സരസേ, 'യാത്രേ'ല്‍ ദേ ഇങ്ങനൊക്കെ പറയുന്നുണ്ട് നമുക്കൊന്ന് പോയ്ക്കളയാ.' അഴീക്കോട്ടെ നാലുവനിതകളുടെ യാത്രകളുടെ തുടക്കം കാര്‍ത്ത്യായനിയുടെ ഈ ചോദ്യത്തോടെയാണ്. സ്ഥലവും സമയവും തീരുമാനിച്ച് പണവും ഒത്തുവന്നാല്‍ പിന്നെ വൈകില്ല, മോഹിച്ച ദിക്കുകാണാന്‍ പ്രായത്തിന്റെ അവശതകളെ മറന്ന്  2011ല്‍ കൊല്ലൂര്‍ മൂകാംബികയെ തൊഴാനിറ ങ്ങിയതാണ് നാലുപേരും. (അന്ന് സംഘത്തില്‍ രമണിയില്ല പകരം ഉഷയുടെ അമ്മയായിരുന്നു ഉണ്ടായിരുന്നത്. വയ്യാതായതോടെ അവര്‍ പിന്‍വാങ്ങി) 

ആദ്യകാലത്തില്‍ ക്ഷേത്രദര്‍ശനമായിരുന്നു ലക്ഷ്യമെങ്കിലും യാത്രകളുടെ എണ്ണം കൂടിയതോടെ ഹരവും കൂടി. കന്യാകുമാരി, തിരുപ്പതി, കാഞ്ചീപുരം, തഞ്ചാവൂര്‍, ഊട്ടി, കൊടൈക്കനാല്‍, പഴനി, മധുര, ആഗ്ര, താജ് മഹല്‍, പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം, ന്യൂഡല്‍ഹി ഏറ്റവും ഒടുവില്‍ ഹൈദരാബാദ് വരെ നാല്‍വര്‍ സംഘം എത്തി. മക്കള്‍ വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ്. ഞങ്ങളാണെങ്കില്‍ വീട്ടില്‍ വെറുതെ ഇരിക്കുകയല്ലേ. അപ്പോഴാണ് നമുക്ക് ക്ഷേത്രങ്ങളില്‍ പോയാലോ എന്ന് ചിന്തിക്കുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ യാത്രകള്‍ പതിവായി. 

യാത്ര മാഗസിന്‍ കൈയില്‍ കിട്ടിയാല്‍ പതിയെ എല്ലാം വായിച്ച് മനസ്സിലാക്കും. എന്നിട്ട് മറ്റു മൂന്നു പേരോടും പറയും- ''പുസ്തകത്തില്‍ ഇന്നതുപോലെ എല്ലാം പറയുന്നുണ്ട്. നമുക്ക് പോകാമെന്ന്.'' അവര്‍ സമ്മതം മൂളിയാല്‍ പിന്നെ എല്ലാവരുടെ സൗകര്യവും നോക്കി യാത്ര പുറപ്പെടും. ഇന്ത്യയില്‍ ഇനി വളരെ കുറച്ച് സ്ഥലങ്ങളെ കാണാന്‍ ബാക്കിയുള്ളൂ. കാര്‍ത്ത്യായനി പറയുന്നു.

ഉത്സവത്തിനോ, കല്യാണങ്ങള്‍ക്കോ പോവുന്നതായിരുന്നു നാലുപേരും ചെറുപ്പകാലത്ത് നടത്തിയിട്ടുള്ള വലിയ യാത്രകള്‍. അന്നുകഴിയാത്ത യാത്രകളാണ് ഇപ്പോള്‍ പോയിത്തീര്‍ക്കുന്നതെന്ന് 64-കാരിയായ സരസ്വതി പറയുന്നു. അമ്മമാരുടെ യാത്രകള്‍ക്ക് പൂര്‍ണപിന്തുണയുമായി നാലുപേരു ടെയും മക്കളുണ്ട്. യാത്രകളില്‍ ഒരിക്കല്‍പ്പോലും അനിഷ്ടസംഭവങ്ങളോ, ബുദ്ധിമുട്ടുകളോ ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. ''ആള്‍ക്കാരെ കണ്ടോ അ റിയാലോ ഏതുതരക്കാരാണെന്ന്. അതുകൊണ്ട് എന്തെങ്കിലും ചോദിച്ച് പരിചയപ്പെടാന്‍ വന്നാല്‍ തന്നെ എല്ലാം തുറന്നുപറയില്ല.'' കാര്‍ത്ത്യായനി പറയുന്നു. ഭര്‍ത്താവ് മാണിക്കര നാരായണനോടൊപ്പം മുംബൈയിലായിരുന്നതിനാല്‍ കാര്‍ത്ത്യായനിക്ക് അത്യാവശ്യം ഹിന്ദി കൈകാര്യം ചെയ്യാന്‍ അറിയാം. ഇംഗ്ലീഷ് ബോര്‍ഡുകളും തെറ്റുകൂടാതെ വായിക്കും. 

''എവിടെയെങ്കിലും പോകണമെന്ന് വിചാരിച്ചാല്‍ പോകും, പ്രായമായില്ലേ വിശ്രമിക്കാം എന്നൊരു ചിന്തയൊന്നുമില്ല. യാത്രകള്‍ വലിയ ഉന്മേഷമാണ്...ഓരോ യാത്രയും വീണ്ടും വീണ്ടും യാത്രകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.'' നാലുപേരും ഒരേ സ്വരത്തില്‍ പറയുന്നു.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Kannur Mothers' Travel, Women Travel, India Travel, Mathrubhumi Yathra