കോവിഡ് വാക്‌സിനെടുക്കാത്തവരേ തേടി രണ്ടുപേര്‍ ഒരു യാത്ര തുടങ്ങിയിട്ടുണ്ട്. കൊടുങ്ങല്ലൂരുകാരന്‍ അക്ഷതും കൊല്ലം സ്വദേശി അനന്തപത്മനാഭനും. കോവിഡ് വീണ്ടും പിടിമുറുക്കുന്നുവെന്ന് അന്താരാഷ്ട്ര തലങ്ങളിലടക്കം സൂചന നല്‍കുമ്പോഴും പലരും കോവിഡ് വാക്‌സിനെടുക്കാന്‍ മടികാണിക്കുന്നുണ്ട്. അത്തരക്കാരെ തേടിയാണ് രണ്ട് പേരുടേയും യാത്ര. 

കാസര്‍കോട്  മുതല്‍ കന്യാകുമാരി വരെയാണ് ബി.വാക്‌സ് എന്ന കാമ്പയിനുമായി രണ്ട്  വിദ്യാര്‍ഥികള്‍ ആളുകളെ തേടിയിറങ്ങിയിരിക്കുന്നത്. 29-ാം തീയതിയാണ് യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയില്‍ ഇരുവരും ബോധവല്‍ക്കരണം നടത്തും. വാക്‌സിന്റെ ആവശ്യകതയേ കുറിച്ച് പറഞ്ഞുകൊടുക്കും. 

കാസര്‍കോടും കണ്ണൂരും പിന്നിട്ട് കോഴിക്കോട്ടെത്തിയപ്പോള്‍ത്തന്നെ വാക്‌സിനെടുക്കാത്ത നിരവധി പേരെ കാണാന്‍ കഴിഞ്ഞെന്ന് പറയുന്നു ഈ വിദ്യാര്‍ഥികള്‍. ഐ.ടി.ഐ, പോളിടെക്‌നിക്ക് വിദ്യാര്‍ഥികളായ രണ്ട്  പേരും വാക്‌സിനെടുക്കുന്നതിന്റെ ബോധവത്കരണവുമായി ആളുകളിലേക്കെത്തുമ്പോള്‍ എവിടേയും നിറഞ്ഞ സ്വീകരണമാണ്. ചിലര്‍ താമസം നല്‍കി, മറ്റ് ചിലര്‍ ഭക്ഷണവും വെള്ളവും നല്‍കി. പലരും വാക്‌സിനെടുക്കാന്‍ താല്‍പര്യവുമെടുത്തു. രണ്ട്  പേരും മുന്‍പും പലയിടങ്ങളിലേക്കും സൈക്കിള്‍ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പ്രത്യേക ലക്ഷ്യം വെച്ചുള്ള യാത്ര ആദ്യമാണ്.

കനത്ത മഴയായിരുന്നു യാത്രയ്ക്കിടെ നേരിട്ട പ്രധാന വെല്ലുവിളി. പക്ഷേ ലക്ഷ്യത്തില്‍ നിന്നും പിന്‍മാറാന്‍ രണ്ടു പേരും തയ്യാറായില്ല. ടെന്റടിച്ചും മറ്റും താമസിച്ചാണ് യാത്രയെങ്കിലും ചിലരിവര്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നുണ്ട്. രാവിലെ ഏഴ് മണിമുതല്‍ തുടങ്ങുന്നതാണ് യാത്ര. ദിവസം ആറ് മണിക്കൂറോളം യാത്ര ചെയ്യും. വരുന്ന  29-ാം തീയതി വരെ ഒരുമാസം നീണ്ട് നില്‍ക്കുന്നതാണ് യാത്ര.

Content Highlights: kasaragod to kanyakumari, travel in cycle, covid vaccination awareness