയും, പുതിയ മൃദുത്വമാർന്ന കൊമ്പുകൾ മുളച്ച് പിന്നീട് ദൃഢമാവുകയും ചെയ്യുന്നു. മൂന്ന് ശാഖകളായി പിരിയുന്ന കൊമ്പുകൾ ആണിന് അലങ്കാരം മാത്രമല്ല കരുത്തിന്റെയും കൂടിയ പ്രത്യുത്പാദനക്ഷമതയുടെയും അടയാളം കൂടിയാണ്. വൻകൊമ്പന്മാരെയാണ് കൂട്ടത്തിലെ പെണ്ണഴക് സ്വയംവരിക്കുക. മൃദുവായ കൊമ്പുകളോടുകൂടിയതോ, കൊമ്പുകളില്ലാത്തതോ ആയ ആൺമാനുകൾ പെണ്ണിനെ ആകർഷിക്കാൻ നന്നേ പാടുപെടേണ്ടി വരും. കൊമ്പുകൾ സാധാരണയായി ഇരുപത് - ഇരുപത്തിയഞ്ച് ഇഞ്ചോളം വളരുന്നു.

Deers 5

കൂട്ടുജീവിതം നയിക്കുമ്പോഴും പൊതുവേ പെണ്ണാധിപത്യമാണ് പുള്ളിമാൻ കൂട്ടത്തിൽ പുലർന്നുകാണുന്നത്. മുതിർന്ന കൊമ്പന്മാർ തമ്മിലുള്ള ഇണപ്പോരുകൾ വനഭൂമിയിലെ മറ്റൊരു കൗതുകക്കാഴ്ചയാണ്. നെറ്റിയിലെ അസ്ഥികൾ കൂട്ടിയിടിച്ചും ശിരസ്സ് നന്നായി കുനിച്ച് മൂക്ക് നിലത്ത് മുട്ടത്തക്കവിധം അമർന്ന് കൊമ്പുയർത്തി, ചെവികൾ താഴ്ത്തി മേൽച്ചുണ്ട് വിടർത്തി രോമങ്ങൾ ഉയർന്നുനിന്ന് മുന്നോട്ടും പിന്നോട്ടും ശക്തമായി ചുവടുവച്ചുള്ള മത്സരം ആൺകരുത്തിന്റെ പ്രകടനമാണ് (Display). പോരാട്ട ശേഷം ഇവർ വേർപിരിഞ്ഞ് കൂട്ടത്തിലലിയുകയും ചെയ്യും. അപ്പോഴേക്കും കരുത്തൻ പെൺമനസ്സ് കീഴടക്കിയിരിക്കും. പ്രജനനകാലത്ത് കാമമോഹിതരായ ആൺമാനുകളുടെ പെൺവിളികൾ പലപ്പോഴും ഉൾക്കാടുകളിൽ മുഴങ്ങികേൾക്കാം. സ്വന്തം ഇണയിലേക്കെത്താനുള്ള ആണിന്റെ പ്രണയസന്നദ്ധതയാണ് ഈ ഉയർന്ന സ്ഥായിയിലുള്ള ശബ്ദ വി ന്യാസത്തിലൂടെ (Mating call) പ്രകടമാവുന്നത്. ഏറ്റവും ഉച്ചത്തിൽ ഇണയെ വിളിച്ചു കേഴുന്ന ആണിലാണ് കാമിനിമാർ പ്രണയം അർപ്പിക്കുന്നത്.

വേട്ടക്കാരായ ഇരപിടിയന്മാരുടെ വരവ് സഹജീവികളെ ചകിതശബ്ദത്തിലൂടെ (Alarm Call) ഇക്കൂട്ടർ അറിയിക്കുന്നു. തീവ്രമായ ഘ്രാണശക്തിയാൽ അനുഗ്രഹീതരായ പുള്ളിമാനുകൾ വേട്ടക്കാരന്റെ ഗന്ധമോ, ചലനമോ, ഗ്രഹിച്ചാൽ അതീവ ശ്രദ്ധാലുക്കളാകും. ചെവി കൂർപ്പിച്ച്, തെല്ലുമനങ്ങാതെ, ഇമചിമ്മാതെ ശത്രുസാന്നിധ്യമുള്ള ദിശ സൂക്ഷ്മമായി നിരീക്ഷിച്ചാവും സഹജീവികളെ ചകിതശബ്ദത്തിലൂടെ വിവരമറിയിക്കുക. ഇക്കാര്യത്തിൽ ഇവർ ഹനുമാൻ കുരങ്ങുകളുമായും കാട്ടിലെ വാനരക്കൂട്ടവുമായും ചങ്ങാത്തം പുലർത്തുന്നതും കാണാം. പൊതുശത്രുവിനെ നേരിടാനുള്ള സഹവർത്തിത്വത്തിന്റെ സാധനാപാഠമാണ് ഈ പാരസ്പര്യം പകർന്നേകുന്നത്.

Deers 6

മാനുകൾ ശത്രുക്കളിൽ നിന്ന് രക്ഷനേടുക പ്രകൃതി പകർന്നേകിയ വേഗംകൊണ്ടാണ്. പുൽമേടിൽ നീന്തിത്തുടിക്കും പോലെയാണ് ഇവരുടെ കുതിപ്പ്. വേട്ടക്കാരൻ പിൻതുടരുകയാണെങ്കിൽ ആ നീന്തലിന് ചിലപ്പോൾ മിന്നൽപ്പിണരിന്റെ ദ്രുതവേഗമാകും. ബാന്ധവഗഢ് വനമേഖ ലയിൽനിന്ന് ഒരു പുള്ളിമാൻ കടുവയുടെ കൈയകലത്തിൽനിന്ന് സർവശക്തിയുമെടുത്തുള്ള കുതിപ്പിൽ അദ്ഭുതകരമായി രക്ഷപ്പെടുന്നതും തുടർന്ന് വായുവിൽ പറന്നകലുന്ന മാൻപേടയെ നോക്കി കടുവ കിതപ്പാറ്റുന്നതിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

പുള്ളിമാനുകളുടെ ജീവിതായനം ഇരുപത് മുതൽ മുപ്പത് വർഷം വരെയാണ്. ആൺമാനുകൾക്ക് പെണ്ണിനെ അപേക്ഷിച്ച് വലുപ്പവും ഭാരവും കൂടുതലാണ്. തല മുതൽ വാലറ്റംവരെ തൊണ്ണൂറ് മുതൽ നൂറ്റിനാൽപ്പത് സെ.മീ. നീളവും എഴുപത് മുതൽ തൊണ്ണൂറ് സെ.മീ മുതുക് ഉയരവും മുപ്പത്തിയഞ്ച് കിലോ മുതൽ എൺപത്തിയഞ്ച് കിലോ വരെ ഭാരവുമുള്ളവരെ കൂട്ടത്തിൽ കാണാം. കണ്ണുകൾക്ക് ചുറ്റും നേരിയ സ്വർണനിറമാർന്ന പീലിയും ആൺമാനുകൾക്ക് മുഖത്ത് കറുത്ത പൊട്ടുകളും കാണാം. ഇവരുടെ കുളമ്പുകൾ നാല് മുതൽ ആറ് സെ.മീ. വരെ നീളമുള്ളതും മുൻകാലിലെ കുളമ്പുകൾ പിൻകാലുകളെ അപേക്ഷിച്ച് വലുപ്പമേറിയതും ദൃഢമായതും മുന്നേറ്റം കൂർത്തതുമാണ്. ഗർഭകാലം ഏതാണ്ട് 227 ദിവസമാണ്. ഒരു പ്രസവത്തിൽ ഒറ്റക്കുഞ്ഞിനാണ് ജന്മം നൽകുന്നത്. ശിശുപാലനം മാതാവിന്റെ ഉത്തരവാദിത്വമാണ്.

Deers 7

Yathra Cover
യാത്ര വാങ്ങാം

കാടിന്റെ ഉടമകളെപ്പോലെ വനഭൂമി നിറഞ്ഞ് പെറ്റുപെരുകുന്ന മാൻകൂട്ടങ്ങൾ സദാ പുല്ല് മേഞ്ഞ് നീങ്ങുമ്പോൾ അവയുടെ കുളമ്പിന്റെ ആഘാതമേറ്റ് വനഭൂമി വിത്തുകൾ മുളയ്ക്കാത്ത വിധം ഉറച്ച് പോകില്ലേയെന്ന് തോന്നാം. മാനുകൾ പെരുകുമ്പോൾ പരഭോജികൾക്ക് ഭക്ഷണം ഉറപ്പാവുകയും മാംസഭോജികളുടെ എണ്ണം ആനുപാതികമായി വർധിക്കുകയും ചെയ്യുന്നു. പ്രകൃതി നിർധാരണത്തിലൂടെയുള്ള ഈ പാരിസ്ഥിതിക സംതുലനം കാടിനെ നിലനിർത്തുന്നു. മാനില്ലെങ്കിൽ കടുവയില്ല - കടുവയില്ലെങ്കിൽ കാടില്ല എന്ന സമവാക്യം രൂപപ്പെടുമ്പോൾ, ഇരയും പരഭോജിയും തമ്മിലുള്ള അനുപാതപാലനത്തിലൂടെ കാട് നിലനിൽക്കുന്നു. അതു കൊണ്ട് കാടഴകായ പുള്ളിമാനുകളും കാട്ടിൽ കുടിപാർക്കട്ടെ, രാജാവും പ്രജയും തമ്മിലുള്ള ലയം നിലനില്ക്കട്ടെ!

(മാതൃഭൂമി യാത്ര 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: life of deers, spotted deers in india, wildlife photography