കാബൂൾ നഗരം | Photo: AFP
എന്റെ അഫ്ഗാന് സുഹൃത്ത് സിയാലിന്റെ അഭാവം സൃഷ്ടിച്ച ആശയക്കുഴപ്പമാണ് കാബൂളില്‍ എത്തിയതിനു ശേഷം എനിക്കു നേരിടേണ്ടിവന്ന ആദ്യത്തെ പ്രതിസന്ധി. പ്രാതലിനു ശേഷം ഹോട്ടലിലെ ട്രാവല്ഡെസ്ക്കില് അരമണിക്കൂറിലധികം ഞാന്‍ ചെലവഴിച്ചെങ്കിലും മനസ്സിനിണങ്ങിയ യാത്രാപരിപാടികള്‍ രൂപപ്പെടുത്തുവാന്‍ എനിക്കു സാധിച്ചില്ല എന്നതാണ് വാസ്തവം. ഒടുവില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ഈയൊരു പകല്‍ മുഴുവന്‍ കാബൂള്‍ നഗരക്കാഴ്ചകള്‍ക്കു വേണ്ടി വിനിയോഗിക്കുവാനുള്ള ലളിതവും എന്നാല്‍ സാഹസികവുമായ തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേരുകയായിരുന്നു. ഹോട്ടലില്‍നിന്നും ഏര്‍പ്പാടാക്കിയ ടൊയോട്ട ലാന്‍ഡ്ക്രൂയ്സര്‍ കാറില്‍ സാമാന്യം ഇംഗ്ലീഷ് സംസാരിക്കുവാന്‍ അറിയാവുന്ന നജീബ് നസീറി എന്ന അഫ്ഗാന് സാരഥിയോടൊപ്പം അങ്ങനെ എന്റെ കാബൂള്പര്യടനത്തിനു തുടക്കമായി.
കാബൂള്നഗരം; ഇതുവരെ ഞാന്‍ സന്ദര്ശിച്ചിട്ടുള്ളതില്വെച്ച് ഏറ്റവും അരക്ഷിതമായ പട്ടണം, അതിവേഗം വളരുന്ന ലോകനഗരങ്ങളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനം അലങ്കരിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ അതൊരു വിരോധാഭാസമായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. കാബൂളിനെ അടുത്തറിയുന്നതുവരെ ഈ പ്രസ്താവന വിശ്വസിക്കുവാന്‍ എനിക്കും സാധിച്ചിരുന്നില്ല. മുജാഹിദിനും താലിബാനും ഇസ്ലാമിക്സ്റ്റേറ്റും അഴിച്ചുവിടുന്ന കൊടിയ ഭീകരതയ്ക്ക് ഈ നഗരത്തിന്റെ മാസ്മരികമായ ആകര്‍ഷണത്തെ ഒരു തരിമ്പുപോലും കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന കണ്ടെത്തലാണ് അതിലും വലിയ വിരോധാഭാസമായി എനിക്കു തോന്നിയത്. ഇത്തരം വിരോധാഭാസങ്ങള്‍ നിറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ് എക്കാലവും കാബൂള്നഗരത്തിന്റെ സവിശേഷതകളായി മാറുന്നത്.
