കിതച്ചുകൊണ്ട് അവൻ പറഞ്ഞു: 'അവിടെ ഒരു ശവം'; വൻ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുടജാദ്രി യാത്ര


എഴുത്ത്: എം. സിദ്ധാർത്ഥൻ | വര: ​ഗിരീഷ് കുമാർ ടി.വി

കുടജാദ്രിയും ശൃംഗേരിയും മടിക്കേരിയും കടന്ന് തലക്കാവേരിയിൽ കുളിച്ചുകയറാൻ പുറപ്പെട്ട ചെറുപ്പക്കാർ. വഴിയിൽ അവർ കണ്ട കാഴ്ചകൾ, പരിചയപ്പെട്ട മനുഷ്യർ, അപ്രതീക്ഷിത സംഭവങ്ങൾ... ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രാനുഭവം

കുടജാദ്രി യാത്രയിൽ നിന്ന്

ട്ടരമണിക്ക് കോഴി ക്കോടുനിന്ന് കൊല്ലൂരിലേക്കുള്ള അംബിക വൈഭവ് ബസ്സ് പുറപ്പെടാനുള്ള അവസാന ശബ്ദവും മുഴക്കി മുരണ്ടുതുടങ്ങുമ്പോഴാണ് ഞങ്ങളഞ്ചുപേർ അതിലേക്ക് കയറിക്കൂടിയത്. ഇരുപത്തിരു കൊല്ലത്തിനപ്പുറത്തെ ഓർമ്മകളിലേയ്ക്കാണ് ഇന്ന് ആ ചക്രങ്ങൾ തിരിഞ്ഞുതുടങ്ങുന്നത്. ഉമേഷും പ്രബീഷും ബൈജുവും ജോയും ഓരോ ഇടത്തായി സ്ഥാനം പിടിച്ചു. ഡ്രൈവറുടെ ഇടതുഭാഗത്തെ ടൂൾബോക്സിന്റെ മുകളിലാണ് എനിക്ക് സീറ്റ് കിട്ടിയത്. ബസ്സിന്റെ മുൻവശത്ത് മധ്യഭാഗത്തായി ചില്ലിനോടുചേർന്ന് മൂകാംബികാദേവിയുടെ കദംബ മാല ചാർത്തിയ ഫോട്ടോ. ഗോൾഡൻ ഫ്രെയിമിന്റെ അകത്തുനിന്ന് മേൽപ്പോട്ട് കത്തിക്കയറി മിന്നിമായുന്ന പച്ചയും ചുവപ്പും നിറത്തിലുള്ള ചെറുബൾബുകൾ. മുന്നിൽ എരിയുന്ന സുഗന്ധത്തിരി. ഡ്രൈവറുടെ തലയ്ക്കുമുകളിലത്തെ മരപ്പെട്ടിയിൽ കാസെറ്റ് ചെയർ. അതിൽ നിന്നുയരുന്ന ഭക്തിഗീതങ്ങൾ. ബസ്സിനകത്ത് മൂകാംബികാ ദർശനത്തിനും അല്ലാതെയുമുള്ള കുറെ മനുഷ്യർ.

നഗരപരിധി കഴിഞ്ഞപ്പോഴേക്കും വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. കപ്പലിന്റെ സൈറൺ പോലെ തോന്നുമാറുള്ള ഹോണും മുഴക്കി ഇരുട്ടിനെ തുരന്നും റോഡിലെ മാഞ്ഞുതുടങ്ങിയ വരകളെയും കുഴികളെയും തിന്നുകൊണ്ടും അംബിക ഓടിക്കൊണ്ടേയിരുന്നു. അർധരാത്രിയിൽ കണ്ണൂരിലെത്തിയപ്പോൾ കണ്ടക്ടറുടെ കൃപാകടാക്ഷത്താൽ ബസ്സിന്റെ മധ്യഭാഗത്ത് എനിക്കൊരു സീറ്റ് ലഭിച്ചു.

ഉഡുപ്പി എക്സ്പ്രസ്... ഷിമോഗ എക്സ്പ്രസ്... എന്നിങ്ങനെയുള്ള നീട്ടിവിളികൾ കേട്ടാണ് ഉണർന്നത്. വണ്ടി കൊല്ലൂരിലെത്തിയിരുന്നു. ഉഡുപ്പിയിലേക്കും ഷിമോഗയിലേക്കും പോകുന്ന ബസ്സിലെ ജീവനക്കാർ വിളിച്ചുപറയുന്നതായിരുന്നു അത്. പ്രാഥമികകാര്യങ്ങൾക്കുവേണ്ടി മാത്രം ഒരു മുറി തരപ്പെടുത്തി. സൗപർണികയിൽ വിസ്തരിച്ച് മുങ്ങിക്കുളിച്ചു. മൂകാംബികാദേവിയുടെ ദിവ്യദർശനവും നടത്തി പഞ്ചഗജ്ജായയും (പ്രസാദം) കഴിച്ച് കുടജാദ്രിയിലേക്ക് തയ്യാറെടുത്തു. അമ്പലത്തിലേക്കുള്ള വഴിയുടെ എതിർദിശയിലേക്ക് പോകുന്ന റോഡിൽനിന്ന് ബസ്സിൽ കയറി. കാൽനടയായി കുടജാദ്രിയിലേക്ക് പോകുന്ന വഴിയുടെ ഓരത്ത് ബസ്സിറങ്ങി. കാനനമധ്യത്തിലുള്ള വിജനവും വശ്യവും വന്യവുമായ മൺപാതയിലൂടെ ആദിശങ്കരന്റെ അദ്വൈതപ്രയാണം സ്മരിച്ചുകൊണ്ട് നടന്നു.

നിബിഡവനവും പുൽമേടുകളും താണ്ടി പാതിവഴിയിലെ തങ്കപ്പേട്ടന്റെ ചായപ്പീടികയിൽ നാടൻപഴവും നാട്ടുവർത്തമാനവുമായി കുറച്ചുനേരം വിശ്രമിച്ചു. വീണ്ടും കാടും പുൽമേടുകളും നടന്നുകയറി, ഒപ്പം വഴികാട്ടിയായി തങ്കപ്പേട്ടന്റെ അപ്പുവെന്ന നായയും.

Kudajadri 2
ചെങ്കുത്തായ കയറ്റം കയറി അഡിഗമാരുടെ വീടിനടുത്തുചെന്നു. സ്ഫടികമാല കഴുത്തിലണിഞ്ഞ് സിന്ദൂരക്കുറിയും ചാർത്തി വീടിന്റെ ഉമ്മറത്ത് വെളുത്തു തടിച്ച പ്രകൃതക്കാരനായ അഡിഗ. തങ്ങുവാൻ ഇടവും ഭക്ഷണവും വേണമെന്നഭ്യർഥിച്ചു. സാധനസാമഗ്രികൾ മുറിക്കകത്ത് വെച്ചുകൊള്ളാനും സർവജ്ഞപീഠവും ചിത്രമൂലയും പോകുന്നെങ്കിൽ പെട്ടെന്ന് യാത്രയാകാനും അദ്ദേഹത്തിന്റെ നിർദേശം. കട്ടൻചായയും പാർലെ ബിസ്കറ്റും നുണഞ്ഞ് ബ്രിസ്റ്റോൾ സിഗരറ്റും വലിച്ചശേഷം സർവജ്ഞപീഠം ലക്ഷ്യമാക്കി നടന്നു.

മലഞ്ചെരുവിലെ ഒറ്റയടിപ്പാതയുടെ ഒരുവശത്ത് കോട്ടമതിൽപോലെ ഇടതൂർന്ന കാടിന്റെ വന്യതയും മറുവശ തരിശായി അഗാധതയിലേക്ക് നീളുന്ന കൊക്കയുടെ വിശാലഭൂമികയും കാലടിയുടെ മലയാണ്മയിൽനിന്ന് കേദാരനാഥത്തിന്റെ ഉത്തുംഗതയിലേക്ക് ദർശനങ്ങളുടെ പ്രവാഹമായി ഒഴുകിയ ആദിശങ്കരൻ ആ മഹാ മനീഷിയുടെ ആത്മാംശമുള്ള സർവജ്ഞപീഠത്തിന്റെ തണുത്ത കരിങ്കൽ കെട്ടിൽ അമർന്നിരുന്ന് 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ ശുഭ കാരിണീ...' എന്ന പാട്ടിന്റെ വരികൾ പാടി.

സർവജ്ഞപീഠത്തുനിന്നും വന്മരങ്ങളുടെ ഇടയിലെ വള്ളിപ്പടർപ്പുകളിലൂടെ ഊർന്നിറങ്ങി താഴെ ചിത്രമൂലയിലേക്ക്. ദുർഘടമായ പാത പിന്നിട്ടെത്തിയത് വാപിളർന്ന് കുത്തനെ നിൽക്കുന്ന പാറയുടെ കീഴെ മുകളിലേക്ക് കയറുവാനായി ആരോ കെട്ടിയിട്ട കയറിൽ തൂങ്ങി ജ്ഞാനഗുഹയിൽ ശിരസ്സ് കുനിച്ച് കയറി. തിരിച്ചിറങ്ങി വീണ്ടും സർവജ്ഞപീഠത്തിലെത്തി തൊട്ടുമുന്നിൽ നടന്നുനീങ്ങുന്ന സഹ യാത്രികനെപ്പോലും കാണാനാവാത്തത കനംവെച്ച കോട ഇതിൽ അലിഞ്ഞുലഞ്ഞ് ഞങ്ങൾ അഡിഗയുടെ വീട്ടിൽ തിരിച്ചെത്തി. പറക്കുന്ന കഞ്ഞി യും തൊട്ടുകൂട്ടാൻ കടുമാങ്ങയും. അത്താഴശേഷം നാ​ഗതീർത്ഥക്കുളത്തിന്റെ കരയിലിരുന്നു. മങ്ങിയ നിലാവിന്റെ മേലാപ്പണിഞ്ഞ് ശാന്തമായുറങ്ങുന്ന കുടജാദ്രിയുടെ വിസ്മയദൃശ്യം ഉള്ളിൽ അനിർവചനീയാനന്ദം നിറച്ചു. മനസ്സിനും ശരീരത്തിനും കുളിരേകിയ പ്രഭാതത്തിൽ അഗസ്ത്യതീർഥമെന്ന മഞ്ഞലയിൽ നീരാടി ദേവിയെ വണങ്ങി അഡിഗമാരോട് നന്ദിപറഞ്ഞ് ദക്ഷിണയും നൽകി അടിവാരത്തേക്ക് ആഞ്ഞുനടന്നു.

കൊല്ലൂരിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകുന്നേരത്തോടെ ശൃംഗേരിയിൽ പോക്കുവെയിലിന്റെ പൊൻകിരണങ്ങളാൽ തീർത്ത ആമാടപ്പെട്ടിപോലെ അമ്പലത്തിന്റെ ഗോപുരം. ചുറ്റുമതിലിനോട് ചേർന്ന് സ്വച്ഛന്ദമായൊഴുകുന്ന തുംഗാനദി. ശ്രീകോവിലിന്റെ മുൻപിലെ ത്തുമ്പോൾ ദീപാരാധനയ്ക്ക് മുൻപുള്ള പൂജയ്ക്കായി നടയടച്ചിരിക്കുകയായിരുന്നു.

സന്ധ്യാവന്ദനത്തിനായി കാത്തുനിൽക്കുന്ന ആളുകളുടെ വരിയിൽ ഞങ്ങളും. പെട്ടെന്ന് ശ്രുതിമധുരമായ കീർത്തനം കേട്ടു. വലിയ കരിങ്കൽപാളികളാൽ തീർത്ത അമ്പലത്തിന്റെ നനുത്ത നിശ്ശബ്ദമായ അകത്തളങ്ങളിൽ മുഴുവൻ ആ മനോഹരകീർത്തനം മുഴങ്ങി. കുംഭഗോപുരത്തിൽ നിന്നോ കൽത്തൂണുകളിൽ നിന്നോ എവിടെനിന്നാണ് സർവ വ്യാപിയായ ഈശ്വര ചൈതന്യംപോലെ ആ നാദധാര പ്രവഹിക്കുന്നത്. ഉറവിടമന്വേഷിച്ച് എന്റെ കണ്ണുകളും പരതാൻ തുടങ്ങി. തൊട്ടു മുന്നിൽ നിൽക്കുന്ന സഹ യാത്രികൻ പുറകിലേക്ക് തിരിഞ്ഞ് എന്നെ നോക്കി പതുക്കെ പറഞ്ഞു. “വരിയുടെ മുന്നിലേക്ക് നോക്ക്. ശ്രീകോവിലിനുമുന്നിൽ തുടങ്ങുന്ന കണ്ണിയിൽനിന്ന് മൂന്നാമതോ നാലാമതോ ആയി കൈകൂപ്പി നിൽക്കുന്ന കൊച്ചുമിടുക്കി ആലപിക്കുന്നതായിരുന്നു ആ കീർത്തനം.

കീർത്തനം ചൊല്ലിക്കഴിഞ്ഞ് നിമിഷങ്ങൾക്കകം നടതുറന്നു. ആരതിയുമായി പുറത്തേക്കിറങ്ങി. കീർത്തനമാലപിച്ച മിടുക്കിയെ പ്രത്യേകമായി അഭിനന്ദിക്കാനും അനു​ഗ്രഹിക്കാനും മറന്നില്ല എന്നുമാത്രമല്ല പേരുവിവരങ്ങൾകൂടി ചോദിച്ചു. സിന്ധു മൈസൂർ എന്ന ആ അനുഗൃഹീത കലാകാരിയുടെ നാദാർച്ചന മാത്രം മതി ഇന്ന് ഭഗവാന് എന്ന് ശ്രീകോവിലിലിരുന്ന് അദ്ദേഹവും കരുതിയിരിക്കാം.

Kudajadri 3

ശൃംഗേരിയിൽനിന്ന് പുറപ്പെട്ട അവസാന ബസ്സിൽ നേരേ മെർക്കാറ എന്ന മടിക്കേരിയിലേക്ക്. ബസ്സിൽ പലഭാഗങ്ങളിലായാണ് ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. എന്റെ മുന്നിലെ സീറ്റിൽ ഒരു പുരുഷനും. പിന്നിലെ സീറ്റിൽ എന്റെ സഹയാത്രികനും പ്രായമേറിയ സ്ത്രീയും. അവനെന്നെ തോ ണ്ടിക്കൊണ്ട് പറഞ്ഞു: 'നിന്റടുത്ത് ഇരിക്കുന്ന ആളോട് ഇവിടെയിരിക്കാൻ പറ്റുമോ എന്ന് ചോദിക്ക് എന്നാ നമുക്കൊരുമിച്ചിരിക്കാമല്ലോ. "ഏതുഭാഷായാടാ ഇവരോട് പറയുക." ഇതുകേട്ട് മുൻസീറ്റിലെ സ്ത്രീ എന്നെ നോക്കി മലയാളികളാല്ലേ എന്നുപറഞ്ഞത് എന്റെ സമീപമിരിക്കുന്ന ആളോട് പുറകിലെ സീറ്റിലേക്ക് ഇരിക്കാമോ എന്നന്വേഷിച്ചു. മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം അതനുസരിച്ചു.

ഞങ്ങളൊരേ സീറ്റിൽ എത്തി. ആ സ്ത്രീ കൂടുതൽ സംസാരിക്കാനാരംഭിച്ചു. നാട്ടിലെ വിശേഷങ്ങളൊക്കെ തിരക്കി. കൊടകനായ ഭർത്താവിനെ പരിചയപ്പെടുത്തി. ഞങ്ങൾ മടിക്കേരി കാണാനെത്തിയതാണെന്നു പറഞ്ഞപ്പോൾ അവർ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. "നിങ്ങൾ താമസ സ്ഥലമൊക്കെ ഏർപ്പാടുചെയ്തിട്ടുണ്ടോ" എന്നവർ ചോദിച്ചു. "ഇല്ല അവിടെയെത്തിയിട്ട് റൂമെടുക്കാമെന്നുകരുതി". വീണ്ടും അവർ തമ്മിൽ സംസാ രം. "അപ്പൊ നിങ്ങളൊന്നും അറിഞ്ഞിട്ടുണ്ടാവൂലല്ലേ?" ഇല്ലെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മടിക്കേരി ടൗണിൽ ഭീതിദമായ ഒരു കൊലപാതകം നടന്നു. പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. പോലീസ് എല്ലായിടത്തും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കടകളും ഹോട്ടലുകളുമെല്ലാം നേരത്തേ അടയ്ക്കും. റൂം കിട്ടുക എളുപ്പമായിരിക്കില്ല. എന്നായാലും ന​ഗരത്തിൽ കൂടുതൽ ചുറ്റിത്തിരിയണ്ട", അവർ പറഞ്ഞു.

മനസ്സിലൊരാന്തൽ അനുഭവപ്പെട്ടു. ബസ്സിനുള്ളിലേക്ക് തണുത്തകാറ്റ് ഇരച്ചുകയറി. മധുരനാരങ്ങയുടെയും കാപ്പിയുടെയും തോട്ടങ്ങൾക്കി ടയിലൂടെ വളഞ്ഞുപുളഞ്ഞ് ഞങ്ങളുടെ ബസ്സ് പറക്കുന്ന വിളക്കുകൂടുപോലെ നീങ്ങി. കുത്തേറ്റവന്റെ ഞരക്കം പോലുള്ള മൂളൽ ശബ്ദം പുറപ്പെ ടുവിച്ചുകൊണ്ട് മടിക്കേരി ബസ് സ്റ്റാൻഡിന്റെ വലത്തേ മൂലയിൽ ബസ്സ് നിരങ്ങിയമർന്ന് നിന്നു.

വിജനമായ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിന്റെ ഒരറ്റത്തു മാത്രമേ വെളിച്ചമുണ്ടായിരുന്നുള്ളു. ആ സ്ഥലത്തേക്ക് നടന്നുചെന്ന് അവിടെയുള്ള ബോർഡ് കണ്ട് ഞെട്ടി, പോലീസ് എയ്ഡ് പോസ്റ്റ്. പക്ഷേ, ആ എയ്ഡ്പോസ്റ്റിനകത്ത് ആരുമുണ്ടായിരുന്നില്ല. തണുപ്പ് കഠിനമായി. എന്തായാലും ഒരു റൂമെങ്കിലും തരപ്പെടുത്തണം. പക്ഷേ, എങ്ങോട്ട് പോകും. നമുക്ക് രണ്ടുപേർക്ക് പോയിനോക്കിയാലോ?, കൂടെയുള്ള ഒരാളുടെ അഭിപ്രായം. "അങ്ങനെ വേണ്ട. പിടിക്ക്യാണെങ്കിൽ എല്ലാരേയും പിടിക്കട്ടെ. അതായിരുന്നു ഭൂരിപക്ഷ അഭിപ്രായം. തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള സ്വെറ്ററോ എന്തിന് നല്ലൊരു ടീഷർട്ട് പോലും കൈയിലുണ്ടായിരുന്നില്ല.

മൂന്നുപേർ ലുങ്കിയും രണ്ടുപേർ പുതപ്പും പുതച്ച് മഞ്ഞവംയിൽ പോലെ പ്രകാശിക്കുന്ന തെരുവുവിളക്കുകൾ നിറഞ്ഞ റോഡിലേക്കിറങ്ങി. നേരേ ഉഡുപ്പി ലോഡ്ജിന്റെ ഗേറ്റിനു മുന്നിലെത്തി. താഴിട്ട് പൂട്ടിയിരുന്നു. വിളിച്ച് നോക്കി, കരിമ്പടം പുതച്ച ഒരാൾ ഗേറ്റിനടുത്തേക്ക് വന്നു. ഒരു റൂമെങ്കിലും കിട്ടുമോ എന്ന് കെഞ്ചി. പക്ഷേ നിഷ്കരുണം അയാൾ ഞങ്ങളെ അവിടെ നിന്ന് പുറത്തുവിട്ടു ഭീതിയും വിശപ്പും തണുപ്പും ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. ബസ് സ്റ്റാൻഡിൽ തന്നെ തിരിച്ചെത്തി. വീണ്ടും പോലീസ് എയ്ഡ് പോസ്റ്റിനടുത്തേക്ക് നടന്നു. അപ്പോഴും അവിടെ ആരുമുണ്ടായിരുന്നില്ല. പോലീസെങ്കിലും പിടിച്ചാ മതിയായിരുന്നു എന്നതായി അവസ്ഥ.

അർധരാത്രി കഴിഞ്ഞു, കൈയിലുണ്ടായിരുന്ന ഒരു പാക്കറ്റ് ബിസ്കറ്റും കുപ്പി വെള്ളവുംകൊണ്ട് എല്ലാവരും തൃപ്തരായി. ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ചാരുള്ള മൊസെയ്ക്ക് ബെഞ്ചിൽ ഇരുന്നു. ബെഞ്ചും ഞങ്ങളും ഒരുപോലെ മരവിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഒരു സഹചാരിക്ക് തൂറാൻ മുട്ടി. വെള്ളവുമില്ല, വെളിച്ചവുമില്ല. എവിടെപ്പോവുമെന്ന് പിടികിട്ടുന്നുമില്ല. ഉടനെ പോയേതീരൂ എന്നവനും. വെള്ളം കുടിച്ചുപേക്ഷിച്ചു കുപ്പി കണ്ടെത്തി. തറയിൽ കിടന്നിരുന്ന പേപ്പർ കഷണങ്ങൾ പെറുക്കിയെടുത്ത് ചൂട്ടാക്കി. ചൂട്ടുകത്തിച്ച് രണ്ടുപേർ വെള്ളത്തിന് പുറപ്പെട്ടു. എവിടെനിന്നോ ഒരു കുപ്പി വെള്ളവുമായി തിരിച്ചെത്തി. മറ്റൊരു പേപ്പർ ചൂട്ടുണ്ടാക്കി വെള്ളക്കുപ്പിയും പിടിച്ച് രണ്ടുപേർ ശൗചാലയമന്വേഷിച്ചു. പുറ കിൽനിന്ന് നോക്കുമ്പോൾ നിഴൽപാവക്കൂത്തിലെ കഥാപാത്രങ്ങൾ ഭീമാകാരം പൂണ്ട് നീങ്ങുംപോലെ. പെട്ടെന്നതാ അങ്ങോട്ട് പോയ രണ്ടുപേരും ചൂട്ടും വെളിച്ചവുമില്ലാതെ ഞങ്ങളുടെ അടുത്തേക്ക് ഓടിക്കിതച്ചുവരുന്നു. ബെഞ്ചിൽനിന്ന് ഞങ്ങൾ മൂവരും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ഓടണോ അതോ പുറന്തിരിഞ്ഞ് ഓടണോ എന്ന് ചിന്തിച്ചുതീരും മുമ്പേ അവർ ഞങ്ങളുടെ അടുത്തെത്തി. കിതച്ചുകൊണ്ട് ഒരുവൻ പറഞ്ഞു. അവിടെ ഒരു ശവം' ഒരുൾക്കിടിലത്തോടെയാണ് അത് കേട്ടത്. മഞ്ഞും തണുപ്പും പാടെ മാറി പുതപ്പ് ഊർന്നുവീണു. പെട്ടെന്ന് ഇവിടെനിന്നും എങ്ങോട്ടെങ്കിലും പോവാം ഇവിടെ നിന്നാൽ അപകടമാണ് ഒരുവൻ പറഞ്ഞു. എങ്ങോട്ടുപോയാലും നമ്മള് പെടും കൂട്ടത്തിലുള്ള മറ്റൊരുവൻ. മിനിറ്റുകൾക്കു ശേഷം ഒരുമിച്ചൊരു തീരുമാനമെടുത്തു. ശവം കിടക്കുന്നിടംവരെ ഒന്ന് പോയിനോക്കാം. അങ്ങനെ വീണ്ടും പേപ്പർ ചൂട്ടും തെളിച്ച് അഞ്ച് കോലങ്ങൾ ശൗചാലയം ലക്ഷ്യമാക്കി നടന്നു.

Kudajadri 4

പഴകിയ സിമന്റ് പ്രതലത്തിലൂടെ നടന്നു നീങ്ങുമ്പോൾ കാണാൻ പോകുന്ന ദൃശ്യമോർത്ത് ഭയന്നു വിറച്ചു. ഒരു ഭാഗം ഒടിഞ്ഞുതൂങ്ങിയ തകരവാതിൽ പതുക്കെ തുറന്നു. പേപ്പർ പന്തത്തിന്റെ അരണ്ട വെളിച്ചത്തിൽ ഞങ്ങളും ആ കാഴ്ചകണ്ടു. തീർത്തും ഉപയോഗശൂന്യവും വൃത്തിഹീനവുമായ ശൗചാലയത്തിന്റെ മൂലയിൽ നരച്ച സാരിയിൽ പൊതിഞ്ഞ പാഴ്വസ്തുക്കളുടെ ഭാണ്ഡം. കാഴ്ചയിൽ അതിന് മനുഷ്യ ശരീരത്തോട് സാമ്യമുണ്ടായിരുന്നു. കൂടാതെ ഉപേക്ഷിക്കപ്പെട്ട ഒരു കൃത്രിമ മുടി ആ ഭാണ്ഡത്തിന് മുകളിൽനിന്നും പുറത്തേക്ക് തള്ളിനിന്നു.

ശ്വാസം തിരിച്ചുകിട്ടി. അവനോട് പുറത്തെവിടെയെങ്കിലും പോയി കാര്യം സാധിച്ച് വരാൻ പറഞ്ഞു. വെള്ളക്കുപ്പിയും പേപ്പർ പന്തവും തീപ്പെട്ടിയും നൽകി. ബസ് സ്റ്റാൻഡിന്റെ വിശാലമായ പറമ്പിലേക്ക് അവൻ നടന്നു. കാര്യം സാധിച്ച് തിരിച്ചുവന്ന് ദീർഘനിശ്വാസമിട്ട് പറഞ്ഞു. തറവാട്ടുവീട്ടിലെ പറമ്പിൽ പണ്ട് വെളിക്കിരുന്നപോലെ. വായിൽ കൊള്ളാവുന്ന വാക്കുകളൊന്നുമല്ല നാവിൽ വന്നത്. കൊലപാതകം, ശവം, പോലീസ് സ്റ്റേഷൻ, കോടതി, ജയിൽ വീട്ടുകാർ... എന്തൊക്കെയായിരുന്നു നിമിഷങ്ങൾക്കുമുന്നേ മനസ്സിലൂടെ പാഞ്ഞത്.

എന്തുകൊണ്ടോ ഭയാശങ്കകൾ മനസ്സിൽ നിന്നും കഴിഞ്ഞപോലെ തോന്നി. ഉറക്കം കലശലായി വന്നു. കഷ്ടി രണ്ടടി വീതിയുള്ള മൊസെയ്ക്ക് ബെഞ്ചിൽ രണ്ടുപേർ വെച്ച് അങ്ങോട്ടുമിങ്ങോട്ടും പരസ്പരം പാദങ്ങൾ പുണർന്ന് മൂടിപ്പുതച്ച് കിടന്നു. വിജനവും നിശ്ശബ്ദവുമായ ആ അന്തരീക്ഷത്തിൽ പെട്ടെന്നുറങ്ങി. വലിയ ബഹളം കേട്ടാണ് ഉണർന്നത്. സഹശയനന്റെ കാലിൽനിന്ന് പിടിവിട്ട് പതുക്കെ പുതപ്പു നീക്കി തല യുയർത്തി നോക്കി. ശരിക്കും ഞെട്ടി വരിവരിയായി നിർത്തിയിട്ട ബസ്സുകൾ, അതിലേക്ക് സാധനങ്ങൾ കയറ്റുന്ന തൊഴിലാളികൾ, റൂട്ട് വിളി ച്ചറിയിക്കുന്ന ജോലിക്കാർ. ബസ് സ്റ്റാൻഡ് നിറയെ ആളുകൾ. തലയുയർത്തി നേരെ നോക്കിയത് കനകാംബര പൂക്കൾ ചൂടി പുസ്തകങ്ങളും പേറി കോളേജിലേക്ക് പോകാനൊരുങ്ങി നിൽക്കുന്ന ഒരുപറ്റം പെൺകുട്ടികളുടെ മുഖത്തേക്കായിരുന്നു. ചൂളിപ്പോയി... പുതപ്പു വീണ്ടും മുഖത്തേക്ക് വലിച്ചിട്ട് കൂട്ടുകാരന്റെ കാലിൽത്തട്ടി അവനെയും ഉണർത്തി. എന്റെ അതേ സ്ഥിതിതന്നെയായിരുന്നു അവന്റെയും. പിന്നെ ഒന്നും നോക്കീല, പുതപ്പുനീക്കി ഉറക്കച്ചടവോടെ രണ്ട് യുവാക്കൾ ബെഞ്ചിൽ നിന്നും നിവർന്നു. ആരുടേയും മുഖത്ത് നോക്കാതെ അടുത്ത ബെഞ്ചുകളിൽ ശൗചാലയത്തിലെ ഭാണ്ഡത്തെപ്പോലെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന സഹയാത്രികരെയും വിളിച്ചു.

വേഗം വാ… നമുക്കുടനെ ഇവിടെനിന്ന് രക്ഷപ്പെടണം ശൗചാലയവീരൻ പറഞ്ഞു. ആർക്കുമൊന്നും മനസ്സിലായില്ല. ഫ്രഷായിട്ടു പോയാപ്പോരേ? പറ്റില്ല പറ്റില്ല... പെട്ടെന്ന് പോണം, അവൻ ധൃതികൂട്ടി. കാര്യമെന്താണെന്ന് പറയാൻ പറഞ്ഞു. ഞങ്ങൾ നിന്നിടത്തുനിന്നും പത്തിരുപത് മീറ്റർ ദൂരെ ബസ് സ്റ്റാൻഡിന്റെ മതിൽക്കെട്ടിനോട് ചേർന്ന് വൃത്താകൃതിയിൽ നിർമിച്ച് അത്യാവശ്യം വിസ്തൃതിയുള്ള കൃത്രിമ പുൽമേടും അതിന്റെ നടുക്ക് ഒരു കൊടിമരവും. മനോഹരമായി നിർമിച്ച ആ പുൽത്തകിടിയുടെ ചുറ്റും മാലകൾപോലെ ചങ്ങലയിട്ട് പരിരക്ഷിച്ചിരുന്നു. വർണക്കടലാസുകൾകൊണ്ട് അവിടമാകെ അലങ്കരിക്കുകയും അതിനടുത്ത് ഒരു ചെറിയ സ്റ്റേജും കാണാമായിരുന്നു. മുൻവശത്തായി ഒരു ബോർഡും. അതിൽ ഞങ്ങൾക്ക് വായിക്കാനായത് inauguration എന്നും അന്നത്തെ തീയതിയും. അപ്പോഴാണ് പണ്ട് തറവാട് വീട്ടിലെ പുല്ലുനിറഞ്ഞ പറമ്പിൽ വെളിക്കിരുന്നതിന്റെ യഥാർഥ മാനം ഞങ്ങൾക്ക് പിടികിട്ടിയത്. അന്നത്തെ ഉദ്ഘാടകനെക്കുറിച്ചോർത്തപ്പോൾത്തന്നെ മനംപിരട്ടി. അടുത്ത അനുഭവത്തിലേക്കായി ഞങ്ങളവിടെനിന്നും ഉടനെ പുറപ്പെട്ടു..

ഇന്നലെ പാതിരാവിൽ പേടിയോടെ അലഞ്ഞു നടന്ന തെരുവിന്റെ പകൽ കാഴ്ച ആശ്വാസമേകി. കുറച്ചുദൂരം നടന്ന് റോഡിന്റെ മറുവശത്തെ ടാക്സി സ്റ്റാൻഡിലെത്തി. ഓട്ടമത്സരത്തിനായി ട്രാക്കിൽ ഒരുങ്ങിനിൽക്കുമ്പോലെ കുറെ ജീപ്പുകൾ നിരയൊത്ത് നിർത്തിയിട്ടുണ്ടായിരുന്നു. അവയിലൊന്ന് ചെമ്മൺ പൊടിപറത്തി ഞങ്ങൾക്കരികിലൂടെ പാഞ്ഞുപോയി. നിർത്തിയിട്ട ജീപ്പിന്റെ ബോണറ്റിൽ കൈയുന്ന ഒരു മധ്യവയസ്കൻ ബീഡിയും വലിച്ച് നിൽക്കുന്നു. അയാളോട് തലക്കാവേരിയിലേക്ക് സർവീസ് ഉണ്ടാവുമോ എന്ന് തിരക്കി. തലക്കാവേരിയിലേക്ക് ട്രിപ്പ് വിളിച്ചുവേണം പോകാൻ എന്ന് മലയാളത്തിൽ പറഞ്ഞു. അയാൾ ഞങ്ങളെ അഞ്ചുപേരെയും നോക്കി. “നിങ്ങളെന്തിനാണ് കുട്ടികളേ ജീപ്പിന് വാടക കൊടുത്ത് ഇവിടുന്ന് തലക്കാവേരിക്ക് പോണത്. ഇവടന്ന് ഷോർട്ട് കട്ടിന് നടന്നാ ഒരു എട്ടുമൈൽ ദൂരമേ ഉള്ളൂ. നിങ്ങൾ നല്ല ചെറുപ്പക്കാരല്ലേ. തലേന്നത്തെ മനസ്സിന്റെയും ഉറക്കത്തിന്റെയും ക്ഷീണം കാരണം വീണ്ടും ഒരു നടത്തമെന്നത് തീരെ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, ആ മനുഷ്യന്റെ പ്രചോദനവും കാട്ടുവഴികളിലൂടെയുള്ള നടത്തമാണെന്നതും ആ സാഹസത്തിന് ഞങ്ങളെ പ്രാപ്തരാക്കി. കുറച്ചുദൂരം റോഡിലൂടെ നടന്ന് ഇടത്തോട്ട് തിരിഞ്ഞപ്പോൾ കണ്ട നാട്ടുവഴിയിലൂടെ ശുഭാപ്തി വിശ്വാസത്തോടെ ഞങ്ങൾ അടിവെച്ചു.

ഒന്ന് രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോൾ വലിയ ഒരു പാടം. പാടത്തിന് കുറുകെയുള്ള വരമ്പിലൂടെ നടന്ന് മറുകരയിലെ കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തെത്തി. അവിടെനിന്നും പടുകൂറ്റൻ മരങ്ങൾ നിറഞ്ഞ കുന്നിൻ ചെരുവിലൂടെ കയറി. വന്മരങ്ങളുടെ നീണ്ട കൈകളെപ്പോലുള്ള ശിഖരങ്ങളിൽ ഇറയിൽ തൂക്കിയിട്ട് മയിൽപ്പീലി വിശറിപോലെ തേനീച്ചക്കൂടുകൾ. നാഗസന്ന്യാസിമാരുടെ ജടപോലെ തൂങ്ങിയാടുന്ന കാട്ടുവള്ളികൾ. ഈർപ്പം മുറ്റി നിൽക്കുന്ന കരിയിലകളിൽ വർണ്ണരാജി തീർത്തുകൊണ്ട് പൂമ്പാറ്റകളുടെ നടനം. മനോഹരമായ ഭൂപ്രദേശമായിരു ന്നെങ്കിലും വഴിയറിയാതെയുള്ള നടത്തം മുഷിപ്പിക്കാൻ തുടങ്ങിയിരുന്നു. അവശരായി പലയിടത്തും ഇരുന്നുപോയി. എന്തായാലും വേണ്ടില കാ വേരിയുടെ ഉദ്ഭവസ്ഥാനമായ തലക്കാവേരിയിൽ ചെന്ന് വിസ്തരിച്ചു കുളിക്കാമെന്നത് മനസ്സിന് കുറച്ചെങ്കിലും കുളിരേകി.

നാല് മണിക്കൂർ നേരത്തെ നടത്തത്തിനുശേഷം വീതികുറഞ്ഞ ടാറിട്ട റോഡിലേക്ക് കയറി. സമാധാനം... സ്ഥലമെത്താറായിക്കാണുമെന്നുകരുതി മുന്നോട്ട് നടന്നു. റോഡരികിലെ മൈൽകുറ്റിയിൽ കണ്ട ലിഖിതം ഞങ്ങളെ തകർത്തു. തലക്കാവേരി 6 മൈൽ. ദൈന്യതയോടെ പരസ്പരം നോക്കി. ചെറുപ്പക്കാരെ നടന്നുപോയ്ക്കൊള്ളൂ എന്നുപദേശിച്ച മലയാളി മാന്യനെ മൈൽകുറ്റിയോട് സാമ്യമുള്ള ഭാഷാഭിഷേകത്താൽ വാഴ്ത്തി.

​ഗതികെട്ട് വീണ്ടും മുന്നോട്ട്. റോഡരികിൽ കാട്ടുതേൻ വിൽക്കുന്ന പയ്യനെക്കണ്ടു. പഴകിയ തുണിസഞ്ചിയിൽ ചെറുതും വലുതുമായ കുപ്പികളിൽ സ്വർണനിറമാർന്ന തേൻ. വലിയ വില അവൻ പറഞ്ഞെങ്കിലും ചെറിയ വിലയ്ക്ക് ഞങ്ങൾ വാങ്ങി. മുഷിഞ്ഞു നാറിയ തങ്ങളുടെ അവസ്ഥ കണ്ടതിനാലായിരിക്കാം അങ്ങനെ തരപ്പെട്ടത്. ഒറിജിനലാണോ എന്നൊന്നുമറിയില്ലെങ്കിലും കൈവെള്ളയിലാക്കി നക്കി നോക്കി. പൂന്തേനിന്റെ മാധുര്യവും തേനീച്ചകളുടെ വിയർപ്പിന്റെ ചവർപ്പും കൂടിക്കലർന്ന രുചിയായിരിക്കണം അതിനുണ്ടായിരുന്നത്.

Kudajadri 5

മൈലുകൾ താണ്ടി കുന്നിന്റെ താഴ് വാരത്തെ വീതിയേറിയ ഭാഗമെത്തി. അവിടെനിന്ന് ആകാശത്തേക്ക് നീണ്ടുകിടക്കുന്ന പടവുകൾ. വഴിചോദിക്കാനാരുമില്ല. കത്തിയാളുന്ന വെയിലിൽ പടികളോരോന്നും ചവിട്ടി താഴ്ത്തി മുകളിലേക്ക്. കയറുന്ന പടികൾ അനന്തമായി നീളുകയാണെന്ന പ്രതീതി. കയറിക്കയറി അവസാനം കാവേരിയുടെ ഉദ്ഭവസ്ഥാനമെന്ന് പറയുന്ന മൂലസ്ഥാനം. അരയിൽ തോർത്തുടുത്ത് കാവേരിയുടെ കയങ്ങളിലേക്ക് ഊളിയിടുവാനെത്തിയവരായിരുന്നു ഞങ്ങൾ. അവിടത്തെ കാഴ്ച പക്ഷേ, ശരിക്കും ഞങ്ങളെ സ്തബ്ധരാക്കി. നാട്ടിലെ ശിവക്ഷേത്രക്കുളത്തിന്റെ പത്തിലൊന്നുപോലുമില്ലാത്ത ചതുരാകൃതിയിലുള്ള ഒരു ചെറിയ കുളം. ഇരുണ്ട നിറമാർന്ന വെള്ളം. പടികളിറങ്ങി വേണം അതിലേക്കെത്താൻ. അതിന്റെ ചുറ്റും കുറെ സ്ത്രീകളും പുരുഷന്മാരും. ചെറുപ്പക്കാരിയായ സ്ത്രീയും അവളുടെ ഭർത്താവും വെള്ളത്തിൽ മുങ്ങി നിവരുന്നു. അവർ പുഷ്പമാല അണിഞ്ഞിട്ടുണ്ടായിരുന്നു. പൂജയ്ക്ക് വന്നതാണെന്ന് കണ്ടാലറിയാം. ഞങ്ങളുടെ ആഗ്രഹം നടന്നില്ലെങ്കിലും പ്രാർഥനാനിരതമായ അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ.

