നാം, നാട്ടിലെ മനുഷ്യര്‍ വൈറസിനെ ഭയന്ന് വീട്ടിലിരിക്കുമ്പോള്‍ എന്തായിരിക്കും നമ്മുടെ കാടുകളിലെ അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ? അവിടെ ഉത്സവം അതിന്റെ പാരമ്യത്തിലാണ്. നാം നടന്നുനടന്ന് ഉണ്ടാക്കിയ വഴികളെല്ലാം മരങ്ങള്‍ ഇലചൊരിഞ്ഞും പുല്‍നാമ്പുകള്‍ പടര്‍ന്നുവന്നും മൂടിക്കഴിഞ്ഞു; ബോട്ടിന്റെ പുകയും എണ്ണയും കലരാത്ത തടാകത്തിന്റെ അടിത്തട്ടില്‍നിന്ന് മീന്‍കുഞ്ഞുങ്ങളും വെള്ളാരങ്കല്ലുകളും സൂര്യനെ കാണുന്നു;മനുഷ്യരില്‍നിന്ന് മറയാന്‍ തീര്‍ത്ത ഒളിയിടങ്ങള്‍ വെടിഞ്ഞ് മൃഗങ്ങള്‍ അലസം അലയുന്നു; വാഴച്ചാലിലെ മലമുഴക്കി വേഴാമ്പലുകള്‍ ചാലക്കുടിപ്പുഴയുടെ താരാട്ടുകേട്ടുറങ്ങുന്നു... കാടിന്റെ ആത്മാവറിഞ്ഞ ലേഖകന്‍ എഴുതുന്നു

കാട്ടിലിപ്പോള്‍ മനുഷ്യനിര്‍മിതമായ ശബ്ദങ്ങള്‍ ഏതുമില്ല. ഇലകള്‍ തമ്മിലുള്ള സ്‌നേഹമര്‍മരങ്ങള്‍പോലും കേള്‍ക്കാനാകും. വാഹനപ്പുകകലരാത്ത വനാന്തരീക്ഷത്തിലിപ്പോള്‍ കാട്ടുപൂക്കളുടെ പരിമളം അതിന്റെ ശുദ്ധതയോടെ ഒഴുകിനടക്കുന്നു. അകമേനിന്നും മാധുര്യ ഉറവകള്‍ പൊട്ടുന്നപോലെയായിരുന്നു ഓരോ പക്ഷിയുടെയും പാട്ടുകള്‍. അവയ്ക്ക് അകലെ എങ്ങോനിന്ന് മറ്റ് തടസ്സങ്ങള്‍ ഏതുമില്ലാതെ മറുമൊഴികള്‍ എത്തുന്നു. വനാന്തരങ്ങളിലെ നടവഴികളൊക്കെ കിളിര്‍ത്തുവരുന്ന പുതുസസ്യങ്ങളാല്‍ കാട് മായ്ച്ചുകളയുന്നു. ഇപ്പോള്‍. കാടിന്റെ ഹൃദയത്തിലൂടെ നാം വെട്ടിയ വാഹനപാതകളൊക്കെ വൃക്ഷങ്ങള്‍ ഇലകള്‍ പൊഴിച്ച് മൂടിക്കൊണ്ടിരിക്കുന്നു.

വാഴച്ചാല്‍ റോഡരികിലെ കാട്ടാല്‍ വൃക്ഷത്തില്‍ വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലുകളും പാണ്ടന്‍ വേഴാമ്പലുകളുമൊക്കെയിപ്പോള്‍ അദ്ഭുതപ്പെട്ടുകാണും. താഴെ വാഹനപ്പെരുമഴയും ആര്‍പ്പുവിളികളുമില്ലല്ലോ! ചാലക്കുടിപ്പുഴയുടെ നേര്‍ത്ത താരാട്ടുമാത്രമുണ്ടാകും, അവയ്ക്ക് കൂട്ടായി...

