ലഡാക്കിലേക്കാണോ യാത്ര? ഇതാ പോക്കറ്റ് കാലിയാക്കാത്ത രുചിയുള്ള ഭക്ഷണം കിട്ടുന്ന കടകള്‍!


എഴുത്തും ചിത്രങ്ങളും ജോസ്‌ന ജോണ്‍സണ്‍

എന്റെ ആവശ്യത്തിനായി, സംഭവ ബഹുലമായ നാട് ചുറ്റലിലൂടെയും ഗവേഷണ പരാക്രമങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ ലേയിലെ നല്ല ഭക്ഷണം കിട്ടുന്ന കടകളാണ് താഴെ പറയുന്നത്.

ലേയുടെ വിദൂരദൃശ്യം | ഫോട്ടോ: ഡോ. ഡെന്നിസ് ജോസഫ് മാതൃഭൂമി

മൂന്നു വര്‍ഷം മുന്‍പാണ് ഞാന്‍ ഭര്‍ത്താവിനൊപ്പം ലഡാക്കിലേക്ക് കുടിയേറുന്നത്. ഭര്‍ത്താവ് സുധി മൗണ്ടെനീറിങ് (മലകയറ്റം) പാഷനാക്കിയ വ്യക്തിയാണ്. ലഡാക്കിലെ ഉയരം കൂടിയ മലയായ സ്റ്റോക്കാന്‍ഗ്രി ക്ലൈമ്പിങിനായി സുധീഷ് 2009 മുതല്‍ എല്ലാ വര്‍ഷവും ലഡാക്ക് സന്ദര്‍ശിക്കുകയും ക്ലൈമ്പിങിന് മുന്നോടിയായി ലഡാക്കില്‍ മൂന്നു മാസത്തോളം താമസിക്കാറുമുണ്ടായിരുന്നു. പിന്നീട് അവിടെ സുധിക്ക് ധാരാളം സുഹൃത്തുക്കളായി. ലഡാക്ക് സുധിയുടെ കുടുംബമായി മാറി. അതുകൊണ്ടാണ് വിവാഹത്തിന് ശേഷം ലഡാക്കില്‍ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചത്. ലഡാക്കില്‍ താമസിക്കുന്നതിനായി മാത്രമാണ് ഞങ്ങള്‍ അവിടെ റെസ്റ്റോറന്റും ഹോം സ്‌റ്റേയും തുടങ്ങുന്നത്.

ലഡാക്കില്‍ ഞാന്‍ എത്തിയ സമയം മുതല്‍ സുധി റെസ്റ്റോറന്റ് തുടങ്ങും വരെ ഭക്ഷണം ഉണ്ടാക്കുന്നത് ഞാന്‍ തന്നെയായിരുന്നു. റെസ്റ്റോറന്റിന്റെ കാര്യങ്ങള്‍ക്കായി സുധി പുറത്തു പോകുമ്പോള്‍ ഞാന്‍ ഭക്ഷണമുണ്ടാക്കി കാത്തിരിക്കും. തിരികെ സുധി വന്നതിനു ശേഷം ഒരുമിച്ചിരുന്നു കഴിക്കും. പക്ഷെ ഹോട്ടല്‍ തുടങ്ങിയതിന് ശേഷം വീട്ടിലെ പാചകം നിന്നു. രാവിലേം ഉച്ചക്കും രാത്രീലുമുള്‍പ്പെടെ എല്ലാ നേരവും ഹോട്ടലില്‍ നിന്നായി. പതിയെ ഞാന്‍ മടുത്തു. അങ്ങനെ ഉച്ചക്ക് ശേഷം തിരക്കു കുറയുമ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി നടന്നു തുടങ്ങി. പതിയെ എനിക്കൊരു കാര്യം മനസിലായി. ലഡാക്കില്‍ നന്നായൊന്നു വയറു നിറയെ ഭക്ഷണം കഴിക്കാന്‍ ചെലവ് കുറച്ചു കൂടുതലാകും.

ഒരു നേരം വയറു നിറയെ ഒരാള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധാരണയായി 250 രൂപ മുതല്‍ ലഡാക്കില്‍ ചിലവുണ്ട്. മലയാളികളായ ടൂറിസ്റ്റുകളുള്‍പ്പെടെ ബില്ല് കണ്ടു കണ്ണ് തള്ളുന്നത് ഞാന്‍ കണ്ടു. ലഡാക്കില്‍ വരുന്ന എല്ലാവരും കൂടുതല്‍ പണം ചിലവാക്കുന്നത് ഭക്ഷണം കഴിക്കാനാണ് എന്ന് ഞാന്‍ മനസിലാക്കി. അവശ്യ സാധനങ്ങള്‍ ഫ്‌ളൈറ്റ് മാര്‍ഗം എത്തുന്നതിനാലാണ് ഈ കൂടിയ വില. അങ്ങനെ ഒടുവില്‍ ലഡാക്കില്‍ സ്ഥിരതാമസമാക്കിയതിനാല്‍, നല്ലൊരു ഫൂഡി കൂടിയായ എനിക്ക് കയ്യിലുള്ള പണത്തിനുള്ളില്‍ ഇഷ്ടപ്പെട്ടതൊക്കെ ഇടയ്ക്കു കഴിക്കുവാന്‍ ഞാന്‍ നല്ല എക്കണോമിക് റെസ്റ്റോറെന്റുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമായി വന്നു.

അങ്ങനെ എന്റെ ആവശ്യത്തിനായി, സംഭവ ബഹുലമായ നാട് ചുറ്റലിലൂടെയും ഗവേഷണ പരാക്രമങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ ലേയിലെ നല്ല ഭക്ഷണം കിട്ടുന്ന കടകളാണ് താഴെ പറയുന്നത്. പോക്കറ്റ് കാലിയാക്കാത്ത രുചിയുള്ള ഭക്ഷണം കിട്ടുന്ന കടകള്‍!

വസ്വാന്‍ ഹോട്ടല്‍

മെയിന്‍ മാര്‍കെറ്റിന്റെ തുടക്കത്തില്‍ ട്രാഫിക് പോലീസ് പോയിന്റിനു നേരെ എതിരേയുള്ള സാമാന്യം വലിയൊരു റെസ്റ്റോറന്റ് ആണ് വസ്വാന്‍. സുധിയുടെ റെസ്റ്റോറെന്റിനു ഏകദേശം ഓപ്പോസിറ്റ് ആണ് ഈ റെസ്റ്റോറന്റ്. അതുകൊണ്ടു ഞാന്‍ ആദ്യം എത്തിപ്പെട്ടത് അവിടെയാണ്. മെനുവിലെ ഓരോ ഭക്ഷണത്തിനും നാട്ടിലെ ഇരട്ടി ചിലവാകും. പക്ഷെ വിളമ്പുന്ന ക്വാണ്ടിറ്റി ഇരട്ടിയാണ്. രുചിയും വൃത്തിയും സര്‍വീസും അസാധ്യം. രണ്ടു തരത്തിലുള്ള സാലഡുകള്‍ എല്ലാ ഭക്ഷണത്തിനൊപ്പവും ഫ്രീയാണ്. രണ്ടു പേര്‍ക്ക് കഴിക്കാനായി ഒരു ആള്‍ക്ക് മാത്രം ഓര്‍ഡര്‍ ചെയ്യുക. അത് രണ്ടു പേര്‍ക്ക് ധാരാളം തികയും. ബട്ടര്‍ ചിക്കന്‍/ ചിക്കന്‍ കാന്തി + പ്ലെയിന്‍ റൈസ് ആണ് എന്റെ സ്ഥിരം ഡിഷ്. കഴിക്കാന്‍ തനിയെ പോകുന്നതിനാല്‍ ഭക്ഷണം ബാക്കി വരാറുണ്ട്. അത് പാക്ക് ചെയ്തു കൊണ്ട് വന്ന് അടുത്ത നേരം ചൂടാക്കി കഴിക്കലാണ് എന്റെ രീതി. രണ്ടു പേര്‍ക്ക് നന്നായി ഭക്ഷണം കഴിക്കാന്‍ 350 രൂപ ചിലവാകും. വെയ്റ്റര്‍ മുതല്‍ ഓണര്‍ വരെ എല്ലാവരുമായും ഞാന്‍ നല്ല കൂട്ടാണ്. അതുകൊണ്ടു തന്നെ എന്നേം കൊണ്ട് പോയാല്‍ ഡിസ്‌കൗണ്ട് കിട്ടും എന്ന് ഓര്‍മിപ്പിക്കുന്നു.

