വൈക്കം: ഗ്രാമീണ വിനോദസഞ്ചാരഭൂപടത്തില്‍ ഇടംപിടിക്കാനൊരുങ്ങി തലയാഴം പഞ്ചായത്തിലെ കൂവം ഗ്രാമം. പാടങ്ങളും തോടുകളും ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതിസുന്ദരമായ പ്രദേശമാണ് കൂവം. തലയാഴം പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് കൂവം. വൈക്കം-വെച്ചൂര്‍ റോഡില്‍നിന്ന് 1.5 കിലോമീറ്റര്‍ മോസ്‌കോ റോഡിലൂടെ സഞ്ചരിച്ചാല്‍ ഈ പ്രദേശത്തെത്തിച്ചേരാനാകും. തലയാഴത്തിന്റെ നെല്ലറയായ അപ്പര്‍കുട്ടനാട് എന്നറിയപ്പെടുന്ന പാടശേഖരങ്ങളാണ് കൂവത്തിന്റെ കിഴക്കേ അതിര്‍ത്തി പങ്കിടുന്നത്. 

പാടത്തിനു ചുറ്റും നാട്ടുതോട്. അതിലൂടെ വള്ളത്തില്‍ സഞ്ചരിച്ചാല്‍ കാണുന്ന വിസ്മയക്കാഴ്ചകള്‍ കണ്ണിനും മനസ്സിനും കുളിരേകും. നാട്ടുതോടുകള്‍ നന്നായി സംരക്ഷിച്ചാല്‍ കൂവം മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് നാട്ടുകാരില്‍ പ്രതീക്ഷയുണ്ട്. ബോട്ടിങ്ങിനും ഫാം ടൂറിസത്തിനും ഉതകുന്ന രീതിയിലാണ് ഈ പ്രദേശത്തെ ഭൂപ്രകൃതി. സൂര്യോദയവും സൂര്യാസ്തമയവും ഗ്രാമത്തില്‍ പലയിടത്തും കാണാം. ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ നാടിനെ ഗ്രാമീണ വിനോദസഞ്ചാരഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Content highlights : koovam village is ready to be included tourism map of kerala