രുപക്ഷേ കോവിഡ് കാലം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയതും അതിനേക്കാളുപരി ഊർജം നൽകിയതുമായ ഒരു വിഭാ​ഗമാണ് യാത്രാപ്രേമികൾ. പ്രതിസന്ധികളെ തരണം ചെയ്യാൻ അവരെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ചിരിക്കുക കൊറോണാ കാലമായിരിക്കും. പാലക്കാട് മലമ്പുഴ സ്വദേശി പ്രസാദ് എന്ന ചെറുപ്പക്കാരനും യാത്ര നടത്താൻ പ്രേരകമായത് ലോക്ക്ഡൗൺ കാലമാണ്.

നാട്ടിൽ എ.സി. മെക്കാനിക്ക് ആയി ജോലി നോക്കുകയായിരുന്നു പ്രസാദ്. അടച്ചിടൽ കാലത്ത് ജോലി കുറഞ്ഞു. അങ്ങനെയുള്ള നാളുകളിലൊന്നിലാണ് യാത്ര എന്ന ചിന്ത വരുന്നത്. യാത്ര ചെയ്യുക എന്നാലോചിക്കുമ്പോൾ പലരുടേയും മനസിലേക്ക് ആദ്യം വരുന്ന വാഹനം ബൈക്ക് ആയിരിക്കും. മറ്റുചിലർക്ക് കാറോ ട്രെയിനോ സൈക്കിളോ ആയിരിക്കും. എന്നാൽ ഇതൊന്നുമല്ല പ്രസാദ് ചിന്തിച്ചത്. കാൽനടയായി കേരളം മുഴുവൻ അങ്ങ് സഞ്ചരിച്ചാലോ എന്നാണ്. കാസർകോട് മുതൽ കന്യാകുമാരി വരെ നേരെ നടക്കുക, അതും ഒറ്റയ്ക്ക്.

വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ ആദ്യം ആശങ്കയാണ് പ്രകടിപ്പിച്ചത്. പക്ഷേ പറഞ്ഞ് സമ്മതിപ്പിച്ചു. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ സ്ഥലം കണ്ട് അവസാനിപ്പിക്കുന്ന യാത്ര വേണ്ടെന്ന് പ്രസാദ് തീരുമാനിച്ചുവെച്ചിരുന്നു. നാട്ടിൽ വർധിച്ചുവരുന്ന പലതരം അക്രമസംഭവങ്ങള്‍ക്കെതിരേ എന്ന മുദ്രാവാക്യം അങ്ങനെയാണ് കിട്ടുന്നത്. കാസർകോട് നിന്ന് കന്യാകുമാരി വരെ നീളുന്ന യാത്രയിൽ ഈ സന്ദേശമാണ് പ്രസാദ് നൽകുന്നത്.

Prasad Walking
കന്യാകുമാരി യാത്രയ്ക്കിടെ കോഴിക്കോട്ടെത്തിയ പ്രസാദ് | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി

യാത്രാമധ്യേ പലരും അടുത്തുവന്ന് കാര്യങ്ങൾ അന്വേഷിക്കും. അവരോടെല്ലാം തന്റെ യാത്രാലക്ഷ്യം പറയും. ഒറ്റയ്ക്കുള്ള യാത്രയായതിനാൽ പലരും ഭക്ഷണവും വെള്ളവും വാങ്ങിത്തന്നിട്ടുണ്ടെന്ന് പ്രസാദ് പറഞ്ഞു. ദിവസം 25 കിലോ മീറ്ററാണ് നടക്കുന്നത്. ഇടയ്ക്ക് ചിലർ ബൈക്കിൽ ഇടം തരാമെന്ന് പറയും. പക്ഷേ നിരസിക്കും. നടന്ന് തന്നെ പോകണമെന്ന നിശ്ചയദാർഢ്യം തന്നെ അതിന് കാരണം. താമസത്തിനായി ഹോട്ടലുകൾ അങ്ങനെ ഉപയോ​ഗിക്കാറില്ല. പെട്രോൾ പമ്പുകളേയും വായനശാലകളേയും ആശ്രയിക്കും.

ഇതിന് മുമ്പ് ഒരു യാത്രപോലും നടത്തിയിട്ടില്ല എന്നതാണ് പ്രസാദിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒറ്റയ്ക്ക് കാൽനടയാത്ര ചെയ്യുന്ന വേറെ ആരെയും പരിചയവുമില്ല. ഒരു മാസവും പത്ത് ദിവസവുമാണ് ലക്ഷ്യസ്ഥാനത്തെത്താൻ പ്രസാദ് കണക്കുകൂട്ടുന്നത്. ഇടയ്ക്കിടെ മാറുന്ന കാലാവസ്ഥയാണ് ആശങ്കയായി നിൽക്കുന്നത്. എങ്കിലും തന്റെ യാത്ര കൃത്യസമയത്ത് മനസിൽ കരുതിയ രീതിയിൽത്തന്നെ പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.

Content Highlights: Kasaragod to Kanyakumari, Kerala tourism places, Prasad's all kerala walking