കൊച്ചിയിലെ പുതുവത്സരാഘോഷം
ഫോര്‍ട്ട് കൊച്ചി... ഇന്ത്യയിലെ തന്നെ മികച്ച ന്യൂ ഇയര്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മാറുന്നു. ആ കാഴ്ച്ചയാണ് ന്യൂ ഇയര്‍ സെലിബ്രേഷനില്‍ കണ്ടത്. അഞ്ചു ലക്ഷത്തോളം പേരാണ് ന്യൂ ഇയര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്രയധികം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കൊച്ചി സജ്ജമാണോ? കൊച്ചിയിലെ ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ക്ക് തടസമായി ഉയരുന്ന പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. കൊച്ചിയിലെ പുതുവത്സരരാവിലെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തിയവരില്‍ 200 ലധികം ആളുകളാണ് ചികിത്സ സഹായം തേടിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവതിയെ ഓട്ടോയുടെ മുകളില്‍ കിടത്തി ആശുപത്രിയില്‍ എത്തിച്ച ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
വന്‍ ജനത്തിരക്കും യാത്രസൗകര്യത്തിന്റെ അപര്യാപ്തതയും ആഘോഷപരിപാടികള്‍ക്കായി കൊച്ചിയിലെത്തിയ ജനങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍ ആയിരുന്നു. ഡിസംബര്‍ 31 ന് റോ-റോയില്‍ വലിയ ജനതിരക്ക് അനുഭവപ്പെട്ടിരുന്നു. പപ്പാഞ്ഞിയെ കത്തിച്ച വെളി ഗ്രൗണ്ട് ജനനിബിഡമായിരുന്നു. നിരവധി പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി പരാതികളും ലഭിച്ചിട്ടുണ്ട്.
'നിയന്ത്രിക്കാനാവാത്ത വിധത്തില്‍ ജനങ്ങള്‍ റോ റോ യില്‍ ഇരച്ചു കയറുകയാണുണ്ടായത്, മിക്കവരും ടിക്കറ്റുകള്‍ പോലും എടുക്കാതെയാണ് കയറിയത്. ജനങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ് അന്ന് ഉണ്ടായത്.
-സിറില്‍ അബ്രഹാം- കെ.എസ്.ഐ.എന്‍.സി കൊമേഷ്യല്‍ മാനേജര്‍\
.jpg?$p=cdf07fb&&q=0.8)
'ഇത്രയധികം ജനങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയില്‍ ന്യൂ ഇയര്‍ സെലിബ്രേഷന് സ്പോട്ടുകളില്‍ കൊച്ചിയ്ക്ക് അതിന്റേതായ സ്ഥാനം ഉണ്ട്. മാത്രമല്ല, ഇതൊരു ഗ്ലോബല്‍ സെലിബ്രേഷനാണ്, സാമൂഹിക മാധ്യമങ്ങള്‍ ജനങ്ങളെയും യുവതലമുറയെയും വലിയ രീതിയില്‍ സ്വധീനിക്കുന്നുണ്ട്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ സര്‍ക്കാരും കേരള ടൂറിസ്റ്റ് വകുപ്പുമായി സഹകരിച്ച് കൊച്ചിയുടെ മുഖമുദ്രയായ കൊച്ചി കാര്‍ണിവലിനെ വിപുലമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തും'.
-കെ.ജെ. സോഹന്‍ (മുന്‍ മേയറും കൊച്ചി കാര്‍ണിവല്‍ സംഘാടകസമിതി അംഗവും)
കൊച്ചി കാര്‍ണിവലിനെ മോടി പിടിപ്പിച്ചാലോ ?