Vaswan Hotel
വസ്വാന്‍ ഹോട്ടല്‍ | ഫോട്ടോ: ജോസ്‌ന ജോണ്‍സണ്‍

സോറിസോ പിസ്സ

ലേ മെയിന്‍ മാര്‍ക്കറ്റിന്റെ തുടക്കത്തില്‍ ട്രാഫിക് പോലീസ് പോയിന്റിനടുത്തായിട്ടാണ് ഈ റെസ്റ്റോറന്റ്. പേര് കേള്‍ക്കുന്നത് പോലെയല്ല, പിസ്സ മാത്രമല്ല സോറിസോയില്‍ കിട്ടുക. പിസ്സ, ചപ്പാത്തി, പൂരി, നൂഡില്‍സ്, ഫ്രിഡ് റൈസ് ഒക്കെ കിട്ടും. പക്ഷെ എന്റെ രുചിക്കും കയ്യിലുള്ള പൈസക്കും ഇഷ്ടപ്പെട്ടത് ചില ഡിഷസ് ആണ്. അതിലൊന്നാണ് ചിക്കന്‍ കാന്തി. നമ്മുടെ ചിക്കന്‍ റോസ്റ്റ് പോലെയിരിക്കും ഏകദേശം സംഭവം. ഹാഫ് തന്നെ മൂന്നു പേര്‍ക്ക് കഴിക്കാനുണ്ടാകും. കൂടെ പൂരിയോ ചപ്പാത്തിയോ ഫ്രൈഡ് റൈസോ ആണ് ലാഭം. പിന്നെ സോറിസോയിലെ പൂരി കടല കോമ്പിനേഷന്‍, ചപ്പാത്തി തക്കാളി ഫ്രൈ ഒക്കെ കിടുവാണ്. ഏകദേശം 300 രൂപ മുതല്‍ രണ്ടു പേര്‍ക്ക് നല്ല രീതിയില്‍ കഴിക്കാനുള്ള ഭക്ഷണം കിട്ടും. നേരെ എതിരെ സുധീടെ ടേസ്റ്റ് ഓഫ് സൗത്ത് ഇന്ത്യയില്‍ ഞാനുണ്ടാകും. താഴെ വന്നോന്നു വിളിച്ച് എന്നേം കൂട്ടി പോയാല്‍ അടിപൊളി ഡിസ്‌കൗണ്ടും കിട്ടും.

സോറിസോ എന്റെ ഹോട്ടലിനു നേരെ എതിര്‍ വശത്തായതു കൊണ്ട്, എന്റെ കട്ട് തീറ്റ സുധി കണ്ടു പിടിച്ചു. അങ്ങനെ ഞാന്‍ മറ്റു റസ്റ്റോറന്റുകള്‍ നോക്കി നടപ്പു തുടങ്ങി. അങ്ങനെ കിട്ടിയതാണ് പര്‍സാസ് റെസ്റ്റോറന്റ്.

Sorisso Pizza
സോറിസോ പിസ്സ | ഫോട്ടോ: ജോസ്‌ന ജോണ്‍സണ്‍

പര്‍സാസ് റെസ്റ്റോറന്റ്

ഏകദേശം ലേ മെയിന്‍ മാര്‍ക്കറ്റിന്റെ നടുക്കായി പോസ്റ്റ് ഓഫീസിന് എതിരെയാണ് പര്‍സാസ്. നല്ല പച്ച പെയിന്റ് ഒക്കെ അടിച്ച തടിക്കസേരയും, പത്രവും വായിക്കാന്‍ ഇഷ്ടം പോലെ ബുക്കും കിട്ടുന്ന ഹോട്ടല്‍. ബിരിയാണി, ഫ്രൈഡ് റൈസ് ഒക്കെയാണ് അവിടെ ഏറ്റവും നല്ല വിഭവങ്ങള്‍. പക്ഷേ ഞാന്‍ സ്ഥിരം കഴിക്കുന്നത് ചപ്പാത്തി റോളുകളാണ്. മുട്ടയുടെയും പച്ചക്കറിയുടെയും ചിക്കന്റെയുമൊക്കെ ഒരൊറ്റ റോള്‍ വയറ് നിറയ്ക്കും. രുചിയും കിടിലം. കഴിച്ചു കഴിഞ്ഞാല്‍ ഒരു സ്‌കൂപ് ഐസ്‌ക്രീമും വാങ്ങിക്കഴിച്ചാല്‍ സംഭവം കളറാകും. ഏകദേശം 300 രൂപ മുതല്‍ രണ്ടു പേര്‍ക്ക് നല്ല രീതിയില്‍ കഴിക്കാനുള്ള ഭക്ഷണം കിട്ടും. അതിന്റെ ഓണര്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാണ്. എന്റെ ഫുട്‌ബോള്‍ പ്രാന്തും വായനപ്രാന്തും കണ്ട് ചിലപ്പോഴൊക്കെ ഫുള്‍ ഡിസ്‌കൗണ്ട് തരുന്ന മഹാനാണ് അദ്ദേഹം.

