Karthikeya Lathaനാടിനെയും സംസ്‌കാരത്തെയും അറിയാന്‍ കാല്‍നടയാത്രയാണ് ഡല്‍ഹി നോയിഡ സ്വദേശി കാര്‍ത്തികേയ ലാഥ സ്വീകരിച്ചത്. ഇത്തവണ കന്യാകുമാരി മുതല്‍ ഗോവ വരെയാണിത്. 

ജനുവരി 17-ന് സഞ്ചാരം തുടങ്ങിയ ഈ യുവാവ് ശനിയാഴ്ച കണ്ണൂരിലെത്തി. തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം നേരിട്ട് കാണുകയും ലക്ഷ്യമാണ്. എല്ലാ ദിവസവും രാവിലെ 6.30-ന് നടന്നുതുടങ്ങും. ചൂടുള്ള സമയത്ത് പതിനൊന്ന് മണിയോടെ യാത്ര അവസാനിപ്പിക്കും. നല്ല കാലാവസ്ഥയാണെങ്കില്‍ നടത്തം വൈകീട്ടു വരെ തുടരും.

അമ്മാവനൊപ്പം അമേരിക്കയിലായിരുന്ന കാര്‍ത്തികേയ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. അവിടെ സോളാര്‍ ഉത്പന്ന കമ്പനി നടത്തി. രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയില്‍ തിരിച്ചെത്തി. ഹിമാലയത്തിലേക്ക് യാത്ര നടത്തി. പെറുവിലെ യാത്രാനുഭവങ്ങള്‍ സംബന്ധിച്ച് 'ഡ്രീം ബിയോണ്ട് ഷാഡോസ്' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ബുദ്ധമതത്തെക്കുറിച്ചും മറ്റു മതങ്ങളെക്കുറിച്ചും പഠിച്ച് ഫിലോസഫി അടിസ്ഥാനമാക്കി പുസ്തകം എഴുതിയിട്ടുണ്ട്. 

നോയിഡയില്‍ ബിസിനസ്സുകാരനായ അതുലിന്റെയും ഡിസൈനറായ സുനിതയുടെയും മകനാണ്. സഹോദരി ശിവാംഗി ചിത്രകാരിയാണ്. യാത്രയിലുടനീളം നല്ല സ്വീകരണമാണ് മലയാളികളില്‍നിന്ന് ലഭിച്ചതെന്ന് കാര്‍ത്തികേയ പറയുന്നു.

Content Highlights: Karthikeya Latha, Walking From Kanyakumari to Goa