ഈ മീൻവേട്ട കാണേണ്ടതുതന്നെയാണ്, നീരാടിയും നായാടിയും കംചട്കയെ കളിപ്പൊയ്കയാക്കുന്നവർ


എഴുത്തും ചിത്രങ്ങളും : മോഹൻ തോമസ്

ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ കടലിൽനിന്ന് തിരികെ കയറി വരുന്ന ഈ കാലത്ത് അടുത്ത ശീതകാലനിദ്രയ്ക്കുള്ള തയ്യാറെടുപ്പായി അവയെ കരടികൾ വേട്ടയാടുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്.

കംചട്കയിൽ നിന്നൊരു കാഴ്ച

കംചട്കയിലേയ്ക്കുള്ള എന്റെ യാത്ര ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തര വിമാനസർവീസിലായിരുന്നു. മോസ്‌കോയിൽനിന്ന് 9 മണിക്കൂർ നീളുന്ന സഞ്ചാരം. കിഴക്കൻ റഷ്യയിൽ സ്ഥിതിചെയ്യുന്ന ഉപദ്വീപാണ് കംചട്ക. ചെമ്പൻ കരടികളും കൊലയാളിത്തിമിംഗിലങ്ങളും സാൽമൺ മത്സ്യങ്ങളും ധാരാളമായുള്ള ഭൂഭാഗം.

അവിടെ എത്തിച്ചേർന്നപ്പോഴുള്ള ആദ്യ കടമ്പ ശൈത്യവുമായി പൊരുത്തപ്പെടുക എന്നതായിരുന്നു. വർഷത്തിൽ പല കാലങ്ങളിലും ഇവിടെ താപനില സീറോ ഡിഗ്രിയിലും താഴെയാണ്. പെട്രോപവ്ലോസ്‌കിൽനിന്ന് കുറിൽ ലേക്കിലേയ്ക്ക് ഹെലികോപ്റ്ററിലാണ് യാത്ര. കുറിൽ ലേക്കിൽ ചെമ്പൻ കരടികളെ കാണാനും ഫോട്ടോകൾ പകർത്താനും സാധിക്കും. അവിടെത്തന്നെ താമസവും ശരിയാക്കിയിരുന്നു. ഹെലികോപ്റ്ററിൽ ഒരുമണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. പോകുംവഴിയിലുടനീളം അഗ്‌നിപർവതങ്ങളുടെ മനോഹരമായ ദൃശ്യം കാണാമായിരുന്നു. ഏതാണ്ട് 160 അഗ്‌നിപർവതങ്ങളാണ് കംചട്കയിലുള്ളത്. അതിൽ തന്നെ 29 എണ്ണം ഇപ്പോഴും സജീവമാണ്.

Polar Bear

ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിന് മുൻപേ തന്നെ തടാകത്തിന് ചുറ്റും വിഹരിക്കുന്ന കരടികളുടെ ആകാശക്കാഴ്ച കണ്ട് ഞങ്ങൾ ആവേശഭരിതരായി. സകല സാധനസാമഗ്രികളുമായി ഞങ്ങൾ ലക്ഷ്യസ്ഥാനത്തേയ്ക്ക് പുറപ്പെട്ടു. ഇനി ഇവിടെയാണ് അടുത്ത നാല് ദിവസങ്ങൾ. മനസ്സിൽ സ്വർഗത്തെപ്പറ്റി കോറിയിട്ട സങ്കല്പ ചിത്രത്തോട് ഏറെ അടുത്തുനിൽക്കുന്നതായിരുന്നു ആ ഭൂപ്രദേശം. തുടുത്ത നീലനിറമുള്ള ജലാശയത്തിന് നടുവിലെ ഒരു ചെറിയ ദ്വീപിലായിരുന്നു താമസം ശരിയാക്കിയിരുന്നത്. തടാകത്തിന് അതിരിട്ട് പർവതങ്ങളും അഗ്‌നിപർവതങ്ങളും ആകാശത്തേയ്ക്ക് മുഖം പൂഴ്ത്തി നിൽക്കുന്നു. ചില അഗ്‌നിപർവതങ്ങളിൽനിന്ന് പുക വമിക്കുന്നുണ്ട്. ഏതോ ഫെയറി ടെയ്ലിൽ നിന്നിറങ്ങി വന്നതുപോലുള്ള കാഴ്ച.

കുറിൽ ലേക്കിലെ ഞങ്ങളുടെ ദിവസങ്ങൾ അതിരാവിലെ തന്നെ തുടങ്ങുമായിരുന്നു. കരടികളെ കണ്ടെത്താൻ കഴിയുന്ന ഇടങ്ങളിലേയ്ക്ക് മുട്ടൊപ്പം ആഴമുള്ള അരുവികളിലൂടെ ഏന്തി വലിഞ്ഞുനടന്നു. വർഷത്തിൽ അഞ്ച് മുതൽ ഏഴുമാസം വരെ നീളുന്ന ശൈത്യകാലത്ത് ചെമ്പൻകരടികൾ ശീതകാലനിദ്രയിലാഴും. മഞ്ഞുരുകി തുടങ്ങുന്നതോടെ അവർ ഉണരുകയായി. പിന്നെ വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി ആർത്തിയോടെ അലയുന്ന സമയമാണ്. ചെറുപഴങ്ങളും സാൽമൺ മത്സ്യങ്ങളുമാണ് പ്രധാന വിഭവങ്ങൾ. ശുദ്ധജലത്തിലാണ് സാൽമൺ മത്സ്യങ്ങളുടെ ജനനം. പിന്നീട് സമുദ്രത്തിലേയ്ക്ക് പോകുന്ന ഇവ പ്രജനനകാലത്ത് ശുദ്ധജലത്തിലേയ്ക്ക് തിരികെ നീന്തിയെത്തുന്നു. ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ കടലിൽനിന്ന് തിരികെ കയറി വരുന്ന ഈ കാലത്ത് അടുത്ത ശീതകാലനിദ്രയ്ക്കുള്ള തയ്യാറെടുപ്പായി അവയെ കരടികൾ വേട്ടയാടുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്.

Polar Bear 2

ഈ യാത്രയിൽ വമ്പൻ കരടികളെയും അവരുടെ വനജീവിതത്തെയും ആഴത്തിൽ അറിയാൻ കഴിഞ്ഞു എന്നുപറയാം. അമ്മമാരും കളിക്കുറുമ്പുമായി മേയുന്ന കുട്ടിക്കരടികളും ഭക്ഷണത്തിനായുള്ള വേട്ടയാടലും തുടങ്ങി അവരുടെ ജീവിതത്തിലേയ്ക്ക് തുറന്നുവെച്ച ജാലകവാതിലിലൂടെ തെളിഞ്ഞ അദ്ഭുതാവഹമായ ദൃശ്യങ്ങൾ...നാലുദിവസങ്ങൾ പറന്നുപോയി. കംചട്കയിലെ പ്രകൃതിയും അവിടെ അധിവസിക്കുന്നവരും മനസ്സിനെ തൊട്ടുനിന്നു. ടീം അംഗങ്ങളെയല്ലാതെ ആ ദിവസങ്ങളിൽ ഒരു മനുഷ്യനെ പോലും ഞങ്ങൾ അവിടെ കണ്ടുമുട്ടിയില്ല.

തിരികെ പോരുമ്പോൾ അത്ര മനോഹരമായ ഒരിടത്തെ പിറകിൽ ഉപേക്ഷിച്ചുപോരുന്നതോർത്ത് കണ്ണുകൾ നനഞ്ഞു. അവിടത്തെ മരക്കുടിലിൽനിന്ന് യാത്ര പറഞ്ഞ് പറന്നുയരുമ്പോൾ ക്ഷണനേരത്തിൽ മിന്നിമറഞ്ഞ ദൃശ്യങ്ങളെ മനസ്സ് ഒപ്പിയെടുത്തു. എന്റെ സങ്കല്പങ്ങളെ കീഴടക്കിയ സ്വർഗഭൂമി.

Polar Bear 3

തിരിച്ചുള്ള യാത്രയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് ഒരു അഗ്‌നിപർവതമുഖത്താണ്. ലാവാ പ്രവാഹത്തിലൂടെ രൂപപ്പെട്ട ഗർത്തത്തിൽനിന്ന് സൾഫർ പുകപടലങ്ങൾ ഉയരുന്നുണ്ടായിരുന്നു. സജീവമായ അഗ്‌നിപർവതത്തിന് മുകളിൽ നിൽക്കാൻ എല്ലായ്പ്പോഴും അവസരം കിട്ടാറില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിട്ടിയ നിമിഷങ്ങൾ ഭാഗ്യം തന്നെയായിരുന്നു. ചൂട് നീരുറവകളും ആ യാത്രയിൽ സന്ദർശിച്ചു.

Mathrubhumi Yathra
മാതൃഭൂമി യാത്ര വാങ്ങാം

തൊട്ടടുത്ത ദിവസമായിരുന്നു, പസിഫിക് സമുദ്രത്തിലൂടെയുള്ള ക്രൂയിസ് യാത്രയ്ക്കായി മാറ്റി വെച്ചിരുന്നത്. മീൻപിടിച്ചും കൊലയാളിത്തിമിംഗിലങ്ങളും കടൽസിംഹങ്ങളും കറുപ്പും വെളുപ്പും നിറങ്ങൾ ചാർത്തിയ പഫിൻ പക്ഷികളും കൂനൻ തിമിംഗിലങ്ങളും അടക്കമുള്ള കടൽജീവികളെ കണ്ടാസ്വദിച്ചുമുള്ള സമുദ്രയാത്ര. സമൃദ്ധമായ കാഴ്ചവിരുന്നുണ്ട സംതൃപ്തിയോടെയായിരുന്നു തുറമുഖത്തേയ്ക്കുള്ള മടക്കയാത്ര. അവസാന ദിവസം പെട്രോപാവ്ലോവ്സ്‌കിൽ ചെലവഴിക്കാനായിരുന്നു തീരുമാനം. ഇന്നുവരെ നടത്തിയ യാത്രകളിൽ മിഴിവോടെ നിൽക്കുന്ന അനുഭവമാണ് കംചട്കയിലെ ദിനങ്ങളെന്ന് നിസ്സംശയം പറയാം. ഇനിയെന്നും ആ വന്യഭംഗി മനസ്സിലുണ്ടാവുകയും ചെയ്യും.

(മാതൃഭൂമി യാത്ര 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Kamchatka Travel, Wildlife Photography, polar bear's fish hunt, mathrubhumi yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented