'ഓരോ യാത്രയും നമ്മെ ത്രസിപ്പിക്കും; സുവര്‍ണ്ണ ക്ഷേത്രവും ജാലിയന്‍വാലാബാഗും സന്ദര്‍ശിച്ച് കെടി ജലീല്‍


ഒരു അനുഷ്ഠാന കര്‍മ്മവും സിക്ക് ദേവാലയങ്ങളിലില്ല. ഓരോ മതസ്ഥര്‍ക്കും അവരവര്‍ക്ക് തോന്നും പോലെ പ്രാര്‍ത്ഥിക്കാം. അതു കൊണ്ടാണ് ഗോള്‍ഡന്‍ ടെംബിള്‍ ഒരു സര്‍വ്വദര്‍ശന പ്രാര്‍ത്ഥനാലയമാകുന്നത്.

കെടി ജലീൽ

നിയമസഭാ കമ്മിറ്റിയുടെ ഭാഗമായുള്ള പഞ്ചാബ് യാത്രക്കിടെ സുവര്‍ണ്ണ ക്ഷേത്രവും ജാലിയന്‍വാലാബാഗും സന്ദര്‍ശിച്ച് കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

തിരാവിലെ യാത്ര പുറപ്പെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അതൊരു അനിവാര്യതയായാല്‍ അനുസരിക്കുകയല്ലേ നിവൃത്തിയുള്ളൂ? ജയ്പൂരില്‍ നിന്ന് പുലര്‍ച്ചെ 4 മണിക്ക് തന്നെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. സ്വാതന്ത്ര്യദിനം തൊട്ടടുത്തായതിനാല്‍ അഭ്യന്തര യാത്രക്കാര്‍ പോലും ഫ്‌ളൈറ്റ് പുറപ്പെടുന്നതിന്റെ 3 മണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്ന് അറിയിപ്പ് കിട്ടിയിരുന്നു. ഡല്‍ഹി വഴിയാണ് അമൃതസറിലേക്കുള്ള പറക്കല്‍. 11.30 ന് ഗുരു രാംദാസ്ജി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. എങ്ങും എവിടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ കാണാം. രണ്ടാം തവണയാണ് പഞ്ച നദികളുടെ നാട്ടില്‍ കാലുകുത്തുന്നത്. ആദ്യ സന്ദര്‍ശനവും നിയമസഭാ കമ്മിറ്റിയുടെ ഭാഗമായാണ് സാദ്ധ്യമായത്.

പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യാ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമാണ് അമൃത്സര്‍. ലാഹോറില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരമേ ഈ നഗരത്തിലേക്കുള്ളൂ. സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമായ ഈ പട്ടണം സുവര്‍ണ നഗരമെന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സിഖ് ദേവാലയമായ സുവര്‍ണ്ണക്ഷേത്രത്തിന്റെ പവിത്ര ഭൂമിയാണ് പഞ്ചാബിന്റെ എല്ലാമെല്ലാമായ അമൃത്സര്‍. ഗുരുനാനാക്കിന്റെ അനുയായികള്‍ വിശുദ്ധമെന്ന് കരുതുന്ന ഗ്രന്ഥമായ 'ഗുരുഗ്രന്ഥ സാഹിബ്' സൂക്ഷിച്ചിരിക്കുന്നത് ഈ ലോകോത്തര ദേവാലയത്തിലാണ്. സിഖ് ഗുരുദ്വാരകളില്‍ പ്രഥമവും പരിപാവനവുമാണ് അമൃത്സറിലെ സുവര്‍ണക്ഷേത്രം. ഗുരുദ്വാരകളുടെ മാതാവായ ഈ ആരാധനാലയത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഒരേ പരിഗണനയാണ് ലഭിക്കുക. ഒരു സിഖ് മതവിശ്വാസിക്ക് ഏതറ്റം വരെ പോകാന്‍ കഴിയുമോ അത്രയും അവിടെ എത്തുന്ന ഏത് മതവിശ്വാസിക്കും പ്രവേശനാനുമതിയുണ്ട്. ആര്‍ക്കും ആരെക്കാളും മുന്തിയ സ്ഥാനം സുവര്‍ണ്ണ ക്ഷേത്രത്തിലില്ല. തുല്ല്യത അതിന്റെ സമ്പൂര്‍ണ്ണതയില്‍ ഈ ദേവാലയത്തില്‍ അനുഭവവേദ്യമാണ്.

പന്ത്രണ്ട് കവാടങ്ങളാല്‍ ചുറ്റപ്പെട്ട അമൃതസര്‍ നഗരം 1574ല്‍ നാലാം സിഖ് ഗുരുവായ ഗുരു രാംദാസാണ് സ്ഥാപിച്ചത്. സുവര്‍ണ ക്ഷേത്രം നിര്‍മിച്ചതാകട്ടെ അഞ്ചാം ഗുരു, ഗുരു അര്‍ജന്‍ ദേവും. മുസ്ലിം സൂഫിവര്യന്‍ സായി ഹസ്രത് മിയാന്‍ മിര്‍ ആണ് 1588 ഡിസംബര്‍ 28 ന് 'ഹര്‍മന്ദര്‍ സാഹിബിന്റെ' ശില സ്ഥാപനം നിര്‍വഹിച്ചത്. ഒരു മത സമൂഹത്തിന്റെ ആരാധനാലയത്തിന് സഹോദര മതസ്ഥനായ പുരോഹിതന്‍ തറക്കല്ലിടുക! ലോകത്ത് മറ്റൊരു ദേവാലയത്തിനും അവകാശപ്പെടാനാകാത്ത അത്യപൂര്‍വ്വതയാണ് സുവര്‍ണ്ണ ക്ഷേത്രത്തിന്റേത്! 1604 ലാണ് സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥമായ ആദി പുസ്തകത്തിന്റെ തിരുവെഴുത്ത് പൂര്‍ത്തിയാക്കി ഈ ഗുരുദ്വാരയില്‍ സൂക്ഷിച്ചത്. അജ്മീറിലെ പോലെത്തന്നെ തൂവാല കൊണ്ട് തലമറച്ചേ സുവര്‍ണ്ണക്ഷേത്രത്തിലും പ്രവേശിക്കാനാകൂ. ക്ഷേത്രക്കുളം പോലെ ഒരു വലിയ തടാകം 'ഹര്‍മന്ദര്‍ സാഹിബി' ന്റെ നടുത്തളത്തില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. ഒരു പൊടി പോലും വീഴാത്ത വിധം തടാകം പരിരക്ഷിച്ച് പോരുന്നത് കാണേണ്ടതു തന്നെയാണ്.

സുവര്‍ണ്ണക്ഷേത്രത്തിന് നാല് വാതിലുകലുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും ഈ വാതിലുകള്‍ വഴി ദേവാലയത്തില്‍ പ്രവേശിക്കാം. ഇന്ന് കാണുന്ന ഗുരുദ്വാര 1764 ല്‍ ജസ്സസിംഗ് അഹലുവാലിയാണ് പുതുക്കിപ്പണിതത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മഹാരാജ രഞ്ജിത്ത് സിംഗ് പഞ്ചാബ് മേഖലയെ ബാഹ്യശക്തികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചു. ഹര്‍മന്ദര്‍ സാഹിബിന്റെ താഴികക്കുടങ്ങള്‍ ഉള്‍പ്പടെ മുകള്‍ നിലകളില്‍ സ്വര്‍ണം പൂശിയതും അദ്ദേഹമാണ്. ദിനംപ്രതി ഒരു ലക്ഷത്തോളം ആളുകളാണ് ഈ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തുന്നത്. എല്ലാ സിഖ് ഗുരുദ്വാരകളിലും കാണുന്ന സാമൂഹ്യ അടുക്കളയും സൗജന്യ ഭക്ഷണവും അനുഭവസ്ഥരില്‍ വലിയ മതിപ്പുളവാക്കും. ഞങ്ങളെല്ലാവരും രാത്രി ഭക്ഷണം കഴിച്ചത് ഈ ദേവാലയത്തില്‍ നിന്നാണ്. ഒരു അനുഷ്ഠാന കര്‍മ്മവും സിക്ക് ദേവാലയങ്ങളിലില്ല. ഓരോ മതസ്ഥര്‍ക്കും അവരവര്‍ക്ക് തോന്നും പോലെ പ്രാര്‍ത്ഥിക്കാം. അതു കൊണ്ടാണ് ഗോള്‍ഡന്‍ ടെംബിള്‍ ഒരു സര്‍വ്വദര്‍ശന പ്രാര്‍ത്ഥനാലയമാകുന്നത്. വൈദ്യുതാലംകൃതമായ ഗോള്‍ഡന്‍ ടെംബിള്‍ നേരില്‍ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിന്റെ കുംഭഗോപുരങ്ങളും ചുറ്റുമതിലുകളും അകത്തളങ്ങളും വെട്ടിത്തിളങ്ങി ആകാശംമുട്ടെ വെളിച്ചം വിതറി തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ദൃശ്യത്തിന് മഴവില്ലഴകിനെക്കാള്‍ ഭംഗി തോന്നി.

സ്വതന്ത്ര ഖാലിസ്ഥാന്‍ വാദത്തിന്റെ പ്രണേതാവായ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാന്‍ 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സേന സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ''ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍'. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രത്തിലെ വേറിട്ട ഏടായിരുന്നു ആ മിലിറ്ററി ആക്ഷന്‍. തുടര്‍ന്നാണ് പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി സിഖ് അംഗ രക്ഷകരാല്‍ വധിക്കപ്പെട്ടത്. അതിന്റെ പ്രതിധ്വനിയെന്നോണം ഡല്‍ഹി ആളിക്കത്തി. പിന്നീട് നടന്ന സിഖ് കൂട്ടക്കൊലയില്‍ രാജ്യം നടുങ്ങി. പഞ്ചാബിന്റെ ഹൃദയം പിടഞ്ഞു. പഞ്ചാബികളുടെ ഹൃദയത്തിനേറ്റ മുറിവുണങ്ങാന്‍ ഒരുപാട് കാലമെടുത്തു. സിഖ് ഭൂമികയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. സോണിയാ ഗാന്ധിയും കോണ്‍ഗ്രസ്സും സിഖ് ജനതയോട് മാപ്പിരന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് പച്ച പിടിച്ചത് അതിനു ശേഷമാണ്. അമൃത്സറില്‍ വിമാനമിറങ്ങിയ അഞ്ച് എം.എല്‍.എമാര്‍ അടങ്ങുന്ന കേരള ഡെലിഗേഷനെ പഞ്ചാബ് സര്‍ക്കാരിന്റെ പ്രൊട്ടോകോള്‍ ഓഫീസര്‍ ഹാര്‍ദമായി സ്വീകരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ജാലിയന്‍ വാലാബാഗിലേക്കാണ് പോയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തരൂക്ഷിതമായ കൊടുംക്രൂരതയാണ് 1919 ഏപ്രില്‍ 13 ന് ജാലിയന്‍ വാലാബാഗില്‍ നടന്നത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍, ജനറല്‍ ഡയറാണ് ഈ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത്. 1919 മാര്‍ച്ചില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് പാസ്സാക്കിയ റൗലറ്റ് ആക്റ്റ് എന്ന കരിനിയമമാണ് വില്ലനായത്. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടക്കാനും പുതിയ നിയമം ഗവണ്മെന്റിന് അധികാരം നല്‍കി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് തന്നെ ഇന്ത്യക്കാരെ സംശയക്കണ്ണോടെയാണ് ബ്രിട്ടീഷുകാര്‍ കണ്ടത്. ലാഹോര്‍ ഗൂഢാലോചനാകേസിന്റെ വിചാരണാ സമയത്തുണ്ടായ ജനമുന്നേറ്റം ബ്രിട്ടീഷുകാര്‍ക്ക് തീരെപ്പിടിച്ചില്ല. റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ഇന്ത്യയിലെ യുവതലമുറയുടെ ആഭിമുഖ്യം വെള്ളക്കാരെ വല്ലാതെ അസ്വസ്ഥരാക്കി. റൗളറ്റ് നിയമത്തിനെതിരേ പോരാടാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തതോടെ രാജ്യം ഇളകി മറിഞ്ഞു. പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് കണ്ട്, മുന്‍കരുതലായി ദേശീയ നേതാക്കളായ ഡോ: സത്യപാല്‍, സെയ്ഫുദ്ദീന്‍ കിച്ച്‌ലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇരുവരും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ച സ്വാതന്ത്ര്യസമര ഭടന്മാരാണ്. ഇതില്‍ പ്രതിഷേധിച്ച് 1919 ഏപ്രില്‍ 10ന് അമൃതസറില്‍ ഹര്‍ത്താലാചരിച്ചു. അനുബന്ധമായി ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു. രോഷകുലരായ ജനക്കൂട്ടം ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തീവെച്ചു. അക്രമങ്ങളില്‍ 5 വെള്ളക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. പോലീസ് തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു. ഇരുപതിലേറെ ഇന്ത്യക്കാരാണ് പോലീസ് പൈശാചികതയില്‍ ചലനമറ്റ് വീണത്.

കാലുഷ്യം നിലനില്‍ക്കെ ഏപ്രില്‍ 11 ന് തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികളെ സുരക്ഷിതമായി അവരവരുടെ വീടുകളില്‍ എത്തിക്കാന്‍ മാര്‍ഷല ഷേര്‍വുഡ് എന്ന മിഷിനറി പ്രവര്‍ത്തക മുന്നൊരുക്കങ്ങള്‍ നടത്തി. തിരികെ വീട്ടിലേക്കു പോകവെ ഒരു ഇടുങ്ങിയ വീഥിയില്‍ വെച്ച് ജനക്കൂട്ടം അവരെ അക്രമിച്ചു. സമീപവാസികളായ ആളുകള്‍ രക്ഷിച്ച് ഷേര്‍വുഡിനെ സുരക്ഷിത സ്ഥലത്തെത്തിച്ചു. ഈ സംഭവം ജനറല്‍ ഡയറെ അത്യന്തം കോപാകുലനാക്കി. പ്രതികാരം ചെയ്യാന്‍ തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തി. 'ഇന്ത്യക്കാര്‍ അവരുടെ ദൈവങ്ങളുടെ മുമ്പില്‍ തല കുനിക്കുന്നു. ഒരു ബ്രിട്ടീഷ് വനിത ഹിന്ദു ദൈവങ്ങളെപ്പോലെയാണ്. ഇന്ത്യക്കാര്‍ അവരുടെ മുന്നില്‍ ശിരസ്സ് നമിക്കുന്നത് താന്‍ കാണിച്ചുതരാം'' ഡയര്‍ ഭീഷണി മുഴക്കി. എന്നാല്‍ ഡയറുടെ ഈ നീക്കത്തെ ഷേര്‍വുഡ് ശക്തിയായി എതിര്‍ത്തു. തൊട്ടടുത്ത ദിവസങ്ങളില്‍ അമൃതസര്‍ നഗരം ഏറെക്കുറെ ശാന്തമായിരുന്നു. പ്രാന്തപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടര്‍ന്നു. സമരക്കാര്‍ തീവണ്ടിപ്പാതകള്‍ മുറിച്ചു. വാര്‍ത്താവിതരണ സംവിധാനം താറുമാറാക്കി. ഏപ്രില്‍ 13ന് പഞ്ചാബില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലുപേരിലധികം കൂട്ടംകൂടുന്നത് വിലക്കി. റൗളറ്റ് ആക്ടിനെതിരെ കലാപ സാദ്ധ്യത മുന്‍കൂട്ടിക്കണ്ട ജനറല്‍ ഡയര്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ചു.

വിലക്കുകള്‍ ലംഘിച്ച് ഏതാണ്ട് ഇരുപതിനായിരത്തോളം ആളുകള്‍ ജാലിയന്‍വാലാബാഗ് എന്ന സ്ഥലത്ത് സംഗമിച്ചു. ഇതറിഞ്ഞ ഡയര്‍ തന്റെ ഗൂര്‍ഖാ റെജിമെന്റുമായി അങ്ങോട്ടേക്കു കുതിച്ചു. അഞ്ചടി മാത്രം വീതിയുള്ള ഏക പ്രവേശന കവാടം പട്ടാളത്തെ നിര്‍ത്തി അടച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെക്കാന്‍ പട്ടാളക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിന്നെ നടന്നത് ഏകപക്ഷീയ കൂട്ടക്കൊലയാണ്. രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ ജനം പ്രാണനും കൊണ്ട് പരക്കം പാഞ്ഞു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ മൈതാനത്തെ ആഴമേറിയ കിണറ്റിലേക്ക് എടുത്തു ചാടി. 120 മനുഷ്യരാണ് അഗാധ ഗര്‍ത്തതില്‍ വീര്‍പ്പുമുട്ടി മരിച്ചത്. രക്തസാക്ഷികളുടെ കിണര്‍ എന്നാണ് ഈ കിണര്‍ അറിയപ്പെടുന്നത്. പത്തുമിനിട്ടോളം തോക്കുകള്‍ തീ തുപ്പി. 1,650 റൗണ്ട് വെടിവെച്ചതായാണ് കണക്ക്. തിരയുടെ ഒഴിഞ്ഞ പൊതികളുടെ എണ്ണമെടുത്താണ് ഇത്തരമൊരു അനുമാനത്തിലെത്തിയത്. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. യഥാര്‍ത്ഥത്തില്‍ മരണ നിരക്ക് ആയിരത്തിലധികം വരും. ജനറല്‍ ഡയറിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നു. പിടിച്ചു നില്‍ക്കാനാകാതെ അദ്ദേഹം ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു.

ബ്രിട്ടീഷ് പക്ഷപാതികള്‍ക്കിടയില്‍ ജനറല്‍ ഡയറിന് നായക പരിവേഷം കിട്ടി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന സമാനതകളില്ലാത്ത പൈശാചിക കൃത്യമാണ് ജാലിയന്‍വാലാബാഗെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സമ്മതിക്കേണ്ടി വന്നു. പൊഴിക്കാന്‍ ഒരിറ്റു കണ്ണുനീര്‍ പോലുമില്ലാതെ ഇന്നും ജാലിയന്‍വാലാബാഗ് വിറങ്ങലിച്ചു നില്‍ക്കുകയാണ്. വെടിയുണ്ടയുടെ അടയാളങ്ങള്‍ മതിലുകളില്‍ മായാതെ കിടപ്പുണ്ട്. പുറത്ത് കടക്കാനാകാതെ പാറ്റകളെപ്പോലെ ചിറകറ്റു വീണ് ഇഞ്ചിഞ്ചായി മരിച്ച മനുഷ്യരുടെ ദീനരോദനം കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു. രക്തത്തില്‍ കുളിച്ച് ആര്‍ത്തട്ടഹസിച്ച് മൈതാനത്ത് തലങ്ങും വിലങ്ങും മരണക്കയത്തിലേക്ക് ഓടുന്ന നിസ്സഹായരുടെ മുഖം ജാലിയന്‍വാലാബാഗില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് വന്നു. ആയിരങ്ങളുടെ കണ്ണീരും ചോരയും വീണ് കുതിര്‍ന്ന മണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ തൂകി ഞങ്ങള്‍ വാഗാ അതിര്‍ത്തിയിലേക്ക് പതുക്കെ നീങ്ങി.

ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഇരു രാജ്യങ്ങളെയും കോര്‍ത്തിണക്കി കടന്നുപോകുന്ന പാത നിലകൊള്ളുന്നത് വാഗയിലാണ്. അമൃതസറിന്റേയും ലാഹോറിന്റെയും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡിലെ ചെറിയ പട്ടണം. അതിലൂടെയാണ് വിവാദ റാഡ്ക്ലിഫ് രേഖ കടന്ന് പോകുന്നത്. 1947 ലാണ് വാഗ രണ്ടായി വെട്ടിമുറിച്ചത്. കിഴക്കന്‍ വാഗ ഇന്ത്യയിലാണ്. പടിഞ്ഞാറന്‍ വാഗ പാകിസ്ഥാനിലും. ഏഷ്യയിലെ 'ബര്‍ലിന്‍ മതില്‍' എന്ന് വിളിക്കപ്പെടുന്ന വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും 'പാതാക താഴ്ത്തല്‍' ചടങ്ങ് നടക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തിരക്ഷാ സേനയും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും വീറും വാശിയും പ്രകടിപ്പിച്ച് നടത്തുന്ന സൈനിക പരേഡ് അവിടെ തടിച്ച് കൂടി വികാരം കൊള്ളുന്നവരെ ആവേശഭരിതരാക്കും. അല്പം ശത്രുതയും ആക്രമണ സ്വഭാവവും കാണികള്‍ക്ക് തോന്നാമെങ്കിലും ഗാലറികളിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ആര്‍ത്തലക്കുന്ന ജനങ്ങള്‍ക്ക് വിനോദത്തിന്റെ രസച്ചാര്‍ത്തു കൂടിയാണ് വാഗാ അതിര്‍ത്തിയിലെ സൈനിക പരേഡ്. ഇരു രാജ്യങ്ങളും ഉയര്‍ത്തിക്കെട്ടിയ ഗേറ്റുകള്‍ തുറന്ന് പട്ടാളക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്ന രംഗം വേര്‍പിരിഞ്ഞവരുടെ പുനസംഗമത്തെ ഓര്‍മ്മിപ്പിച്ചു. 1958 ല്‍ വാഗാ അതിര്‍ത്തിയില്‍ ആരംഭിച്ച പകല്‍ മയങ്ങും നേരത്തെ പരേഡ് ഒരു ദിവസം പോലും മുടങ്ങാതെ ഇന്നും തുടരുന്നു. ബി.എസ്.എഫ് അസിസ്റ്റന്റ് കമാൻഡെൻഡുമായി സൗഹൃദ സംഭാഷണം നടത്തിയാണ് വാഗാ ബോഡറില്‍ നിന്ന് സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് അതിവേഗം നീങ്ങിയത്. ഓരോ യാത്രയും നമ്മെ ത്രസിപ്പിക്കും. ചിന്തിക്കാനും മനസ്സിലാക്കാനും ഉത്തേജിപ്പിക്കും. അറിയാനും അറിയിക്കാനും പ്രചോദിപ്പിക്കും. മനസ്സും മസ്തിഷ്‌കവും നിറക്കും. കണ്ണും കാതും കുളിര്‍പ്പിക്കും.

Content Highlights: kt jaleel punjab travel golden temple jallianwala bagh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented