കാഴ്ചയുടെ അതിശയമാണ് കുട്ടനാട്. പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയില്‍ തെന്നിവീഴാത്ത, പ്രളയത്തില്‍ തകര്‍ന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ. രണ്ട് പ്രളയങ്ങളെ അതിജീവിച്ചപ്പോഴും കുട്ടനാടിന്റെ ഭംഗി കൂടിയതേയുള്ളൂ. ഒട്ടും തളരാത്ത കുട്ടനാടന്‍ ജീവിതത്തിന്റെ പുതുവഴിയിലൂടെയാണ് ഈ യാത്ര...
കുട്ടനാടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഹൗസ്‌ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായല്‍ക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സില്‍ എത്തുക. ഹൗസ്‌ബോട്ടിന്റെ വാടകയും ഒരു മുഴുവന്‍ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോള്‍ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്. എന്നാല്‍ ബോട്ടില്‍ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളുണ്ട്. 2019 അവസാനം കഞ്ഞിപ്പാടത്ത് പൂക്കൈതയാറിനുകുറുകേ പുതിയ പാലം തുറന്നതോടെ കുട്ടനാട്ടിലേക്ക് വാഹനമോടിച്ചുപോകാനാവുന്ന പുതിയൊരു പാതകൂടി തുറന്നുകിട്ടി. കാഴ്ചയുടെ കലവറയിലൂടെ സുഖമായി കാറോടിച്ച് പോകാം...
ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോള്‍ വണ്ടാനം എന്ന സ്ഥലം തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല. ആലപ്പുഴയിലെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് അവിടെയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍നിന്ന് ഒരുകിലോമീറ്റര്‍ മുന്‍പോട്ട് പോകുമ്പോള്‍ വളഞ്ഞവഴിക്ക് തൊട്ടുമുന്‍പായി എസ്.എന്‍. കവല. വലിയ കവലയൊന്നുമല്ല, ഇടത്തോട്ട് തിരിയുന്ന ഒരു ടാറിട്ട റോഡുണ്ട്, അതാണ് കഞ്ഞിപ്പാടം റോഡ്.
പിന്നെ കുറച്ച് ഓട്ടോറിക്ഷകളും. അധികം തിരക്കില്ലാത്ത വഴി. ഇടയ്ക്കിടെ ചില സ്വകാര്യ ബസുകള്‍, വല്ലപ്പോഴുമൊരു കെ.എസ്.ആര്‍.ടി.സി., പിന്നെ ചില പെട്ടി ഓട്ടോകളും കാറുകളും. മുന്നോട്ടുനീങ്ങുമ്പോള്‍ പതുക്കെ പതുക്കെ കുട്ടനാടിന്റെ മുഖച്ഛായ തെളിഞ്ഞുതുടങ്ങും. റോഡിന് സമാന്തരമായി തോട്, ആമ്പല്‍പൂക്കള്‍, പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍, കൃഷിപ്പണിക്കാര്‍, നടവരമ്പുകള്‍, താറാക്കൂട്ടങ്ങള്‍ അങ്ങനെ... പിന്നെ കുട്ടനാടന്‍ കാഴ്ചകള്‍ക്ക് കനംവയ്ക്കും.
കുട്ടനാടിന്റെ ഹൃദയത്തിലേക്ക് കടക്കുമ്പോള്‍ കഞ്ഞിപ്പാടം എന്ന സ്ഥലത്താണ് ആദ്യം എത്തുക. പച്ചവിരിച്ച വിശാലമായ നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ തിരക്കില്ലാതെ ഒഴുകുന്ന പൂക്കൈതയാറ്. വലിയ കെട്ടുവള്ളങ്ങളില്‍ സഞ്ചാരികള്‍, അവയില്‍ വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍. ആറിനെ കൂസാതെ തലയെടുപ്പോടെ നില്ക്കുന്ന പുത്തന്‍ പാലം. പാലത്തിലൂടെ മുന്നോട്ടുനീങ്ങുമ്പോള്‍ ചരിത്രം നമ്മളെ പിന്നിലേക്ക് പിടിച്ചുവലിക്കും.
കഞ്ഞിപ്പാടമെന്ന പേരില്‍നിന്നുതന്നെ തുടങ്ങണം ചരിത്രം. ചെമ്പകശ്ശേരി രാജാവിന് കഞ്ഞിവയ്ക്കാനുള്ള മികച്ച അരി വിളയിച്ച പാടങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ അമ്പലപ്പുഴയും ചുറ്റുമുള്ള പ്രദേശങ്ങളും ചെമ്പകശ്ശേരി രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. രാജാവും രാജഭരണവുമൊക്കെ പോയിട്ടും കഞ്ഞിപ്പാടത്തെ അരിയുടെ സ്വാദ് കുറഞ്ഞിട്ടില്ല. വേഗത്തില്‍ വേവുന്ന, കറുത്ത മണ്ണില്‍ വിളയുന്ന, നല്ല സ്വാദുള്ള നെല്ല് വിളയുന്നുണ്ട് ഇപ്പോഴുമിവിടെ. തേങ്ങ ചുട്ടരച്ച ചമ്മന്തിയും കനലില്‍ ചുട്ട പപ്പടവും ഇത്തിരി കണ്ണിമാങ്ങാ അച്ചാറും കൂട്ടി ചൂടോടെ ആ കഞ്ഞി കുടിച്ചാല്‍ കഞ്ഞിപ്പാടം പിന്നെ മനസ്സില്‍നിന്ന് മായില്ല.

Content Highlights: kuttanadu new route attract travellers Alappuzha Mathrubhumi yathra