വാളുപോക്ക് (ഫയൽ ചിത്രം) | ഫോട്ടോ: റിദിൻ ദാമു
മലമുകളില്‍ മഴയെത്തുമ്പോള്‍ പാല്‍ചുരത്തിന് താഴെ കാടുകള്‍ പച്ചപ്പിന്റെ കുട ചൂടി നില്‍ക്കും. കാട്ടുചോലകളില്‍ അരുവികള്‍ താളം പിടിക്കുമ്പോഴാണ് കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കമാവുക. പ്രകൃതി ഭാവങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ ഓലക്കുട ചൂടിയും കാലങ്ങള്‍ക്ക് മുമ്പേ ഈ യാഗപര്‍ണ്ണശാലയില്‍ തീര്‍ത്ഥാടകർ എത്തിയിരുന്നു. പ്രകൃതിയിലേക്കുള്ള തീര്‍ത്ഥാടനമാണിത്. ഓല മേഞ്ഞ ദൈവപ്പുരകളും പര്‍ണ്ണശാലകളുമായി കാലത്തിന് ഇന്നും തിരുത്താന്‍ കഴിയാത്ത വിധം പ്രകൃതിയുമായി കൊട്ടിയൂര്‍ ഇണങ്ങിചേര്‍ന്നിരിക്കുന്നു. കേരളത്തില്‍ പ്രകൃതിയുമായി ഇത്രയധികം ഇണങ്ങിയ മറ്റൊരു ആരാധനാ ക്ഷേത്രമില്ല. മോക്ഷങ്ങളുടെ കല്‍പ്പടവുകള്‍ താണ്ടി അവനവിലേക്കുള്ള യാത്രയായാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തെ കാലം ഗണിച്ചെടുക്കുന്നത്. മഴയുടെ ആരവങ്ങള്‍ മലയ്ക്ക് മീതെ പെരുമ്പറ മുഴക്കുമ്പോള്‍ ഇളനീരാട്ടവും ശീവേലികളുമായി കൊട്ടിയൂര്‍ ശിവക്ഷേത്രവും തിരക്കിലാവും. അക്കരെ കൊട്ടിയൂരും ഇക്കര കൊട്ടിയൂരുമായി വൈശാഖ മഹോത്സവും നിറവിലെത്തുന്നതോടെയാണ് ഒരു മഴക്കാലവും കൂടണയുക.
മലമുകളില്‍ നിന്നും ദക്ഷന്റെ വാളെത്തുന്നു
നൂറ്റാണ്ടുകളുടെ ഓര്‍മ്മകള്‍ക്ക് പോലും ഗണിച്ചെടുക്കാന്‍ കഴിയാത്ത വിധം കാലത്തെ പിന്നിലാക്കി മുതിരേരിയിലെ വാള്‍ ഇപ്പോഴും കൊട്ടിയൂരിലേക്ക് എഴുന്നെള്ളുന്നു. കാടും മലയും കടന്ന് മഴയില്‍ വെള്ളം നിറഞ്ഞ കഴുക്കോട്ടൂര്‍ വയലിന്റെ മറുകരകള്‍ നീന്തിക്കടന്നും ദക്ഷന്റെ ശിരസ്സറുത്ത വാളുമായി ചരിത്രത്തില്‍ ഇടം തേടുകയാണ് ഈ യാത്രയും. പോയ കാലങ്ങളിലൊക്കെയും മുടങ്ങാതെ നടന്ന വാളുപോക്കിന് സാക്ഷ്യം വഹിക്കാന്‍ ഇന്നും ആളുകളെത്തുന്നു.
മുതിരേരിയില്‍നിന്നു വാള്‍ വരുന്നതും കാത്തിരിക്കുകയാണ് വൈശാഖ മഹോത്സവവും. ദക്ഷിണ കാശിയായ കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിന്റെ ഓര്‍മ്മകളില്‍ ജ്വലിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ മുതിരേരിക്കാവും. ഈ കാവില്‍നിന്നു വാള്‍ എഴുന്നെള്ളിച്ച് എത്തുന്നതോടെയാണ് വൈശാഖ മഹോത്സവത്തിന്റെ തുടക്കവുക. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരനുഷ്ഠാനങ്ങള്‍ ഇന്നും പതിവു തെറ്റാതെ നടക്കുന്നു. പെരുമഴയെത്തും കിലോ മീറ്ററോളം ദൂരം കാടും മേടും താണ്ടി കാല്‍നടയായി ക്ഷേത്രം മേല്‍ശാന്തി കൊട്ടിയൂര്‍ അമ്പലത്തിലേക്ക് വാള്‍ എത്തിക്കുന്നു. പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്തവിധത്തില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ് വയനാടന്‍ പൈതൃകഭൂമിയിലെ വേറിട്ടൊരു അനുഷ്ഠാനം.
.jpg?$p=7f6444c&&q=0.8)
വടക്കേ വയനാട്ടിലെ കോഴിയോട്ട് കുടുംബ ക്ഷേത്രമായിരുന്നു മുതിരേരിക്കാവ്. പാലായാട്ട് തറവാട്ടുമുറ്റത്ത് എല്ലാവരും ഒത്തുകൂടി കുടുംബക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി ഏവരും ഇന്നും കാവിലെത്തുന്നു. വയനാട്ടിലെ വിവിധ ദേശങ്ങളിലും പല കുടംബങ്ങളിലുമുള്ളവര്‍ അതിരാവിലെ തന്നെയെത്തി വാളുപോക്ക് ചടങ്ങിന് സാക്ഷ്യം വഹിക്കും. ഭക്തിനിര്‍ഭരമാണ് ഈ ചടങ്ങ്. അന്നദാനത്തിനു ശേഷം ധ്യാനത്തിലിരിക്കുന്ന ക്ഷേത്രം മേല്‍ശാന്തി വെളിപാടുണരുമ്പോള്‍ അമ്പലക്കുളത്തില്‍ മുങ്ങി കഴകകാര്‍ക്ക് ഒറ്റവാര്‍പ്പ് നിവേദ്യങ്ങള്‍ നല്‍കി വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടുകയാണ്. പുത്തന്‍മഠം മൂഴിയോട്ട് ഇല്ലത്തിനാണ് വാളുകൊണ്ടു പോകാനുള്ള പരമ്പരാഗത അവകാശം. തലമുറയിലെ പിന്‍മുറക്കാരനായ മേല്‍ശാന്തി സുരേഷ് നമ്പൂതിരിയാണ് ഇപ്പോള്‍ വാള്‍ എഴുന്നെള്ളിക്കുന്നത്. പഴക്കുലകളും പഴുത്ത ചക്കയുമാണ് ഇവിടുത്തെ നിവേദ്യം.
പച്ചപ്പുകള്‍ കുട ചൂടിനില്‍ക്കുന്ന കാവും പരിസരവും ഇന്നും ഇതേ പോലെ പരിപാലിക്കപ്പെടുന്നു. പൗരാണികമായ ക്ഷേത്രവിശുദ്ധിയാണ് മുതിരേരി കാവിന്റെയും പ്രത്യേകത. വേറിട്ട ഭൂപ്രകൃതികൊണ്ടും ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും പേരുകേട്ട കൊട്ടിയൂര്‍ അമ്പലത്തോടൊപ്പം മുതിരേരിയിലെ കാവും കാലങ്ങള്‍ക്ക് മുമ്പേ വിശ്വാസികളുടെ മനസ്സില്‍ ഇടം തേടിയിട്ടുണ്ട്. പ്രകൃതിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അനുഷ്ഠാനങ്ങളാണ് കൊട്ടിയൂര്‍ ഉത്സവത്തിന്റെ തുടര്‍ച്ചകളെല്ലാം. കര്‍ഷകനാടായ വയനാടിന്റെ കാര്‍ഷിക കലണ്ടറിലും മുതിരേരി കാവിലെ വാള്‍ എഴുന്നെള്ളത്ത് പേരുകേട്ടതാണ്. വയനാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും തിരശ്ശീല വീഴുക മുതിരേരി വാളുപോക്കോടുകൂടിയാണ്. പിന്നീട് വയനാട് വയലുകളില്‍ കാര്‍ഷിക താളത്തിന്റെ തിരക്കിലായിരിക്കും.
മഴക്കാലത്തിന്റെ വരവോടുകൂടി മുതിരേരിയില വാള്‍ കൊട്ടിയൂരിലേക്ക് യാത്രയായാല്‍ പിന്നെ പെരുമഴയുടെ ആരവങ്ങള്‍ കഴിഞ്ഞ് വാള്‍ തിരികെ എത്തിയാല്‍ മാത്രമാണ് അടുത്ത ഒരാണ്ടേത്തേക്കുള്ള ഉത്സവങ്ങള്‍ തുടങ്ങുക. നാട്ടുഗദ്ദികയടക്കമുള്ള അടിയാന്‍മാരുടെ അനുഷ്ഠാനത്തിനും വാളുപോക്കിനും വരവിനും പ്രാധാന്യമുണ്ട്. കൊട്ടിയൂരില്‍നിന്നു വാള്‍ തിരികെയെത്തിയാല്‍ മാത്രമാണ് പൂജഗദ്ദിക അടിയാന്‍മാരുടെ കുടിലുകളില്‍ അരങ്ങേറുക. കൊട്ടിയൂരിന്റെ ഒട്ടേറെ ഉപക്ഷേത്രങ്ങളും വാളുപോക്കിനെ അടിസ്ഥാനമാക്കി നടയടക്കുകയും തുറക്കുകയും ചെയ്യുന്നു. വെള്ളരിക്ക തോലു ചെത്തി കറിവെക്കണമെങ്കില്‍ പോലും മുതിരേരിയില്‍നിന്നു കൊട്ടിയൂരിലേക്ക് വാള് പോകണമെന്നാണ് ശാസ്ത്രം. കുടുംബങ്ങളില്‍ വിശേഷങ്ങള്‍ എന്തെങ്കിലും നടത്തണമെങ്കില്‍ പോലും കൊട്ടിയൂരിലേക്ക് വാള്‍ പോയാല്‍ പിന്നെ തിരിച്ചുവരണം. കാലങ്ങളിതുവരെയും ഈ അനുഷ്ഠാനങ്ങളെയെല്ലാം മുന്നില്‍ നടത്തിയാണ് ജീവിതം മുന്നോട്ടുനീക്കിയത്. ഈ അനുഷ്ഠാനങ്ങളുടെ ചുവട് പിടിച്ച് വാളുപോക്ക് കഴിയട്ടെ, വാള് തിരിച്ചുവരട്ടെ എന്നെല്ലാമുള്ള വാമൊഴികളും ഈ നാട്ടില്‍ പറഞ്ഞു പഴകിയിട്ടുണ്ട്.
.jpg?$p=7b5f402&&q=0.8)
നിറം ചാര്‍ത്തി ദക്ഷയാഗം
ദക്ഷയാഗത്തിന് സമാനമാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. ശിവന്‍ ദക്ഷനെ വധിച്ച് ചുഴറ്റിയെറിഞ്ഞ ഉടവാള്‍ വയനാടന്‍ മലമടക്കുകള്‍ കടന്ന് മുതിരേരിയില്‍ വന്നു വീണു എന്നതാണ് ഐതിഹ്യം. മലയാള മാസമായ ഇടവത്തിലെ ചോതിയിലാണ് കൊട്ടിയൂരിലെ ഉത്സവം തുടങ്ങുക .ഇതിനു മുന്നോടിയായി തന്നെ മുതിരേരി ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ തുടങ്ങുകയായി. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നെയ്യാട്ടത്തില്‍ തുടങ്ങി തിരുകലാശാട്ടത്തോടെയാണ് സമാപിക്കുക. പെരുമഴ നനഞ്ഞും ആയിരങ്ങളും ഉത്സവത്തില്‍ പങ്കുകൊള്ളാനെത്തുന്നു. ദക്ഷിണ കാശി, തൃച്ചെറുമന്ന, വടക്കീശ്വരം എന്നീപേരുകളിലൊക്കെയാണ് കൊട്ടിയൂര്‍ ക്ഷേത്രം അിറയപ്പെടുന്നത്.

വനജ്യോത്സ്‌നകളാണ് ഈ അമ്പലത്തിനു ചുറ്റും തിടമ്പേറ്റി നില്‍ക്കുന്നത്. വയനാട്ടില്‍നിന്നും ഒഴുകിയെത്തുന്ന ബാവലി പുഴയുടെ ഇരുകരകളിലുമായാണ് ക്ഷേത്രം. അക്കര കൊട്ടിയൂര്‍ ഇക്കരകൊട്ടിയൂര്‍ എന്നിങ്ങനെയാണ് അമ്പലങ്ങള്‍. ഇക്കരകൊട്ടിയൂരിലാണ് നിത്യപൂജയുള്ള ക്ഷേത്രം. അക്കരയില്‍ സ്വയംഭൂവായാണ് ദേവസ്ഥാനം. ഇവിടെയാണ് ദക്ഷയാഗഭൂമി. കാനനത്തിന് നടുവിലായുള്ള സ്വയംഭൂ ശിവലിംഗമാണ് ഇവിടെ ആരാധനാമൂര്‍ത്തി. ഹിന്ദു പുരാണത്തില്‍ പറയുന്ന 64 കാര്‍മ്മികര്‍ ഇവിടെ വൈശാഖ മഹോത്സവത്തിന് നേതൃത്ത്വം നല്‍കിവരുന്നു. ജന്മി-അടിയാന്‍ വ്യത്യാസമില്ലാതെ കാട്ടുകല്ലുകള്‍ കൊണ്ട് പണിതുയര്‍ത്തിയ മണിത്തറയും ചുറ്റും വെള്ളം നിറഞ്ഞ ആരാധാനാലയവും ഓല മേഞ്ഞ യാഗസ്ഥലിയും കാടും പുഴയുമെല്ലാം ചേര്‍ന്ന് വേറിട്ടൊരു തീര്‍ത്ഥാടനമാണ് കൊട്ടിയൂര്‍ നല്‍കുന്നത്.
.jpg?$p=0bc90e4&&q=0.8)
വിരിയുന്ന ഓടപ്പൂക്കള്‍
സ്ഥാനികള്‍ക്കായുള്ള പര്‍ണ്ണശാലകളും ഓടപ്പൂക്കളും മറ്റൊരു സവിശേഷത കൂടിയാണ്. പുരാതനമായ ഗോത്രാചാരങ്ങളുടെ തുടര്‍ച്ചയാകാം ഈ യാഗശാലയും. പരബ്രഹ്‌മ സങ്കല്പ്പത്തെയാണ് ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ഒരു വൈശാഖ നാളിലായിരുന്നു ദക്ഷന്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം. തന്നെയും പ്രിയതമനായ ശിവനെയും ദക്ഷന്‍ യാഗസ്ഥലത്ത് വെച്ച് അവഹേളിച്ചു എന്ന കാരണത്താല്‍ പുത്രിയായ സതീദേവി യാഗാഗ്നിയില്‍ ചാടി ആത്മഹത്യചെയ്തു. ഇതില്‍ കുപിതനായ ശിവന്‍ ജടയഴിച്ച് നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ച് യക്ഷന്റെ തലയറുക്കുന്നു. മൂലോകത്തിന്റെയും അഭ്യര്‍ത്ഥന മാനിച്ച് ശിവന്‍ ദക്ഷനെ ജീവിപ്പിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നു. ഇവിടെനിന്നു ശിവന്‍ പിന്നീട് കൈലാസത്തില്‍ തപസ്സനുഷ്ഠിക്കാന്‍ പോയി എന്നാണ് ഐതിഹ്യം. ഇവിടം വനമായി തീര്‍ന്നതിനു ശേഷം കുറിച്യകുലമാണ് ദൈവസാന്നിദ്ധ്യം പുറംലോകത്തെ അറിയിച്ചത്.
.jpg?$p=e1fcf58&&q=0.8)
മുതിരേരിയിലെ പാലയാട്ട് വയലിലാണ് ശിവന്‍ ചുഴറ്റിയെറിഞ്ഞ വാള്‍ കണ്ടെത്തിയതെന്നാണ് വിശ്വാസം. ഏരുപൂട്ടിയിരുന്ന ആദിവാസിയാണ് ആദ്യം കണ്ടത്. കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ചിട്ടകള്‍ ക്രമപ്പെടുത്തിയത് ശങ്കരാചാര്യരാണെന്നും നിഗമനമുണ്ട്. നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകള്‍. മുന്‍പൊക്കെ മഴക്കാലം പതിവു തെറ്റിക്കാതെ വന്നപ്പോള്‍ ഈ വേളകളിലെല്ലാം കോരിച്ചൊരിയുന്ന മഴയുടെ താളവും അകമ്പടിയുണ്ടാവുമായിരുന്നു. കാലം മാറിയെങ്കിലും അനുഷ്ഠാനങ്ങള്‍ കൈവിടാതെ മനസ്സിന് കുളിരായി മാറുകയാണ് കാവും ഓര്‍മ്മകളുമെല്ലാം. ഈ വര്‍ഷം മുതിരേരി കാവില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പുനഃപ്രതിഷ്ഠ നടന്നു. കാവിന്റെ തണലുകളെല്ലാം പരിപാലിച്ച് ക്ഷേത്രവിശുദ്ധിയോടെ മറ്റൊരു വാളുപോക്കിന് കൂടി ഇവിടം സാക്ഷ്യം വഹിക്കുകയാണ്. മാരി പെയ്യുന്ന രോഗങ്ങളെല്ലാം അകറ്റി പുതിയ കാലത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും അങ്ങകലെ അടിയാകുടിലിന്റെ ഗദ്ദികയില്‍ ഇതോടെ താളം ഉയരുകയായി.
Content Highlights: kottiyoor temple vaishaka mahotsavam Muthireri Shiva Temple, Mananthavady


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..