തേക്കിന്‍കാടിന്റെ മുറ്റത്ത്, നിളാതീരത്ത്, പെരുവനത്തെ നടവഴികളില്‍, പാലക്കാടന്‍ വേലകളില്‍, എറണാകുളത്തെ ഉത്സവപ്പറമ്പുകളില്‍... അങ്ങനെ പലയിടങ്ങളില്‍ പലവട്ടം ആ മുഖം ക്യാമറയില്‍ തെളിഞ്ഞു. ഉത്സവപ്പറമ്പുകളിലെത്തുന്ന കൊമ്പന്‍മാര്‍ നടന്നുനീങ്ങുന്നത് മണ്ണിലൂടെയല്ല ആനപ്രേമികളുടെ മനസ്സിലൂടെയാണ്.

Elephant Sivasundar

ഉത്സവങ്ങള്‍ കൊടിയിറങ്ങാത്ത മനസ്സുള്ള ഒരാള്‍ക്കു മാത്രമെ ഇത്തരമൊരു യാത്ര സാധ്യമാകുകയുള്ളൂ. ആനയ്ക്കുമുന്നിലൂടെ  ആള്‍ക്കൂട്ടത്തിനിടയിലൂടെ പൂരമൊരുക്കുന്ന വിരുന്നുവഴികളിലൂടെയെല്ലാം ക്യാമറയും തൂക്കിയുള്ള നടത്തം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മഞ്ഞുംവെയിലും വകവെക്കാതെ ഒരുവര്‍ഷത്തെ ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരം. ഒരാനയുടെ ഒരുവര്‍ഷത്തെ ഉത്സവയാത്ര ക്യാമറക്കണ്ണിലൂടെ തുറന്നുവെക്കുകയാണ് തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശിയും വിദ്യാര്‍ഥിയുമായ പി.ജി. നാരായണന്‍.

Elephant Sivasundar

ആനക്കമ്പം തൃശ്ശൂരുകാരന് ഒരലങ്കാരമാണ്. എന്നാലത്  രക്തത്തില്‍ അലിഞ്ഞുചേരുമ്പോഴാണ് ഒഴുക്കായി മാറുന്നത്. കൈയിലൊരു വെള്ളക്കുപ്പിയും തലയില്‍ തൊപ്പിയും കഴുത്തില്‍ ക്യാമറയുമായി നടക്കുമ്പോള്‍ പുരുഷാരമൊരുക്കുന്ന മറ്റുകാഴ്ചകളിലേക്കൊന്നും നാരായണന്റെ കണ്ണുമാറിയില്ല, ആനയെന്ന രണ്ടക്ഷരം മനസ്സിലത്രകണ്ട് ആഴത്തില്‍  വേരുറപ്പിച്ചിരുന്നു. 

Elephant Sivasundar

ഒരുവര്‍ഷം ആനപോകുന്ന വഴികളെ കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടാക്കി, യാത്രകളുടെ സമയക്രമം വര്‍ഷങ്ങളുടെ കൂട്ടികുറയ്ക്കല്‍കൊണ്ട് മുന്‍കൂട്ടി ചിട്ടപ്പെടുത്തി, ആനയ്‌ക്കൊപ്പം നീങ്ങാന്‍ മനസ്സൊരുങ്ങിയപ്പോള്‍ അതേതാനയ്‌ക്കൊപ്പമാകണം എന്നു സംശയമില്ലായിരുന്നു. പൂങ്കുന്നത്ത് താമസിക്കുന്ന ആനക്കമ്പമുള്ള വിദ്യാര്‍ഥിക്ക്  പിന്‍തുടരാന്‍ സ്വന്തം തട്ടകത്തില്‍തന്നെ എല്ലാം തികഞ്ഞ കൊമ്പന്‍ മുന്‍പിലുണ്ടായിരുന്നു. തിരുവമ്പാടി ശിവസുന്ദറിനൊപ്പമുള്ള ഉത്സവയാത്രകള്‍ പങ്കുവെക്കുമ്പോള്‍ നാരായണന്റെ വാക്കുകള്‍ക്ക് ആനപ്പുറത്തേറുന്ന ആഹ്ലാദം.

Elephant Sivasundar

''മധ്യകേരളത്തിലെ മികച്ച ഉത്സവങ്ങളെല്ലാം ഉത്തരായണകാലത്താണ്, മഴയ്ക്കുമുന്‍പ് ദേവതകള്‍ മനുഷ്യരിലേക്ക് വരുന്ന കാലമാണിത്. ഏറ്റവും തികവാര്‍ന്ന പഞ്ചാരിപൂരം കുംഭത്തിലെ കുട്ടനെല്ലൂര്‍ പൂരമാണ്, ഏറ്റവും മികച്ച പാണ്ടികളിലൊന്നാണ് ഊരകത്തമ്മയുടെ  മകീര്യം പുറപ്പാട്, പഞ്ചവാദ്യം മതിമറന്നാസ്വദിക്കാന്‍ മേടത്തിലെ തൃശ്ശൂര്‍ പൂരത്തിനെത്തണം. ഇവിടെയെല്ലാം സാക്ഷിയായി തിരുവമ്പാടി ശിവസുന്ദര്‍ ഉണ്ട്.'' എന്തുകൊണ്ട് ഉത്സവയാത്രകള്‍ക്ക് തിരുവമ്പാടി ശിവസുന്ദറിനെ തിരഞ്ഞെടുത്തു  എന്ന ചോദ്യത്തിന് തലപ്പൊക്കമുള്ള മറുപടിതന്നെ നാരായണന്‍ നല്‍കി.

Elephant Sivasundar

റോഡില്‍, കവലയില്‍, അമ്പലമുറ്റത്ത് ശിവസുന്ദര്‍ നില്‍ക്കുന്നിടത്തുതന്നെ ആള്‍ക്കൂട്ടം രൂപപ്പെടും. മധ്യഭാഗം താഴ്ന്നു പൊന്തിനില്‍ക്കുന്ന തലക്കുനി, മുന്നിലേക്കുന്തിയ വട്ടത്തിലുള്ള മസ്തകം, നിലത്തു ചുരുട്ടി ഇഴയുന്ന കനത്ത തുമ്പിക്കൈ, പതിനെട്ടു നഖങ്ങള്‍.... ഇങ്ങനെ ഗജകേസരിയുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ രൂപംകൊണ്ട് പേര് അന്വര്‍ഥമാക്കുന്ന കൊമ്പനാണ് ശിവസുന്ദര്‍.

Elephant Sivasundar

(2017 ല്‍ പ്രസിദ്ധീകരിച്ചത്‌ )
കൂടുതല്‍ ചിത്രങ്ങള്‍ കാണാം...