പ്രവാസികളുടെ ലോകം എന്ന് കാബൂള്നഗരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമായിരിക്കുമെന്ന് എനിക്കു തോന്നുന്നു. യുദ്ധങ്ങളും കലാപങ്ങളും വിഭാഗീയപോരാട്ടങ്ങളും ഛിന്നഭിന്നമാക്കിയ ഗ്രാമീണജനതയുടെയും താലിബാന് തേര്‍വാഴ്ചയുടെ കാലത്ത് ഇറാനിലേക്കും പാകിസ്താനിലേക്കും പലായനം ചെയ്ത അഫ്ഗാന് അഭയാര്‍ഥികളുടെയും സ്വപ്നഭൂമിയായി ഇന്നും കാബൂള്നഗരം തുടരുകയാണ്. മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ട് ഈ നഗരത്തിലേക്ക് ചേക്കേറുന്ന തൊഴിലന്വേഷകരെയും കാബൂള്‍ ഒരു കാലത്തും നിരാശരാക്കിയിട്ടില്ല. സ്വദേശികളും വിദേശികളുമായ നഗരവാസികളുടെ ബാഹുല്യം കാബൂള്‍ നഗരത്തെ വീര്‍പ്പുമുട്ടിക്കുകയാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കാബൂള്നഗരം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണെന്ന് നിസ്സംശയം എനിക്കു പറയുവാന്‍ സാധിക്കും. ബഹുനിലക്കെട്ടിടങ്ങള്‍, ഷോപ്പിങ് മാളുകള്‍, വെഡ്ഡിങ് ഹാളുകള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍ എന്നിവയ്ക്കു പുറമേ നിര്‍മാണം പുരോഗമിക്കുന്ന നിരവധി കെട്ടിടങ്ങളും നഗരത്തിന്റെ അതിവേഗമുള്ള വളര്ച്ചയെത്തന്നെയാണ ്പ്രതിഫലിപ്പിക്കുന്നത്. വിവിധേതരമായ റെസ്റ്റോറന്റുകളും കോഫിഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും മൊബൈല്‍ഫോണ്‍ ഷോപ്പുകളും കാബൂള്‍ നഗരത്തിന് ആധുനികതയുടെ പകിട്ടും പ്രൗഢിയും പ്രദാനംചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
നിലവാരമുള്ള റോഡുകള്‍ കാബൂള്‍ നഗരത്തിന്റെ മേന്മയായി പറയാമെങ്കിലും നിരത്തുകളിലുള്ള വിദേശനിര്‍മിത വാഹനങ്ങളുടെ ബാഹുല്യം വലിയ തോതിലുള്ള ഗതാഗതക്കുരുക്കുകളാണ് സൃഷ്ടിക്കുന്നത്. അഫ്ഗാനികള്‍ ഫോറിന് വാഹനങ്ങളോട് ഭ്രമമുള്ളവരാണെന്ന് ഇതു വായിക്കുമ്പോള്‍ ആരും തെറ്റിദ്ധരിക്കരുത്. നിര്‍ഭാഗ്യവശാല്‍ ഒരു ബൈക്ക് നിര്‍മിക്കുന്ന കമ്പനിപോലും ഈ രാജ്യത്ത് ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യം മുതലാക്കിയാണ് ഗള്ഫ്രാജ്യങ്ങളില് കണ്ടംചെയ്യുന്ന വാഹനങ്ങള്‍ ദുബായിമാര്ഗം അഫ്ഗാനിസ്താനിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം വാഹനങ്ങളുടെ ഷോറൂമുകളും സ്പെയര്‍പാര്‍ട്സ് വില്‍ക്കുന്ന കടകളും വര്‍ക്ക്ഷോപ്പുകളും കാബുള്നഗരത്തിന്റെ മുക്കിലും മൂലയിലും നമുക്ക് കാണുവാന്‍ സാധിക്കും. ടൊയോട്ടനിര്മിത കൊറോള കാറുകളാണ് അഫ്ഗാന് നിരത്തുകളുടെ ഭൂരിഭാഗവും കൈയടക്കിയിരിക്കുന്നത്. അവയില്‍ ഏറ്റവും പുതിയതിനു പോലും പതിനഞ്ചു വര്‍ഷത്തെ പഴക്കമുണ്ടെന്നു പറയുമ്പോള്‍ ബാക്കിയുള്ളവയുടെ അവസ്ഥ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കടലാസില്‍ മാത്രം ഒതുങ്ങുന്ന ഒരു നഗരംകൂടിയാണ് കാബൂള്‍ എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ട്രാഫിക് സിഗ്നല്‍ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുവാന്‍ ഇനിയും കഴിയാത്ത അപൂര്‍വം നഗരങ്ങളില്‍ ഒന്നാണ് കാബൂള്‍. 'വണ്‍വേയും' 'നോ എന്‍ട്രിയും' കാബൂളിലെ ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ലെന്ന് എയര്‍പോര്‍ട്ട് മുതല്‍ നഗരംവരെ സഞ്ചരിച്ച ആദ്യദിവസംതന്നെ എനിക്കു ബോധ്യപ്പെട്ടതാണ്. തിരക്കുള്ള സമയങ്ങളില്‍ നഗരത്തിനകത്ത് ഒരു കിലോമീറ്റര്‍ യാത്ര ചെയ്യുവാന്‍ കാബൂളിലെ ഡ്രൈവര്‍മാര്‍ കണക്കാക്കുന്ന സമയം ഇരുപതു മിനിറ്റാണ്.
കാബൂളിലെ നിരത്തുകളില്‍ കാണുന്ന ഭൂരിഭാഗം വാഹനങ്ങളും റോഡ് ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന് നസീറി പകര്‍ന്നുതന്ന അറിവ് എന്നെ ആശ്ചര്യപ്പെടുത്തുകയുണ്ടായി. റോഡ് ടാക്സ് അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് എങ്ങനെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്നുള്ള സ്വാഭാവികമായ എന്റെ സംശയത്തിനും വളരെ രസകരമായ മറുപടിയാണ് നസീറിയില്നിന്നും ലഭിച്ചത്. ഒരു വര്‍ഷം ടാക്സും ഇന്‍ഷുറന്‍സും അടയ്ക്കുന്ന പണംകൊണ്ട് അഫ്ഗാനിസ്താനില്‍ ഒരു കാറുതന്നെ വാങ്ങുവാന്‍ സാധിക്കുമത്രേ. മനുഷ്യജീവന് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് അടയ്ക്കുന്ന പണത്തിന്റെ വിലപോലുമില്ലാത്ത നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.
അഫ്ഗാനിസ്താന്റെ ഭരണസിരാകേന്ദ്രമായ കാബൂള്‍ നഗരത്തിലാണ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും വിവിധ മന്ത്രാലയങ്ങളും മന്ത്രിമന്ദിരങ്ങളും സ്ഥിതിചെയ്യുന്നത്. ഇതിനു പുറമേ വിദേശ എംബസികളും യുണൈറ്റഡ് നേഷന്‍സും ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ഏജന്‍സികളുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ സാന്നിധ്യം കാബൂളിന് ലോകത്തില്‍ ഏറ്റവുമധികം ബ്രെമെര്ഭിത്തി(Bremer Wall)അഥവാ'T' ഭിത്തികളുള്ള(TWall)നഗരം എന്ന ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്. സ്ഫോടനങ്ങളെ അതിജീവിക്കുന്നവിധത്തില് രൂപകല്പന ചെയ്തിട്ടുള്ള മൂന്നുമുതല്‍ അഞ്ചു മീറ്റര്‍വരെ ഉയരമുള്ള കോണ്‍ക്രീറ്റ് 'T'ഭിത്തികള്‍കൊണ്ടാണ് കാബൂള്‍ നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങള്‍ക്കും സുരക്ഷാവലയം തീര്‍ത്തിട്ടുള്ളത്. ക്രയിന്‍ ഉപയോഗിച്ചു സ്ഥാപിക്കുന്ന ഇത്തരം'T'ഭിത്തികളുടെ പുറകില്‍ അതിനെക്കാള്‍ ഉയരത്തിലുള്ള മതിലും എല്ലാത്തിനും മുകളിലായി കമ്പിവേലികളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് കോട്ടമതിലുകള്‍ ഒരുക്കുന്ന സുരക്ഷയില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടാവാം ഓരോ അന്‍പതു മീറ്റര്‍ ദൂരത്തിലും സെക്യൂരിറ്റിപോസ്റ്റുകള് സ്ഥാപിച്ച് തോക്കുധാരികളായ പട്ടാളക്കാരെ വിന്യസിച്ചിട്ടുള്ളത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റിയുള്ള ചാവേറാക്രമണങ്ങള്‍ നിഷ്ഫലമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള കനത്ത സുരക്ഷാമുന്‍കരുതലുകള്‍ എടുത്തിട്ടുള്ളത്. മിലിട്ടറി വാഹനങ്ങളും തോക്കുധാരികളായ സൈനികരുമില്ലാത്ത ഒരൊറ്റ തെരുവുപോലും കാബൂള്‍ നഗരത്തില്‍ എനിക്കു കാണുവാന്‍ കഴിഞ്ഞില്ല. തിരക്കു നിറഞ്ഞ നിരത്തുകളിലൂടെ ഹെഡ് ലൈറ്റും സൈറണുമിട്ട് ഇടവിടാതെ കടന്നുപോകുന്ന അഫ്ഗാനിസ്താന് നാഷണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ വാഹനങ്ങള്‍ കാബൂള്‍ നഗരത്തിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു. എവിടെ തിരിഞ്ഞാലും കാണുന്ന സൈനികരുടെ സാന്നിധ്യം ഈ നഗരത്തില്‍ ആദ്യമായിട്ടെത്തുന്ന ഏതൊരാളുടെ മനസ്സിലും ഭയം നിറയ്ക്കുവാന്‍ പോന്നവയായിരുന്നു.
കാബൂള്‍ നഗരത്തിന്റെ ഭംഗിയും അഭംഗിയും ആസ്വദിച്ചുകൊണ്ടുള്ള എന്റെ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര പ്രസിദ്ധമായ 'പുല്-ഇ-ഖിഷ്തി' (Pul-e-Khisti) അഥവാ കാബൂള്‍ മാര്‍ക്കറ്റിലാണ് അവസാനിച്ചത്. ദാരിഭാഷയില് പുല്-ഇ-ഖിഷ്തി എന്ന വാക്കിന് ഇഷ്ടികകള്‍കൊണ്ടു നിര്‍മിച്ച പാലം എന്നാണ് അര്‍ഥംവരുന്നത്. ബസാറിനോടു ചേര്‍ന്ന് കാബൂള്നദിയുടെ കുറുകെയുള്ള പാലത്തിന്റെ സാന്നിധ്യമാണ് കാബൂള്‍ മാര്‍ക്കറ്റിന് ഈ പേരു ലഭിക്കുവാനുള്ള കാരണം. നദിയെക്കുറിച്ചുള്ള കേരളീയരുടെ സങ്കല്പങ്ങളുമായി യാതൊരുതരത്തിലും യോജിച്ചുപോകുന്ന കാഴ്ചകളായിരുന്നില്ല കാബൂള്നദിയില് എനിക്കു കാണുവാന്‍ കഴിഞ്ഞത്. ഒരു നീര്‍ച്ചാലുപോലും അവശേഷിക്കാതെ വറ്റിവരണ്ട കാബൂള്നദിയെ നഗരത്തിലെ അഴുക്കുചാലെന്ന് ്ഇകഴ്ത്തിപ്പറയുവാന് എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ട് പ്രതീക്ഷകള്‍ വറ്റിവരണ്ട അഫ്ഗാന് ജനതയുടെയും ഒപ്പം മലിനമായ ചിന്തകള്‍ മനസ്സില്‍ അടിഞ്ഞുകൂടിയ അഫ്ഗാന് തീവ്രവാദികളുടെയും പ്രതീകമെന്ന് കാബൂള്നദിയെ വിശേഷിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു കാലത്ത് വിദേശീയരായ സഞ്ചാരികള്‍ക്കും അഫ്ഗാനികള്‍ക്കും ഒരുപോലെ പ്രിയങ്കരമായിരുന്ന കാബൂള്‍ മാര്‍ക്കറ്റിലെ പുരാതനത്വത്തിന്റെ പകിട്ടുനിറം മങ്ങാതെ ഇന്നും നിലനില്‍ക്കുന്നത് വലിയൊരു പ്രത്യേകതയായി എനിക്കു തോന്നി. യുദ്ധങ്ങളും കലാപങ്ങളും കാബൂള്‍ മാര്‍ക്കറ്റിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.
മാര്‍ക്കറ്റിന്റെ പ്രവേശനകവാടത്തില്‍ തക്കാളിപ്പെട്ടികള്ക്കു മുകളില്‍ കറന്‍സികള്‍ നിരത്തിവെച്ച് വിദേശനാണ്യവിനിമയം നടത്തുന്നവരുടെ ഇടയില്‍നിന്ന് രക്ഷപ്പെടുവാന്‍ എനിക്കൊരല്പം ബുദ്ധിമുട്ടേണ്ടിവന്നു. ജനനിബിഡമായ മാര്‍ക്കറ്റിനകത്തുകൂടി നടന്നുപോകുന്നതുപോലും വളരെ ശ്രമകരമായിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ വീര്യംകൂടിയ കഞ്ചാവു വരെയുള്ള സകല സാധനങ്ങളും ഈ മാര്‍ക്കറ്റില്‍ വില്പനയ്ക്കു വെച്ചിരിക്കുന്നത് എനിക്കു കാണുവാന്‍ സാധിച്ചു. പരസ്യമായി കഞ്ചാവു വില്‍ക്കുന്ന കേന്ദ്രങ്ങള്‍ അഫ്ഗാനിസ്താനിലല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല. കാബൂള്‍ മാര്‍ക്കറ്റിലെ മറ്റൊരു വലിയ ആകര്‍ഷണമാണ് 'കാ-ഫറൂഷി' (Ka-Frushi) അഥവാ 'ബേര്‍ഡ്സ് മാര്‍ക്കറ്റ്'(Birds Market). പുല്-ഇ-ഖിഷ്തി മസ്ജിദിനു പുറകിലുള്ള ഈ മാര്‍ക്കറ്റ് കാബൂളിലെ ഏറ്റവും തിരക്കേറിയ പക്ഷികളുടെ വിപണനകേന്ദ്രം കൂടിയാണ്. പക്ഷികളെ വളര്‍ത്തുന്നത് പുരാതനകാലം മുതല്ക്കേ അഫ്ഗാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു ശീലമാണ്. ബസാറിലെ ഇടുങ്ങിയ വീഥിയുടെ ഇരുവശങ്ങളിലുമുള്ള വില്പനശാലകളില് തത്ത, പ്രാവ്, മൈന, വിവിധയിനം കുരുവികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനു പക്ഷികളാണ് പുതിയ യജമാനന്മാര്ക്കു വേണ്ടി കാത്തിരിക്കുന്നത്. പോരാട്ടവീര്യം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അഫ്ഗാനികളുടെ ഇഷ്ടവിനോദമായ പക്ഷിപ്പോരില് പങ്കെടുക്കുന്ന 'കൗക്' (Kowk) പോരുകിളിയാണ് ഈ ബസാറിലെ ഏറ്റവും ശ്രദ്ധേയമായ താരം. കാണ്ഡഹാറികള്ക്ക് ഏറെ പ്രിയങ്കരമായ കുരുവിയോളം മാത്രം വലുപ്പമുള്ള ബുദന(Budana) പോരുകിളികളും ഇവിടെ ലഭ്യമാണ്. ചൂരല്കൊണ്ടുനിര്മിച്ചിട്ടുള്ള മനോഹരമായ കൂടുകളില്‍ അതീവ പ്രാധാന്യത്തോടെയാണ് വിലപിടിപ്പുള്ള ഈ പോരുകിളികളെ സൂക്ഷിച്ചിട്ടുള്ളത്. അവധിദിവസമായ വെള്ളിയാഴ്ചകളില്‍ അതിരാവിലെ തുടങ്ങുന്ന പക്ഷിപ്പോര് കാണുവാനും ഒപ്പം പന്തയംവെച്ച് ഭാഗ്യം പരീക്ഷിക്കുന്നതിനുമായി നൂറുകണക്കിന് അഫ്ഗാനികള്‍ കാ-ഫറൂഷി മാര്‍ക്കറ്റില്‍ സംഘടിക്കുമെന്നാണ് നസീറി പറഞ്ഞത്. താലിബാന് ഭരണവും തുടര്‍ന്നുണ്ടായ അമേരിക്കയുടെ താലിബാന് വിരുദ്ധ യുദ്ധവും കാ-ഫറൂഷിയിലെ പക്ഷിപ്പോരിനെ ഒരു തരത്തിലും ബാധിച്ചില്ല എന്നുകൂടി നസീറി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനികളെപ്പോലെ പോരാട്ടങ്ങളെ ഇഷ്ടപ്പെടുന്ന ഒരു ജനത മറ്റൊരിടത്തും ഉണ്ടാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അഫ്ഗാനിസ്താന്- ഒരു അപകടകരമായ യാത്ര എന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: kabul city afghanistan travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..