-
ഏകദേശം 38 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ഇതിനുമുകളില്‍ മറ്റൊരു വെള്ളച്ചാട്ടംകൂടിയുണ്ടെന്നാണ് പറയപ്പെടുന്നത്. കുരങ്ങ് വെള്ളച്ചാട്ടം എന്നാണതിന്റെ പേര്. കുരങ്ങന്‍മാര്‍ക്ക് മാത്രം എത്തിപ്പെടാന്‍കഴിയുന്ന അത്ര ഉയരത്തിലും കുത്തനെയുള്ള പാറക്കെട്ടിലുമായി സ്ഥിതിചെയ്യുന്നതുകൊണ്ടാണത്രേ അതിന് ഈ പേര് ലഭിച്ചത്.
നല്ല തണുപ്പാണ് വെള്ളത്തിന്. വെള്ളച്ചാട്ടത്തിനുനേരേ അടിയില്‍ ചെന്നുനിന്ന് കുളിക്കുന്ന സാഹസികപ്രിയര്‍ ധാരാളം. വെള്ളച്ചാട്ടത്തിന്റെ ശക്തിയില്‍ വീണുപോകുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാതെ വീണ്ടും അടിയില്‍ പോയി നിന്ന് കരുത്തുതെളിയിക്കുന്നുണ്ട് പലരും. യുവതീയുവാക്കള്‍ക്ക് ആഘോഷിക്കാന്‍പറ്റിയ ഒരു ഇടമായി ഇവിടം മാറിയതില്‍ അദ്ഭുതമില്ല.ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ച് തിരിച്ചുനടന്നു. തിരിച്ച് ചെക്‌പോസ്റ്റിലെത്തിയപ്പോഴേക്കും വൈകീട്ട് മൂന്നുമണിയായി. രാവിലെ കഴിച്ച ദോശയുടെയും ചായയുടെയും മാത്രം ബലത്തിലാണ് ഈ ദീര്‍ഘദൂര നടത്തം മുഴുവന്‍ സാധിച്ചത്. ഭക്ഷണമൊന്നും കരുതിയതുമില്ല. തിരിച്ച് ഇത്രയും കിലോമീറ്റര്‍ നടക്കേണ്ടിവന്നാല്‍ പകുതി വഴിക്ക് വീണുപോകുമെന്ന് ഉറപ്പാണ്.
എന്തുചെയ്യുമെന്ന് നോക്കിയിരിക്കുമ്പോഴാണ് കാറില്‍ മടങ്ങാന്‍തുടങ്ങുന്ന മൂന്നുപേരെ കണ്ടത്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. അവരുടെ ഫോട്ടോയെടുത്തുകൊടുത്ത് സഹായിച്ചിരുന്നു. അതിന്റെയൊരു ധൈര്യത്തില്‍ മെയിന്‍ റോഡ് വരെ കൊണ്ടുപോകാമോയെന്ന് ചോദിച്ചു. അനുകൂലമായ മറുപടി കിട്ടിയപ്പോള്‍ സന്തോഷത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്.
കാറില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ മൂന്നുപേരെയും പരിചയപ്പെട്ടു. ജെയ്‌സണ്‍, വൈശാലി, രക്ഷിത. മൂന്നുപേരും മണിപ്പാലിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. ഉഡുപ്പിയില്‍ താമസിക്കുന്നു. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ ജെയ്‌സന്റെ ഒറ്റചോദ്യം. കേരളത്തിലെവിടെയാ? അതും പച്ചമലയാളത്തില്‍! ഞെട്ടിപ്പോയി. അതെ, ജെയ്‌സണും മലയാളിതന്നെ. കൊല്ലം തങ്കശ്ശേരിക്കാരനായ ജെയ്‌സണ്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ പല ദേശങ്ങളിലായാണ്. ഇപ്പോള്‍ പിതാവിന്റെ ജോലി ഉഡുപ്പിയിലായതിനാല്‍ അവിടത്തുകാരനായിമാറി. സഹായം മാത്രമല്ല, സന്തോഷത്തോടെ കൈയിലുണ്ടായിരുന്ന ചിപ്‌സും അവര്‍ നല്‍കി.
സീതാനദി സ്റ്റോപ്പില്‍നിന്ന് ബസ് കയറ്റിവിടുമ്പോള്‍ നിറഞ്ഞ ചിരിയോടെ അവര്‍ കൈവീശി യാത്രയാക്കി. കുഡ്‌ലുവിലെ ജലപാതത്തില്‍ അനുഭവിച്ച അതേ കുളിര്‍മ ആ ചിരികള്‍ക്കുണ്ടായിരുന്നു. യാത്രകള്‍ നല്‍കുന്ന സുന്ദരമായ അനുഭവങ്ങളുടെ കുളിര്.
Content Highlights: kudlu waterfalls karnataka mathrubhumi yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..