നടുവില്‍: കുട്ടിപ്പുല്ലിലെ പുല്‍മേടുകളില്‍ മഞ്ഞ് പെയ്തുതുടങ്ങി. കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയും പാലക്കയംതട്ടും കഴിഞ്ഞാല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് കുട്ടിപ്പുല്ല്.ദിവസം ഒട്ടേറെ ആളുകള്‍ എത്തിച്ചേരുന്നുണ്ട്. നടന്നും വാഹനങ്ങളിലുമായി എത്തുന്നവര്‍ക്ക് കാഴ്ചകള്‍ ഒരുപാടുണ്ടിവിടെ. പൈതല്‍മലയുടെ ദൃശ്യമാകാത്ത പടിഞ്ഞാറന്‍ ചരിവ് തൊട്ടടുത്ത് കൈയെത്തും ദൂരത്തില്‍ കാണാം.

ചോലവനവും കാട്ടരുവിയും പച്ചവിരിച്ച പുല്‍മേടും വിശാലമായ ക്യാന്‍വാസിലെന്നപോലെ ആളുകളെ വിസ്മയിപ്പിക്കും.ചൂളം കുത്തി വീശുന്ന കാറ്റ് കുട്ടിപ്പുല്ലിന്റെ പ്രത്യേകതയാണ്. മഴക്കാലത്ത് കോടമഞ്ഞ് പുതച്ച് നില്‍ക്കും. വേനലിലും പച്ചവിരിച്ചാണ് കുട്ടിപ്പുല്ല് മലയിലെ പുല്‍മേട് ഉണ്ടാവുക.

മലമുകളിലേക്കുള്ള ചെമ്മണ്‍പാതയിലൂടെയുള്ള യാത്രയും രസകരമാണ്. ജീപ്പ് സര്‍വീസും ഉണ്ട്. നടുവില്‍ പഞ്ചായത്തിലെ കനകക്കുന്ന് വാര്‍ഡിലാണ് കുട്ടിപ്പുല്ല്. കുടിയാന്മല വഴിയും പാത്തന്‍പാറ വഴിയും മൈലംപെട്ടി വഴിയും എത്തിച്ചേരാം. പാലക്കയംതട്ടിനും പൈതല്‍ മലയ്ക്കും ഇടയിലാണ് കുട്ടിപ്പുല്ല്.പാത്തന്‍പാറ-കുടിയാന്മല റോഡില്‍ നൂലിട്ടാമല എന്ന സ്ഥലത്തിനടുത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. തളിപ്പറമ്പില്‍നിന്ന് 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളിലെത്താം.

Content Highlights: kuttipullu in kannur welcomes tourist; greenaries in summer