സിങ്കൂര്‍ (മുതുമല കടുവസങ്കേതം) പുഴയോരത്തെ മുളംകാടുകള്‍ക്കിടയില്‍ ചുറ്റിത്തിരിയുന്ന ഒരു കൊമ്പനാനയുണ്ട്. അവനെ വെളിയില്‍ക്കണ്ടാല്‍ സഫാരി ജീപ്പുകളും ടൂറിസ്റ്റ് വാഹനങ്ങളും പിറകെക്കൂടും. ലോകത്തിലെ സര്‍റിയലിസ്റ്റ് കലാകാരന്മാരില്‍ പ്രമുഖനായിരുന്ന സാല്‍വദോര്‍ ദാലിയുടെ മീശയെ ഓര്‍മിപ്പിക്കുന്നതരത്തിലായിരുന്നു മേലോട്ടുയര്‍ന്ന അവന്റെ കൊമ്പുകള്‍! ആ ആനയുമിപ്പോള്‍ ആഹ്ലാദത്തിലായിരിക്കും. വാഹനങ്ങളുടെ അകമ്പടിയേതുമില്ലാതെ കാടിന്റെ തുടര്‍ച്ചകളിലേക്കവന് യഥേഷ്ടം സഞ്ചരിക്കാമല്ലോ...

പൂക്കളില്‍ ഊറിവരുന്ന തേനിനിപ്പോള്‍ മധുരം ഏറും. തേന്‍കുടിയന്‍ പക്ഷികളും പൂമ്പാറ്റകളും അവയ്ക്കുചുറ്റും പാറിപ്പറക്കുന്നു. ഈ വേനലില്‍ കാടിനുമീതെ പെയ്തമഴയില്‍ അന്തരീക്ഷങ്ങളില്‍ അടിഞ്ഞുകൂടാറുള്ള വിഷകണികകള്‍ ഉണ്ടാവുകയുമില്ല. വീശുന്ന കാറ്റിന്റെ ശുദ്ധതയില്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മഹാവൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ ആഹ്ലാദത്താല്‍ ആടിയുലയുന്നുണ്ട്. ഓരോ സസ്യവും ഇപ്പോള്‍ ഇത്രമേല്‍ ദീപ്തമായതെന്തുകൊണ്ടെന്ന ഓര്‍മപ്പെടുത്തലുകള്‍...

ചിന്നാര്‍ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുമ്പോള്‍ റോഡരികിലെ ചിതല്‍പ്പുറ്റുകളില്‍ പ്രഭാതകിരണങ്ങളേറ്റിരിക്കുന്ന ഉടുമ്പുകളെ ഒരു മിന്നല്‍പോലെ കാണാമായിരുന്നു. വാഹനങ്ങളുടെ സാന്നിധ്യമറിഞ്ഞാല്‍ അവ അപ്രത്യക്ഷമായിരിക്കും. പക്ഷേ, ഇപ്പോള്‍ അവയ്ക്ക് അത്തരം ഭയപ്പെടലുകള്‍ വേണ്ട.

സഫാരി ജീപ്പുകള്‍ക്കിടയിലൂടെ മറുവശത്തെ കാട്ടിലേക്ക് വഴിതേടിയ കടുവയുടെ നിസ്സഹായത ഓര്‍മിക്കുന്നു. ചെറുപൊന്തയില്‍ സുഖനിദ്രയിലാണ്ട അവന്‍ വാഹനങ്ങളുടെ ഇരമ്പലില്‍നിന്ന് അകന്നുമാറാനായിരിക്കും അപ്പോള്‍ ശ്രമിച്ചത്. ഇന്നിപ്പോള്‍ ഈ നിമിഷം സന്ദര്‍ശകര്‍ ആരുമില്ലാതെയും തന്റെനേര്‍ക്കുചൂണ്ടിയ ക്യാമറകളുടെ ഷട്ടര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദങ്ങളേതുമില്ലാതെ സ്വസ്ഥതയോടെ, സ്വാതന്ത്ര്യത്തോടെ അവന്‍ അലയുന്നുണ്ടാവും...വെള്ളത്തെ ഉലച്ചും പുകയും എണ്ണയും അതിലേക്ക് പുറന്തള്ളി പാഞ്ഞുകൊണ്ടിരിക്കുന്ന സന്ദര്‍ശകനൗകകളെല്ലാം നിശ്ചലമായപ്പോള്‍ തടാകവും പുഴകളും തെളിയുകയായി. ആഴങ്ങളിലെ വെള്ളാരങ്കല്ലുകളും മീന്‍കുഞ്ഞുങ്ങളും സൂര്യനെ കാണുന്നുണ്ടാകും. നീര്‍ക്കാക്കകളും നീര്‍നായ്ക്കളും എണ്ണ കൂടിക്കലര്‍ന്ന് കറുക്കാത്ത തെളിമയോടെയുള്ള ജലാശയങ്ങളെ തിരിച്ചുകിട്ടിയതില്‍ ആനന്ദിക്കുകയാണ്...

ഓരോ സസ്യവും പുല്‍ക്കൊടികളും അവയുടെ ഇലകളുമൊക്കെ എത്രമാത്രം ദീപ്തമാണിപ്പോള്‍. രാവില്‍ നക്ഷത്രങ്ങള്‍ക്കിപ്പോള്‍ അപാരശോഭയാണ്! അവയെ മറയ്ക്കുന്ന പുകപൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍നിന്നും ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ആകാശസീമകളിലേക്ക് ചിറകുവിരിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ക്ക് മറ്റ് ആകാശവാഹനങ്ങളെ ഭയപ്പെടേണ്ട.

രാവില്‍ ചലനാത്മകമാവുന്ന 'തവളവായന്‍ പക്ഷികള്‍' തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മുഖമുദ്രയാണ്. പകലവ സ്വസ്ഥമായി മിഴികള്‍ പൂട്ടി ഉണക്കയിലകള്‍ക്കിടയില്‍ മറ്റൊരു ഉണക്കയിലപോലെ മയക്കത്തിലാകുമ്പോഴാണ് എന്നെപ്പോലുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകളുടെ ശബ്ദങ്ങള്‍ അവയെ ഉണര്‍ത്തുന്നത്. അത്തരം ശബ്ദങ്ങള്‍ ഏതുമില്ലാതെ അവയിപ്പോള്‍ കനവുകള്‍ കണ്ടുറങ്ങുകയാകും.

ഓരോ വന്യജീവിക്കും ഓരോ ഒളിയിടങ്ങളുണ്ട് കാട്ടില്‍. അതാകട്ടെ മനുഷ്യരായ നമ്മളില്‍നിന്നും മറഞ്ഞുനില്‍ക്കാനുമാണ്. കാട്ടുപൊന്തകള്‍ക്കിടയില്‍ വിശ്രമിക്കുന്ന കടുവ, പുലി, കരടി, മാന്‍, കാട്ടുനായ്ക്കള്‍... ഇപ്പോള്‍ അവയ്‌ക്കൊന്നും മനുഷ്യരെ ഭയന്ന് മറഞ്ഞിരിക്കേണ്ട... കാട്ടിലിപ്പോള്‍ രാവും പകലും ഒരുപോലെയായി. പിന്തുടരാനും സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനും ഗവേഷകരോ ഫോട്ടോഗ്രാഫറായ ഞങ്ങളോ ഇല്ല.

