കുമ്പു | Photo: instagram.com/kumbu_travel
അരുണാചല്‍ പ്രദേശിലെ തണുപ്പില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് ചൂട് കാപ്പിയും നൂഡില്‍സും ഓംലെറ്റും വിളമ്പുന്ന മലയാളി എല്ലാവര്‍ക്കും ഒരു അതിശയമായിരുന്നു. ഒരു യമഹ എഫ്.സീ ബൈക്കില്‍ ഒരുക്കിയ കുഞ്ഞ് അടുക്കളയില്‍ ഒരുക്കുന്ന ഭക്ഷണം വിളമ്പി തന്റെ യാത്രകള്‍ക്കുള്ള പണം കണ്ടെത്തുകയാണ് കുമ്പു എന്ന ജിബിന്‍ മധു. ഇരുപത്തിനാലുകാരനായ ഈ കോട്ടയം സ്വദേശി തന്റെ യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
കേരളത്തില്‍ നിന്ന് യാത്ര തുടങ്ങിയ കുമ്പു തമിഴ്‌നാടും ഉത്തര്‍പ്രദേശും നേപ്പാളും ഹിമാചല്‍ പ്രദേശും താണ്ടി അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ എത്തി. ബൈക്കിന്റെ എന്‍ജിന്‍ തകരാറിലായതോടെ കുമ്പുവിന്റെ യാത്ര മുടങ്ങി. ബൈക്ക് ശരിയാക്കാനുള്ള പണം ഉണ്ടാക്കാനായി തന്റെ കൊച്ചു അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കി വിറ്റും ടെന്റില്‍ ഉറങ്ങിയും ദിവസങ്ങള്‍ തള്ളി നീക്കുകയാണ് ഈ യുവാവ്.
"കഴിഞ്ഞ ഏപ്രിലില്‍ ആണ് ഞാന്‍ യാത്ര തുടങ്ങിയത്. അങ്ങനെ പ്ലാന്‍ ചെയ്ത് ഇറങ്ങിയതൊന്നും അല്ല. നിലനില്‍പ്പിന്റെ ഭാഗമായി ഇങ്ങനെ യാത്രകള്‍ തുടരുന്നു.' കുമ്പു ട്രാവെല്‍സ് എന്ന എന്റെ യൂടൂബ് ചാനലില്‍ എന്റെ യാത്ര വിശേഷങ്ങള്‍ കാണാം".
"വഴിയില്‍ കണ്ട ഹോട്ടലുകളില്‍ ജോലി ചെയ്തും മറ്റും ഉണ്ടാക്കിയ പണം കൊണ്ടാണ് ഇന്ന് കാണുന്ന പോലെ ഈ വണ്ടിയില്‍ ഒരു കൊച്ചു അടുക്കളയും വെള്ളവും ഭക്ഷണവും എല്ലാം സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയത്. ഇന്ന് ഈ വണ്ടി തന്നെ ആണ് എന്റെ വരുമാനമാര്‍ഗ്ഗം". പടച്ചോന്‍ എന്ന് വിളിക്കുന്ന തന്റെ ബൈക്കിനെ കുറിച്ച് കുമ്പു വാചാലനായി.
കാപ്പി, നൂഡില്‍സ്, ഓംലെറ്റ് ഇതൊക്കെ ആണ് സ്ഥിരമായി ഞാന്‍ വില്‍ക്കുന്നത്. മലയാളികള്‍ വരുമ്പോള്‍ ഗോതമ്പ് ദോശയും നല്ല കുത്തരിച്ചോറും കറിയും എല്ലാം ഉണ്ടാക്കി കൊടുക്കും. നാട്ടിലെ ഭക്ഷണം കഴിക്കാന്‍ കൊതിച്ചിരിക്കുന്ന യാത്രക്കാര്‍ക്ക് അത് വലിയ ആശ്വാസവും സന്തോഷവും ആണ്. അവര്‍ സന്തോഷത്തോടെ തരുന്ന പണം ആണ് എന്റെ വരുമാനം. തവാങ്ങിലേക്ക് പോകുന്ന ഒരുവഴിയിലാണ് ഇപ്പോൾ എന്റെ കട. ഇവിടെ അധികം കടകള്‍ ഒന്നും ഇല്ല. അത് കൊണ്ട് നല്ല വരുമാനം ഉണ്ടാക്കാം. അഞ്ഞൂറ്, അറുനൂറു രൂപയോളം ചില ദിവസങ്ങളില്‍ കിട്ടാറുണ്ട്.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ 5000 രൂപയാണ് എന്റെ കയ്യില്‍ ഉണ്ടായത്. ഇന്ത്യ പരമാവധി യാത്ര ചെയ്ത് കഴിഞ്ഞു. നേപ്പാളും മ്യാന്മറും യാത്ര ചെയ്തപ്പോള്‍ സിംഗപ്പൂര്‍ വരെ പോകാനായിരുന്നു പദ്ധതി. പക്ഷേ ബോര്‍ഡറില്‍ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടു വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചു. വണ്ടി റെഡി ആക്കാന്‍ ഇരുപതിനായിരത്തോളം രൂപ വേണം. എത്രയും വേഗം അതുണ്ടാക്കി വണ്ടി ശരിയാക്കി യാത്ര തുടരണം എന്ന് മാത്രമാണ് ലക്ഷ്യം.
സര്‍വീസ് ഒന്നും ചെയ്യാത്തത് കൊണ്ടു ഇടക്ക് വണ്ടി കേടാവാറുണ്ട്. അതാണ് പ്രധാന ചിലവ്. പക്ഷേ പരമാവധി ചിലവ് ചുരുക്കാന്‍ സെക്കന്റ് ഹാന്‍ഡ് ടയര്‍ വാങ്ങി ഇട്ടും മറ്റും ഇങ്ങനെ പോകുന്നു. പിന്നെ പെട്രോള്‍ അടിക്കാനുള്ള പണവും കണ്ടെത്തണം. 700 രൂപയുടെ ഒരു കൊച്ചു ഗ്യാസ് സിലിണ്ടര്‍ ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഒരു മാസം അത് ഉപയോഗിക്കാം. പിന്നെ ആട്ടയും ഉള്ളിയും എല്ലാം വാങ്ങി ചിലവ് ചുരുക്കും. വഴിയില്‍ കാണുന്ന ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളായും പണമായും മറ്റും തരാറുണ്ട്. ഈ സഹായങ്ങള്‍ തന്നെ ആണ് എന്റെ യാത്രകള്‍ക്ക് ഊര്‍ജം തരുന്നത്.
യാത്രക്കിടയില്‍ കര്‍ഷക സമരത്തിലും കഴിഞ്ഞ ഓഗസ്റ്റില്‍ കുമ്പു പങ്കെടുത്തിരുന്നു. കുമ്പുവിന്റെ യാത്രകളും വ്യത്യസ്തമാണ്. സ്ഥിരം ട്രാവല്‍ വ്‌ളോഗര്‍മാരില്‍ നിന്ന് വ്യത്യസ്തമായി നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരുടെ ജീവിതമാണ് തന്റെ ക്യാമറയില്‍ പകര്‍ത്താറുള്ളത്. യാതക്കിടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ കുമ്പുവിന് അഭിമുഖിക്കേണ്ടി വന്നിട്ടുണ്ട്. കൊടുംതണുപ്പ് സഹിക്കാന്‍ കഴിയാതെ കയ്യിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ എല്ലാം എടുത്ത് കത്തിച്ചു തീ കായേണ്ട അവസ്ഥ വരെ ഉണ്ടായി.
ആദ്യം എന്റെ സ്മാര്‍ട്‌ഫോണില്‍ തന്നെ ആണ് വീഡിയോസ് ഷൂട്ട് ചെയ്തിരുന്നത്. പിന്നെ കുറച്ചു ചേട്ടന്മാര്‍ ഒരു ഗോപ്രോ വാങ്ങി തന്നു. ഇപ്പോൾ അത് ഉപയോഗിച്ചാണ് വീഡിയോസ് എടുക്കുന്നത്, കുമ്പു വ്യക്തമാക്കി.
ഒരു വര്‍ഷത്തോളം നീണ്ട യാത്ര തുടരുമ്പോഴും കുമ്പുവിന് യാത്രകളോട് അടങ്ങാത്ത ആവേശമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും വിഷയമാകാതെ മുന്നോട്ട് പോകാന്‍ തന്നെ ആണ് ഈ യുവാവിന്റെ തീരുമാനവും.
'നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരു വണ്ടി ഉണ്ടെങ്കില്‍ നമുക്ക് ധൈര്യമായി ലോകം ചുറ്റാന്‍ ഇറങ്ങാം. ഒരുപാടു ലഗേജ് ഉള്ളതുകൊണ്ട് എന്റെ വണ്ടി ഇടക്കിടക്ക് കേടാവാറുണ്ട്. കടയില്‍ നിന്നുള്ള വരുമാനവും മറ്റുള്ളവരുടെ സഹായവും കൊണ്ട് വണ്ടി ശരിയാക്കി എനിക്ക് യാത്ര തുടരാന്‍ സാധിക്കുന്നുണ്ട്. ആഗ്രഹമുണ്ടെങ്കില്‍ നമുക്ക് എന്ത് പ്രശ്‌നങ്ങളും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും, കുമ്പു ആത്മവിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
Content Highlights: Kumbu keeps travelling with a ‘food stall on bike’
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..