ഇവൻ നടക്കുമ്പോൾ കൊമ്പുകൾ ഭൂമിയെ സ്പർശിച്ചേക്കും; ശാന്തൻ, സൗമ്യൻ 'ക്രെയ്​ഗ്'


എഴുത്ത്: ജി. ഷഹീദ് | ചിത്രങ്ങൾ : ദിലീപ് അന്തിക്കാട്

ഏറ്റവും നീളംകൂടിയ കൊമ്പുള്ള ആഫ്രിക്കൻ ആനയാണ് ക്രെയ്ഗ്. എന്നാൽ അതിന്റെ വമ്പൊന്നും ക്രെയ്ഗിനില്ല. കിളിമഞ്ചാരോയുടെ താഴ് വരയിലൂടെ ചിന്നംവിളിക്കാതെ, ആരെയും ശല്യപ്പെടുത്താതെ അവൻ ചുറ്റിനടക്കുകയാണ്.

ക്രെയി​ഗ് എന്ന ആഫ്രിക്കൻ ആന | ഫോട്ടോ: ദിലീപ് അന്തിക്കാട്

കിളിമഞ്ചാരോ താഴ്വര കളിൽ മേഞ്ഞുനടക്കുന്നൊരു രാജാവുണ്ട്. ഗജവീരന്മാരുടെ ചക്രവർത്തിയെന്ന് വിശേഷിപ്പിക്കാം ഇവനെ പേര് ക്രെയ്​ഗ് (Craig).മഞ്ഞണിഞ്ഞ പർവതനിരകളുടെ താഴ്വര കളിൽ അവൻ അലസമായി നടക്കും. ചിന്നംവിളിക്കാതെ, ആരെയും ശല്യപ്പെടുത്താതെ... മസ്തകവും കൊമ്പുമായി വമ്പേറെയുണ്ടെങ്കിലും കാടുകുലുക്കുന്ന കരിമല കൊമ്പനല്ലെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ശാന്തൻ, സൗമ്യൻ.

ഉദാത്തമായ പെരുമാറ്റം കൊണ്ട് ആരെയും ആകർഷിക്കുന്ന ക്രെയ്ഗിന്റെ നീളൻ കൊമ്പുകൾ ക്യാമറയിൽ പകർത്താൻ വന്യജീവി ഫോ ട്ടോഗ്രാഫർമാരുടെ മത്സരമാണ്. അവന്റെ ചിത്രങ്ങൾക്ക് വിപണിയിൽ ദശലക്ഷം ഡോളറുകളാണ് വില. യൂറോപ്പിലെയും അമേരിക്കയിലെയും വന്യജീവി പ്രേമികൾക്ക് ആ ചിത്രങ്ങൾ വാങ്ങാൻ വലിയ താത്പര്യവുമാണ്.പതിനൊന്ന് അടിയാണ് ക്രെയ്ഗിന്റെ പൊക്കം. വളഞ്ഞുകൂർത്ത, കൊമ്പുകൾക്ക് ഏഴടിയിൽ കൂടുതൽ നീളമുണ്ട്. ഏറ്റവും നീളംകൂടിയ കൊമ്പുകളുള്ള ആഫ്രിക്കൻ ആനയാണിതെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ഡാരിയൽ ബാൽഫർ "മാതൃഭൂമി' യാത്രയോട് പറഞ്ഞു.

ക്രെയ്ഗിന് ഇപ്പോൾ 48 വയസ്സുണ്ട്. ഈ ഗജവീരൻ സൃഷ്ടിച്ചിരിക്കുന്ന ആകർഷണവലയത്തിലാണ് ആന പ്രേമികൾ. എത്ര കണ്ടാലും മതിവരാത്ത രൂപം. പ്രഭാത രശ്മികളേറ്റ് തിളങ്ങുന്ന കിളിമഞ്ചാരോ പർവതനിരകളുടെ സൗന്ദര്യത്തിന് അവൻ മാറ്റുകൂട്ടുന്നുണ്ട്.

Craig 2

ക്രെയ്ഗിന്റെ മനസ്സ് തൊട്ടുണർത്താൻ മലയാളി വന്യജീവി ഫോട്ടോഗ്രാഫർ ദിലീപ് അന്തിക്കാടിന് അവസരം ലഭിച്ചിരുന്നു. ദോഹയിൽ ജോലി നോക്കുന്ന ഈ തൃശൂർ സ്വദേശിക്ക് ആഫ്രിക്കൻ വനങ്ങളുമായി പതിനൊന്ന് വർഷക്കാലത്തെ ആത്മബന്ധമുണ്ട്. “നോക്കെത്താത്ത കിളിമഞ്ചാരോ മലനിരകളുടെ താഴ്വരയിൽ ക്രെയ്ഗിനെ എങ്ങനെ കണ്ടെത്തും എന്നതായിരുന്നു പ്രധാന പ്രശ്നം. കാരണം അവിടത്തെ പുൽ മേടുകൾ സമുദ്രതുല്യമാണ്. ചിലപ്പോൾ മണിക്കൂറുകൾ തിരയേണ്ടി വരും. ക്ഷമയോടെ കാത്തിരിക്കേണ്ടിയും വരും. എങ്കിലും ദൂരെനിന്ന് ക്രെയ്ഗിനെ കാണുമ്പോൾ ഹൃദയം കുതിക്കും,