ഇത് കൗതുകകരമായ ഒരനുഭവമാണ്. പല വനാന്തരങ്ങളിലൂടെയും കടന്നുപോകുന്ന വാഹനപാതകളൊക്കെ അടഞ്ഞുകിടക്കുകയാണിപ്പോള്‍. അവിടെനിന്നുള്ള വാര്‍ത്തകളിലൊക്കെ വന്യജീവികള്‍ അത്തരം ഇടങ്ങള്‍ കൈയടക്കിക്കഴിഞ്ഞു എന്നാണ്. ഭൂമിയിലെ ശതകോടി ജീവജാലങ്ങള്‍ ഒന്നാകെ പ്രകൃതിയില്‍വന്ന ആശ്ചര്യകരമായ ഈ മാറ്റം ആസ്വദിക്കുന്നുണ്ട്, മനുഷ്യനൊഴികെ. ഈ ജൈവകുലം ഗൗരവമുള്ള ജീവിതപ്രശ്‌നങ്ങളെയാണ് നാളിതുവരെ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. അത്തരം ജീവജാലങ്ങളുടെ നൈസര്‍ഗികതയെ മനുഷ്യരായ നാം വല്ലാതെ തടസ്സപ്പെടുത്തുകയും ചിലതിനെയൊക്കെ വംശനാശത്തിന്റെ വക്കിലെത്തിക്കുകയും മറ്റുചിലതിനെ വേരോടെ ഈ ഭൂമുഖത്തുനിന്നും പിഴുതെറിയുകയും ചെയ്തിട്ടുണ്ട്.

എല്ലാ ജീവനുകള്‍ക്കും അനുയോജ്യമായതും സന്തുലിതമായതുമായ ഋതുക്കളിലൂടെയായിരുന്നു ഈ ഭൂമി കടന്നുപോയ്‌ക്കൊണ്ടിരുന്നത്. മനുഷ്യകുലത്തിന്റെ പ്രകൃതിയിലേക്കുള്ള കൈയേറ്റങ്ങളോടെ അതിന്റെ താളംതെറ്റുകയായിരുന്നു. അത്തരം ഇടപെടലുകള്‍ക്ക് നാം പുരോഗതി എന്നും വികസനം എന്നും പേരിട്ടു. മനുഷ്യപാദസ്പര്‍ശം വളരെയധികം ഏല്‍ക്കാത്തതായ കാടിന്റെ വിസ്മയജന്യമായ ചില ഇടങ്ങളെപ്പോലും അത് ആഴത്തില്‍ മുറിപ്പെടുത്തി. വിഷലിപ്തമായ ഒരാവരണം ഹരിതാഭമായ ഈ ഭൂമിക്കുമേല്‍ നാം തീര്‍ത്തു. അതിലൂടെ കടന്നുവരുന്ന പ്രകാശവീചികളില്‍ ചിലതിനെ സ്വീകരിക്കാനും മറ്റുചിലതിനെ തിരസ്‌കരിക്കാനുമാവാതെ തരുലതാദികള്‍ അവിശ്രാന്തമായ പരിശ്രമങ്ങളിലേക്കാണ് ചെന്നുപെട്ടത്. കാടിന്റെ സൂക്ഷ്മസത്തയെ നമ്മുടെ ഇടപെടലുകള്‍ ചൈതന്യരാഹിത്യത്തിലേക്ക് കൊണ്ടെത്തിച്ചു. വലിയ സംരക്ഷിതവനങ്ങളില്‍ അതുവരെ കാണാതിരുന്നതും മറ്റ് സസ്യങ്ങള്‍ക്ക് നാശംവിതയ്ക്കുന്നതുമായ പുതുമുകുളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കാലാവസ്ഥയിലും കാട്ടിലുമുള്ള മാറ്റങ്ങളെക്കുറിച്ച് എല്ലായ്പ്പോഴും നാം മിണ്ടിക്കൊണ്ടിരിക്കുമെങ്കിലും മനുഷ്യസഹജമായ അലംഭാവം പുലര്‍ത്തിപ്പോന്നു. പല കാനനങ്ങളിലും പുലരാന്‍വയ്യാത്ത സസ്യങ്ങളൊക്കെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതില്‍നിന്നും ചില തിരിച്ചറിവുകളെക്കുറിച്ച് പ്രകൃതി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നാം സമയത്തെയും കാലത്തെയും മുറുകെപ്പിടിച്ച് പായുകയായിരുന്നു. ഒന്നിനും സമയമില്ലായിരുന്നു നമ്മുടെ പക്കല്‍!

Content Highlights: Kerla Corona Virus, Covid 19 Lockdown, Kerala Wildlife, NA Naseer Photography, Wildlife Photography