ഇന്ത്യയിലെ പ്രധാന ന്യൂ ഇയര്‍ ഡെസറ്റിനേഷനുകളില് ഒന്നാണ് ഗോവ. പുതുവത്സരാഘോഷപരിപാടികള്‍ പലയിടങ്ങളിലായാണ് അവിടെ നടക്കുന്നത്. ഗോവയില്‍ പാലോലം, കോള്‍വ, മൊബോര്, കലാങ്ഗുട്ട്, ബാഗ, മോര്‍ജിം തുടങ്ങി ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കുമായി പല സ്ഥലങ്ങള്‍ ഗോവയില്‍ ഉണ്ട്. ഇത്് നമുക്കും മാതൃകയാക്കാവുന്നതാണ്. 38 വര്‍ഷത്തിലധികമായി കൊച്ചിയുടെ മുഖമുദ്രയായ കൊച്ചി കാര്‍ണിവലിനെ ഒന്ന് മോടി പിടിപ്പിച്ചാലോ? കൊച്ചിയിലെ ബീച്ചുകളെ കേന്ദ്രീകരിച്ച് ഒരു പുത്തന്‍ പുതുവത്സരരാവ് വരും വര്‍ഷങ്ങളില്‍ വിഭാവനം ചെയ്യാം. ഫോര്‍ട്ട് കൊച്ചി ബീച്ച്, വൈപ്പിന്‍ ബീച്ച്, പുതുവൈപ്പിന് ബീച്ച്, ഞാറയ്ക്കല്‍ ബീച്ച്, കുഴുപ്പിള്ളി ബീച്ച് തുടങ്ങി പത്തിലധികം വരുന്ന കൊച്ചിയിലെ ബീച്ചുകളെ കേന്ദ്രീകരിച്ച് ഒരു മത്സരമായോ അല്ലാതെയോ കൊച്ചി കാര്‍ണിവലിന്റെ തനിമയും പൈതൃകവും നഷ്ടപ്പെടാതെ വരും വര്‍ഷങ്ങളില്‍ പുതുവത്സരആഘോഷരാവും കൊച്ചിന് കാര്‍ണിവലും നടത്തിയാല്‍ ജനത്തിരക്കും അപകടസാധ്യതയും ഒഴിവാക്കാവുന്നതാണ്. കൊച്ചിയില്‍ വളരെ ചെറിയ ഏരിയ കേന്ദ്രീകരിച്ചാണ് പുതുവത്സരാവ് ആഘോഷങ്ങള്‍ നടക്കുന്നത് എന്നത് പ്രധാന പോരായ്മയാണ്.
.jpg?$p=1d65412&&q=0.8)
കാര്‍ണിവല്‍ ചരിത്രം ഇങ്ങനെ
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ന്യൂ ഇയര്‍ സെലിബ്രേഷന്‍സ് അത്ര ചെറുതല്ല. 1984 ലാണ് ആദ്യമായി 'കാര്ണിവലേ കൊച്ചി' എന്ന പേരില്‍ കൊച്ചി കാര്‍ണിവല്‍ നടത്തുന്നത്. അന്ന് തൊട്ട് ഇന്ന് 2023 ല്‍ എത്തിനില്ക്കുമ്പോള് കൊച്ചിയുടെ പെരുമയും പാരമ്പര്യവും കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ തുടങ്ങുന്ന ആഘോഷപരിപാടികള്‍, വര്ണശമ്പളമായ കാര്‍ണിവല്‍ റാലി, പ്രച്ഛന്നവേഷങ്ങള്‍ തുടങ്ങിയവയാണ് കൊച്ചി കാര്ണിവലിന്റെയും ന്യൂ ഇയര്‍ ആഘോഷപരിപാടികളുടെയും പ്രധാന ആകര്‍ഷണങ്ങളായി കരുതപ്പെടുന്നത്. കൂടാതെ, പപ്പാഞ്ഞിയെ കത്തിക്കല്‍ പഞ്ചവാദ്യം, വെടിക്കെട്ട്, ഡിജെ പാര്‍ട്ടികള്‍ തുടങ്ങിയവ കൊച്ചി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് കൊച്ചി ടോപ് ന്യൂ ഇയര്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ധാരാളം വിദേശികളും കൊച്ചിയുടെ തനത് ആഘോഷപരിപാടികള്‍ക്കായി കൊച്ചിയില്‍ എത്താറുണ്ട്. ഇപ്രാവശ്യവും നിരവധി വിദേശികള്‍ കൊച്ചി കാര്‍ണിവല്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Content Highlights: kochi new year celebration new year destination kochi carnival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..