കിളിമഞ്ചാരോ പർവതനിരകൾ ധന്യമായ ജീവിതാനുഭവമാണ്. 19000 അടിയാണ് പൊക്കം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരംകൂടിയ പർവതം. താഴ് വരയുടെ ഭാഗമായ അംബോ സലി നാഷണൽ പാർക്കിലാണ് ക്രെയ്ഗ് വിഹരിക്കുന്നത്. അവൻ നടക്കുമ്പോൾ കൊമ്പുകൾ ചിലപ്പോൾ ഭൂമിയെ സ്പർശിച്ചേക്കും. കാഴ്ചയിൽ ഭീതിയുണർത്തുന്ന രൂപം അപരിചിതരുടെ ഹൃദയമിടിപ്പ് കൂടിയേക്കും. പക്ഷേ സ്വഭാവവൈശിഷ്ട്യം കൊണ്ട് ക്രെയ്ഗ് കാഴ്ചക്കാരിൽ അവിസ്മരണീയമായ അനുഭവമാണ് സൃഷ്ടിക്കുക ദിലീപ് അനുഭവങ്ങളിലേക്ക് ഊർന്നിറങ്ങി,

craig 3
മറ്റ് ആനകളെപ്പോലെയല്ല ക്രെയ്ഗ്. തന്റെ കൂട്ടത്തിലുള്ളവരുമായി വഴക്കിടാനോ കൊമ്പുകോർക്കാനോ അവൻ പോകാറില്ല. സിംഹരാജൻ അവനെ കണ്ടാൽ വഴിമാറിപ്പോകും. ജീപ്പിലിരുന്ന് തന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നവരെ ക്രെയ്ഗിന് പരിചിതമാണ്. അതിനാൽ ക്യാമറകളുമായി അതീവ സൗഹൃദത്തിലാണിവൻ. ഫോട്ടോഗ്രാഫർമാരുടെ മനസ്സറിഞ്ഞ് പലപ്പോഴും കൊമ്പുകളും തുമ്പിക്കൈയും ഉയർത്തിപ്പിടിച്ച് നിൽക്കും. ഒരിക്കൽപോലും പ്രതിഷേധിക്കാനോ മുറുമുറുക്കാനോ ശ്രമിച്ചിട്ടില്ലെന്ന് ഗൈഡുകൾ സാക്ഷ്യപ്പെടുത്തുന്നു.

കുറച്ചുനാൾ മുമ്പ് ലോക പ്രസിദ്ധ ഫാഷൻ മോഡൽ സൂസി ലൊറേൻ, കിളിമഞ്ചാരോയുടെ താഴ്വരകളിൽ എത്തിയിരുന്നു. സൗമ്യനായ ഗജവീരന്റെ പതിനഞ്ചടി അകലത്തിലായി നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. ഈ ചിത്രങ്ങൾ ഫാഷൻ രംഗത്ത് തരംഗമായെങ്കിലും ക്രെയ്ഗിന്റെ മുന്നിൽ നിന്നുള്ള അഭ്യാസം എന്തായാലും വിവാദത്തിലായി. സംഗതി എന്താണെങ്കിലും ക്രെയ്ഗ് ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയാകെ അഭിമാനമായി മാറിക്കഴിഞ്ഞു. ഭൂമുഖത്ത് അവശേഷിക്കുന്ന ഏതാണ്ട് ഇരുപതോളം അതിവിശിഷ്ടരായ കൊമ്പനാനകളിൽ പ്രമുഖസ്ഥാനം ക്രെയ്ഗിനാണ്.

Craig 4
ക്രെയ്ഗിന്റെ ഒരു സ്പെഷ്യൽ ചിത്രം എടുത്ത നിമിഷം ദിലീപ് ഇപ്പോഴും ഓർക്കുന്നുണ്ട്. ക്യാമറയുമായി നിലത്ത് കുനിഞ്ഞിരിക്കുകയായിരുന്നു ഞാൻ. വളരെ അടുത്തായിതന്നെ അവനും നിലയുറപ്പിച്ചു. താഴെനിന്നുമുള്ള ഒരു ടോപ് ആംഗിൾ ക്ലിക്ക്. ക്രെയ്ഗിന്റെ 'ഉടൽപ്പെരുപ്പം അളന്നെടുത്ത ചിത്രം തന്നെയായിരുന്നു അത്. എന്താണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് തിരിച്ചറിഞ്ഞ പോലെയാണ് ക്രെയ്ഗ് പെരുമാറിയത്. ആഫ്രിക്കൻ വന്യജീവികളെ കേന്ദ്രീകരിച്ചുള്ള ചിത്രനിർമ്മാണത്തിലാണ് ഇപ്പോൾ ഈ ഫോട്ടോഗ്രാഫർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കെനിയയിലെ ഒസോറൊ സോപിയ റിവർ ക്യാമ്പിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

ആഫ്രിക്കൻ കാടുകളിൽ ആനവേട്ടക്കാർ ഇപ്പോഴും വിഹരിക്കുന്നുണ്ട്. ആനയെ വെടിവെച്ചും വിഷം കൊടുത്തും കൊന്നശേഷം കൊമ്പുകൾ അന്തർദേശീയ വിപണിയിൽ കൈമാറി ലക്ഷങ്ങൾ നേടുന്ന ഗൂഢസംഘമുണ്ട്. അതുകൊണ്ടുതന്നെ മിക്ക രാജ്യങ്ങളിലും ഇവയുടെ സംരക്ഷണത്തിന് പ്രത്യേക സേനകളുണ്ട്. അംബോസലി സംരക്ഷിത വനപ്രദേശത്ത് ക്രെയ്ഗിന്റെ സംരക്ഷണത്തിനായി നിയമിക്കപ്പെട്ടവർ കണ്ണുതുറന്ന് കാത്തിരിപ്പാണ്. ബ്രിട്ടീഷ് യാത്രികനും എഴുത്തുകാരനുമായ മാർക്ക് എവലിയും ഈ ഗജവീരന്റെ ആരാധകനാണ്. "അംബോസലിയിലെ താരമാണ് ക്രെയ്ഗ്. കെനിയൻ പ്രദേശത്ത് എത്തിയാൽ ഞാനും ഈ ഗജവീരനെ തേടിപ്പോകാറുണ്ട്" - എവലി പറയുന്നു.

ക്രെയ്ഗിനോടൊപ്പം സഞ്ചരിച്ച് സംതൃപ്തി നേടുന്ന ആനക്കൂട്ടങ്ങളുണ്ട്. പലതും പ്രായം കുറഞ്ഞ ആനകളാണ്. അവരെല്ലാം നേതാവിനോടൊപ്പം നടക്കുന്നത് കാണാം. അതുകാണു മ്പോൾ ഈ യുവസംഘം ക്രെയിഗിന് സംരക്ഷണവലയം തീർക്കുന്നപോലെ തോന്നും. ഒരിക്കൽ ക്രെയ്ഗിന്റെ വളരെ അടുത്ത് ദിലീപ് നിന്നത് മറ്റ് ആനകൾക്ക് ഇഷ്ടമായില്ല. അവർ തലകുലുക്കി പ്രതിഷേധിച്ചു. ഞങ്ങളുടെ നേതാവിന്റെ സമീപത്തുനിന്നും അല്പം അകന്നുനിൽക്കൂ എന്നുപറയുന്നപോലെ. പക്ഷെ ക്രെയ്​ഗ് ആ പ്രതിഷേധം കണ്ടതായി ഭാവിച്ചില്ല. നോക്കിനിൽക്കുന്ന മനുഷ്യർ ഉപദ്രവകാരികളല്ല എന്ന സന്ദേശം നൽകുകയായിരുന്നു ആ ഗജപ്രമാണി. അത് മനസ്സിലാക്കിയോ എന്തോ മറ്റുള്ള ആനകൾ അവരുടെ പ്രതിഷേധം അവസാനിപ്പിച്ചു.

Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

ക്രെയ്ഗിനൊപ്പം ചിലപ്പോഴെല്ലാം ബോഡിഗാർഡുകളായി ചില യുവാക്കളെ കാണാറുണ്ട്. ആനകൾക്കൊപ്പം നടന്ന് കാട്ടിലെ ചലനങ്ങളും സ്വഭാവരീതികളും ഇവർ പരിചയിക്കുന്നു. ഇവർക്ക് സംരക്ഷണമേകി എപ്പോഴും ആയുധധാരികളായ ആളുകളുമുണ്ടാകും. ആഫ്രിക്കയിലെ വന്യജീവിസങ്കേതത്തിൽ ഇപ്പോഴും ആനവേട്ട നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കാട്ടിൽ ചെരിയുന്ന ആനകളുടെ കൊമ്പുകൾ ഇതിന് മുമ്പ് വനംവകുപ്പ് ഓഫീസുകളിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അവയെല്ലാം പിന്നീട് പെട്രോൾ ഒഴിച്ച് കത്തിച്ചുകളഞ്ഞു. ആനക്കൊമ്പ് ആരും മോഹിക്കരുത് എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നത്.

ആഫ്രിക്കൻ വനങ്ങളിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ആനകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കിളിമഞ്ചാരോ മലനിരകളിലായി കാഴ്ചയിൽ സന്ദർശകരെ ആകർഷിക്കുന്ന 2000-ത്തോളം ആനകളുണ്ട് എന്നാണ് കണക്ക്.

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Kilimanjaro peaks, Amboseli National Park, elephant Craig with longest tusks, Africa safari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented