കടലുണ്ടി പക്ഷിസങ്കേതം | ഫോട്ടോ വിജേഷ് വള്ളിക്കുന്ന്
മൂന്നുഭാഗവും പുഴകള്‍. പടിഞ്ഞാറ് അറബിക്കടല്‍ പ്രകൃതി കനിഞ്ഞരുളിയ കടലുണ്ടി, ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തേടുകയാണ്. കടലുണ്ടിയിലെ ടൂറിസം മേഖലകളെ ഒരു കുടക്കീഴില് കൊണ്ടുവന്ന് സഞ്ചാരികളുടെ പറുദീസയാക്കണമെന്ന ആവശ്യവും നാട്ടുകാരില്‍നിന്നും സഞ്ചാരികളില്‍നിന്നും ഉയരുന്നുണ്ട്. ഇതുവഴി ഉത്തരവാദിത്വടൂറിസത്തിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലും സ്വന്തമായ വരുമാനവും സ്വയംപര്യാപ്തതയും നേടാം എന്ന ആശയവും ശക്തമാണ്.
സഞ്ചാരികളുടെ പറുദീസ
കടലുണ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 750 മീറ്റര്‍മാത്രമാണ് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി കമ്യൂണിറ്റി റിസര്വിലേക്കുള്ളത്. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലായി കടലുണ്ടിപ്പുഴയുടെ തീരത്ത് അറബിക്കടലിന്റെ അഴിമുഖത്തായി 154 ഹെക്ടര്‍ ഭൂമിയിലാണ് കമ്യൂണിറ്റി റിസര്‍വ്. റിസര്‍വിലെ മുപ്പത് ഹെക്ടര്‍ ഭൂമി കണ്ടല്‍ വനമേഖലയാണ്. ഇതാണ് ദേശാടനപ്പക്ഷികളുടെ പറുദീസ.
ടിബറ്റ്, ചൈന, സൈബീരിയ, കസാഖ്സ്താന് തുടങ്ങിയ മേഖലകളില്‍നിന്നും രാജ്യത്തിനകത്തുനിന്നും ദേശാടനപ്പക്ഷികള്‍ ധാരാളമായിയെത്തുന്നു. സെപ്റ്റംബര്‍ ആദ്യവാരത്തിനു ശേഷമാണ് ദേശാടനപ്പക്ഷികള്‍ എത്താറ്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് 88 മുതല്‍ നൂറിനംവരെയുള്ള ദേശാടനപ്പക്ഷികളെ കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. പ്രമുഖ പക്ഷി നിരീക്ഷകനായ ഡോ. സാലിം അലിയുടെ 'ബേര്‍ഡ്സ് ഓഫ് കേരള'യില്‍ പരാമര്‍ശിക്കുന്ന പത്തിലധികം പക്ഷികളെ കടലുണ്ടി പക്ഷിസങ്കേതത്തില്‍നിന്ന് കണ്ടെത്തിയിരുന്നു.

ഗ്രേറ്റ് നോട്ട്, ക്രാബ്പ്ലോവര്, പവിഴക്കാലി, ചോരക്കാലി, പച്ചക്കാലി, വാള്‍കൊക്കന്‍, മണല്‍ കോഴികള്‍, ടേണ്‍ സ്റ്റോണ്‍, ഡണ്ലിന്, കടലുണ്ടി ആള തുടങ്ങി നൂറുകണക്കിന് പക്ഷികളാണ് കടലുണ്ടി പക്ഷിസങ്കേതത്തിലെ അതിഥികളായി എത്താറുള്ളത്.
കേരളത്തിലെ ആദ്യ റെയില്വേസ്റ്റേഷന്
കടലുണ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കിലോമീറ്റര്‍ ദൂെരയാണ് കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്റെ ശേഷിപ്പുകളുള്ളത്. ബ്രിട്ടീഷുകാര്‍ തിരൂര്‍ മുതല്‍ ചാലിയം വരെ മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു റെയില്‍പ്പാളം നിര്‍മിച്ചത്. 1861 മാര്‍ച്ച് 12നായിരുന്നു ആദ്യത്തെ ആവിവണ്ടി കൂകിവിളിച്ച് ഈ പാതയിലൂടെ തിരൂരിലേക്ക് കുതിച്ചത്. ചരക്കുനീക്കം ത്വരപ്പെടുത്തുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. നിലമ്പൂര്‍ കാടുകളില്‍നിന്ന് ചങ്ങാടം വഴി ചാലിയാറിലൂടെ കൊണ്ടുവന്ന തേക്ക് ഉള്‍പ്പെടെ മേല്‍ത്തരം തടികള്‍ ചരക്കുതീവണ്ടി മാര്‍ഗം കൊണ്ടുപോയിരുന്നു. ഓടുമേഞ്ഞ ഇരുനിലക്കെട്ടിടമായിരുന്നു ചാലിയം റെയില്വേസ്റ്റേഷന്. ഇന്ന് വനംവകുപ്പിന്റെ ചാലിയം തടിഡിപ്പോയ്ക്കുള്ളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് മണ്ണ് കിളയ്ക്കുന്ന സമയത്ത് കിട്ടിയ റെയില്‍പ്പാളം ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് പാത്തി ഇന്ന് ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് മ്യൂസിയത്തിലുണ്ട്.
ഇരുമ്പ് കവചിത കമാനപാലം ഫറോക്കില്‍ പണിയുകയും 1888ല്‍ റെയില്‍പ്പാളം കോഴിക്കോട്ടേക്ക് നീട്ടുകയും ചെയ്തു. അതോടെ കേരളത്തിലെ ആദ്യ റെയില്വേസ്റ്റേഷന് ഓര്‍മയിലേക്കു മറഞ്ഞു. ഇന്നും പഴമയെ ഓര്‍മിപ്പിച്ച് ഭീമന് കിണറ് ഇവിടെയുണ്ട്.

പോര്‍ച്ചുഗീസ് കോട്ട
കടല്‍വഴിയുള്ള ആക്രമണം തടയാനും മലബാറിലെ ആധിപത്യം ഉറപ്പിക്കാനുമായാണ് പോര്‍ച്ചുഗീസുകാര്‍ അറബിക്കടലിനോടുചേര്ന്ന് ചാലിയത്ത് 1531ല്‍ കോട്ട നിര്‍മിച്ചത്. അറബികളെ കച്ചവടക്കുത്തകയില്നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസ് വാദം സാമൂതിരി തള്ളിയതോടെ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുമായി ശത്രുതയിലായി ഇതേത്തുടര്‍ന്ന് പോര്‍ച്ചുഗീസ് അധിനിവേശം അസഹനീയമായതോടെ സാമൂതിരിയുടെ ആജ്ഞപ്രകാരം 1571ല്‍ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ സൈന്യം കോട്ട വളഞ്ഞ് തകര്‍ക്കുകയായിരുന്നു. ഇന്നും കടല്‍ത്തീരത്ത് ഇതിന്റെ ശേഷിപ്പുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
ചാലിയത്തെ ഹോര്‍ത്തൂസ് ചരിത്രം
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠനം നടത്താനും സാധാരണക്കാര്‍ക്ക് ഔഷധ സസ്യങ്ങളെ അടുത്തറിയാനും വേണ്ടിയാണ് അറബിക്കടലിന്റെ തീരത്ത് ചാലിയത്തെ വനം വകുപ്പിന്റെ ഭൂമിയില്‍ ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യസര്വസ്വത്തിന് 2010 ജൂണ്‍ 11ന് തറക്കല്ലിട്ടത്.
742 സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസിലെ അഞ്ഞൂറ് സസ്യങ്ങളെയാണ് ഇവിടെ തുടക്കത്തില്‍ സംരക്ഷിച്ചിരുന്നത്.

ഹോര്‍ത്തൂസ് മലബാറിക്കസ് മലബാറിലെ സസ്യങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനഗ്രന്ഥമാണ്. നാട്ടുവൈദ്യരായിരുന്ന ഇട്ടി അച്യുതന്, വിനായകഭട്ട്, അപ്പുഭട്ട്, രംഗഭട്ട് തുടങ്ങി ഇരുപതോളം നാട്ടുവൈദ്യരുടെ സഹായത്തോടെയാണ് വാന്‍ റീഡ് പന്ത്രണ്ട് വാല്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കസ് രചിച്ചത്. 16781693 കാലഘട്ടത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഹോളണ്ടിലെ ആംസ്റ്റര്‍ ഡാമില്‍നിന്നാണ് ഇത് അച്ചടിച്ചത്. ഏറെ ടൂറിസ പ്രാധാന്യമുള്ള ഈ മേഖലകളെ ഒരു കുടക്കീഴിലാക്കണമെന്നാണ് സഞ്ചാരികളും ആവശ്യപ്പെടുന്നത്.
Content Highlights: kadalundi bird sanctuary tourist destination Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..