പ്രേരണയായത് മോഹന്‍ലാല്‍; വയനാട്ടുകാരന്‍ ജ്യോതിഷ് രാജ്യത്തിനുവേണ്ടി അന്റാര്‍ട്ടിക്കയില്‍ പോയ കഥ


അഞ്ജയ് ദാസ്.എന്‍.ടി

ഈ ഡിസംബറില്‍ തിരികെ നാട്ടിലെത്തുന്ന ജ്യോതിഷ് വയനാട്ടില്‍ നിന്ന് അന്റാര്‍ട്ടിക്ക വരെ നീളുന്ന സ്വപ്‌നസമാന യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

Photo: www.instagram.com|joy_antarctic|

ര്‍ഷങ്ങള്‍ക്കുമുമ്പ് നടന്‍ മോഹന്‍ലാല്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് പറഞ്ഞ ഒരു ഹായ് ആയിരുന്നു വയനാടുകാരന്‍ ജ്യോതിഷ് കെ ജയചന്ദ്രനെ അന്റാര്‍ട്ടിക്കയെന്ന മഞ്ഞുനാടിനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്‌നം പ്രാവര്‍ത്തികമാക്കാന്‍ ഒരവസരം ജ്യോതിഷിനെ തേടിയെത്തി. വയനാട് വെള്ളമുണ്ട സ്വദേശി ജ്യോതിഷ് ഇപ്പോൾ ആറു വർഷമായി അന്റാര്‍ട്ടിക്കയിലെ ഭാരതീയ റിസര്‍ച്ച് സെന്ററില്‍ ജോലി നോക്കുകയാണ്. ഈ ഡിസംബറില്‍ തിരികെ നാട്ടിലെത്തുന്ന ജ്യോതിഷ് വയനാട്ടില്‍ നിന്ന് അന്റാര്‍ട്ടിക്ക വരെ നീളുന്ന സ്വപ്‌നസമാന യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

അന്റാര്‍ട്ടിക്കയിലെ ജോലി

ലോജിസ്റ്റിക് ടീമും സയന്റിഫിക് ടീമും ഉണ്ടിവിടെ.നഴ്സായ ഞാൻ ലോജിസ്റ്റിക് ടീമിലാണ് ഞാന്‍ വരുന്നത്. പിന്നെയൊരു ഡോക്ടര്‍, ഷെഫ്, കുറച്ച് ടെക്‌നീഷന്മാര്‍, നാല് എഞ്ചിനീയര്‍മാര്‍ എന്നിവരാണ് ഇതിലുള്ളത്. സയന്റിഫിക് ടീമിലുള്ളത് ഇന്ത്യയിലെ വലിയ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന എട്ടുപേരാണ്. അതില്‍ നാലുപേര്‍ ഐ.എസ്.ആര്‍.ഓയില്‍ നിന്നാണ്. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ടുപേരും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തില്‍ നിന്ന് ഒരാളുമുണ്ട്. പല സ്ഥാപനങ്ങളില്‍ നിന്നായി ഒന്നോ രണ്ടോ പേരായി ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ അവരെ ഡെപ്യൂട്ടേഷനില്‍ വിടുന്നതാണ്. എന്റേത് കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിയാണ്. എല്ലാ വര്‍ഷവും അത് പുതുക്കുകയാണ് ചെയ്യാറ്. പിന്നെ ഞങ്ങള്‍ക്കൊരു മെഡിക്കല്‍ റൂമും ഓപ്പറേഷന്‍ തിയേറ്ററുമുണ്ട്. എന്റെ കൂടെയൊരു ഡോക്ടറുണ്ട്. കൊല്‍ക്കത്തക്കാരനാണ്.

ആദ്യയാത്രയിലേക്കുള്ള ഇന്റര്‍വ്യൂ

2015-ലായിരുന്നു അന്റാര്‍ട്ടിക്കയിലേക്ക് ആദ്യം പോകുന്നത്. ആ സമയത്ത് ഡല്‍ഹിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ആയിടയ്ക്കാണ് അന്റാര്‍ട്ടിക്കയില്‍ എക്‌സ്‌പെഡിഷന്റെ ഭാഗമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന പരസ്യം കാണുന്നത്. ഡല്‍ഹിയിലെ ശാസ്ത്ര മന്ത്രാലയത്തില്‍ വച്ചായിരുന്നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ. നല്ല ബുദ്ധിമുട്ടായിരുന്നു. പത്ത് പന്ത്രണ്ടാളുകളുള്ള വലിയൊരു പാനലായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് വിളിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. ഒന്നരമാസത്തിന് ശേഷം എന്നെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞ് വിളി വന്നു. സെലക്ട് ആയിട്ടുണ്ട്, താത്പര്യമുണ്ടെങ്കില്‍ ഉത്തരാഖണ്ഡില്‍ പതിനഞ്ച് ദിവസത്തെ പ്രീ അന്റാര്‍ട്ടിക് സ്‌നോ അക്യുമുലേഷന്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കാമെന്ന് പറഞ്ഞു. വീട്ടില്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ നല്ല പിന്തുണയാണ് നല്‍കിയത്. അങ്ങനെ അക്യുമുലേഷന്‍ പരിശീലനത്തിന് പോയി.

Jyothish 1

കഠിനമായ പരിശീലനം

ഇന്റര്‍വ്യൂ നടന്ന പ്രതിഭവനില്‍ത്തന്നെയാണ് ആദ്യം പോയത്. അവിടെ നിന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ബസിലാണ് പോയത്. നല്ല രസമുള്ള യാത്രയായിരുന്നു. 35 പേരുണ്ടായിരുന്നു ബസില്‍. ആരെയും പരിചയമില്ല. വേറെ മലയാളികളും ഉണ്ടായിരുന്നില്ല. ഓളിയിലുള്ള ഐ.ടി.ബി.പി ക്യാമ്പില്‍ വെച്ചായിരുന്നു ട്രെയിനിങ്. പട്ടാളക്കാരുടെ ഒരു അന്റാര്‍ട്ടിക് സെക്ഷനുണ്ട് അവിടെ. രാവിലെ എഴുന്നേറ്റ് എട്ടുമണിയാവുമ്പോഴേക്കും ഒരു മല കയറി തീര്‍ക്കണം. ഏഴു മണിയൊക്കെ ആവുമ്പോഴേക്കും നമ്മളെ അസംബ്ലിയില്‍ നിര്‍ത്തും. ഇടാനുള്ള വസ്ത്രവും ഷൂസും സ്ലീപ്പിങ് ബാഗുമെല്ലാം അവര്‍ തരും. ശരിക്കും പട്ടാളച്ചിട്ട. വലിയൊരു ബാഗ് തരും. ഇപ്പറഞ്ഞ സാധനങ്ങളെല്ലാം അതിലിട്ട് നേതാവിന്റെ പിറകെ നമ്മള്‍ ട്രെക്ക് ചെയ്യണം. കഴിക്കാന്‍ കുറച്ച് ജ്യൂസും ചോക്കലേറ്റുകളും മാത്രം തരും. മലകയറിയിറങ്ങി വന്ന ശേഷമേ ശരിക്കും പ്രാതല്‍ കഴിക്കാന്‍ പറ്റൂ. അവിടെ നിന്ന് ഋഷികേശ് ക്ഷേത്രത്തിനടുത്തേക്ക് പോയി. അവിടെ ഹിമാലയത്തില്‍ നിന്ന് വരുന്ന മഞ്ഞിന്റെ പാളികള്‍ കാണാം.

പിന്നെ ബദരീനാഥ് ക്ഷേത്രത്തിനടുത്തേക്ക് ഐ.ടി.ബി.പി യുടെ ബസിലാണ് പോയത്. അവിടെ താമസം ഒരു ഗുരുദ്വാരയിലായിരുന്നു. അവിടെ നിന്ന് സ്‌നോ അക്യുമുലേഷന്‍ പരിശീലനമുണ്ടായിരുന്നു. വലിയ ഐസി പാളിക്ക് മുകളിലൂടെ എങ്ങനെ നടക്കാം? അപകടമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാം? എന്നൊക്കെ പഠിപ്പിച്ചു. നല്ല ട്രെക്കിങ്ങാണ് അവിടെ നടത്തിയത്. രാവിലെ തുടങ്ങും. ഒരു പോയിന്റ് പറയും. അവിടെ വരെ നമ്മള്‍ കയറിച്ചെല്ലണം. പ്രായം ഒരു വിഷയമല്ലാത്തതുകൊണ്ട് എല്ലാ പ്രായക്കാരും അവിടെയുണ്ടാകും. എനിക്കന്ന് 28 വയസായിരുന്നു. അന്ന് സയന്റിഫിക് ടീമില്‍ അമ്പത് വയസുള്ളവരൊക്കെയുണ്ടായിരുന്നു. മുന്നിലും പിന്നിലുമെല്ലാം ലീഡ് ചെയ്യാന്‍ ആളുകളുണ്ടാവും. വൈദ്യസഹായത്തിന് ആളുകളുണ്ടാവും. എന്തെങ്കിലും മരുന്ന് വേണമെങ്കില്‍ അതൊക്കെ ശരിയാക്കിത്തരുമായിരുന്നു. പിന്നെയൊരു വെല്ലുവിളിയുണ്ടായിരുന്നത് ട്രെക്കിങ്ങിന്റെ സമയത്ത് 15 കിലോയോളം ഭാരമുള്ള ബാഗ് പുറത്തുണ്ടാവും എന്നതാണ്. അപ്പോള്‍ കയറ്റം അല്പം കഠിനമാവും.

Jyothish 2

ഒരാഴ്ച നീണ്ടുനിന്ന വൈദ്യപരിശോധന

മെഡിക്കല്‍ സെക്ഷനായിരുന്നു അടുത്തത്. എയിംസില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന പരിശോധനയായിരുന്നു അത്. രക്തപരിശോധന മുതല്‍ എക്‌സ് റേ, അള്‍ട്രാ സൗണ്ട്, എക്കോ, ഇ.സി.ജി എല്ലാം നടത്തി. ഇതിലെല്ലാം പാസായാല്‍ എക്‌സ്‌പെഡിഷന് പോകാന്‍ ഇവര്‍ ഫിറ്റാണ് എന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് തരും. ശരീരം മൊത്തത്തിലുള്ള പരിശോധനയായിരുന്നു. ഒരാഴ്ചയെടുത്തു പരിശോധനയ്ക്ക് മാത്രം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ പിന്നെ മനഃശാസ്ത്രപരമായ പരിശോധനയാണ്. നാട്ടില്‍ നിന്ന് ഒരുപാട് ദൂരം പോയി നില്‍ക്കാനുള്ളതല്ലേ. വീട്ടില്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാല്‍ പെട്ടന്ന് എത്താനും പറ്റില്ലല്ലോ. നവംബര്‍ തുടങ്ങിക്കഴിഞ്ഞാല്‍ മാര്‍ച്ച് മാസം വരെയുള്ള സമയത്താണ് വീട്ടില്‍പ്പോകാന്‍ പറ്റുക. ഏപ്രില്‍ മുതല്‍ യാത്ര ചെയ്യാനൊന്നും പറ്റില്ല. കടലൊക്കെ ഐസായിപ്പോകും. അതുകൊണ്ടാണ് മാനസികമായി നല്ലനിലയിലാണോ എന്നറിയാന്‍ സൈക്കോളജിക്കല്‍ ടെസ്റ്റ് നടത്തുന്നത്.

റിപ്പോര്‍ട്ടെല്ലാം കിട്ടിക്കഴിഞ്ഞാല്‍ ഗോവയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണം. നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് എന്ന് പറയും. അവര്‍ക്കീ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അവിടെ നിന്നാണ് സെലക്ഷന്‍ മെയിന്‍ ലിസ്റ്റ് വന്നത്. നവംബര്‍ പത്തിന് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് എന്നോട് പറഞ്ഞത്. അന്ന് ഉത്തരാഖണ്ഡിലെ പരിശീലനത്തിന് ഉണ്ടായിരുന്ന പലരേയും വീണ്ടും കണ്ടു. അങ്ങനെയാണ് ഞാനവിടുന്ന് പുറപ്പെടുന്നത്. ഒഫീഷ്യല്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതുകൊണ്ട് നമ്മുടെ പേഴ്‌സണല്‍ പാസ്‌പോര്‍ട്ടില്‍ പോകാന്‍ പറ്റില്ല. സര്‍ക്കാര്‍ തലത്തിലുള്ള പാസ്‌പോര്‍ട്ടാണ്. സാധാരണ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഗവണ്‍മെന്റ് ഒഫീഷ്യല്‍സ് ഓണ്‍ ഡ്യൂട്ടി എന്ന വൈറ്റ് പാസ്‌പോര്‍ട്ടുമായാണ് ഞങ്ങളെ അവിടുന്ന് വിട്ടത്. പാസ്‌പോര്‍ട്ട് എടുക്കാന്‍ തന്നെ രണ്ടുദിവസമായി. അവിടുന്നും ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അത് കിട്ടിക്കഴിഞ്ഞാല്‍ ഫയര്‍ ഫൈറ്റിങ് ആന്‍ഡ് റെസ്‌ക്യൂ ട്രെയിനിങ് ഉണ്ടായിരുന്നു. ഫയര്‍ ഫൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിട്ട് നാല് ദിവസത്തെ പരിശീലനമുണ്ടായിരുന്നു. ഭക്ഷണവും താമസവുമെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നിരുന്നു. ക്ലാസും മെഡിക്കല്‍ ട്രെയിനിങ്ങും ഉണ്ടായിരുന്നു. അവിടെ ഉപയോഗിക്കാനുള്ള ജാക്കറ്റും ഷൂസും തന്നിരുന്നു.

യാത്രയാരംഭിക്കുന്നു

വിമാന ടിക്കറ്റ് കിട്ടിയത് ചെറിയ ചെറിയ ഗ്രൂപ്പുകളായിട്ടായിരുന്നു. ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടല്ലാത്തതുകൊണ്ട് ഡല്‍ഹിയിലേക്കായിരുന്നു പോയത്. ഡല്‍ഹിയില്‍ നിന്ന് ആഡ്‌സ് അബാബയിലെത്തിയശേഷം നേരെ ജോഹന്നാസ്ബര്‍ഗ് വഴി കേപ്ടൗണിലേക്ക്. ഇന്ത്യന്‍ അന്റാര്‍ട്ടിക് പ്രോഗ്രാം കൈകാര്യം ചെയ്യുന്നത് കേപ്ടൗണിലാണ്. കേപ്ടൗണില്‍ നിന്നാണ് അന്റാര്‍ട്ടിക്കയിലേക്ക് വിമാനമുള്ളത്. ഞാനെത്തുന്ന സമയത്ത് കാലാവസ്ഥ അല്പം മോശമായതുകൊണ്ട് നാലുദിവസം വിമാനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെത്തന്നെ തങ്ങി. നാലുദിവസത്തിന് ശേഷം പോകുന്നത് കാര്‍ഗോ വിമാനത്തിലായിരുന്നു. ഫൈറ്റര്‍ വിമാനങ്ങളുടേതിന് സമാനമായി ഒരുവശത്തായിട്ടാണ് സീറ്റുകളുണ്ടായിരുന്നത്. കുറച്ച് റഷ്യക്കാരും ഗ്ലോബല്‍ റിസര്‍ച്ച് ചെയ്യുന്ന കുറച്ചുപേരുമായിരുന്നു കൂടെ.

അന്റാര്‍ട്ടിക്കയില്‍ കാലുകുത്തുന്നു

ആറുമണിക്കൂര്‍ യാത്രയുണ്ടായിരുന്നു അന്റാര്‍ട്ടിക്കയിലേക്ക്. വന്നിറങ്ങിയത് നോവോ എന്നുപേരുള്ള എയര്‍ബെയ്‌സിലാണ്. ഇന്ത്യയുടെ ആദ്യത്തേയും രണ്ടാമത്തേയും റിസര്‍ച്ച് സ്‌റ്റേഷനുകള്‍ അവിടെത്തന്നെയാണ്. എനിക്ക് മൂന്നാമത്തെ സ്‌റ്റേഷനിലാണ് പോകേണ്ടിയിരുന്നത്. ദക്ഷിണ്‍ ഗംഗോത്രി എന്നു പറയുന്നതാണ് ആദ്യത്തെ റിസര്‍ച്ച് സ്റ്റേഷന്‍. അതുണ്ടാക്കിയിരുന്നത് വലിയ ഐസ് പാളികള്‍ കൊണ്ടാണ്. എട്ടുകൊല്ലത്തോളം അത് നിലനിന്നു. പതിയെ കൂടുതല്‍ പാളികള്‍ വീണ് അത് സമാധിയായി. രണ്ടാമത്തേത് ഭാരതി റിസര്‍ച്ച് സ്റ്റേഷനാണ്. മൈത്രി മൂന്നാമത്തേതും. മൈത്രിയില്‍ നാല് ദിവസത്തോളം നിന്നതിനുശേഷം അവിടെ നിന്ന് ചെറിയ വിമാനത്തില്‍ വീണ്ടും ആറുമണിക്കൂര്‍ പറന്നിട്ടാണ് ഭാരതി റിസര്‍ച്ച് സ്റ്റേഷനിലെത്തിയത്. മൈത്രി റിസര്‍ച്ച് സ്റ്റേഷന്‍ എന്നു പറഞ്ഞാല്‍ ഗ്ലോബ് എടുത്തുനോക്കിയാല്‍ കേപ്ടൗണിന്റെ താഴെയായി വരും. ഭാരതിയാണെങ്കില്‍ കേരളത്തിന്റെ നേരെ താഴേക്ക് ഒരു വര വരയ്ക്കുകയാണെങ്കില്‍ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏതാണ്ട് ഇന്ത്യന്‍ സമയം എന്നുതന്നെ പറയാം. ഇന്ത്യന്‍ സമയത്തേക്കാള്‍ അരമണിക്കൂറോളം കുറവുണ്ടാവും.

അന്റാര്‍ട്ടിക്കയിലെ ആദ്യത്തെ അനുഭവം

സമയം മാത്രമേ ഇങ്ങനെയുള്ളൂ. പകലും രാത്രിയും മാറുന്നതൊന്നും അങ്ങനെയല്ല. ഡിസംബര്‍ ആദ്യവാരമാണ് ഞാന്‍ വന്നിറങ്ങിയത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ഒന്നും പുറത്തുകാണാനാവാത്ത വിധമുള്ള മഞ്ഞുവീഴ്ചയായിരുന്നു. ഇത്രയും തണുപ്പുള്ള ഒരിടത്തേക്ക് വന്നതിന്റെ ഒരു ആശ്ചര്യമുണ്ടായിരുന്നു. ഒരു ദ്വീപാണിവിടം. റഷ്യക്കാരുടേയും ചൈനക്കാരുടേയും സ്റ്റേഷനുകളാണ് അടുത്തുള്ളത്. റഷ്യയുടേത് പ്രോഗ്രസ് സ്‌റ്റേഷനാണ്. ഇവിടെ ഒരു താത്ക്കാലിക എയര്‍പാഡ് അവരുണ്ടാക്കും. ഐസിന്റെ മുകളില്‍ വലിയ ഒരുതരം വണ്ടിയോടിച്ച് ഐസ് അല്പം കട്ടിയാക്കും. എയര്‍പോര്‍ട്ടെന്നൊന്നും ഇതിനെ വിളിക്കാനാവില്ല. കുറച്ച് കണ്ടെയ്‌നറുകളും രണ്ട് ചെറിയ വിമാനങ്ങളുമുണ്ടാവും. ഞങ്ങളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അവിടന്ന് വണ്ടിയുണ്ടായിരുന്നു. പോകുന്ന വഴിയൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. യാത്ര കഴിഞ്ഞ് ഞങ്ങളുടെ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മനസിലായത് അതുവരെ യാത്ര ചെയ്തത് തണുത്തുറഞ്ഞ കടലായിരുന്നു എന്ന്. കടല്‍ ഉരുകുന്നതുവരെ ഒന്നരമാസം സമയമുണ്ടായിരുന്നു. അതിനിടയ്ക്ക് പുറത്തെല്ലാം പിന്നെ കറങ്ങിനടന്നു, മഞ്ഞുമലയൊക്കെ കണ്ടു. അതായിരുന്നു അന്റാര്‍ട്ടിക്കയിലെ എന്റെ ആദ്യത്തെ അനുഭവം. പിന്നെ മൂന്ന് തവണ കൂടി ഇവിടെ വന്നു.

അന്റാര്‍ട്ടിക്കയിലേക്ക് കപ്പലില്‍

അന്റാര്‍ട്ടിക്കയിലേക്ക് കപ്പലില്‍ പോകണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തെ തവണത്തെ യാത്രയിലൂടെ ആ ആഗ്രഹം സാധിച്ചു. അന്ന് കേപ്ടൗണ്‍ വരെ വിമാനത്തില്‍ വന്നു. അവിടന്ന് കപ്പലില്‍ ഇവിടെ വന്നിറങ്ങി. എന്റെ നഴ്‌സിങ് നിയമനം ഒരു വര്‍ഷത്തേക്കാണ്. അതുകൊണ്ട് അത്രയും നാള്‍ സ്‌റ്റേഷനില്‍ നിന്നേ പറ്റൂ. വന്ന സമയം നവംബര്‍ മുതല്‍ മാര്‍ച്ച് അവസാന ആഴ്ചവരെ ഇവിടെ മുഴുവന്‍ പകലാണ്. സൂര്യന്‍ തലയ്ക്ക് ചുറ്റും നില്‍ക്കും. അപ്പോള്‍ തണുപ്പ് അല്പം കുറവാണ്. പിന്നെ നല്ല തെളിച്ചമുള്ള സമയത്ത് മഞ്ഞൊക്കെ ഉരുകി ഒലിച്ചുകൊണ്ടിരിക്കും. തടാകങ്ങളില്‍ മഞ്ഞുരുകി വെള്ളം രൂപപ്പെടും. പിന്നെ മാര്‍ച്ച് ആദ്യത്തെ അല്ലെങ്കില്‍ രണ്ടാമത്തെയാഴ്ചയാവുമ്പോഴേക്കും മെല്ലെ ഇരുട്ടാവാന്‍ തുടങ്ങും. ജൂണൊക്കെ ആവുമ്പോഴേക്കും മുഴുവന്‍ ഇരുട്ടാവും. നമ്മള്‍ ഈ പറയുന്ന സമയമൊക്കെ വെറുതെയാണ്. അലാറം വെച്ച് എഴുന്നേല്‍ക്കുകയൊക്കെ ചെയ്യും. പക്ഷേ സമയത്തിന് യാതൊരു പ്രത്യേകതയുമില്ല. വേനല്‍ക്കാലത്ത് ശാസ്ത്രജ്ഞന്മാര്‍ വരും. അവരുടെ കൂടെ പോകണം. പിന്നെ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ നടക്കുമ്പോള്‍ പ്രഥമ ശുശ്രൂഷയക്കുവേണ്ട കാര്യങ്ങള്‍ സജ്ജീകരിക്കണം.

Jyothish 3

വീട്ടുകാരുമായുള്ള ബന്ധപ്പെടല്‍ ബുദ്ധിമുട്ടാണ്

അത് കുറച്ച് പ്രശ്‌നമാണ്. ഇന്റര്‍നെറ്റ് പോയിക്കഴിഞ്ഞാല്‍ ശരിയാവാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. വാട്ട്‌സാപ്പ് വഴി വിളിക്കും. അല്ലെങ്കില്‍ വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യും. പിന്നെ സാറ്റലൈറ്റ് ഫോണ്‍ കണക്ഷനുണ്ടെങ്കിലും അതില്‍ വിളിച്ചാല്‍ സംസാരിക്കുമ്പോള്‍ ഒരു കാര്യം പറഞ്ഞ് മറുപടി കിട്ടാന്‍ കുറച്ച് സമയമെടുക്കും. പിന്നെ ചിലപ്പോള്‍ ശബ്ദമൊന്നും മനസിലാവില്ല. അച്ഛന്‍ മരിച്ചുപോയി. പിന്നെ അമ്മ സുമതി, ഭാര്യ അഞ്ജലി, കുഞ്ഞ് അദ്വൈത, അനിയന്‍ ജോമോന്‍, അനിയത്തി ജ്യോതി എന്നിവരാണുള്ളത്.

രണ്ടാമത്തെ എക്‌സ്‌പെഡിഷന് പോയി തിരിച്ചുവരുന്ന സമയം. ഡിസംബര്‍ പകുതിയോടെ വീട്ടിലെത്തേണ്ടതായിരുന്നു. പക്ഷേ ഞാന്‍ ചെല്ലുന്നതിന് 15 ദിവസം മുമ്പ് അച്ഛന്‍ മരിച്ചുപോയി. അപ്പോള്‍ എനിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞില്ല. അതായിരുന്നു ഈ ജോലിയിലെ ഏറ്റവും കഠിനമായ ഭാഗം. പിന്നെ വീട്ടില്‍ നിന്ന് പോകുകയാണെങ്കില്‍ വല്ലാതെ ദൂരെയാണെന്ന തോന്നലൊക്കെ വരും. കാരണം വീട്ടില്‍ ഒരാവശ്യം വന്നാല്‍ നമുക്ക് എത്താന്‍ പറ്റില്ല.

അന്റാര്‍ട്ടിക്കയിലെ ഭക്ഷണം

ഉത്തരേന്ത്യന്‍ ശൈലിയിലാണ് ഭക്ഷണമൊക്കെ. ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രിയുള്ള സായി എന്ന ഷെഫുണ്ട് ഇവിടെ. കഴിക്കാന്‍ സമയമൊക്കെയുണ്ട്. പിന്നെ ഷെഫിനെ സഹായിക്കാന്‍ രണ്ട് പേര്‍ വേണം. നമ്മള്‍ തന്നെയാണ് സഹായിക്കുന്നത്. ഞാന്‍ വന്നതിന് ശേഷം ജനുവരി ആയപ്പോള്‍ മഞ്ഞൊക്കെ ഉരുകിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് ആഹാര സാധനങ്ങളുമായി കപ്പല്‍ വരുന്നത്. കുറച്ച് കഴിയുമ്പോഴേക്കും ഫ്രഷായ പച്ചക്കറിയൊക്കെ തീരും. പിന്നെ തണുത്ത പച്ചക്കറിയിലേക്കും ഇറച്ചിയിലേക്കുമെല്ലാം മാറും. പിന്നെ പാലിന് പകരം പാല്‍പ്പൊടിയാണ്. വന്ന് കൂടിപ്പോയാല്‍ ആറുമാസത്തിലധികം ഒരു ഫ്രഷ് പച്ചക്കറിയും ഇരിക്കില്ല.

'അന്റാര്‍ട്ടിക്കന്‍ മലയാളി' വ്ളോഗിങ്

അന്റാര്‍ട്ടിക്കന്‍ മലയാളി എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലുണ്ട്. ചെറിയ ഭാഗങ്ങളാക്കി നാട്ടില്‍ അനിയന് അയച്ചുകൊടുക്കും. അവനാണ് വീഡിയോ അപ്ലോഡ് ചെയ്യാനെല്ലാം സഹായിക്കുന്നത്. പിന്നെ യാത്രകള്‍ ചെയ്യാന്‍ നേരത്തെ തന്നെ ഇഷ്ടമാണ്. മംഗലാപുരത്തായിരുന്നു പഠിച്ചതൊക്കെ. പിന്നെ ഇവിടത്തെ കാലാവസ്ഥയേക്കുറിച്ച് എല്ലാ ദിവസവും അപ്‌ഡേഷന്‍ ലഭിക്കും. പുറത്തുപോകുന്നതൊക്കെ അതിനനുസരിച്ചാണ്. കൃത്യസമയത്ത് തിരികെ റിപ്പോര്‍ട്ട് ചെയ്യണം. പിന്നെ ഇടയ്ക്ക് ഫോട്ടോഗ്രഫിയോടും താത്പര്യമുണ്ടായിരുന്നു.

അന്റാര്‍ട്ടിക്ക തന്ന അനുഭവം

തികച്ചും വ്യത്യസ്തമായ ഒരിടത്താണ് ജോലി. സഹായിക്കാന്‍ ആരുമില്ല. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ നമ്മള്‍ മാത്രമേയുള്ളൂ. ഏത് ജോലിയും ചെയ്യാന്‍ തയ്യാറായിരിക്കണം. പോസിറ്റീവായെടുക്കേണ്ട കുറേ കാര്യങ്ങളുണ്ട്. നമ്മള്‍ കണ്ടിട്ടില്ലാത്ത പ്രവൃത്തികള്‍, പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍, അവരുടെ സംസ്‌കാരം, ഭക്ഷണം ഒക്കെയുണ്ട്. പിന്നെ നമ്മുടെ സ്റ്റേഷനടുത്ത് ചൈനക്കാരുടേയും റഷ്യക്കാരുടേയും സ്റ്റേഷനുകളുണ്ട്. നമ്മള്‍ പരസ്പരം അത്യാവശ്യഘട്ടങ്ങളില്‍ സഹായിക്കാനോടിയെത്തും. യാത്ര ചെയ്യുകയാണെങ്കില്‍ പോലും ഇതുപോലൊരു അവസരം ജീവിതത്തില്‍ കിട്ടിയെന്ന് വരില്ല. കടലിന് മുകളിലൂടെ നടന്ന് മഞ്ഞുമല കാണുക, സൂര്യനസ്തമിക്കാത്ത രാത്രി, പലതരം ജീവികള്‍, ഒരു മീന്‍കുഞ്ഞ് പോലുമില്ലാത്ത തടാകങ്ങള്‍, പുല്ലുപോലും മുളയ്ക്കാത്ത പാറകള്‍, അപ്രവചീനയമായ കാലാവസ്ഥ എന്നിവയൊക്കെ തരുന്നത് ഓരോ രീതിയിലുള്ള അനുഭവങ്ങളാണ്.

കോവിഡ് കാല അനുഭവങ്ങള്‍

മൂന്നാമത്തെ എക്‌സ്‌പെഡിഷന് കപ്പലില്‍ വന്ന് കപ്പലില്‍ത്തന്നെ പോകാനുള്ള അവസരം ലഭിച്ചു. പക്ഷേ ആ സമയത്തായിരുന്നു അവിടെ കോവിഡിന്റെ ഉദ്ഭവം. ഏതാണ്ട് 40 ദിവസമായിരുന്നു ഞങ്ങള്‍ കേപ്ടൗണില്‍ കുടുങ്ങിയത്. കേപ്ടൗണില്‍ ഏപ്രിലില്‍ ഇറങ്ങിയിട്ട് ജൂണ്‍ ആദ്യത്തെയാഴ്ചയാണ് വീട്ടിലെത്തുന്നത്. ഗോവയിലായിരുന്നു വിമാനമിറങ്ങിയത്. അവിടെ 14 ദിവസം ക്വാറന്റീനിലിരുന്നു. പരിശോധനകളൊക്കെ കഴിഞ്ഞ് കോഴിക്കോട്ടെത്തി, അവിടെയും ക്വാറന്റീനിലിരുന്ന ശേഷമാണ് വീട്ടിലെത്താനായത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ സൂക്ഷിച്ചായിരുന്നു ഇത്തവണത്തെ പര്യവേക്ഷണം. ഗോവയില്‍ നിന്ന് മൂന്ന് നാല് തവണ കോവിഡ് ടെസ്‌റ്റൊക്കെ നടത്തിയിരുന്നു. റഷ്യയുടെ രണ്ട് കപ്പല്‍ വന്നതില്‍ ഒരെണ്ണത്തില്‍ രോഗികളുണ്ടായിരുന്നതുകൊണ്ട് തിരിച്ചുവിടുകയാണുണ്ടായത്.

ഇനി നാട്ടില്‍ത്തന്നെ നിന്നേക്കും

ഈവര്‍ഷം ഡിസംബര്‍ അവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ജനുവരി ആദ്യം നാട്ടിലെത്തും. അച്ഛന്‍ പോയതോടെ ഉത്തരവാദിത്വങ്ങള്‍ കൂടിയിട്ടുണ്ട്. അനിയനും അന്യനാട്ടിലാണ്. ഒരു കുഞ്ഞുണ്ട്. അതുകൊണ്ട് പര്യവേക്ഷണം തുടരണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Content Highlights: Jyothish K Jayachandran, Malayali Living in Antarctica, Wayanad to Antarctica, Mathrubhumi Exclusive, Bharthi Research Center

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented