-
ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിന് മുന്‍പായി ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് പരിപാലിക്കുന്ന ഒരു പാര്‍ക്ക് കാണാം. പാറകൊണ്ടുള്ള ഒരു കുന്നും അതിനുമുകളില്‍ ഉരുളന്‍കല്ലില്‍ സ്ഥാപിച്ചിരിക്കുന്ന ജടായുവിന്റെ ശില്പവുമാണ് ഇവിടെയുള്ളത്. കുന്നിന്മുകളിലേക്ക് കയറിപ്പോകാന്‍ നടപ്പാതയുണ്ട്.
അകലെനിന്നേ കാണാവുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ജടായുശില്പം പറന്നുയരാന്‍ ശ്രമിക്കുന്ന നിലയിലാണ്. രാമായണത്തിലെ കഥാപാത്രമായ ജടായുവുമായി ബന്ധമുള്ള സ്ഥലമെന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തിന് ലെപാക്ഷി എന്ന് പേരുവന്നത്. പുഷ്പകവിമാനത്തില്‍ രാവണന് സീതയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് കുറുകെ വന്ന പക്ഷിയായ ജടായു രാവണനുമായുള്ള പോരാട്ടത്തില്‍ വെട്ടേറ്റ് ചിറകൊടിഞ്ഞ് നിലംപതിച്ചു.
ജടായു അന്ത്യശ്വാസംവലിക്കുന്നതിന് മുന്‍പ് ശ്രീരാമന് അവിടെ എത്തിച്ചേരുന്നു. തന്റെ പത്നിയായ സീതയെ രക്ഷിക്കാന്‍ വേണ്ടി ശ്രമിച്ച ജടായുവിനെ ശ്രീരാമന് 'ലെ പക്ഷി' എന്നുപറഞ്ഞ് അനുഗ്രഹിച്ചുവെന്നാണ് കഥ. ലെ പക്ഷി എന്ന തെലുഗുവാക്യത്തിന്റെ അര്‍ഥം 'ഉയരൂ പക്ഷി' എന്നാണ്.
ലെപാക്ഷി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വീരഭദ്രനാണ്. കോപിച്ചുനില്ക്കുന്ന ശിവനാണ് വീരഭദ്രന്. ഈ പ്രദേശം വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കാലത്താണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. വിജയനഗര ചക്രവര്‍ത്തിയായിരുന്ന അച്യുതരായരുടെ ഗവര്‍ണര്‍മാരായിരുന്ന വിരൂപണ്ണ, വീരണ്ണ എന്നീ ഗവര്‍ണര്‍മാരാണ് ക്ഷേത്രനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 1530-40 കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കാം. ശിവപ്രതിഷ്ഠയുള്ള 'ദിവ്യക്ഷേത്ര'ങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ലെപാക്ഷിയെന്ന് സ്കന്ദപുരാണത്തില്‍ പറയുന്നു.
2020 ജനുവരി ലക്കം യാത്രാ മാസികയില്‍ കെ.വിശ്വനാഥ് എഴുതിയ യാത്രാ വിവരണത്തില്‍ നിന്നും. കൂടുതല്‍ വായനയ്ക്കും ഫോട്ടോകള്‍ക്കും യാത്രയുടെ പുതുവത്സരപ്പതിപ്പ് സ്വന്തമാക്കൂ
Content Highlights: Lepakshi temple Andhra Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..