Parsas
പര്‍സാസ് | ഫോട്ടോ: ജോസ്‌ന ജോണ്‍സണ്‍

ഐസ്‌ക്രീം, പോപ്പ് കോണ്‍

ലേയില്‍ ഐസ്‌ക്രീം കഴിക്കുന്നതാരാന്നു ചോദിച്ചാല്‍ സുധിയും ഞാനും എന്ന് ഞാന്‍ പറയും. എത്ര തണുപ്പാണേലും എനിക്ക് ഐസ്‌ക്രീം വേണം. അങ്ങനെ എന്റെ അലച്ചിലിനൊടുവില്‍ ഞാന്‍ കണ്ടു പിടിച്ച സ്ഥലമാണ് ജന്ത ഐസ്‌ക്രീം കട. ലേയിലെ മെയിന്‍ മാര്‍ക്കറ്റില്‍ ജുമാ മസ്ജിദിനു എതിരെ ആണ് കട. പല ഫ്‌ളേവറില്‍ പല സ്‌കൂപ് സൈസില്‍ പലതരം കപ്പില്‍ ഐസ്‌ക്രീം കിട്ടും. അപ്പോപ്പോള്‍ ഉണ്ടാക്കുന്ന പോപ്പ്‌കോണും ഉണ്ടവിടെ. അവിടെ കിട്ടുന്ന ഐസ്‌ക്രീം ഓര്‍ഗാനിക്കാണെന്നാണ് അവിടുത്തെ മുടി നീട്ടിയ ഓണര്‍ ചേട്ടന്‍ പറയുന്നത്. ചേട്ടന്‍ ലേയില്‍ വന്നു ലേ സ്വദേശിനിയായ ചേച്ചീനെ പ്രേമിച്ച് ലേയില്‍ തന്നെ സെറ്റില്‍ ആയ പഞ്ചാബി ചേട്ടനാണ്.

കാങ്‌ലാ ചാന്‍ റെസ്റ്റോറന്റ്

ലേ മാര്‍ക്കറ്റിന്റെ തുടക്കത്തില്‍ ട്രാഫിക് പോലീസ് പോയിന്റിന്റെ അടുത്തുള്ള രണ്ടാമത്തെ കെട്ടിടടത്തിലെ രണ്ടാം നിലയിലാണ് കാങ്‌ലാചാന്‍. ഗൂഗിളിലൊന്നും ഈ റസ്റ്റോറന്റ് രേഖപ്പെടുത്തിയിട്ടില്ല. അവിടുത്തെ മട്ടന്‍ മോമോസും വെജ് മോമോസും ഒരു രക്ഷേമില്ല. നൂറു രൂപക്ക് പന്ത്രണ്ടു മോമോസ് കിട്ടും. തൊട്ടു കഴിക്കാന്‍ മുളക് ചമ്മന്തിയും. മുകളില്‍ ഞങ്ങളുടെ റെസ്റ്റോറന്റില്‍ ഞാനുണ്ടാകും. എന്നേം കൊണ്ട് പോയാലോ, എന്റെയോ സുധിടെയോ പേര് പറഞ്ഞാലോ ഡിസ്‌കൗണ്ട് ഉറപ്പ്.

Kangla Chan
കാങ്‌ലാചാന്‍ | ഫോട്ടോ: ജോസ്‌ന ജോണ്‍സണ്‍

ലേയിലെ ചായക്കട

ഇനിയുള്ള റെസ്റ്റോറന്റ് എന്റെ രഹസ്യമാണ്. ഇതെഴുതിയത് സുധി കണ്ടാല്‍ എനിക്ക് ഇടി ഉറപ്പാണ്. കാരണം സുധിയുടെ രഹസ്യങ്ങളില്‍ ഒന്നാണത്. ഒരു ദിവസം ഉണ്ടാക്കിയ കഠിനമായ വഴക്കില്‍ എന്നെ കോംപ്രമൈസ് ചെയ്യിക്കാന്‍ സുധി കൊണ്ടുപോയ കടയാണത്. റെസ്റ്റോറന്റ് എന്നിതിനെ പറയാന്‍ പറ്റില്ല. ഇതിനെ ലേയിലെ ചായക്കടയെന്നേ പറയാന്‍ പറ്റൂ. പോളോ ഗ്രൗണ്ടില്‍ വണ്ടിയിട്ട് മെയിന്‍ മാര്‍ക്കറ്റിലേക്ക് നടന്നാല്‍ ഒരു ടാക്‌സി സ്റ്റാന്‍ഡുണ്ട്. അതിന്റെ ഇടത്തെ മൂലയിലായുള്ള ആദ്യത്തെ ചായക്കടയാണ് താരം. അവിടെ ആകെ നാലു വിഭവമേ ഉള്ളൂ. അണ്‍ലിമിറ്റഡ് ചോറും മട്ടന്‍ കറിയും, ചോറും ചിക്കന്‍ കറിയും, ചോറും പരിപ്പ് കറിയും, റൊട്ടിയും മുന്‍പേ പറഞ്ഞ കറികളും. ഒപ്പം തൊട്ടുകൂട്ടാന്‍ നമ്മുടെ നാട്ടിലെ സ്‌റ്റൈല്‍ മുളക് ചമ്മന്തിയും കിട്ടും.

ചോറും കറിയുടെ ചാറും അണ്‍ലിമിറ്റഡ് ആണ്. ഓംലെറ്റും ചായയും പറഞ്ഞാല്‍ കടയുടെ പുറകിലെ വീട്ടിലെ ചേച്ചി ഉണ്ടാക്കി തരും. കഴിഞ്ഞ വര്‍ഷം അവസാന ദിവസം അവിടെ വന്നു മട്ടനും ചോറും കഴിച്ച കുമരകം അനു ചേട്ടന്‍ അടുത്ത വര്‍ഷം ലേയിലെ ആ ചായക്കടയില്‍ ഡെലിവറി ബോയ് ആയി കയറുമെന്ന് ശപഥം ചെയ്താണ് പോയത്. ആഴ്ചയിലൊരിക്കല്‍ അവിടുത്തെ ചോറും ചിക്കനും ഒരു ചെറിയ സ്പൂണ്‍ പരിപ്പും കഴിച്ചില്ലെങ്കില്‍ എനിക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല. ഈ കടയില്‍ എന്നേം കൊണ്ട് പോയി ഡിസ്‌കൗണ്ട് മേടിച്ചാല്‍ ശാപം കിട്ടും. കാരണം അറുപതും എണ്‍പതും രൂപക്ക് അണ്‍ലിമിറ്റഡ് ഫുഡ് തരുന്ന ചേട്ടന്റെ കയ്യില്‍ നിന്ന് ഡിസ്‌കൗണ്ട് ഞാന്‍ വാങ്ങില്ല. നിര്‍ബന്ധിച്ചു തന്നാല്‍ പോലും ഞാനത് മേശപ്പുറത്തു വച്ചിട്ടു പോരും.

അപ്പൊ ലേയിലേക്ക് പോരുന്ന വരുന്ന മലയാളി കുഞ്ഞുങ്ങള്‍ പൈസ മുടക്കി മടുത്തു കഴിയുമ്പോള്‍ ഈ വഴിയും പോയി നോക്ക്! ലേയില്‍ മാന്യമായ എന്ത് ആവശ്യങ്ങള്‍ക്കും സുധിയെ വിളിക്കാം, നമ്പര്‍: 9539041393

Content Highlights: Ladakh Travel, Tasty Foods in Ladakh, Good Restaurants in Ladakh, Mathrubhumi Yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented