ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഒരു മ്യൂസിയം പോലെ കുംഭകോണം


ബിജു രാഘവന്‍

5 min read
Read later
Print
Share

ചരിത്രത്തിന്റെ ഏതോ നൂറ്റാണ്ടിലേക്ക് ഒറ്റയടിക്ക് വന്നുവീണപോലുണ്ട്. മുന്നിലെങ്ങും ഏഴാം നൂറ്റാണ്ടുമുതലുള്ള നിര്‍മിതികള്‍. മനുഷ്യഭാവനയുടെയും കരവിരുതിന്റെയും വിസ്മയങ്ങള്‍.

-

'ചോള സാമ്രാജ്യത്തിന്റെ ഹൃദയഭാഗം ഫലഭൂയിഷ്ഠമായ കാവേരി നദീതടമായിരുന്നു. ചോളരാജാക്കന്‍മാര്‍ കാവേരീതീരത്ത് ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും അവയ്ക്ക് വന്‍തോതില്‍ ധനം നല്‍കുകയും ചെയ്തു. അങ്ങനെ ജനവാസകേന്ദ്രങ്ങള്‍ക്ക് ചുറ്റും ധാരാളം ക്ഷേത്രങ്ങള്‍ രൂപം കൊണ്ടു.'പത്താംക്ലാസിലെ ചരിത്രപാഠ പുസ്തകത്തിന്റെ താളുകള്‍ മറിച്ചുതീരുമ്പോഴേക്കും തീവണ്ടി തഞ്ചാവൂര്‍ പിന്നിട്ടിരുന്നു. പഴയ ചേര-ചോള-പാണ്ഡ്യദേശത്തുകൂടെ ചരിത്രത്തിന്റെ ഭാരമില്ലാതെ മയിലാടുതുറൈ എക്സ്പ്രസ് ഓടിക്കൊണ്ടിരുന്നു.

പുറത്ത് തമിഴിന്റെ ഉരുകുന്ന കത്തിരിച്ചൂട്. യാത്ര കുംഭകോണത്തേക്കാണ്. ക്ഷേത്രങ്ങളുടെ മഹാനഗരത്തിലേക്ക്. മലയാളിക്ക് കുംഭകോണമെന്നാല്‍ ഏതൊക്കെയോ അഴിമതിക്കഥകളുടെ അടയാളമാണ്. ശവപ്പെട്ടി കുംഭകോണം മുതല്‍ അരി-പാമോയില്‍ കുംഭകോണം വരെ വഞ്ചനകള്‍ക്ക് ചേര്‍ത്തുവെക്കാനുള്ള പേര്. പക്ഷേ തമിഴര്‍ കുംഭകോണത്തിരുന്ന് ഭക്തിയുടെ ചൂടില്‍ ഉരുകുന്നവരും. ഉച്ചയോടെ തീവണ്ടി കുംഭകോണം തൊട്ടു. ചരിത്രത്തിന്റെ ഏതോ നൂറ്റാണ്ടിലേക്ക് ഒറ്റയടിക്ക് വന്നുവീണപോലുണ്ട്. മുന്നിലെങ്ങും ഏഴാം നൂറ്റാണ്ടുമുതലുള്ള നിര്‍മിതികള്‍. മനുഷ്യഭാവനയുടെയും കരവിരുതിന്റെയും വിസ്മയങ്ങള്‍. ചരിത്ര പുസ്തകങ്ങളില്‍ വായിച്ചുകേട്ടതെല്ലാം മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. ശരിക്കും ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഒരു മ്യൂസിയംപോലെ.

ആകാശംതൊടുന്ന ക്ഷേത്രവിസ്മയങ്ങള്‍

രാജാക്കന്‍മാരുടെയും രാജവംശങ്ങളുടെയും കഥകളിലേക്കാണ് കുംഭകോണത്തിന്റെ വീഥികള്‍ സ്വാഗതം ചെയ്തത്. എങ്ങുതിരിഞ്ഞാലും തലയെടുപ്പുള്ള ക്ഷേത്രങ്ങള്‍ മാത്രം. ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ക്ഷേത്രഗോപുരങ്ങളില്‍ നിറയെ ദേവന്‍മാരുടെയും ദേവിമാരുടെയും ശില്‍പങ്ങളാണ്. പാലാഴിമഥനവും ദേവസദസ്സുമെല്ലാം വിവരിക്കുന്ന കൊത്തുപണികള്‍. ഓട്ടോയില്‍നിന്ന് ഒന്ന് തല ചെരിച്ച് നോക്കി. നാഗേശ്വരക്ഷേത്രം, ആദികുംബേശ്വരക്ഷേത്രം, സാരംഗപാണി ക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം... ഒറ്റനോട്ടത്തില്‍തന്നെ എണ്ണിവെച്ചത് നാല് ക്ഷേത്രങ്ങള്‍. ''അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ നൂറ് ക്ഷേത്രങ്ങള്‍ എങ്കിലും കാണും'' ഓട്ടോഡ്രൈവര്‍ അലമേലു ആകാംക്ഷയ്ക്ക് തീ കൊളുത്തി. കുംഭകോണം മുനിസിപ്പാലിറ്റിയില്‍ 188 ക്ഷേത്രങ്ങളുണ്ടെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. മഠങ്ങളും ചെറുആരാധനാലയങ്ങളുമായി വേറെയുമുണ്ട് നിരവധി സ്ഥലങ്ങള്‍.

ഓട്ടോ വലിയൊരു കുളത്തിനടുത്ത് വട്ടമിട്ടുനിര്‍ത്തി. മുന്നിലൊരു ജലകുംഭം. ഐതിഹ്യങ്ങളില്‍ കുംഭകോണത്തിന്റെ പിറവിക്ക് കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാമഹം കുളമാണിത്. ബ്രഹ്മാവിന്റെ കൈയിലുണ്ടായിരുന്ന ജീവന്റെ വിത്തുള്ള കുടം ആദിയിലെ പ്രളയത്തില്‍ ഒഴുകിപ്പോയെന്നും അത് ഈ സ്ഥലത്ത് പതിച്ചെന്നുമാണ് ഐതിഹ്യം. കുടംവീണ സ്ഥലം കുംഭകോണമായി. ഗംഗയേക്കാള്‍ പരിശുദ്ധമായി വിശ്വാസികള്‍ കരുതുന്ന സ്ഥലമാണിത്. മഹാമഹം കുളത്തിന് ആറേക്കര്‍ വിസ്തീര്‍ണമുണ്ട്. കുളത്തിന്റെ ചുറ്റിലുമായി 16 മണ്ഡപങ്ങള്‍. ഓരോ മണ്ഡപത്തിനുമടുത്ത് ചെറിയൊരു ക്ഷേത്രമാതൃക. എല്ലാത്തിലും ശിവലിംഗത്തിന്റെ പ്രതിഷ്ഠയും. ഈ കുളത്തില്‍ മുങ്ങി പ്രാര്‍ത്ഥിച്ചാല്‍ കര്‍മദോഷങ്ങളെല്ലാം തീരുമെന്നാണ് വിശ്വാസം. 12 വര്‍ഷത്തിലൊരിക്കല്‍ കുംഭകോണത്ത് നടക്കുന്ന മഹാമകം ഉത്സവത്തിന്റെ വേദിയാവുന്നതും ഈ കുളംതന്നെ. ഈ സമയത്ത് ഇന്ത്യയിലെമ്പാടുംനിന്ന് ലക്ഷക്കണക്കിന് സഞ്ചാരികള്‍ കുംഭകോണത്തെത്താറുണ്ട്.

ഉച്ചവെയിലിലും പ്രാര്‍ത്ഥനയിലും വഴിപാടുകളിലും മുഴുകിയിരിക്കുന്നവര്‍. അവര്‍ക്കായി കര്‍മബന്ധങ്ങളുടെ കെട്ടഴിക്കുന്ന പൂജാരിമാര്‍. ഭക്തരുടെ മുഖത്ത് പാപങ്ങളെല്ലാം ഇറക്കിവെക്കുന്നതിന്റെ ആശ്വാസം. കുംഭകോണത്തിന്റെ പകലുകളിലും ഭക്തി ലഹരിയായി നിറയുകയാണ്. മഹാമഹം കുളത്തിന് തൊട്ടടുത്താണ് കാശിവിശ്വനാഥര്‍ ക്ഷേത്രം. കൂറ്റന്‍ഗോപുരവാതിലും ദേവന്‍മാരുടെ കരിങ്കല്‍ശില്‍പങ്ങളും ക്ഷേത്രത്തിന് ഭംഗി കൂട്ടുന്നു. രാമനും രാവണനും ലങ്കയിലേക്ക് പോവുന്ന വഴി ഇവിടെ പൂജ ചെയ്തിരുന്നെന്നും രാവണനെ കൊല്ലുമ്പോള്‍ രാമന്‍ ധരിച്ച രുദ്രാക്ഷം ഇവിടെ നിന്ന് കൊണ്ടുപോയതാണെന്നുമാണ് വിശ്വാസം. എല്ലാ സങ്കല്‍പങ്ങളുടെയും മുകളില്‍ കാലം പോറല്‍ ഏല്‍പ്പിക്കാത്ത ക്ഷേത്രനിര്‍മിതി തല ഉയര്‍ത്തിതന്നെ നില്‍പ്പുണ്ട്. 16-ാംനൂറ്റാണ്ടിലെ അതേ അഴകോടെ തന്നെ.

Kumbhakonam 2

ആദികുംബേശ്വരനടയില്‍

ഉച്ചച്ചൂടിന്റെ തിരി താഴ്ന്നപ്പോള്‍ ആദികുംബേശ്വര ക്ഷേത്രത്തിലേക്ക് തിരിച്ചു. കുംഭകോണത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ദൂരെ നിന്നേ കാണാം കുംബേശ്വരന്റെ നടയിലേ ഗോപുരം. ഒമ്പത്നിലകളിലായി 127 അടി ഉയരത്തിലുള്ള തലയെടുപ്പ്. വിജയനഗര സാമ്രാജ്യത്തിന്റെ കരവിരുത്. നടന്നെത്തിയത് കിഴക്കേ ഗോപുരത്തിലേക്കാണ്. ഇവിടെത്തന്നെയുണ്ട് 16 തൂണുകള്‍. ഓരോ ശിലയിലും 27 നക്ഷത്രങ്ങളുടെയും ഫലങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീണ്ട കല്‍ത്തൂണുകള്‍ നിറയെ ഭക്തരെ വീക്ഷിക്കുന്ന ദൈവരൂപങ്ങള്‍. നൂറുകണക്കിന് ഭക്തര്‍ അകത്തുണ്ടെങ്കിലും ഉള്ളിലെ കനത്ത നിശ്ശബ്ദതയ്ക്ക് മാറ്റമൊന്നുമില്ല. മൗനമായി ശിവന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍. തിരിച്ചിറങ്ങുമ്പോള്‍ കിഴക്കേ ഗോപുരനടയുടെ മുകളിലെ കൊത്തുപണികളുടെയും ദേവരൂപങ്ങളുടെയും എണ്ണമെടുക്കാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി. ചോളന്മാരുടെയും പല്ലവരുടെയും പാണ്ഡ്യന്മാരുടെയും കൈയിലൂടെ കടന്നുപോയ ഒരു ദേശത്തിന്റെ ഭൂതകാലശേഷിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല.

തിരികെ വരുന്ന വഴിയാണ് നാഗേശ്വര ക്ഷേത്രം. ഇതുമൊരു ശിവക്ഷേത്രമാണ്. രഥത്തിന്റെ ആകൃതിയാണ് ക്ഷേത്രത്തിന്. ഒമ്പതാം നൂറ്റാണ്ടില്‍ ആദിത്യചോള രാജാവാണ് ക്ഷേത്രം പണിയാന്‍ മുന്‍കൈയെടുത്തതത്രേ. ശില്‍പഭംഗിയില്‍ മറ്റുള്ള ക്ഷേത്രങ്ങളെ വെല്ലുന്നുണ്ട് നാഗേശ്വര ക്ഷേത്രവും. ചുറ്റിലും ക്ഷേത്രത്തെ കാക്കാന്‍ വന്മതിലുകള്‍. ഓരോ കവാടത്തിന്റെ മുന്നിലും ചെറിയ പൂജാസ്ഥലങ്ങള്‍.നിമിഷനേരം കൊണ്ട് പ്രാര്‍ത്ഥിച്ച് പോവുന്നവര്‍. ക്ഷേത്രത്തിനുള്ളില്‍ കടന്നപ്പോളാണ് അത്ഭുതം. ഒരു ഭാഗത്തേക്ക് ഭക്തര്‍ വിസ്മയത്തോടെ കൈകൂപ്പുന്നു. അപൂര്‍വമായി കടന്നുവരുന്ന സൂര്യരശ്മിയെ ആരാധനയോടെ നോക്കിനില്‍ക്കുകയാണ് അവര്‍. ഏപ്രില്‍, മെയ് മാസങ്ങളിലേ ഈ ഭാഗത്തേക്ക് സൂര്യവെളിച്ചം കടന്നുവരാറുള്ളൂ. അതിന്റെ ദര്‍ശനഭാഗ്യം അനുഭവിക്കുകയാണ് ഭക്തര്‍. ക്ഷേത്രത്തിന്റെ പുറത്ത് ഒരു കൂറ്റന്‍ മരത്തില്‍ സാരി ചുറ്റിയിരിക്കുന്നത് കാണാം. മാലയും തൊടുകുറിയും അണിയിച്ച് വൃക്ഷത്തെ ആരാധിക്കുന്നുണ്ട് പലരും. ഭക്തര്‍ക്ക് പ്രകൃതിയും ഒരു ദൈവം തന്നെ.

വൈകീട്ട് സാംരംഗപാണി ക്ഷേത്രത്തില്‍നിന്നുള്ള സന്ധ്യാനാമം കേട്ടു. ഇതൊരു വൈഷ്ണവ ക്ഷേത്രമാണ്. 12-ാം നൂറ്റാണ്ടിലുണ്ടാക്കിയ ക്ഷേത്രത്തില്‍ 12 നിലകളുള്ള ഗോപുരമാണ് വരവേല്‍ക്കുന്നത്. രാമായണ മുഹൂര്‍ത്തങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന രാമസ്വാമി ക്ഷേത്രവും, ചക്രപാണി ക്ഷേത്രവും കാണാന്‍ ബാക്കിയുണ്ട്. പക്ഷേ ഒറ്റ ദിവസംകൊണ്ട് കുംഭകോണത്തെ മുഴുവന്‍ ക്ഷേത്രങ്ങളും കണ്ടുതീര്‍ക്കുകയെന്നത് അതിമോഹമാണെന്ന് രാത്രി ഓര്‍മിപ്പിക്കുന്നു. ഇരുട്ടില്‍ പുറത്തേക്ക് നോക്കുമ്പോള്‍ എങ്ങും ക്ഷേത്രഗോപുരങ്ങളുടെ വെളിച്ചം മാത്രം. മുപ്പത്തുമുക്കോടി ദേവന്‍മാരും കാവല്‍നില്‍ക്കുന്ന ദേവനഗരത്തില്‍ ഉറക്കംപോലും ഭക്തി നിറഞ്ഞതാണ്.

Kumbhakonam 3

താമസം

വലിയൊരു ടൂറിസം നഗരമായി മാറിയിട്ടില്ല കുംഭകോണം. ഇന്ത്യന്‍ സഞ്ചാരികളാണ് കൂടുതലും ഇവിടം സന്ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ അധികമില്ല. ഓയോ, മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ബുക്കിങ്.കോം പോലുള്ള സൈറ്റുകളില്‍ പരതിയാല്‍ കുറഞ്ഞനിരക്കില്‍ താമസിക്കാവുന്ന മുറികള്‍ കണ്ടെത്താം. 600 രൂപ തൊട്ട് മുറികള്‍ ലഭ്യമാണ്. മിക്കപ്പോഴും ചൂടുള്ള അന്തരീക്ഷമായതിനാല്‍ താമസിക്കാന്‍ എ.സി. മുറികളാണ് നല്ലത്. ക്ഷേത്രസന്ദര്‍ശനമാണ് പ്രധാന ഉദ്ദേശമെങ്കില്‍ നാഗേശ്വരസ്ട്രീറ്റിലെ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. ഇവിടെ നിന്ന് മറ്റ് ക്ഷേത്രങ്ങളിലേക്ക് എളുപ്പം നടന്നെത്താം.

ഭക്ഷണം

തമിഴ് സസ്യഭക്ഷണത്തിന്റെ വകഭേദങ്ങളും നോര്‍ത്തിന്ത്യന്‍ ഭക്ഷണവും കുംഭകോണത്ത് കിട്ടും. ഇഡ്ഡലി, ദോശ, ബജി, പൊറോട്ട, റവ ദോശ, ഒനിയന്‍ ദോശ, ഗീ ദോശ, ഊത്തപ്പം, പൊങ്കല്‍, പൂരി തുടങ്ങിയവയാണ് പോപ്പുലര്‍ ഐറ്റങ്ങള്‍. ശ്രീ വെങ്കിടരമണ ഹോട്ടല്‍, മുരുകന്‍ കഫെ, അര്‍ച്ചന ഹോട്ടല്‍, മീനാക്ഷിഭവന്‍, കൃഷ്ണഭവന്‍, പത്മാവതി തുടങ്ങിയവ ശരാശരി നിരക്കില്‍ ഭക്ഷണം കിട്ടുന്ന ഇടങ്ങളാണ്. കുംഭകോണം ഫില്‍റ്റര്‍ കോഫി രുചിക്കാന്‍ മുരളി കഫെ, മോഹന്‍കോഫി തുടങ്ങിയ സ്ഥലങ്ങളില്‍ പോവാം. രാത്രി ഊണുകഴിക്കണമെന്നുണ്ടെങ്കില്‍ ശ്രീ വെങ്കിടരമണ റെസിഡന്‍സി നല്ല ചോയ്സാണ്.

ഫില്‍റ്റര്‍ കോഫിയുടെ രുചി

രാവിലെ ചൂടുകാപ്പിയുടെ കൊതിപ്പിക്കുന്ന മണം. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ കാപ്പി കിട്ടുന്നയിടം എന്ന പെരുമയും കുംഭകോണത്തിന് സ്വന്തമാണ്. തെരുവിലെങ്ങും കാപ്പിക്കടകള്‍ മാത്രം. ഒരു കപ്പ് കാപ്പിക്ക് പത്ത് രൂപയേ ഉള്ളൂ. മുരളി കഫെയും മുരുകന്‍ കഫെയുമൊക്കെ കുംഭകോണം കാപ്പിക്ക് പ്രസിദ്ധമാണ്. മുരളി കഫെയിലെത്തിയപ്പോള്‍ കാപ്പി ഉരുക്കുന്ന സ്വര്‍ണനിറത്തിലുള്ള പാത്രം ചൂടായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഈ പാത്രത്തില്‍ രണ്ട് അറകളുണ്ട്. മുകളിലത്തെ അറയില്‍ കാപ്പിപ്പൊടി ഇടും. അതിലേക്ക് ചൂടു വെള്ളം ഒഴിക്കും. താഴത്തെ അറയിലേക്ക് കാപ്പി ലായനി ഉരുകിയൊലിക്കും. അടുപ്പത്ത് എപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന പാല്‍ നിശ്ചിത അളവില്‍ കാപ്പിലായനിയിലേക്ക് ചേര്‍ക്കും. പാലും കാപ്പിയും ചേര്‍ന്ന് തുളുമ്പി വരുന്നത് കാണുമ്പോള്‍ ഒന്ന് ഊതിക്കുടിക്കാന്‍ തോന്നിപ്പോവും. ആദ്യം ചെറിയൊരു ചവര്‍പ്പ്. പിന്നാലെയൊരു ഇളം മധുരവും. അസ്സല്‍ കാപ്പിയുടേത് അപാരരുചിതന്നെ.

ഭക്തിയുടെയും കാഴ്ചകളുടെയും മാത്രമല്ല രുചിയുടെയും നഗരമാണിത്. സസ്യഭക്ഷണപ്രേമികളെ ഒരിക്കലും നിരാശരാക്കാത്ത സ്ഥലം. ദോശയുടെയും ഇഡ്ഡലിയുടെയും പൊങ്കലിന്റെയുമെല്ലാം വൈവിധ്യമാര്‍ന്ന സ്വാദ് നുകരാന്‍ കുംഭകോണത്തെ ഏത് ഹോട്ടലിലും കയറാം. പ്രാദേശിക ഭക്ഷണത്തിന് പേരുകേട്ട ശ്രീ വെങ്കിടരമണ റസിഡന്‍സിയിലെത്തിയപ്പോള്‍ മുന്നില്‍ നല്ല മൊരിഞ്ഞ ദോശ, കൂടെ സാമ്പാറും ചട്ട്ണിയും എരിവുള്ള ചമ്മന്തിയും. പിന്നാലെ മഞ്ഞനിറത്തിലുള്ള ഉപ്പുമാവ്. വിളമ്പുകാരെല്ലാം തമിഴ് സുന്ദരിമാരാണ്. അവര്‍ സ്നേഹവും കരുതലും ചേര്‍ത്ത് വിളമ്പുമ്പോള്‍ വിരുന്നുകാര്‍ ഭക്ഷണത്തിന് മുന്നിലും ആനന്ദം കണ്ടെത്തുന്നു.

തെരുവ് ഭക്ഷണത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്. ചൂട് പൊറോട്ടയും തലപ്പാക്കട്ടി ബിരിയാണിയുമാണ് തട്ടുകടകളിലെ ഹിറ്റ് ഐറ്റങ്ങള്‍. 60 രൂപയ്ക്ക് തലപ്പാക്കട്ടി ബിരിയാണി കിട്ടുമ്പോള്‍ അതിന്റെ ചുറ്റിലും ആളുകൂടുന്നത് സ്വാഭാവികം. ഭക്ഷണം വിട്ട് വസ്ത്രം തിരഞ്ഞുനോക്കിയാലോ.? അതിനുമുണ്ട് കുംഭകോണത്തൊരു ഇടം. കാഞ്ചീപുരം പട്ടുപോലെ പേരുകേട്ടതാണ് കുംഭകോണത്തെ തിരുഭുവനം സാരിയും. ഇവിടുത്തെ പല വീടുകളിലും സ്ത്രീകള്‍ സാരി നെയ്യുന്നുണ്ട്. യന്ത്രത്തറികള്‍ വന്നതും ആദായം കുറഞ്ഞതുമൊക്കെ പലരെയും ഈ തൊഴിലില്‍നിന്ന് അകറ്റിയതായി നെയ്ത്തുകാരനായ ജനാര്‍ദനന്‍ പറഞ്ഞു. ഒരു സാരിനെയ്തെടുക്കാന്‍ മൂന്നുദിവസമെടുക്കും. ഗ്രാമിന് ആറുരൂപ നിരക്കിലാണ് ഇവര്‍ സാരി വില്‍ക്കുന്നത്. കേരളത്തിലുള്ള പ്രമുഖരായ വസ്ത്രക്കച്ചവടക്കാരെല്ലാം സാരി വാങ്ങാന്‍ വരാറുണ്ടെന്ന് നെയ്ത്ത് സഹകരണ സംഘത്തിലെ വാസനും ഓര്‍മിപ്പിച്ചു.

കാഴ്ചപ്രിയര്‍ക്ക് ഇനിയുമുണ്ട് ആസ്വദിക്കാന്‍. ലോകപ്രശസ്ത ഗണിതശാസ്ത്രഞ്ജന്‍ രാമാനുജന്‍ ജനിച്ച വീടും കാവേരി നദീതീരവും സന്ദര്‍ശിക്കാം. മലയാളിക്ക് കുംഭകോണത്തെ ഓര്‍ക്കാന്‍ മറ്റൊരു ബന്ധവും പറയാം. തിരുവിതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ ജന്‍മ ഭൂമിയും ഇതുതന്നെ.ലോകത്തിലെ ഏറ്റവും നല്ല വെറ്റില കിട്ടുന്ന സ്ഥലം, മനോഹരമായ വെങ്കലശില്‍പങ്ങളും ഓട്ടുപ്രതിമകളും പിറവിയെടുക്കുന്ന ദേശം. അങ്ങനെ ഈ നഗരത്തിന് പെരുമ പകരാന്‍ എത്രയെത്ര കാരണങ്ങള്‍. പക്ഷേ അധികം കാത്തുനില്‍ക്കാതെ മറ്റൊരു പകല്‍ കൂടെ വേഗത്തിലങ്ങ് പോയിക്കളഞ്ഞു. കാപ്പിയുടെയും മുല്ലപ്പൂവിന്റെയും മണം മാത്രം ബാക്കിയാക്കി.

Kumbhakonam 4

യാത്ര

തഞ്ചാവൂരില്‍നിന്ന് നാല്‍പത് കിലോമീറ്ററും തിരുച്ചിറപ്പള്ളിയില്‍നിന്ന് 90 കിലോമീറ്ററുമാണ് കുംഭകോണത്തേക്കുള്ള ദൂരം. ചെന്നൈയില്‍നിന്ന് 280 കിലോമീറ്ററുണ്ട്. തിരുച്ചിറപ്പള്ളിയാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. കേരളത്തില്‍നിന്ന് കുംഭകോണത്തേക്ക് നേരിട്ട് ട്രെയിനുകളില്ല. കോയമ്പത്തൂരില്‍നിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് പിടിച്ചാല്‍ ഉച്ചയ്ക്ക് 12.30ന് കുംഭകോണത്തെത്താം. തഞ്ചാവൂരില്‍ തീവണ്ടി ഇറങ്ങി തമിഴ്നാട് ബസ്സുകളോ പാസഞ്ചര്‍ ട്രെയിനുകളോ പിടിച്ചാലും മതി.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Kumbhakonam Travel, Spiritual Travel, Temples in Kumbhakonam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shenaz treasurywala

2 min

മൂന്നാറുമായി പ്രണയത്തിലായെന്ന് പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍; ആരാണ്‌ ഷനാസ് ട്രഷറിവാല?

Jun 9, 2023


Palm Jebel Ali

2 min

കടലില്‍ 80-ലേറെ ഹോട്ടലുകള്‍, 110 കി.മീ ബീച്ച്‌, 7 ഉപദ്വീപുകള്‍; ദുബായില്‍ ഒരുങ്ങുന്നത് ആഡംബര വിസ്മയം

Jun 3, 2023


Neelkantha Mountain

2 min

ഹിമാലയത്തിലെ സ്വര്‍ണമല ദര്‍ശനം...! എന്റെ കാത്തിരിപ്പിന് പര്‍വതേശ്വരന്‍ തന്ന സമ്മാനം

Jul 9, 2020

Most Commented