യാത്രകഴിഞ്ഞെത്തിയ ഷൈനിയും ജയശ്രീയും കല്യാണിയും തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. ആർ.നിശാന്തിനിയോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
''സാധനം കൈയിലുണ്ടോ''... കടന്നുപോയ വഴികളിൽ ഷൈനിയും ജയശ്രീയും കല്യാണിയും പരസ്പരം ചോദിക്കും. ''ഉണ്ട്'' എന്ന മറുപടി കേട്ടാലുറപ്പിക്കും... മലയാളിയാണെന്ന്. ബൈക്കിൽ മൂവർസംഘം നടത്തിയ 15000 കിലോമീറ്റർ യാത്രയിലെ രസകരമായ അനുഭവം 'അക്കരെയക്കരെയക്കരെ' എന്ന സിനിമയിലെ ഡയലോഗ് പ്രയോഗിച്ചതാണ്.
ബീഹാർ-ഉത്തർപ്രദേശ് അതിർത്തി ഗ്രാമത്തിലൂടെയുള്ള സഞ്ചാരം സമ്മാനിച്ചത് വേറിട്ട അനുഭവം. മൃഗങ്ങളും ഗ്രാമവാസികളും റോഡ് നിറഞ്ഞ് നടക്കും. വാഹനവുമായി സൂക്ഷിച്ചുവേണം കടന്നുപോകാൻ.
നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെയാണ് മൂവരും 58 ദിവസത്തെ യാത്ര പൂർത്തിയാക്കിയത്. സമുദ്രനിരപ്പിൽനിന്ന് 19204 കിലോമീറ്റർ ഉയരെ ഉംലിഗ് ലായിൽ മൂവരും എത്തിയത് നേട്ടങ്ങളുടെ പട്ടികയിലേക്കാണ്. അവിടെ ആദ്യമെത്തിയ സംഘവും സ്ത്രീകളും ഇവരാണ്.
ഷൈനി രാജ്കുമാറിന് ഇരുചക്രവാഹന യാത്ര ഹരമാണ്. ഇഷ്ടങ്ങൾ തേടിയും കൂട്ടുകൂടിയും ഒരുപാട് സഞ്ചരിക്കും. ആ ഇഷ്ടത്തിലേക്കാണ് ഒറ്റശേഖരമംഗലം സ്വദേശിനി ജയശ്രീ ചന്ദ്രശേഖര(49)നും നെയ്യാറ്റിൻകര സ്വദേശിനി കല്യാണി രാജേന്ദ്ര(24)നും എത്തിയത്. കമ്പനി സെക്രട്ടറിയായി ജോലിചെയ്യുന്ന ജയശ്രീയുടെ പ്രചോദനം കുടുംബമാണ്. കൊച്ചുമകനെയും കളിപ്പിച്ചിരിക്കേണ്ട പ്രായത്തിൽ മെറ്റിയോർ ഓടിച്ച് 15000 കിലോമീറ്റർ യാത്രചെയ്തു.
ഓഹരി വ്യാപാര രംഗത്ത് ജോലിചെയ്യുന്ന കല്യാണി ഷൈനിയിൽനിന്നാണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്. 58 ദിവസം യാത്രചെയ്യാനുള്ള തീരുമാനത്തിലെത്താൻ ഈ സൗഹൃദം ധാരാളമായിരുന്നു.
21 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും ഇവർ സന്ദർശിച്ചു. ദീർഘദൂര യാത്രികർ തിരഞ്ഞെടുക്കാൻ മടിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് വഴിയായിരുന്നു യാത്ര. കടുത്ത ചൂടും കനത്ത മഴയും പിന്നെ തണുപ്പും. 48 ഡിഗ്രി സെൽഷ്യസ് വരെ സഹിച്ച ദിവസങ്ങളുണ്ട്. ഓഫ് റോഡും സഞ്ചരിച്ചു.
സമുദ്രനിരപ്പിൽനിന്നുള്ള ഉയരം കൂടുന്നതനുസരിച്ച് ആസ്മാരോഗിയായ ഷൈനിക്ക് പലപ്പോഴും ഇൻഹേലർ ഉപയോഗിക്കേണ്ടി വന്നു. നദി മുറിച്ചു കടക്കുന്നതിനിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ സഹായമായത് അതുവഴിയെത്തിയ ചെെന്നെക്കാരൻ റൈഡറാണ്. ബീഹാറിലെത്തിയപ്പോൾ കല്യാണിയുടെയും ജമ്മുവിൽ ഷൈനിയുടെയും വണ്ടികൾ കേടായി. ബീഹാറിൽ നാട്ടുകാരും ജമ്മുവിൽ മിലിട്ടറിക്കാരും സഹായിച്ചു.
ഹിമാചൽപ്രദേശുകാരാണ് ഏറ്റവും സ്നേഹത്തോടെ പെരുമാറിയത്. യാത്രികർ അവരുടെ വരുമാനമാർഗമാണെന്ന തിരിച്ചറിവും സ്നേഹത്തിനും കരുതലിനും പിന്നിലുണ്ട്. വൃത്തിയില്ലായ്മയാണ് പലയിടത്തും ഇവർ നേരിട്ട വെല്ലുവിളി. ആഹാരവും വെള്ളവുമെല്ലാം പലപ്പോഴും പ്രശ്നമായി. മൂക്കും കണ്ണുമടച്ച് പലതും കഴിച്ചു. വെള്ളവും ബിസ്കറ്റും കഴിച്ച് വിശപ്പടക്കിയ ദിവസങ്ങളുണ്ട്. പലയിടത്തും കലഹിച്ചു.
കേരളത്തിൽനിന്നെന്ന് കേൾക്കുമ്പോൾ അതേത് രാജ്യത്താണ് എന്നുള്ള ചോദ്യം ഏറെ ദേഷ്യം പിടിപ്പിച്ചു. മദ്രാസിനപ്പുറം തെക്കേ ഇന്ത്യയിൽ സ്ഥലമില്ലെന്ന സങ്കല്പമാണ് പലർക്കും.
സ്ത്രീശാക്തീകരണവും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമത്തിനും എതിരേയുള്ള ബോധവവത്കരണം കൂടിയായിരുന്നു തങ്ങളുടെ യാത്ര എന്ന് അവർ പറയുന്നു. 'ഉയരട്ടെ ശബ്ദം... പോകാം ഇഷ്ടദൂരത്തോളം' എന്നതായിരുന്നു മുദ്രാവാക്യം. പുലർച്ചെ ആറുമുതൽ വൈകീട്ട് ആറുവരെയായിരുന്നു മിക്കവാറും ദിവസങ്ങളിൽ യാത്ര. കശ്മീർ വരെയുള്ള സുഹൃത്തുക്കൾ സഹായവുമായി ഉണ്ടായിരുന്നു. ജയശ്രീയുടെ ബന്ധുവായിരുന്നു ശ്രീനഗറിലെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നത്. മൂന്നുദിവസം സി.ആർ.പി.എഫിന്റെ ക്വാർട്ടേഴ്‌സിൽ താമസിച്ചു. സൈനികരുടെ സഹായത്തോടെ സ്ഥലങ്ങൾ കണ്ടു.
ഓഗസ്റ്റ് 28-ന് നാട്ടിലെത്തിയ സംഘാംഗം ഷൈനി രാജ്കുമാർ ഞായറാഴ്ച അടുത്ത യാത്ര പുറപ്പെടും. കന്യാകുമാരിയിൽനിന്ന് മൂന്നുദിവസംകൊണ്ട് മധ്യപ്രദേശിലെത്തുകയാണ് ലക്ഷ്യം. 26 അംഗസംഘത്തിലെ ഏക വനിതയാണ് ഷൈനി. ഇതുവരെ മൂന്നുലക്ഷത്തിലധികം കിലോമീറ്റർ ഷൈനി ബുള്ളറ്റിൽ സഞ്ചരിച്ചു. ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന് ആവേശത്തോടെ പറയുന്നു ഷൈനി.
Content Highlights: lady bikers all india trip through east coast road, Lady Bikers in Kerala, Bike Riding


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..