കേരളത്തിലെ കാടുകളില്‍ സിംഹങ്ങളില്ല. എന്നാല്‍ വയനാടന്‍ വനമേഖലയിലൂടെയുള്ള ഈ യാത്ര, ഒരു സിംഹത്തിന്റെ മട തേടിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അവസാനശ്വാസം വരെ പോരാടിയ കേരളസിംഹം പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്ന പേര്യ വനത്തിലേക്ക്...

വനത്തിന്റെ കിഴക്കന്‍ അതിരായ കുഞ്ഞോം ഗ്രാമത്തില്‍ എത്തിച്ചേരുമ്പോള്‍ കുങ്കിച്ചിറയെ കുറിച്ചുമാത്രമാണ് എനിക്ക് അറിവുണ്ടായിരുന്നത്. പഴശ്ശിയുടെ സൈന്യത്തലവന്‍ എടച്ചേന കുങ്കന്റെ സഹോദരിയായ കൊടുമല കുങ്കി, വയനാട്ടിലേക്കുള്ള യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലം.  

kunhome
കുങ്കിച്ചിറ
kunhome
കുങ്കിച്ചിറ

കുഞ്ഞോം കവലയില്‍ നിന്നു തിരിഞ്ഞ് രണ്ടുകിലോമീറ്ററോളം നീളുന്ന വഴി കുങ്കിച്ചിറയില്‍ ചെന്നവസാനിക്കും. നിബിഢവനത്തിന്റെ പശ്ചാത്തലത്തിലുള്ള ചെറിയൊരു ജലാശയമാണിത്. കുങ്കിയുടെ മനോഹരമായ ഒരു പ്രതിമ അടുത്തകാലത്ത് ഇവിടെ സ്ഥാപിച്ചു. ചിറയുടെ സമീപം പൈതൃകമ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. വൈദ്യുതവേലിയാല്‍ വനവുമായി ഇവിടം വേര്‍തിരിച്ചിരിക്കുന്നു. മനോഹരമായ കാഴ്ചയും ശാന്തമായ അന്തരീക്ഷവും ചേരുന്ന അനുഭവമാണ് സഞ്ചാരികള്‍ക്ക് കുങ്കിച്ചിറ പകരുന്നത്.

kunhome
കുറിച്യര്‍ കോളനിയിലെ വെള്ളന്‍, പരമ്പരാഗത കൊട്ടനിര്‍മാണത്തില്‍

പ്രദേശത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സമീപത്തുള്ള കുറിച്യര്‍ കോളനിയിലേക്ക് ഞാന്‍ നടന്നു. ആദ്യം കണ്ട വീട്ടില്‍ കയറി. പഴക്കം ചെന്ന ചെറിയൊരു വീട്. കാര്‍ന്നോരുടെ പേര് പുതിയേടത്ത് കോന്തില്‍ വെള്ളന്‍ എന്നാണ്. കുഞ്ഞോമിനെ കുറിച്ച് അറിയാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വാചാലനായി. പുറംലോകത്തിന് അറിയാത്ത ധാരാളം രഹസ്യങ്ങളുടെ കലവറയാണ് വയനാടന്‍ കാടുകളെന്ന് വെള്ളാന്‍ വര്‍ണിച്ചു. പഴശ്ശിരാജാവിന്റെ ഒളിത്താവള അവശിഷ്ടങ്ങള്‍ എനിക്ക് കാട്ടിക്കൊടുക്കണമെന്ന് മകനായ സുരേന്ദ്രനോട് നിര്‍ദേശിക്കുകയും ചെയ്തു.

അതിനിടെ കഴിച്ചിട്ടു പോയാല്‍മതിയെന്നു പറഞ്ഞ് വെള്ളാന്റെ ഭാര്യ കടന്നുവന്നു. ആവി പറക്കുന്ന റാഗി ദോശയും കറിയും. ഇത്രയ്ക്ക് സ്വീകരണമൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. 

വെള്ളാന്‍ പൂജാമുറിയില്‍ നിന്ന് അമ്പും വില്ലും പുറത്തെടുത്ത് എന്നെ കാണിച്ചു. പക്ഷികളെ വീഴ്ത്താനുള്ള മൊട്ട്, കൂര്‍ത്ത അഗ്രമുള്ള അമ്പ് എന്നിങ്ങനെ വിവിധ ആയുധങ്ങള്‍. അനുഷ്ഠാനങ്ങളുടെ ഭാഗമായി വര്‍ഷത്തിലൊരിക്കല്‍ കാട്ടില്‍ വേട്ടയ്ക്ക് പോകാറുണ്ടെന്നും അദ്ദേഹം വിവരിച്ചു.

kunhome
പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പും വില്ലും
kunhome
പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പും വില്ലും
kunhome
വെള്ളനോടൊപ്പം ലേഖകന്‍

ഊഷ്മളമായ ആതിഥേയത്വത്തിന് നന്ദിയറിയിച്ച് ഞാന്‍ അവിടെ നിന്ന് ഇറങ്ങി. സുരേന്ദ്രനൊപ്പം കാട്ടിലേക്കുള്ള നടത്തം തുടങ്ങി. 25-കാരനായ അയാള്‍ പഴശ്ശിയുടെ കുറിച്യപ്പടയാളി തലക്കല്‍ ചന്തുവിന്റെ പിന്തലമുറക്കാരനാണ്. വിപ്ലവപാതയില്‍ വഴികാട്ടിയാകാന്‍ ഇതിലും യോഗ്യനായ വേറെയാരുണ്ട് എന്ന് ഞാനോര്‍ത്തു.

kunhome

കോളനിയിലൂടെ നടന്നുനീങ്ങവേ സുരേന്ദ്രന്റെ ബന്ധുവായ ബാലകൃഷ്ണനും കുട്ടികളായ സന്ദീപും സനുവും ഞങ്ങള്‍ക്കൊപ്പം കൂടി. ഒരാള്‍ ഒമ്പതാം ക്ലാസിലും മറ്റെയാള്‍ ആറാം ക്ലാസിലും പഠിക്കുന്നു. കാട്ടിനുള്ളിലെ വലിയൊരു സ്‌റ്റേഡിയത്തെ കുറിച്ചായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ഓടിട്ട വീടുകളും കുടിലുകളും വനാതിര്‍ത്തി സൂചിപ്പിക്കുന്ന ജണ്ടയും വൈദ്യുതിവേലിയും കടന്ന് കുട്ടികള്‍ പറഞ്ഞ ആ മൈതാനത്തേക്ക് ഞങ്ങള്‍ പ്രവേശിച്ചു.

kunhome
കാട്ടിലെ കൂട്ടുകാര്‍ - സുരേന്ദ്രനും ബാലകൃഷ്ണനും
kunhome
കാട്ടിലെ കൂട്ടുകാര്‍ - ബാലകൃഷ്ണന്‍, സന്ദീപ്, സനു

ചപ്പയില്‍ ഗ്രൗണ്ട് എന്നാണ് സ്ഥലത്തിന്റെ വിളിപ്പേര്. കേരളത്തിലെ വനങ്ങളിലൊന്നും ഇങ്ങനെയൊരു ഭൂപ്രകൃതി ഞാന്‍ കണ്ടിട്ടില്ല. ഇടതൂര്‍ന്ന വനത്തിന് നടുവില്‍ വിശാലമായ പുല്‍മൈതാനം. കണ്ണിലൊതുങ്ങാത്ത വിധം പരന്നുകിടക്കുന്നു. ചുറ്റും നടന്നുതീരാന്‍ അരമണിക്കൂറെങ്കിലും എടുക്കുമെന്ന് അവര്‍ വിവരിച്ചു. പ്രദേശവാസികളുടെ കന്നുകാലികള്‍ മേഞ്ഞുനടക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം ഇവിടെ കളിക്കാറുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

kunhome
വൈദ്യുതവേലിക്ക് അപ്പുറം കാട്ടിലെ ക്രിക്കറ്റ് ഗ്രൗണ്ട്... 
kunhome
കൊടുംകാടിന് നടുവില്‍ വിശാലമായ മൈതാനം

മൈതാനം കടന്ന് നിബിഡവനത്തിലേക്ക് പ്രവേശിച്ചു. പഴശ്ശിയുടെ ഒളിത്താവളം അറിയാവുന്ന ബാലകൃഷ്ണനാണ് വഴികാട്ടി. 

മാവോയിസ്റ്റുകളുടെ മുന്നില്‍ പെടുമോ? സുരേന്ദ്രന്റെ സംശയം കേട്ട് ഞാന്‍ ചെറുതായൊന്നു ഞെട്ടി. കുഞ്ഞോമില്‍ അടുത്തകാലത്താണ് പോലീസും മാവോവാദികളും തമ്മിലുള്ള വെടിവെപ്പ് നടന്നത്. കാടിന്റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് താവളങ്ങളുണ്ടായിരുന്നു എന്നും പണ്ട് കോളനികളില്‍ അവര്‍ എത്തിയിരുന്നുവെന്നുമുള്ള ഓര്‍മകള്‍ അവര്‍ പങ്കുവെച്ചു. അന്ന് പഴശ്ശിയും ഇന്ന് മാവോവാദികളും; ചരിത്രയാദൃശ്ചികമെന്ന് വിശേഷിപ്പിക്കാം അല്ലേ?  

 

kunhome
കാടിനുള്ളിലെ ക്യാമറ ട്രാപ്പ്‌

kunhome

kunhome

നിരപ്പായ പാത, മുന്നോട്ടുള്ള യാത്രയില്‍ കുന്നും കുഴികളുമായി രൂപാന്തരപ്പെട്ടു. കുത്തനെയുള്ള മലഞ്ചേരുവുകളില്‍ കൈകാലുകള്‍ ഉപയോഗിച്ചാണ് പിടിച്ചുകയറിയത്. തളരുന്ന ശരീരത്തിന് പാറക്കെട്ടുകളിലൂടെ ഒഴുകുന്ന അരുവികള്‍ ഊര്‍ജ്ജം പകര്‍ന്നുകൊണ്ടേയിരുന്നു.

ഒരു മലയുടെ മുകളിലെത്തിയപ്പോള്‍ അവിടിവിടെയായി ഫ്രെഷ് ആനപ്പിണ്ടങ്ങള്‍. ആള് അടുത്തെവിടെയോ ഉണ്ട്. ഒരു വശത്ത് അഗാധമായ കൊക്കയും. ചെകുത്താനും കടലിനും നടുക്ക് എന്നൊക്കെ പറയില്ലേ, അതുപോലൊരു അവസ്ഥ. ആനയെങ്ങാനും വന്നാല്‍ തീര്‍ന്നു.

കയറ്റത്തിന്റെ കിതപ്പുമാറ്റാന്‍ ഒരല്‍പനേരം ഇരുന്ന് വിശ്രമം. നല്ല ദാഹം. ഇപ്പോള്‍ വഴിയുണ്ടാക്കിത്തരാമെന്നു പറഞ്ഞ ബാലകൃഷ്ണന്‍, കൈയിലിരുന്ന കത്തികൊണ്ട് വലിയൊരു കാട്ടുവള്ളി മുറിച്ചു. മുറിഞ്ഞ അറ്റത്തുനിന്നും നൂലുപോലെ വെള്ളം വന്നുതുടങ്ങി. കുട്ടികളില്‍ ഒരാള്‍ ചുവട്ടിലിരുന്ന് വെള്ളം കുടിച്ചുതുടങ്ങി. വള്ളിയുടെ അറ്റം ബാലകൃഷ്ണന്‍ എന്നിലേക്കും നീട്ടി. ഞാന്‍ വാ തുറന്നു; ഹാ, നല്ല തണുത്ത വെള്ളം! ക്ഷീണം കൊണ്ടാണോ എന്നറിയില്ല, വെള്ളത്തിന് പ്രത്യേക സ്വാദും അനുഭവപ്പെട്ടു. കാട്ടിനുള്ളിലെ ഈ കുടിവെള്ളശേഖരത്തിന് കരണക്കുടി എന്നാണ് പേര്, ബാലകൃഷ്ണന്‍ വിവരിച്ചു.

kunhome
കാട്ടുവള്ളിയിലെ തെളിനീര്‍ 

kunhome

പാതയുടെ കാഠിന്യം വ്യക്തമാക്കുന്ന വിധത്തില്‍, അധികം പഴക്കമില്ലാത്ത എന്റെ രണ്ടു ഷൂസുകളും കീറിപ്പറിഞ്ഞിരുന്നു. സോക്‌സിന് അകത്തും പുറത്തും നിറയെ അട്ടകളുമുണ്ട്. അതേസമയം മറ്റ് നാലുപേരുടെ വള്ളിച്ചെരുപ്പുകള്‍ക്ക് ഒരു പോറല്‍പോലും സംഭവിച്ചിട്ടുമില്ല.

പഴശ്ശിയുടെ കോട്ട എത്താറായോ? ഞാനും സുരേന്ദ്രനും ഇടയ്ക്കിടയ്ക്ക് തിരക്കിക്കൊണ്ടിരുന്നു. ദേ ഇപ്പോള്‍ എത്തുമെന്ന് ബാലകൃഷ്ണനും. 

അതിനിടയ്ക്ക് വനംവകുപ്പിന്റെ ക്യാമറ കെണിയില്‍ ഞങ്ങള്‍ അകപ്പെട്ടു. ഇത്രയും നേരം കാട്ടറിവുകള്‍ കേട്ടറിഞ്ഞ എനിക്ക്, സാങ്കേതികവിദ്യയെ കുറിച്ചൊരു ക്ലാസെടുക്കാന്‍ കിട്ടിയ അവസരം. ക്യാമറ ട്രാപ്പിനെ കുറിച്ച് ഞാന്‍ വിവരിച്ചു-  ചെറിയ രണ്ടു മരങ്ങളിലായി കെട്ടിവെച്ച ക്യാമറകള്‍. കുറുകെ അനക്കമുണ്ടായാല്‍ ഉടന്‍ ഫോട്ടോ പകര്‍ത്തും. കുറ്റാക്കൂറ്റിരുട്ടിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളാണ്. വന്യജീവികളുടെ കണക്കെടുപ്പിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍ വനംവകുപ്പ് ഉദ്യോസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചാണ് കണക്കെടുക്കുക... 

kunhome
കാട്ടിനുള്ളിലെ പഴശിയുടെ താവളമെന്ന് കരുതപ്പെടുന്ന സ്ഥലം - കിണറിനോട് സാദൃശ്ച്യമുള്ള കുഴി

kunhome

കാടും മലയും പുല്‍മേടുമെല്ലാം താണ്ടിയുള്ള യാത്ര ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. പഴശ്ശിരാജാവ് ഒളിവില്‍ കഴിഞ്ഞ കോട്ടയുടെ അവശിഷ്ടമെന്ന് കരുതുന്നയിടം. നിരനിരയായി അടുക്കിവെച്ചിരിക്കുന്ന ചെങ്കല്‍ക്കെട്ടുകള്‍ കോട്ടയുടെ ഭിത്തിയെന്ന് അനുമാനിക്കാം. ഏതാണ്ടൊരു ചതുരാകൃതിയിലാണ് കെട്ടുള്ളത്. നടുക്ക് കൂനകൂട്ടിയ പോലെയുള്ള കല്ലുകള്‍ ചൂണ്ടിക്കാട്ടി, അവിടെ ദേവിയുടെ പ്രതിഷ്ഠയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കെട്ടിനുള്ളിലെ വലിയൊരു കുഴി, പഴയ കിണറായിരുന്നു. ഇവിടെ നിന്ന് പഴകി ദ്രവിച്ച വാള്‍, താഴികക്കുടം, മരസ്തൂപം, കരിങ്കല്‍ തൂണ്‍, അരകല്ല് തുടങ്ങിയവ കണ്ടെടുത്തിരുന്നതായും ബാലകൃഷ്ണന്‍ വിവരിച്ചു.

kunhome

kunhome
കാട്ടിനുള്ളിലെ പഴശിയുടെ താവളമെന്ന് കരുതപ്പെടുന്ന സ്ഥലം - വെട്ടുകല്ലില്‍ തീര്‍ത്ത ഭിത്തിയുടെ ബാക്കിഭാഗം
kunhome
കാട്ടിനുള്ളിലെ പഴശിയുടെ താവളമെന്ന് കരുതപ്പെടുന്ന സ്ഥലം - വെട്ടുകല്ലില്‍ തീര്‍ത്ത ഭിത്തിയുടെ ബാക്കിഭാഗം
kunhome
കാട്ടിനുള്ളിലെ പഴശിയുടെ താവളമെന്ന് കരുതപ്പെടുന്ന സ്ഥലം - വെട്ടുകല്ലില്‍ തീര്‍ത്ത ഭിത്തിയുടെ ബാക്കിഭാഗം
kunhome
ഇവിടെ നിന്ന് വാളിന്റെയും ചിലമ്പിന്റെയും അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. കോട്ടയിലെ ക്ഷേത്രം ഇവിടെയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു

 

തോക്കിന്‍ കുഴല്‍ പുറത്തേക്കിട്ട് ഒളിച്ചിരിക്കാന്‍ പാകത്തിനുള്ള അറകളുടെ അവശിഷ്ടങ്ങള്‍ കാടിന്റെ മറ്റൊരു ഭാഗത്തുണ്ടെന്ന് ബാലകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തല്‍. കേട്ടപ്പോള്‍ ആവേശം തോന്നിയെങ്കിലും കാടും മലയും ഇനിയും താണ്ടാന്‍ വയ്യാത്ത അവസ്ഥയിലേക്ക് ശരീരം തളര്‍ന്നുകഴിഞ്ഞിരുന്നു. അടുത്തതവണയാകട്ടെ എന്ന് ഞാന്‍ പറഞ്ഞു. 

പഴശ്ശിയുടെ ചരിത്രം തേടിയുള്ള വയനാടന്‍ യാത്രയ്ക്ക് അര്‍ഥവിരാമം കുറിച്ച് ഞങ്ങള്‍ കാടിറങ്ങി....