നിരാശരായി കൈയിൽ കരുതിയ തോർത്തുമുണ്ട് തലയിൽ കെട്ടി വിയർപ്പിൽ കുളിച്ച് താഴെ മൈതാനത്തേക്ക് തിരിച്ചു. ലൈം സോഡയും കുടിച്ച് മിഠായിയും നുണഞ്ഞ് ആരെയോ പ്രതിക്ഷിച്ചിരിക്കുമ്പോലെ തണലിലിരുന്നു. ജീപ്പിൽ കയറി അബ്ബി ഫാൾസ് എന്ന വെള്ളച്ചാട്ടം കാണാനായി പുറപ്പെട്ടു. തൊട്ടിലിൽ കിടന്ന് ആടിയുറങ്ങുമ്പോലെ ജീപ്പിന്റെ താളത്തിനൊത്ത് തലങ്ങും വിലങ്ങുമിരുന്ന് ഞങ്ങൾ മത്സരിച്ചുറങ്ങി. പാതിയിൽ നിലച്ച ഇഷ്ടഗാനം പോലെ ജീപ്പ് നിന്നു. സ്ഥലകാല ബോധം നഷ്ടപ്പെട്ട് കണ്മിഴിച്ചു. "വാ പോയി നോക്കാം. വല്യ പ്രതീക്ഷയൊന്നും വേണ്ട". ഒരിടത്തുവെച്ച് വഴി രണ്ടായി പിരിയുന്നു. ചോദിക്കാൻ ആരുമില്ല. ഏതാണ്ടൊരൂഹം വെച്ച് അതിലൊരുവഴി തിരഞ്ഞെടുത്തു.

അകലെയായി നീരൊഴുക്കിന്റെ ശബ്ദം. നടത്തത്തിന്റെ വേഗം കൂടി ഒരു നീർച്ചാലിന്റെ അടുത്തെത്തി അവിടെ ചെറിയ പാലത്തിന്റെ പണി നടക്കുന്നു. പണിക്കാരിലൊരാൾ ഞങ്ങൾക്ക് വഴി തെറ്റിയതായറിയിച്ചു. "വളരെ നന്ദി സാർ” എന്ന് പറഞ്ഞ തിരിച്ചുനടന്ന് അടുത്ത വഴിയിലേക്ക് കയറി. കുറച്ചുകൂടെ നടന്ന് അബ്ബി ഫാൾസ് എന്ന കാട്ടുചോലയുടെ കരയിലെത്തി. ഒരു സാധാരണ വെള്ളച്ചാട്ടത്തിൽ കവിഞ്ഞ പ്രത്യേ കതയൊന്നും ഞങ്ങൾക്ക് തോന്നിയില്ല. എന്നിരുന്നാലും വിസ്തരിച്ച് കുളിക്കാനുള്ള വെള്ളവും വനഭംഗിയും ഉണ്ടായിരുന്നു. തലക്കാവേരിയിലെ നഷ്ടമോഹങ്ങൾ അബ്ബിയിൽ തീർത്തു.

വേനലിൽ നീരൊഴുക്ക് കുറഞ്ഞ ആ ജലപാതം പോലെ കൈയിലെ കാശും തീർന്നുതുടങ്ങിയിരുന്നു. സംഭവബഹുലമായ അഞ്ചു ദിവസങ്ങൾക്കുശേഷം തിരികെപ്പോരുവാൻ തീരുമാനം. ചായപ്പീടികയുടെ ചായ്പിലിരുന്ന് കട്ടൻചായയും ബണ്ണും തിന്ന് വിശപ്പടക്കി. ട്രങ്ക് പെട്ടിക്ക് ചില്ല് പിടിപ്പിച്ചതുപോലുള്ള ഒരു കുട്ടി ബസ് ഞങ്ങൾക്ക് അഭയമേകി. ഉച്ചത്തിൽ പാട്ട് വെച്ചിരുന്ന ബസിന്റെ മുൻവശത്തെ സീറ്റിൽ ഇരുന്നു. പതുക്കെ ആടിയാടി നടന്നുവന്ന വഴികൾ നിമിഷങ്ങൾകൊണ്ട് ഓടി മറയുന്നത് ബസിന്റെ മുൻവശത്തെ ചില്ലിലൂടെ കണ്ട് നെടുവീർപ്പിട്ടു. വീണ്ടും മടിക്കേരി ബസ്ൻ സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ എല്ലാരും നോക്കിയത് കൊടിവെച്ച പുൽത്തകിടിയുടെ ഭാഗത്തേക്കാണ്. അസാധാരണമായി ഒന്നും സംഭവിക്കാത്ത മട്ടിൽ അതവിടെ കൊടി തോരണങ്ങളും പറത്തി നിലകൊണ്ടു. പോയദിവസം രാത്രി കിടന്നുറങ്ങിയ മൊസൈക് ബെഞ്ചുകളിൽ നിറയെ ആളുകൾ, അതിലൊന്നിലിരിക്കുന്ന അമ്മയുടെ മടിയിൽ തല ചായ്ച്ച് ഒരു കൊച്ചുകുഞ്ഞ് ശാന്തമായി ഉറങ്ങുന്നു.

മടിക്കേരിയിൽനിന്ന് വിരാജ്പേട്ട വഴി തലശ്ശേരി. അവിടെനിന്ന് ഒരു പ്രൈവറ്റ് ബസിൽ കോഴിക്കോട്ട് സ്റ്റാൻഡിൽ വന്നിറങ്ങി. ബസ് സ്റ്റാൻഡിന്റെ പുറത്തെത്തുമ്പോൾ അംബിക വൈഭവ് ബസ് കൊല്ലൂർ മൂകാംബിക ബോർഡും വെച്ച് ഞങ്ങൾക്കുമുന്നിലൂടെ ഇരുട്ടിലേക്ക് ഓടിയകലുന്നു. ബസിന്റെ പുറകിലത്തെ ചുവന്ന ലൈറ്റുകൾ വിരഹത്താൽ കരഞ്ഞ് ചുവന്ന കണ്ണുകളെ പോലെ അകലങ്ങളിലേക്ക് മാഞ്ഞു.

(മാതൃഭൂമി യാത്ര 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: kudajadri travel, thalakkaveri travel, kozhikode to kudajadri in bus, mathrubhumi yathra

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented