കാഴ്ചയില്ലാത്തവരുടെ കടലും കപ്പലും കാറ്റും; ലക്ഷദ്വീപിലേക്കൊരു സാഹസിക യാത്ര


സജ്‌ന ആലുങ്ങല്‍

7 min read
Read later
Print
Share

യാത്രാ സംഘം | Photo: Special Arrangement

റ്റിവരണ്ട കണ്ണുകള്‍ക്ക് ദാഹജലം പകരുന്നവയാണ് യാത്രകള്‍. കടലും ആകാശവും ചേര്‍ന്ന് ഛായാചിത്രം വരക്കുന്ന അസ്തമയങ്ങളും ദൂരെ പൊട്ടുപോലെ കാണുന്ന കപ്പലും ആള്‍ക്കൂട്ടത്തിന്റെ വേഗസഞ്ചാരങ്ങളും കെട്ടിടങ്ങളുടെ മനോഹാരിതയുമെല്ലാം യാത്രക്കിടയില്‍ നമ്മുടെ കണ്ണുകളെ ആനന്ദിപ്പിക്കുന്നു. മനസിനും ശരീരത്തിനും ഒരുപോലെ ആനന്ദം നല്‍കിയാണ് നമ്മള്‍ യാത്രകള്‍ക്ക് താത്ക്കാലിക വിരാമമിടുന്നത്. എന്നാല്‍ കാഴ്ചയില്ലാത്തവരുടെ യാത്ര എങ്ങനെയാകും? കണ്ണിന് മുന്നില്‍ ഇരുട്ട് മാത്രമുള്ള അവര്‍ ആകാശത്തിന്റെ നീലയും സൂര്യന്റെ ചുവപ്പും എങ്ങനെ വേര്‍തിരിച്ചറിയും? ഇതിനെല്ലാമുള്ള ഉത്തരമാണ് കാഴ്ച യില്ലാത്ത ഏഴു പേര്‍ ലക്ഷദ്വീപ് കാണാന്‍ പോയ കഥ. അഞ്ച് 'കുരുടന്‍മാര്‍' ആനയെ കാണാന്‍ പോയ നാടോടിക്കഥയെ പൊളിച്ചെഴുതുന്ന യാത്ര.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏഴു പേര്‍ മലപ്പുറം പുളിക്കലിലെ ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ലക്ഷദ്വീപിലെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരിയായ റുക്‌സാനയായിരുന്നു യാത്രയുടെ കോഡിനേറ്റര്‍. വയനാട് നിന്നുള്ള സീനത്ത്, മലപ്പുറത്ത് നിന്നുള്ള ഇസ്മായീല്‍, ഹംസ, നൗഷാദ്, കോഴിക്കോട് നിന്നുള്ള നുസൈബ, സജ്ന, തിരുവനന്തപുരത്ത് നിന്നുള്ള ബാദുഷ എന്നിവരായിരുന്നു യാത്രികര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ജനുവരി 18-ന് തുടങ്ങിയ യാത്ര ജനുവരി 28-ന് കൊച്ചിയില്‍ അവസാനിച്ചു. ഇപ്പോഴും ലക്ഷദ്വീപില്‍ നിന്ന് കൂടെ കപ്പല്‍ കയറിപ്പോന്ന കടലിന്റെ ഇരമ്പലും വെള്ളത്തിന്റെ തണുപ്പുമാണ് അവരുടെ സ്വപ്നങ്ങളില്‍ വന്നുപോകുന്നത്.

റുക്സാനയുടെ നന്മ

10 വര്‍ഷത്തോളം കോഴിക്കോട് കൊളത്തറ സ്പെഷ്യല്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു റുക്സാന. അതിനുശേഷമാണ് ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്റെ ഭാഗമാകുന്നത്. കാഴ്ച്ചയില്ലാത്തവരുമായി 15 വര്‍ഷം ഇടപഴകിയതിന്റെ അനുഭവസമ്പത്ത് റുക്സാനക്കുണ്ട്. അവരെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നും അവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്നും കൃത്യമായി അറിയുന്ന വ്യക്തി. സാധാരണ മനുഷ്യരെപ്പോലെ അവരും എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആള്‍. എംഎസ്സി സൈക്കോളജിക്ക് കൂടെ പഠിച്ച ലക്ഷദ്വീപുകാരനായ സുഹൃത്ത് കൂട്ടുകാരെ നാട്ടിലേക്ക് ക്ഷണിച്ചതാണ് ഈ യാത്രയുടെ തുടക്കം.

കോളേജ് ഗ്രൂപ്പില്‍ വന്ന ഈ ക്ഷണം കണ്ട് റുക്സാന ചിന്തിച്ചത് കാഴ്ചയില്ലാത്തവരുടെ യാത്രയെക്കുറിച്ചാണ്‌. അങ്ങനെയുള്ള കുറച്ചുപേരുമായി ലക്ഷദ്വീപിലേക്ക് പോയാലോ എന്ന ആശയം എല്ലാവരുമായും പങ്കുവെച്ചു. എന്നാല്‍ ലക്ഷദ്വീപിലുള്ള സുഹൃത്ത് ആദ്യം തലയാട്ടാന്‍ വിസമ്മതിച്ചു. റിസ്‌കാണ് എടുക്കുന്നതെന്നും ഇതൊന്നും നടക്കില്ലെന്നുമായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ റുക്സാന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷനിലെ റുക്സാന അടക്കമുള്ള സ്റ്റാഫുകളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ഡി.പി.ഒ യാസറും എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്നും കാഴ്ചയില്ലാത്തവരുമായി ഒരു പതിറ്റാണ്ട് വര്‍ഷത്തെ പരിചയമുണ്ടെന്നും റുക്സാന കൂട്ടുകാരനെ പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെ ജനുവരി 18-ന് രാത്രി ഒരു മണിക്ക് അവര്‍ യാത്ര ആരംഭിച്ചു. കോഴിക്കോട് നിന്ന് ട്രാവലറില്‍ നെടുമ്പാശ്ശേരിയിലേക്കായിരുന്നു തുടക്കം. പിറ്റേന്ന് രാവിലെ 8.55-ന് അവരേയും കൊണ്ടുള്ള വിമാനം അഗത്തിയിലേക്ക് പറന്നു. ഒരു മണിക്കൂറിനുള്ളില്‍ അവര്‍ ലക്ഷദ്വീപില്‍ കാല്‍തൊട്ടു.

യാത്രക്കിടെ റുക്‌സാനയും സീനത്തും | Photo: Special Arrangement

ഞാണിന്‍മേല്‍ കളി

ആദ്യ ലക്ഷ്യം കവരത്തിയായിരുന്നു. ബോട്ടില്‍ കയറിയിട്ട് വേണം കവരത്തിയിലേക്കുള്ള വെസെലിലേക്ക് മാറാന്‍. എന്നാല്‍ ജെട്ടിയില്‍ നിന്ന് ബോട്ടിലേക്ക് കയറുന്നത് ഏഴു പേര്‍ക്കും ഒരു ഞാണിന്‍മേല്‍ കളിയായിരുന്നു. ഒരു സെക്കന്റ് പിഴച്ചാല്‍ കടലിലേക്ക് വീഴുമെന്ന അവസ്ഥ. യാത്രയില്‍ ഏറ്റവും ദുഷ്‌കരമായ കാര്യവും അതു തന്നെയായിരുന്നുവെന്ന് ഏഴു പേരും ഒരേ സ്വരത്തില്‍ പറയുന്നു.

'കയറിയിട്ട് പിടിച്ച് ബോട്ടിനെ ജെട്ടിയിലേക്ക് നീക്കിയിട്ടാണ് നമ്മള്‍ കാലെടുത്ത് വെക്കുന്നത്. അവര് പറയുന്ന സമയത്ത് കാല് വെക്കണം. ഇല്ലെങ്കില്‍ കടലിലെ ഓളങ്ങള്‍ക്ക് അനുസരിച്ച് ബോട്ട് നീങ്ങി കടലില്‍ വീഴും. എല്ലാവരും അതിന്റെ ബേജാറിലായിരുന്നു. ഞാന്‍ അതിനിടയില്‍ 'വീഡിയോ എടുക്ക്, വീഡിയോ എടുക്ക്' എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. 'മനുഷ്യന് ഇവ്‌ടെ ബേജാറായി നിക്കുമ്പൊഴാ നിന്റെ വീഡിയോ' എന്നായിരുന്നു മറ്റുള്ളവരുടെ മറുപടി. അപ്പോഴാണ് എനിക്ക് കാര്യത്തിന്റെ ഗൗരവം മനസിലായത്. നമ്മള്‍ ചെയ്യുന്നത് എല്ലാവരും കാണട്ടെ എന്നത് മാത്രമായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. കാലെടുത്ത് വെക്കാന്‍ അവര്‍ വിളിച്ചുപറഞ്ഞ് നമ്മള്‍ തയ്യാറാകുമ്പോഴേക്കും ബോട്ട് നീങ്ങിയിട്ടുണ്ടാകും. സര്‍ക്കസില്‍ കയറിന് മുകളിലൂടെ നടന്ന് കാണിക്കുന്ന അഭ്യാസത്തെ കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. ആ സമയത്ത് എന്റെ മനസില്‍ കടന്നുവന്നത് അതാണ്. ഏതായും കുറേ ശ്രമങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഏഴു പേരും ബോട്ടില്‍ കയറിപ്പറ്റി. അപ്പോഴാണ് ശ്വാസം നേരെ വീണത്'. സീനത്ത് പറയുന്നു.

33 വര്‍ഷത്തിന് ശേഷം നീന്തിയ ഹംസാക്ക

മലപ്പുറം വേങ്ങര സ്വദേശിയായ ഹംസ 17-ാം വയസ്സില്‍ കാഴ്ച്ച നഷ്ടപ്പെട്ട വ്യക്തിയാണ്. ആ കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസമൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. കൗമാരപ്രായത്തില്‍ എത്തിയപ്പോഴേക്കും തയ്യല്‍ ജോലി പഠിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കാഴ്ച്ച നഷ്ടമായി. മകര മാസത്തില്‍ പുഴയുടെ കരയില്‍ ഇരുന്ന് മറുകര നോക്കുമ്പോള്‍ കാണുന്ന മൂടല്‍ മഞ്ഞ് പോലെ എന്തോ ഒന്ന് കണ്ണിന് മുന്നില്‍ തളംകെട്ടി നിന്നുവെന്ന് ഹംസ പറയുന്നു. അത് പിന്നീട് മാറിയില്ല. ഞരമ്പിനായിരുന്നു പ്രശ്നം. 19-ാം വയസ് എത്തിയപ്പോഴേക്കും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. തയ്യല്‍പ്പണി എടുക്കാന്‍ കഴിയാതെയായി. കൂട്ടുകാരോടൊപ്പം കടലുണ്ടിപ്പുഴയില്‍ നീന്തി കുളിക്കുന്നത് അവസാനിച്ചു.

യാത്രാസംഘം | Photo: Special Arrangement

'യാത്രയില്‍ എന്നെ ഏറ്റവും ആനന്ദിപ്പിച്ചത് കടലില്‍ ഇറങ്ങി മുങ്ങിക്കുളിച്ചതായിരുന്നു. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മടക്കിവെച്ച പുസ്തകം വീണ്ടും തുറന്നു. വെള്ളം കാലില്‍ തൊട്ടപ്പോള്‍ പഴയ ഓര്‍മകള്‍ മനസിലെത്തി. നീന്തണമെന്ന് അതിയായ ആഗ്രഹം തോന്നി. കൂടെയുള്ളവര്‍ പിന്തുണ തന്നതോടെ ഞാന്‍ പഴിയ 17-കാരനായി മാറി. അന്നത്തെ ഓര്‍മയില്‍ വീണ്ടും നീന്തി. ഒന്നും മറന്നിട്ടില്ലായിരുന്നു.' ഹംസ പറയുന്നു.

'ഞാന്‍ ഇപ്പോള്‍ കാഴ്ചയില്ലാത്ത കുട്ടികളെ ബ്രെയിന്‍ ലിപിയില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മദ്രസാ അധ്യാപകനാണ്. അതിനുവേണ്ടി കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ദൂര യാത്ര ചെയ്യാന്‍ താത്പര്യമില്ലായിരുന്നു. എന്നാല്‍ റുക്സാന അടക്കമുള്ള സ്റ്റാഫിന്റെ കൂടെയാണ് പോകുന്നത് എന്ന് അറിഞ്ഞപ്പോള്‍ താത്പര്യം കൂടി. ഞങ്ങളെ ശരിക്ക് മനസിലാക്കിയവരാണ് അവര്‍. ഞങ്ങള്‍എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നന്നായി അറിയാം. അത് പറഞ്ഞു മനസിലാക്കി തരാനും തൊട്ടു കാണിച്ചുതരാനുമെല്ലാം അവര്‍ക്ക് പ്രത്യേക കഴിവുണ്ട്. കാഴ്ചയില്ലാത്തവരോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്താണത്. അതു യാത്ര കൂടുതല്‍ മനോഹരമാക്കി. നമ്മള്‍ ഓരോന്നും തൊട്ടുനോക്കുമ്പോള്‍ അവര്‍ അതിനെ കുറിച്ച് വിശദീകരിച്ചുതരും. ഇത്തരത്തില്‍ നമ്മളെ കുറിച്ച് മനസിലാക്കുന്നവരുടെ കൂടെ യാത്ര ചെയ്യുമ്പോഴാണ് പൂര്‍ണതയിലെത്തുക. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും എന്ന് കരുതി പിന്‍വലിയുമ്പോള്‍ നമ്മളെ വീണ്ടും മുന്നിലെത്തിക്കുന്നത് അവരാണ്.'-ഹംസക്കയുടെ വാക്കുകള്‍ എല്ലാ കടപ്പാടും നന്ദിയുമുണ്ട്.

അടിത്തട്ടിലെ മായാലോകം

യാത്രയുടെ രണ്ടാം ദിനമായിരുന്നു ഏറ്റവും ആവേശകരം. കവരത്തിയിലെ ഒരു സ്‌കൂബ ഡൈവിങ് സെന്ററിന്റെ സഹായത്തോടെ ഏഴു പേരും കടലിന് അടിയിലേക്ക് ഊളിയിട്ടു. മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിന് ഒടുവിലായിരുന്നു ഈ സാഹസികത.

'കാഴ്ചയുള്ളവര്‍ തന്നെ പേടിയോടെ കാണുന്ന സ്‌കൂബ ഡൈവിങ്ങിന് ഞങ്ങള്‍ റെഡി ആണെന്ന് പറഞ്ഞപ്പോള്‍ ഇന്‍സ്ട്രക്ടേഴ്സിന്റെ മുഖത്തായിരുന്നു ആശങ്ക. അവര്‍ ആദ്യമായിട്ടാണ് ഞങ്ങളപ്പെലോയുള്ള ആളുകളെ സ്‌കൂബ ഡൈവിങ്ങ് ചെയ്യാന്‍ ഒരുക്കുന്നത്. ആദ്യം കരയില്‍വെച്ച് ട്രെയ്‌നിങ് തന്നു. പിന്നെ കടലില്‍ ഇറക്കിയും പരിശീലിപ്പിച്ചു. മൂന്ന് ആക്ഷന്‍ അവര്‍ ഞങ്ങളെ പഠിപ്പിച്ചു. ഓക്കെ, നോട്ട് ഓക്കെ, അപ് (മുകളിലേക്ക് പോകുക എന്ന അര്‍ത്ഥത്തില്‍). ഇതിനെല്ലാം ഒരുപാട് സമയമെടുത്തു. അതിനുശേഷം ഉള്‍ക്കടലിലേക്ക് കൊണ്ടുപോയി. ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ പുറകില്‍ കെട്ടി കണ്ണും മൂക്കും മറയുന്ന തരത്തില്‍ സുതാര്യമായ ഗ്ലാസും ഘടിപ്പിച്ച് ഞങ്ങള്‍ കടലിലേക്ക് ഊളിയിട്ടു. കൂടെയുള്ള ട്രെയ്നറുടെ കൈയില്‍ പിടിച്ച് അടിത്തട്ടിലേക്ക് പോയി. കടലിന് അടിയിലൊരു സ്വര്‍ഗം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മീനുകള്‍ ധാരാമുള്ള സ്ഥലമെത്തിയപ്പോള്‍ അവയ്ക്കുള്ള ഭക്ഷണം കൈയില്‍തന്നു. അത് തിന്നാനായി മീനുകള്‍ ഞങ്ങളുടെ കൈപ്പത്തികളില്‍ തൊട്ടുരുമ്മിപ്പോയി. കല്ലുകള്‍, പവിഴപ്പുറ്റുകള്‍, കടല്‍ പുഷ്പങ്ങള്‍, ഷെല്ലുകള്‍ തുടങ്ങിയവയെല്ലാം തൊട്ടുമനസിലാക്കി. അങ്ങനെ 15 മിനിറ്റോളം കടലിന്റെ അടിത്തട്ടില്‍ ചെലവഴിച്ചു.' ജീവിതത്തിലെ ആദ്യ അനുഭവം ബാദുഷ വിവരിക്കുന്നു.

സ്‌കൂബ ഡൈവിങ്ങിനിടെ സീനത്ത്‌ | Photo: Special Arrangement

കിലാഞ്ചിയും ദ്വീപുണ്ടയും മീരയും

പുതിയ രുചികള്‍ പരിചയപ്പെട്ട ഒരു യാത്ര കൂടിയായിരുന്നു ഇത്. ലക്ഷദ്വീപിന്റെ തനത് വിഭവങ്ങളായ കിലാഞ്ചി, ദ്വീപുണ്ട, മീര എന്നിവയുടെ രുചി ഇപ്പോഴും നാവില്‍ അവശേഷിക്കുന്നുണ്ട്. മൂന്നും തെങ്ങുമായി ബന്ധപ്പെട്ട ഭക്ഷണമാണ്. അതുകൊണ്ട് തന്നെ മധുരമായിരുന്നു കൂടുതല്‍. യാത്രാസംഘത്തിലെ സീനത്തിന്റെ സുഹൃത്തും അധ്യാപകനുമായ മൗലാനാ സാഹിബിന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ ദ്വീപ് ഭക്ഷണം കഴിച്ചത്.

'ശനിയാഴ്ച മൗലാനാ സാഹിബിന്റെ സ്‌കൂളില്‍ പോയി. പരിപാടികള്‍ അവതിരിപ്പിച്ചു. ഫോണ്‍, സ്റ്റിക്ക് ഉപയോഗിക്കുന്നത്, പൈസ തിരിച്ചറിയുന്നത് കാര്യങ്ങളൊക്കെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. സീനത്തും സജ്‌നയും പാട്ട് പാടി. അതിനുശേഷം മൗലാനാ സാഹിബ് വീട്ടില്‍ കൊണ്ടുപോയി. വിരുന്നുകാര്‍ക്ക് കൊടുക്കുന്ന കിലാഞ്ചി തന്നു. പച്ചരിയും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന വളരെ നൈസ് ആയ ആ പലഹാരം രുചിരകമായിരുന്നു. ഇതിനൊപ്പം പഴക്കഷണങ്ങള്‍ അരിഞ്ഞിട്ട തേങ്ങാപ്പാലുമുണ്ടായിരുന്നു. ഈ കിലാഞ്ചി തേങ്ങാപ്പാലില്‍ മുക്കി കഴിച്ചപ്പോള്‍ പുതിയൊരു രുചിയാണ് നാവില്‍ തൊട്ടത്.

പിന്നെ ഒരു പലഹാരം കഴിച്ചത് ദ്വീപുണ്ടയാണ്. ഇതിന് ദ്വീപ് ഹല്‍വയെന്നും പേരുണ്ട്. ചിരകിയ തേങ്ങയും ദ്വീപ് ശര്‍ക്കരയും ഏലക്കാ പൊടിയും ഉരുളിയില്‍ ഇട്ട് വേവിച്ച് പതം വരുത്തിയാണ് ഇതുണ്ടാക്കുന്നത്. ഇത് ഉരുളാക്കി എടുത്ത് വാഴയിലയില്‍ പൊതിഞ്ഞുകെട്ടിയതാണ് നമുക്ക് കഴിക്കാന്‍ തന്നത്. വളരെ രുചികരമായ ഹല്‍വയായിരുന്നു അത്. നാട്ടില്‍ നിന്ന് നമ്മള്‍ കഴിക്കുന്ന ഹല്‍വയില്‍ നിന്ന് വളരെ വ്യത്യസ്തമായ പലഹാരം. ഇതിലെ ശര്‍ക്കര മീര എന്ന തെങ്ങിന്‍ പാനീയം (നാട്ടില്‍ നീര എന്ന് പറയും) കുറുക്കിയാണ് ഉണ്ടാകുന്നത്. അതാണ് ഈ പ്രത്യേക ടേസ്റ്റിന് കാരണം. വിരുന്നുകാര്‍ വരുമ്പോള്‍ ഇരിക്കുന്ന തെങ്ങിന്റെ പനമ്പ് കൊണ്ടുള്ള കട്ടിലില്‍ ഇരുത്തിയാണ് ഞങ്ങളെ സ്വീകരിച്ചത്. ആദ്യം കുടിക്കാന്‍ മീര തന്നു. നമ്മുടെ ഇവിടെ നിന്ന് അത്ര ഫ്രഷ് ആയ നീര കിട്ടില്ല. തെങ്ങില്‍ നിന്ന് ചെത്തി എടുത്ത് അതേ സ്പോട്ടില്‍ കൊണ്ടുതരികയായിരുന്നു.' ആ രുചിഭേദങ്ങള്‍ ഓര്‍ത്തെടുത്ത് നുസൈബയും സജ്‌നയും പറയുന്നു.

ദ്വീപുണ്ട/ ദ്വീപ് ഹല്‍വ | Photo: Special Arrangement

തിമിംഗലത്തിന്റെ അസ്ഥി

മ്യൂസിയം സന്ദര്‍ശനം, ഗ്ലാസ് ബോട്ടിലെ യാത്ര, ലൈറ്റ് ഹൗസ്, കയാക്കിങ്...യാത്രയിലെ രസകരമായ അനുഭവങ്ങളാണ് ഇതിലോരോന്നും തന്നത്. മ്യൂസിയത്തിലെ തിമിംഗലത്തിന്റെ അസ്ഥിയും ഒറ്റയ്ക്ക് കയാക്കിങ് ചെയ്തതുമെല്ലാം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് ഇസ്മായില്‍ പറയുന്നു.

'എന്റെ കാഴ്ച പൂര്‍ണമായും ഇല്ലാതായിട്ട് ഒമ്പത് വര്‍ഷമേ ആയിട്ടുള്ളു. അതുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞുതരുമ്പോള്‍ കാഴ്ചയുള്ള സമയത്ത് കണ്ടത് മനസിലേക്ക് വരും. അങ്ങനെ മനസില്‍ എത്തിയതാണ് അവിടെ മ്യൂസിയത്തില്‍ നിന്ന് തൊട്ടുനോക്കിയ തിമിംഗലത്തിന്റെ അസ്ഥി. അതിന് അഞ്ചാറ് മീറ്റര്‍ നീളമുണ്ടായിരുന്നു. പിന്നീട് കടലില്‍ ഇറങ്ങി നീന്തിക്കുളിച്ചതും രസകരമായിരുന്നു. ആളുകളുടെ ശബ്ദം ശ്രദ്ധിച്ചും തിരയുടെ ചലനത്തിന് അനുസരിച്ചുമായിരുന്നു നീന്തിയത്. കയാക്കിങ് ചെയ്തപ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. അധികം ദൂരേക്ക് പോയില്ല. തീരത്തിന് തൊട്ടടുത്ത് നിന്നാണ് ചെയ്തത്.' ഇസ്മായിലിന്റെ വാക്കുകളില്‍ അത്രയും ആത്മവിശ്വാസമുണ്ടായിരുന്നു.

കല്‍പ്പേട്ടി എന്ന ഒറ്റപ്പെട്ട ദ്വീപില്‍ തോണിയില്‍ പോയ അനുഭവവും ഇസ്മയില്‍ വിവരിക്കുന്നു. പാറക്കല്ലുകള്‍ നിറഞ്ഞ ആ ദ്വീപിന് കല്‍പ്പേട്ടി എന്ന പേര് നന്നായി ഇണങ്ങുമായിരുന്നു. അവിടെ പാട്ട് പാടി ഇരുന്ന് സമയം പോയത് ആരും അറിഞ്ഞില്ല. എന്നാല്‍ നൗഷാദിന് അത്ര രസകരമായിരുന്നില്ല ഈ യാത്ര. നാല് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഓരോ ദിവസം കഴിയുംതോറും കാഴ്ച കുറഞ്ഞുവരികയാണ്. അതിനാല്‍തന്നെ അതിന്റെ ആശങ്കകളായിരുന്നു താനെന്നും യാത്ര ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും നൗഷാദ് പറയുന്നു.

തൊട്ടിലാട്ടി കപ്പല്‍

വെള്ളിയാഴ്ച്ച രാത്രി 12 മണിക്ക് കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചു. രണ്ട് മണിക്കൂറോളം വൈകിയാണ് കപ്പല്‍ കവരത്തിയിലെത്തിയത്. അതോടെ മടക്കം പ്രതീക്ഷിച്ചതിലും വൈകി.

'ഏഴുപേരുടേയും ജീവിതത്തിലെ ആദ്യ കപ്പല്‍ യാത്രയായിരുന്നു അത്. കുട്ടിക്കാലത്ത് ഉമ്മ തൊട്ടില്‍ ആട്ടിത്തരുമ്പോഴുള്ള അതേ താളമായിരുന്നു കപ്പലിന്. എന്നാല്‍ കടലിന്റെ സ്വഭാവവും കടല്‍ക്കാറ്റുകളും തിരമാലകളും അനുസരിച്ച് ഇതിന്റെ താളം മാറും. മൂന്നുരൂപത്തിലുള്ള ആട്ടമാണ് അനുഭവപ്പെട്ടത്. മുകളിലേക്ക് ഉയര്‍ന്നും താഴ്ന്നും പോകുന്നതുപോലെ തോന്നി. ചിലപ്പോള്‍ വശങ്ങളിലേക്ക് ചാഞ്ഞു ചെരിഞ്ഞും. മുന്‍പോട്ടും പിന്‍പോട്ടും പോയി. സമുദ്രം ശാന്തമല്ലെന്ന് അപ്പോഴെല്ലാം മനസിലാക്കി

വിമാനയാത്രയേക്കാള്‍ രസകരമായിരുന്നു. ഛര്‍ദ്ദിക്കാനൊക്കെ വരും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായില്ല. ബാല്‍ക്കണിയില്‍ ഇരുന്നപ്പോള്‍ കടലിന്റെ ഉപ്പുരസമുള്ള കാറ്റ് ഞങ്ങളേയും കടന്നുപോയി. മനസ്സില്‍ തണുപ്പ് തൊട്ടു. ഏഴുനിലയുള്ള കപ്പല് മുഴുവന്‍ ചുറ്റിക്കറങ്ങി. ഓരോന്നും സ്പര്‍ശിച്ചു മനസിലാക്കി. 17 മണിക്കൂറോളം കപ്പലില്‍ യാത്ര ചെയ്തപ്പോള്‍ വീട് പോലെയാണ് തോന്നിയത്. ക്ഷീണിക്കുമ്പോള്‍ കിടക്കാനും വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാനുമെല്ലാം സൗകര്യമുണ്ട്. വീട് പോലെ പെരുമാറാന്‍ പറ്റുന്ന സ്ഥലം. വിമാനത്തില്‍ ഉയരുമ്പോഴും താഴുമ്പോഴും മാത്രമേ എന്തെങ്കിലും അനുഭവപ്പെടൂ. പിന്നെയുള്ളത് ഒരു എസി വാഹനത്തില്‍ ഇരുന്ന യാത്ര ചെയ്യുന്ന ഫീല്‍ മാത്രമാണ്. പ്രത്യേകതകള്‍ ഒന്നുമില്ല.' ഹംസയും സീനത്തും കപ്പലിലെ അനുഭവം വിവരിക്കുന്നു.

17 മണിക്കൂറാണ് കപ്പലില്‍ ചെലവഴിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം കപ്പല്‍ കൊച്ചി തീരം തൊട്ടു. അവിടെ നിന്ന് ബസുകളില്‍ ഓരോരുത്തരും വീടുകളിലേക്ക്. കൂട്ടിന് ലക്ഷദ്വീപ് തന്ന ഓര്‍മകളും സ്നേഹത്തിന്റെ രൂപത്തില്‍ പൊതിഞ്ഞുകെട്ടിയ ദ്വീപുണ്ടയും മീന്‍ അച്ചാറും മാസും.


Content Highlights: lakshadweep travel story of seven blind people

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shenaz treasurywala

2 min

മൂന്നാറുമായി പ്രണയത്തിലായെന്ന് പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍; ആരാണ്‌ ഷനാസ് ട്രഷറിവാല?

Jun 9, 2023


Palm Jebel Ali

2 min

കടലില്‍ 80-ലേറെ ഹോട്ടലുകള്‍, 110 കി.മീ ബീച്ച്‌, 7 ഉപദ്വീപുകള്‍; ദുബായില്‍ ഒരുങ്ങുന്നത് ആഡംബര വിസ്മയം

Jun 3, 2023


ooty

4 min

45 വര്‍ഷങ്ങള്‍, 14 ഡിഗ്രിയില്‍ നിന്ന് 32-ലേക്കെത്തിയ ഊട്ടി; ഒരു ഫോട്ടോഗ്രാഫറുടെ ജീവിതകഥ

Nov 24, 2022

Most Commented