പെരിയ: എടുത്തുപറയത്തക്ക ജോലിയോ കൂട്ടിവെച്ച സമ്പാദ്യമോ ഒന്നുമില്ലാത്തയാള്‍ക്ക് എത്ര ദൂരം യാത്ര ചെയ്യാനാകും. വരുമാനം യാത്രകള്‍ക്കുള്ള പരിധിയില്ലെന്ന്‌ തെളിയിച്ച്  യുവാവ് സഞ്ചരിച്ചത് 14 രാജ്യങ്ങളിലാണ്‌.  ഇന്ത്യയിലെ ഭൂരിഭാഗം സ്ഥലങ്ങളും ചുറ്റിവന്ന കബീര്‍ ഇപ്പോള്‍ അടുത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. 36 വയസ്സിനുള്ളില്‍ കബീര്‍ കണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്. തായ്ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, ലാവോസ്, ഇന്തോനേഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മാര്‍, മലേഷ്യ, നേപ്പാള്‍ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

പത്താംക്ലാസ്‌ പഠനത്തിനുശേഷം പിതാവിന്റെ കോഴിക്കടയില്‍ ഇറച്ചിവെട്ടിന് സഹായിയായി നിന്നതാണ് പെരിയ ബസാറിലെ അബ്ദുള്ളയുടെയും ബീവിയുടെയും എട്ടുമക്കളില്‍ രണ്ടാമനായ കബീറിന്റെ തുടക്കം.

പിന്നീട് തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം വലിയ മാര്‍ക്കറ്റുകളിലെ ഇറച്ചിവെട്ട് തൊഴിലാളിയായി. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഡല്‍ഹിയിലേക്കായിരുന്നു ആദ്യ ദൂരയാത്ര. താജ്മഹല്‍ കാണാനുള്ള കൊതിയായിരുന്നു യാത്രയ്ക്ക് പ്രചോദനമായത്. പിന്നീട് ഓരോമാസം ഇടവിട്ട് ഓരോ സംസ്ഥാനത്തേക്കായി യാത്ര. വരുമാനത്തിന്റെ ഭൂരിഭാഗവും യാത്രയ്ക്കായി മാറ്റിവെച്ചു. അയല്‍ രാജ്യങ്ങളിലേക്കായി പിന്നീടുള്ള യാത്രകള്‍.

മലയാളം മാത്രമറിയാവുന്ന തനിക്ക് ഒരിടത്തും ഭാഷ തടസ്സമായിരുന്നില്ലെന്ന് കബീര്‍ പറയുന്നു. അതത് നാട്ടിലെ രുചികള്‍ അറിയാന്‍ ശ്രമിക്കും. ലോകത്ത് എവിടെയും കശ്മീരോളം സുന്ദരമായ മറ്റൊരു സ്ഥലമില്ലെന്ന അഭിപ്രായക്കാരനാണ് കബീര്‍. 10 തവണ കബീര്‍ കശ്മീരിലെത്തിയിട്ടുണ്ട്.

കോവിഡിന്റെ ഒന്നാംഘട്ടത്തിലെ ഒരുവര്‍ഷം മാത്രമാണ് യാത്രകള്‍ മുടക്കിയിട്ടുള്ളത്. ഈ വര്‍ഷം ഹിമാലയന്‍ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയെക്കൂടാതെ ഹര്‍ക്കിഡൂണ്‍, ചന്ദ്രതാല്‍, ബ്രഹ്മതാല്‍, കേദാര്‍കന്ധ തുടങ്ങിയ ഇടങ്ങളിലേക്ക് ട്രക്കിങ്ങുകളും നടത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് വലിയ മാര്‍ക്കറ്റുകള്‍ അടച്ചതിനാല്‍ പെരിയ ബസാറില്‍ സഹോദരന്‍ സിറാജിന്റെ കോഴിക്കടയില്‍ സഹായിയാണിപ്പോള്‍ കബീര്‍. രാജ്യത്തിനകത്തെ യാത്രകളില്‍ ഭാര്യ ഖദീജത്ത് കുബ്‌റയെയും ചിലപ്പോള്‍ കൂടെ കൂട്ടാറുണ്ട്‌. രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളിലെ ജീവിതം കണ്ടറിയാനുള്ള യാത്രാ ഒരുക്കത്തിലാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കടുത്ത ആരാധകന്‍ കൂടിയായ ഈ യുവാവ്.

Content Highights: kabir have visited 14 countries with his low income