ലനിരകളുടെ റാണിയായ  ഊട്ടി പശ്ചിമഘട്ടത്തിലെ പ്രതാപിയാണ്. ഊട്ടി ,കോട്ടഗിരി, കൂനൂര്‍ ഇവിടെയെല്ലാം ബ്രിട്ടീഷുകാരുടെ പഴയ കാല പ്രതാപത്തിന്റെ ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. പഴയ കോയമ്പത്തൂര്‍ കളക്ടര്‍ ജോണ്‍ സള്ളിവന്‍ തെളിച്ചെടുത്ത  സ്ഥലം. വിക്ടോറിയന്‍ മുഖപ്പുകളും വനപുഷ്പങ്ങളും പുല്‍മേടുകളും കോടമഞ്ഞും നിറഞ്ഞയിടം.  നീലഗിരിക്കുന്നുകള്‍ സഞ്ചാരികളുടെ മനസ്സിലെ നിത്യഹരിത സുന്ദരി തന്നെ.

Koonoor 1

ഓരോ യാത്രയിലും നമ്മെ അത്യന്തം  വിസ്മയിപ്പിക്കുന്ന ഏതെങ്കിലും ഒരു ഘടകം കാത്തിരിക്കും. ഇത്തവണ അതു കുനൂരിലെ താജ് ഗേറ്റ് വേ ആയിരുന്നു. ഊട്ടിയില്‍ നിന്നും 19 കിലോമീറ്റര്‍ താഴെ 
കൊളോണിയല്‍ ശില്പകലയും ആധുനിക സൗകര്യങ്ങളും സമന്വയിച്ച ഇടമാണ് കുനൂരിലെ ചര്‍ച്ച് റോഡിലുള്ള  താജ് ഗേറ്റ് വേ. ഇത് ശരിക്കും  ഭൂതകാലത്തിലേക്കുള്ള ഒരു ഗേറ്റ് വേ തന്നെയാണ്. 1856 ലെ നിര്‍മ്മിതി.

ഹാംപ്ടണ്‍ മാനര്‍ എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിനു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ഒരു ഹോട്ടലിന്റെ രൂപഭാവങ്ങള്‍ വന്നു ചേര്‍ന്നു. 1990 കളില്‍ ഇത് താജ് ഗ്രൂപ്പിന്റെ കയ്യിലെത്തി. ഹോട്ടലിനോട് ചേര്‍ന്ന് തന്നെയാണ് ഓള്‍ സെയ്ന്റ്സ് പള്ളി. പണ്ട് വൈസ്രോയിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രം താമസിച്ചിരുന്ന മുറികളില്‍ ഇന്നു വ്യത്യസ്ത നാടുകളില്‍ നിന്നുള്ള സഞ്ചാരികള്‍ വിസ്മയം നിറഞ്ഞ കണ്ണുകളുമായി കറങ്ങി നടക്കുന്നു. വ്യത്യസ്ത ശൈലികളില്‍ പണി കഴിപ്പിച്ചിട്ടുള്ള 32 മുറികള്‍ ഇവിടെയുണ്ട് . ഉയരമേറിയ മച്ച്. ഏതോ സുഗന്ധ തൈലത്തിന്റെ ഗന്ധം  പ്രസരിക്കുന്ന അകത്തളങ്ങള്‍. ഹെയര്‍പിന്‍ വളവുകള്‍ കയറി വരുന്ന കോടമഞ്ഞും തണുപ്പും. കാറ്റിനു യൂക്കാലിപ്റ്റസിന്റെ ഗന്ധം.. പൊട്ടി വീഴുന്ന പൈന്‍ കായ്കള്‍.. നെരിപ്പോട് കത്തുന്ന മുറികള്‍. പഴമയും പുതുമയും സമന്വയിക്കുന്ന  അകത്തളങ്ങള്‍.. പഴയ തടി വീടുകളുടെ സ്ഥിരം കാഴ്ചയായ തടി കൊണ്ടുള്ള പിയാനോ... ചുവരില്‍ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്ന മ്ലാവിന്‍ തല. ആന്റിക് ഫര്‍ണിച്ചറും പെയിന്റിങ്ങുകളും നല്‍കുന്ന പ്രൗഢ ഗംഭീരമായ സൗന്ദര്യം.

Koonoor 2

ഞങ്ങള്‍ ചെല്ലുമ്പോള്‍ കാര്‍ത്തിക ദീപങ്ങള്‍ കത്തി നില്‍ക്കുന്ന നാട്ടിലെ വീട് പോലെ ചെരാതുകള്‍ കത്തി നിന്ന ആ കൊളോണിയല്‍  തടി വീടിന് സൗന്ദര്യം ഇരട്ടിച്ചു. ആരെയോ കാത്തെന്ന പോലെ അണയാതെ ദീപങ്ങള്‍.. എത്രയോ കാലം മുന്‍പേയുള്ള പരിചയം  പോലെ സ്വീകരിച്ച് ആനയിച്ച ഹോട്ടല്‍ ജീവനക്കാര്‍. പൂക്കള്‍ നിറഞ്ഞ ക്രീപ്പറുകള്‍ പടര്‍ന്നു കയറിയ  പൂമുഖം... വുഡ് പാനലുകള്‍ പാകിയ അതി വിശാലമായ  മുറി. പുറത്തെ തണുത്ത  ഇരുട്ടും യൂക്കാലിപ്റ്റസിന്റെ ഗന്ധവുമെല്ലാം  ചേര്‍ന്ന ഒരു ഉഗ്രന്‍ രാത്രി.

പുലരി അതി മനോഹരം. ഹോട്ടലിനെച്ചുറ്റിയുള്ള പുല്‍ത്തകിടിയില്‍ നിറയെ മഞ്ഞു തുള്ളികള്‍. ഏതാണ്ടെല്ലാ കോട്ടേജുകള്‍ക്കും ഒരു കുഞ്ഞു പൂന്തോട്ടം സ്വന്തമായുണ്ട്. അതില്‍ നിറയെ പൂത്തു നില്‍ക്കുന്ന പലതരം ചെടികള്‍.  കുന്നു കയറി വരുന്ന മേട്ടുപ്പാളയം ടോയ് ട്രെയിന്‍. താഴ്വരയിലേക്കു നോക്കി ഇരിക്കാവുന്ന ഒരു ക്ലിഫ് ഉണ്ടിവിടെ. അവിടെ ധ്യാനത്തിലെന്ന പോലെ സഞ്ചാരികള്‍. ദൂരെ അരുണ വര്‍ണ്ണമാര്‍ന്ന സൂര്യപ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന മലനിരകള്‍. പുകമഞ്ഞുയരുന്ന കുന്നിന്‍ ചെരുവുകള്‍. ഹോട്ടലിന്റെ പച്ചക്കറിത്തോട്ടത്തില്‍ നിറയെ വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികള്‍. സ്പായുടെ സ്വാസ്ഥ്യത്തില്‍ പച്ചപ്പുല്‍മേടുകളിലേക്കു നോക്കി കിടക്കുന്ന വിദേശ സഞ്ചാരികള്‍. 10 കിലോമീറ്ററിനുള്ളില്‍ കണ്ടു തീര്‍ക്കാവുന്ന കാഴ്ചകളുള്ള കുനൂര്‍ ഒരു ധ്യാനസുന്ദരമായ സ്ഥലമാണ്. സമുദ്രനിരപ്പിനു 6000 അടി മുകളില്‍ നീലഗിരി ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റിയാണിത്. കറുത്തതും സുഗന്ധമുള്ളതുമായ തേയിലത്തോട്ടങ്ങള്‍ക്കു അതി പ്രശസ്തമാണിവിടം.

Koonoor 3

12 ഏക്കറിലായി പരന്നു കിടക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ നിറഞ്ഞ സിംസ് പാര്‍ക്കും കുനൂരിലെ ഏറ്റവും ഉയരമേറിയ സ്ഥലമായ ലാംബ്‌സ് റോക്കും കോടമഞ്ഞു ചേക്കേറുന്ന ഡോള്‍ഫിന്‍ നോസും  മനോഹരങ്ങളായ തേയിലത്തോട്ടങ്ങളുമൊക്കെയായി കുനൂര്‍  സഞ്ചാരികളുടെ ഹൃദയം കവരുന്നു.  ഡോള്‍ഫിന്‍ നോസില്‍ നിന്ന് നോക്കുമ്പോള്‍ ദൂരെയായി  നീലഗിരിക്കുന്നുകളുടെ  പനോരമിക് ദൃശ്യം. വെള്ളിവര പോലെ  കാതറിന്‍ വെള്ളച്ചാട്ടം. 

കോട്ടഗിരിയില്‍  തേയിലത്തോട്ടങ്ങള്‍ ആരംഭിക്കുന്നതിന്റെ മുഖ്യ പങ്കുവഹിച്ച ബ്രിട്ടീഷ് പ്ലാന്റര്‍ എം.ഡി. കോക്ബേണിന്റെ ഭാര്യയുടെ പേരാണ് വെളളച്ചാട്ടത്തിനു നല്‍കിയിരിക്കുന്നത്. വമ്പന്‍ ക്യാമറകളുമായി കറങ്ങി നടക്കുന്ന പക്ഷിപ്രേമികള്‍. പാരക്കീറ്റുകളും വാനമ്പാടികളും കിന്നരി നീര്‍കാക്കകളും നിര്‍ബാധം പരിലസിക്കുന്നയിടം കൂടിയാണിത്. യൂക്കാലിപ്റ്റസ് മരങ്ങളും പച്ച പുല്‍ത്തകിടിയും നിറഞ്ഞ സൗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഗോള്‍ഫ് കോഴ്‌സ് ക്ലബ് ആയ വെല്ലിങ്ടണ്‍  ജിംഖാന  ക്ലബിന്റെ  അതിമനോഹരമായ ദൃശ്യവും കാണാന്‍ മറക്കേണ്ട.

 Koonoor 4

കുനൂര്‍ സ്റ്റേഷനില്‍ നിന്നാണ് നീലഗിരി മൗണ്ടെയ്ന്‍ ട്രെയിന്‍  ആവി എന്‍ജിനില്‍ നിന്നും ഡീസല്‍ എഞ്ചിനിലേക്കു മാറുന്നത്. കുനൂരില്‍ നിന്നും ഉദകമണ്ഡലം വരെയുള്ള നാലു സ്റ്റേഷനുകളും പ്രകൃതിഭംഗി കൊണ്ട് നമ്മെ അമ്പരപ്പിക്കും. പ്രണയം നിറഞ്ഞ  ലവ് ഡെയ്ല്‍ സ്റ്റേഷനും നീലമലകള്‍ക്കു താഴെയുള്ള വെല്ലിങ്ടണും മറക്കാനാകാത്ത കാഴ്ചകള്‍ ..

Content Highlights: Koonoor Travel, Tourists Spots in Koonoor