തുടക്കം ദേശീയ പതാക വീശി, ഒടുക്കം വെന്നിക്കൊടി: ലൈഫ്‌ടൈം എക്‌സിപീരിയന്‍സുമായി കെല്‍വിനും അഖിലും


സരിൻ. എസ്. രാജൻ

ആരും കൊതിക്കുന്ന ഉയരങ്ങളിലാണ് 55 ദിവസത്തെ യാത്രയ്ക്ക് ശേഷം കെല്‍വിനും അഖിലും എത്തിയത്.

അഖിലും കെൽവിനും ഖുർദുങ്കലാ പാസ് എത്തിയപ്പോൾ

കൊളംബസ് യാത്ര പോകുമ്പോ അമ്മ വേണ്ടാന്ന് പറഞ്ഞായിരുന്നെങ്കില്‍ ഇന്ന് അമേരിക്ക കണ്ടുപിടിക്കാന്‍ പറ്റുമായിരുന്നോ, കെല്‍വിന്റെ ദീര്‍ഘദൂര സൈക്കിള്‍ യാത്രയ്ക്ക് എതിരഭിപ്രായങ്ങളുയര്‍ന്നപ്പോള്‍ ഒരു ബന്ധുവിന്റെ പ്രതികരണമിങ്ങനെ. സൈക്കിളില്‍ ഇന്ത്യയുടെ അറ്റത്തേക്ക് ഒരു യാത്ര, അതൊരു സ്വപ്നമായിരുന്നു. ചെറുപ്പം മുതലുള്ള സ്വപ്നം യഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കോലഞ്ചേരിക്കാരന്‍ കെല്‍വിന്‍ കെന്നഡിയിപ്പോള്‍. കേരളത്തിലെ പല സ്ഥലങ്ങളും കെല്‍വിന്റെ സൈക്കിളിന് സുപരിചിതം. ആലപ്പുഴ, ഇടുക്കി, എറണാകുളം...അങ്ങനെ പോകുന്നു ലിസ്റ്റ്. ആ ലിസ്റ്റില്‍ ഒടുവിലായി ഇടം നേടിയിരിക്കുകയാണ് ഖര്‍ദുങ് ലാ.

യാത്രയ്ക്ക് വേണ്ട സംഗതികള്‍ ഒട്ടുമുക്കാലും ശരിയായപ്പോള്‍ ഒറ്റയ്ക്ക് യാത്ര വേണ്ടെന്ന തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒരാളെ ഒപ്പം കൂട്ടുന്നതിനെ പറ്റി ചിന്തിച്ച് തുടങ്ങി. സാമൂഹിക മാധ്യമത്തില്‍ തന്റെ സ്വപ്ന യാത്രയെപറ്റി അഖില്‍ കുറിച്ചത് ശ്രദ്ധയില്‍പ്പെട്ട കെല്‍വിന്‍ ഊരമന സ്വദേശി അഖിലിനെയും ഒപ്പം കൂട്ടി. ഓഗസ്റ്റിന് മുമ്പേയാണ് ഖര്‍ദുങ് ലാ പാസ് യാത്ര പദ്ധതിയിട്ടിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോവുകയായിരുന്നു. അങ്ങനെയാണ് ഓഗസ്റ്റ് 15 ലേക്ക് യാത്ര മാറ്റി വെയ്ക്കുന്നത്. കോലഞ്ചേരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്. അവിടെനിന്നും പത്താന്‍കോട്ട് വഴി ജമ്മു കാശ്മീര്‍. ശേഷം ശ്രീനഗറില്‍ നിന്നും ലഡാക്ക്. അവിടെ നിന്നും ഖര്‍ദുങ് ലാ പാസ്. സമുദ്രനിരപ്പിന് 17,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കാണേണ്ടത് തന്നെയാണെന്ന് പറയുന്നു കെല്‍വിന്‍.

ബി.കോം കഴിഞ്ഞിരിക്കുകയായിരുന്ന കെല്‍വിന്റെയും അഖിലിന്റെയും യാത്രയ്ക്ക് ഇരുവരുടെയും കുടുംബവും പൂര്‍ണപിന്തുണയേകി. നാട്ടുകാരുടെയും കൂട്ടുകാരുടെ ഭാഗത്ത് നിന്നുമുള്ള അനുകൂല പ്രതികരണങ്ങള്‍ നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല. അഖിലിന്റെ നാട്ടുകാര്‍ യാത്രയ്ക്ക് വേണ്ട പണം പിരിച്ചു നല്‍കി. കൊച്ചുകുട്ടികള്‍ വരെ തങ്ങളാല്‍ കഴിയുന്ന തുക നല്‍കി സഹായിച്ചു. ഇന്ത്യ ചുറ്റാന്‍ പോവുകയല്ലേ, ദേശീയ പതാക വീശിയാകാം യാത്രയെന്ന് നിര്‍ദേശിച്ചത് അച്ഛനാണ്. അങ്ങനെ ദേശീയ പതാക വീശിയാരംഭിച്ച യാത്ര അവസാനിപ്പിച്ചത് ഇരുവരും വെന്നിക്കൊടി പാറിച്ചാണ്. തിരിച്ച് വന്നപ്പോള്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നും ലഭിച്ചത് വമ്പന്‍ സ്വീകരണം.

മൂന്നാര്‍ വരെയൊക്കെ നേരത്തെ യാത്ര പോയ അനുഭവം മാത്രമായിരുന്നു കെല്‍വിന് ആകെ മുതല്‍കൂട്ടായിയുണ്ടായിരുന്നത്. യാത്രയ്ക്കിടയിലുള്ള ഓരോ ദിവസവും ഒരോ പുത്തന്‍ അനുഭവങ്ങളായിരുന്നു. എല്ലാ ദിവസവും 100 കിലോമീറ്റര്‍ ലക്ഷ്യം കൃത്യമായി മെയിന്റൈന്‍ ചെയ്തു. 55 ദിവസമാണ് ഖര്‍ദുങ് ലാ എത്താനായി എടുത്തത്. ഒരാള്‍ക്ക് 15,000 രൂപയോളമാണ് ചെലവ്. ആഹാരത്തിന് മാത്രമാണിത്. വേറെ യാതൊരു ചെലവുമുണ്ടായില്ല. പെട്രോള്‍ പമ്പുകളില്‍ ടെന്റ്ടിച്ചായിരുന്നു താമസം. ഒട്ടുമിക്കയിടത്തും ഇതിന് അനുമതി ലഭിച്ചു. അനുമതി ലഭിക്കാതെയിടങ്ങളില്‍ ധാബകളില്‍ ഭക്ഷണം കഴിച്ച ശേഷം അവിടെ തങ്ങി. ലേ, മണാലി വഴിയായിരുന്നു തിരികെയുള്ള യാത്ര. മണാലിയില്‍ നിന്നും നേരെ ചണ്ഡീഗഡ് . പൊടി അടിച്ച് ചെസ്റ്റ് ഇന്‍ഫെക്ഷനും മറ്റും വന്നതിനാല്‍ ട്രെയിനിലായിരുന്നു മടക്കയാത്ര.

പലയിടങ്ങളിലും പല തരത്തിലാണ് വരവേല്‍പ്പ് ലഭിച്ചത്. നാട് മാറുന്നതിനനുസരിച്ച് ആളുകളുടെ മനോഭാവങ്ങളും മാറും. ഗുജറാത്തിലെ ആളുകള്‍ അവരുടെ നാടിനെ പ്രകീര്‍ത്തിച്ചേ എന്ത് സാധനങ്ങളും വാങ്ങി തരികയുള്ളൂ. മുംബൈയിലെ ചേരികള്‍ ലോകപ്രസിദ്ധമാണല്ലോ. അവിടെ തങ്ങാനൊരു അവസരവും തരപ്പെട്ടു. ധാരാവിയില്‍, അത് മികച്ച അനുഭവമായിരുന്നു. ചില നഗരങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ താമസം അനുവദിച്ച് കിട്ടില്ല. താമസ സൗകര്യമന്വേഷിച്ച് അങ്ങനെയാണ് ഒരു ഓട്ടോകാരനെ സമീപിക്കുന്നത്. ഓട്ടോകാരന്‍ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം തന്നു. ഒരു ചെറിയ റൂമില്‍ നാലഞ്ചുപേരാണ് താമസം. അവിടെ അടുത്തൊരു ബുദ്ധമന്ദിരത്തില്‍ അന്ന് കഴിച്ചുകൂട്ടി. അങ്ങനെ കാതങ്ങള്‍ താണ്ടിയ യാത്രയില്‍ കിട്ടിയ സഹായങ്ങളും ഒട്ടനവധി. സൈക്കിളിന് കേട് വന്ന സമയത്ത് ഒരു മെക്കാനിക് വീട്ടിലേക്ക് ക്ഷണിച്ച് താമസമൊരുക്കിയത് മറക്കാനാവാത്ത അനുഭവമാണ്. പെട്രോള്‍ പമ്പിലെവെിടെയെങ്കിലും അന്തിയുറങ്ങേണ്ടിയിരുന്ന ഞങ്ങള്‍ക്ക് അന്ന് രാജസ്ഥാനി ശൈലിയിലുള്ള വീട് കാണാനും താമസിക്കാനും പറ്റി. ആഹാരം പിടിക്കാത്ത ചില സാഹചര്യങ്ങളുണ്ടായിരുന്നു. ഖര്‍ദുങ് ലാ എത്തിയപ്പോള്‍ ശ്വാസമെടുക്കാന്‍ നന്നേ ബുദ്ധിമുട്ടി. ഇതൊഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളുണ്ടായില്ല. കുറേ സ്ഥലങ്ങളും നല്ല മനുഷ്യരെയും കണ്ടു.

യാത്രയ്ക്കിടയില്‍ ഇരുവര്‍ക്കും തുണയായി മല്ലുസിങ്ങുണ്ടായിരുന്നു. മണാലിയിലെ മല്ലുസിങ് എന്ന ഹോട്ടല്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറയുന്നു കെല്‍വിന്‍. മലയാളികള്‍ക്കും മറ്റുമായി സ്ഥാപിച്ചിരിക്കുന്ന ഹോട്ടലാണിത്. അവര്‍ സൗജന്യതാമസവും ഭക്ഷണവും മറ്റും നല്‍കി. സാമൂഹിക മാധ്യമങ്ങള്‍ തന്നെയായിരുന്നു പ്രധാന വഴികാട്ടി. ചെറുപ്പം മുതലേ സൈക്ലിംഗുണ്ട്. പഴയ സൈക്കിള്‍ പോയെങ്കിലും പുതിയൊരണ്ണെം വാങ്ങി. ഇതും യാത്രയ്ക്ക് ഉപകരിച്ചു. ഇന്ത്യയുടെ അറ്റം വരെ പോകണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഖര്‍ദുങ് ലാ തിരഞ്ഞെടുത്തത്. ഗോവയൊക്കെ വഴിയുള്ള ഇടത് പാത തിരഞ്ഞെടുത്തത് സുരക്ഷിതമായതുകൊണ്ടാണ്. കാണാന്‍ കാഴ്ചകളെറെയും ഇവിടെയായിരുന്നു. പണം സ്വരുകൂട്ടി വെച്ച് ഘട്ടം ഘട്ടമായിട്ടാണ് ആവശ്യ വസ്തുകള്‍ വാങ്ങിയത്. ധൂര്‍ത്ത് ഒഴിവാക്കി. 6 മാസത്തോളം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. ദിനംപ്രതി സൈക്കിള്‍ ചവിട്ടാറുള്ള കെല്‍വിന്‍ 40-50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാറുണ്ട്.

റൂട്ട് നേരത്തെ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഗൂഗിള്‍ മാപ്പ് പലയിടങ്ങളിലും സഹായകരമായി. ശ്രീനഗറില്‍ നിന്നും ലേയിലേക്ക് പോകുന്ന വഴിക്ക് ഒരിടത്ത് തങ്ങേണ്ട സാഹചര്യമുണ്ടായി. അവിടെയുള്ള ആളുകളോട് അവിടെ രാത്രി തണുപ്പ് മൈനസിലേക്ക് കടക്കുമോ എന്ന് ചോദിച്ചു. സീസണായിട്ടില്ലെന്നായിരുന്നു അവര്‍ അറിയിച്ചത്. ജാക്കറ്റും ഗ്ലൗവുമൊന്നുമില്ലായിരുന്നു. അവിടെ ടെന്റ്ടിച്ചു. രാത്രി മൈനസിലേക്കെത്തി. അന്ന് രാത്രിയുറങ്ങിയിട്ടില്ല. തണുപ്പിന്റെ കാഠിന്യത്തില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും സൂര്യോദയം കണ്ടാല്‍ മതിയെന്നായിരുന്നു പ്രാര്‍ത്ഥന. കുറേയിടങ്ങളില്‍ റോഡില്ല. മുട്ടറ്റം പൊടിയാണ്. അവിടങ്ങളില്‍ സൈക്കിള്‍ ഉന്തേണ്ട ഗതികേട് വന്നു. ലൈഫ് ടൈം എക്സപീരിയന്‍സ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന യാത്രയായിരുന്നു. ഇഷ്ടപ്പെട്ട സ്ഥലം മണാലിയോ, ലേയോ ഒന്നുമല്ല. കാഴ്ചകള്‍ കാണാനുണ്ടെങ്കിലും അവിടുത്തെ കാലാവസ്ഥ നമ്മള്‍ മലയാളികള്‍ക്ക് പിടിക്കില്ല. കാലാവസ്ഥയും മറ്റ് പല കാര്യങ്ങളും നോക്കിയാല്‍ മഹാരാഷ്ട്രയാണ് യാത്ര ചെയ്തതില്‍ ഇഷ്ടപ്പെട്ട സ്‌പോട്ട്. ലൊണാവാലയൊക്കെ എന്നും ഫേവ്റൈറ്റ് ലിസ്റ്റിലുണ്ടാകും. ശ്രീനഗറില്‍ നിന്നും ലേയിലേക്ക് പോകുന്ന പാതയാണ് മറ്റൊരു പ്രിയപ്പെട്ട സ്ഥലം.

തണുപ്പിനെ പ്രതിരോധിക്കാനായി പ്രത്യേകിച്ച് ഒന്നും കരുതിയിരുന്നില്ല. ലേയില്‍ വെച്ചാണ് ഗ്ലൗ വാങ്ങിക്കുന്നത് പോലും. വ്യക്തമായ പ്ലാനിങ്ങോടെ യാത്ര ചെയ്തതിനാല്‍ മോശം അനുഭവങ്ങളൊന്നുമുണ്ടായില്ല. രാജസ്ഥാനിലും ലഭിച്ചു സ്നേഹത്തിന്റെ ഉത്തമമാതൃക. വഴിയില്‍ കണ്ടു മാത്രം പരിചയമുള്ളയൊരാള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസവും ഭക്ഷണവും ഏര്‍പ്പാടാക്കി തന്നു. കോവിഡിന്റെ അലയൊലികള്‍ അടങ്ങാത്തത് കേരളത്തില്‍ മാത്രമാണ്. പുറത്ത് എവിടെയും ആരും മാസ്‌ക് പോലും വെയ്ക്കുന്നില്ല. മാസ്‌ക് നമ്മള്‍ വെച്ചാല്‍ നമ്മള്‍ക്ക് കോവിഡാണെന്ന് പറയും, അതാണ് അവസ്ഥ. ലേയിലും ഹിമാചലിലും മാത്രമാണ് കോവിഡ് ടെസ്റ്റുണ്ടായിരുന്നത്. സൈക്കിളില്‍ പോകുമ്പോള്‍ യാത്രയുടെ ദൈര്‍ഘ്യം കൂടും. ഇതൊരു തരത്തില്‍ ഗുണകരമാണ്. കാഴ്ചകള്‍ ആസ്വദിക്കാനിത് ഗുണം ചെയ്യും. എക്സ്പ്ലോര്‍ ചെയ്യാന്‍ സൈക്കിളിനെക്കാള്‍ മികച്ചയൊരു മാര്‍ഗമില്ല. കാനഡയിലേക്ക് ഉപരിപഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് കെല്‍വിന്‍. അഖില്‍ ഉടനെയൊരു നോര്‍ത്ത് ഈസ്റ്റ് യാത്ര നടത്താനുള്ള പ്ലാനിലും.

Content Highlights: kolenchery natives kelvin and akhil travels to khurdung la pass in cycle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented