2016 മാര്‍ച്ച് 19-ന് താനെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊല്‍ക്കത്തയിലേക്ക്. അവിടെനിന്ന് ടാഗോറിന്റെ ശാന്തിനികേതന്‍ കാണുക. ടാഗോറിന്റെ ലോകത്തിലൂടെ ഒരഭൗമസഞ്ചാരം നടത്തിയശേഷം അസമിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നെ അറിയുന്നവരോട് താമസിക്കാന്‍ ഒരിടം നല്കാന് സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. ശാന്തിനികേതന്‍ സമീപമുള്ള ബോല്‍പ്പുരില്‍ താമസസൗകര്യം ലഭ്യമായി. ശാന്തിനികേതനില്‍നിന്ന് 'ഗീതാഞ്ജലി' വാങ്ങി. ടാഗോര്‍ കുട്ടികളെ പഠിപ്പിച്ചിരുന്ന മാവിന്‍ചുവട്ടിലിരുന്ന് ആ കവിതകള്‍ വായിച്ചപ്പോള്‍ അവാച്യമായ ഒരു വൈകാരികത എന്നിലൂടെ കടന്നുപോയി. പിന്നീട് യാത്ര അസമിലേക്കായിരുന്നു. തെക്കന്‍ അസമിലെ സില്‍ചറില്‍ എത്തി. താമസിക്കാന്‍ ഇടം ശരിയായി. അന്നവിടെ സമരമായിരുന്നു. ഇംഫാലിലേക്ക് വാഹനങ്ങളില്ല. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. എന്റെ അനിശ്ചിതത്വത്തോടൊപ്പം നിര്‍ത്താതെപെയ്യുന്ന മഴയില്‍ എനിക്ക് ഗീതാഞ്ജലി ആശ്വാസത്തിന്റെ വലിയ പുതപ്പായി.
പിന്നീട് ഒരാളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കരീംഗഞ്ചിലേക്ക് പോയി. അത് ബംഗ്ലാദേശിന്റെ അതിര്‍ത്തിപട്ടണമാണ്. തൊട്ടടുത്തുള്ള കോളേജില്‍ തങ്ങി. രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മൊബൈല്‍ ലോക്കേഷന്‍ കാണിക്കുന്നത് ധാക്ക. അസമില്‍ എത്തിയതോടെ മൊബൈല്‍ അന്താരാഷ്ട്ര റോമിങ്ങിലേക്ക് മാറി. എന്റെ മൊബൈലിലാണെങ്കില്‍ ബാലന്‍സില്ല. അസമില്‍ തിരഞ്ഞെടുപ്പാണ്. എന്റെ കൈയില്‍ പൈസയില്ല. തിരഞ്ഞെടുപ്പായതിനാല്‍ എ.ടി.എമ്മുകള്‍ അടച്ചിട്ടിരിക്കുകയാണ്. മൊബൈലില്‍ ബാലന്‍സില്ല. എന്നാല്‍, ഡേറ്റ പാക്ക് ഉള്ളതിനാല്‍ ഇന്റ ര്‍നെറ്റ് അതിന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. വീണ്ടും മഴപെയ്തതോടെ തണ്ണുപ്പ് എന്നെ കുടഞ്ഞിട്ടു. ഞാന്‍ ആകെ പ്രതിസന്ധിയിലായി റെയിന്‍ കോട്ട് വാങ്ങണോ എന്ന സംശയത്തിലായി. ആ ഭാരവും ഈ യാത്രയില്‍ ചുമക്കണോ എന്ന ആശങ്കയും എന്നില്‍ നിറഞ്ഞു. ഏപ്രില്‍ നാലിന് ഞാന്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ്. അവിടെ തുസോം എന്ന ഗ്രാമത്തില്‍ നാഗ കുടുംബത്തോടൊപ്പം താമസിച്ചു. യാത്രചെയ്യാന്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ അഞ്ചുദിവസത്തോളം ആ ഗ്രാമത്തില്‍ തന്നെയായിരുന്നു. തുസമില്നിന്ന് ഉക്രുമിലേക്ക് പോകാന്‍ അവസാനം ലോറികിട്ടി, ആ വാഹനത്തിന്റെ മുകളില്‍ കയറിയാണ് പിന്നീട് യാത്ര തുടര്‍ന്നത്. ഇതിനിടയില്‍ ഏപ്രില്‍ 13-ന് ഈ മേഖലയില്‍ ചെറിയ ഭുകമ്പം ഉണ്ടായി. ആരെയും സാരമായി ബാധിച്ചില്ല. ഇവിടെനിന്നാണ് മണിപ്പുരിലെ ചന്ദേല്‍ ജില്ലയിലെ മോറയില്‍ എത്തുന്നത്.
ഇതിനിടയില്‍ എത്രയോ മനുഷ്യരെ കണ്ടു. സ്നേഹംകൊണ്ട് അതിര്‍ത്തികള്‍ ലംഘിച്ചവര്‍, ഒന്നായവര്‍ -ക്യാപ്റ്റന്‍ ടിപ്നിസ്. മഹാരാഷ്ട്രക്കാരനായ ടിപ്നിസ് വിവാഹം ചെയ്തിരിക്കുന്നത് മണിപ്പുരി സ്ത്രീയെയാണ്. അവര്‍ ഇപ്പോള്‍ മണിപ്പുരിലെ ഹില്‍സ്റ്റേഷനായ ഉക്രുമില് താമസിക്കുന്നു, ഇവര്‍ക്കുപുറമേ സ്നേഹംകൊണ്ട് മുറിവേല്ക്കാത്ത ഉക്രുമില് ജനിച്ചുവളര്‍ന്ന അംഗം-ബര്‍മക്കാരിയായ ആഷിം... അങ്ങനെ എത്രപേര്‍.

ഉക്രുമില്വെച്ച് മുന്നോട്ടുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് മിക്കവരും പറഞ്ഞു. എങ്കിലും രണ്ടുപേര്‍ നല്കിയ പിന്തുണവഴി ഞാന്‍ മ്യാന്മറിലെത്തി. ഇതിനിടയില്‍ ചില സുഹൃത്തുക്കള്‍ വഴി താമസസൗകര്യം ഉറപ്പാക്കി. ഭക്ഷണത്തിന്റെ വൈവിധ്യങ്ങള്‍ യാത്രയിലുടനീളം ഉണ്ടായി. മുളയുടെ സുപ്പ്, പച്ചക്കറി, മുള ചേര്‍ത്ത നൂഡില്‍സ് അങ്ങനെ എത്ര വൈവിധ്യങ്ങള്‍. മ്യാന്മറിലേക്ക്് കടക്കുമ്പോള്‍ ചില രേഖകള്‍ മണിപ്പുരില്‍നിന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അവധിയായതിനാല്‍ കസ്റ്റംസ് ഓഫീസറുടെ വീട്ടിലെത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. ആയിരം ഡോളറില്‍ കൂടുതല്‍ താങ്കളുടെ പക്കലുണ്ടോ, 100 ഗ്രാമില്‍ കുടുതല്‍ സ്വര്‍ണം കൈവശമുണ്ടോ, മൃഗം, പക്ഷി, ചെടികളുടെ വിത്തുകള്‍ എന്നിവ കൈവശം ഉണ്ടായിരുന്നോ എന്നാണ് അറിയേണ്ടിയിരുന്നത്. എന്റെ കൈവശം പഴയ മൊബൈല്‍ ഫോണ്‍, എ.ടി.എം. കാര്‍ഡ്, ലോകഭൂപടം, ഹാര്‍ഡ് ഡിസ്ക്... അയാള്‍ ചിരിയോടെ എനിക്ക് എല്ലാ യാത്രാമംഗളങ്ങളും നേര്‍ന്നു.
ഏപ്രില്‍ 28
തായ്ലൻഡ് അതിര്‍ത്തിയിലെത്തുന്നു. യങ്കൂണില്നിന്ന് മൊലെയിനില്. ഇവിടെനിന്ന് മാ സോദില്‍. അവിടെനിന്ന് ബസില്‍ ഏപ്രില്‍ 30-ന് ബാങ്കോക്കില്‍. വീട്ടില്‍നിന്ന് പുറപ്പെട്ട് 42 ദിവസത്തിനുശേഷം. ഞാന്‍ ബാങ്കോക്കില്‍ എത്തി എന്നത് എനിക്ക് വിശ്വസിക്കാനായില്ല. എന്റെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് അപ്പോഴും താഴ്ന്നുതന്നെനിന്നു. ഇതിനിടയില്‍ പത്തുദിവസത്തോളം വിപാസന ധ്യാനത്തിനൊപ്പം. അതോടെ എന്റെ മനസ്സിലെ ആശങ്കകള്‍ നീങ്ങി.
66-ാം യാത്രാദിനം
ബാങ്കോക്കില്‍വെച്ച് തായ് മാനേജ്മെന്റ് ഗുരുവും എഴുത്തുകാരനുമായ ദാംറോങ് പിന്കൂണിനെ കണ്ടുമുട്ടുന്നു. അറുപതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒന്‍പത് ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തു.
71-ാം യാത്രാദിനം
ലാവോസിലെ വിയെന്റയിനില്‍. ബാങ്കോക്കിലെ ഇംഗ്ലീഷ് പത്രം ദ നാഷനില്‍ ജോലിചെയ്യുന്ന കൃഷ്ണകുമാറിനെ കണ്ടുമുട്ടുന്നു. മുംബൈയില്‍ മിഡ്ഡേ, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളിലെ ജോലിക്കുശേഷമാണ് അദ്ദേഹം ഇവിടെ എത്തുന്നത്.
83-ാം ദിനവും കഴിഞ്ഞ്

ലാവോസ് കഴിഞ്ഞ് വിയറ്റ്നാമിലെ ഹനോയില്‍ എത്തുന്നു. ഇനി യാത്രതുടരണമോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു. സുഹൃത്തുക്കളുടെ പ്രോത്സാഹനം മാത്രമാണ് കൈമുതല്‍. മിക്കപ്പോഴും ചെറുവാഹനങ്ങളിലെ സൗജന്യയാത്രയായിട്ടും ലക്ഷങ്ങള്‍ ചെലവായിക്കഴിഞ്ഞു. ഇനിയും ലോകപാതകള് മുന്നില്‍. ഹനോയില്‍നിന്ന് ചൈനയില്‍ എത്താന്‍ ട്രെയിനില്‍ 330 ഡോളര്‍ നല്‍കണം. ഹനോയില്‍നിന്ന് നാനിങ് വരെ ബസില്‍. പിന്നീട് അവിടെനിന്ന് ഇമിഗ്രേഷന്‍. യാത്ര ട്രെയിനില്‍ ബെയ്ജിങ്ങില്‍ എത്തുന്നു. യാത്രച്ചെലവ് 66 ഡോളര്‍, ഭക്ഷണം വിസ ഉള്‍പ്പെടെ 30 ഡോളര്‍, ഇതിനിടയിലെ താമസം 10 ഡോളര്‍ എല്ലാംകൂടി 120 ഡോളറിന് ചൈനയിലെത്തി. ബെയ്ജിങ്ങില്‍നിന്ന് ഷാങ്ഹായിലേക്ക് 1300 കിലോമീറ്റര്‍ ദൂരമുണ്ട്. ബുള്ളറ്റ് ട്രെയിന്‍ നാലേമുക്കാല്‍ മണിക്കൂര്‍കൊണ്ട് പിന്നിടുന്ന ദൂരം സാധാരണ ട്രെയിന്‍ 21 മണിക്കൂര്‍ എടുക്കും. ആ വണ്ടിയിലാണ് ഞാന്‍ യാത്രതിരിച്ചത്. ബുള്ളറ്റ് തീവണ്ടിക്ക് 5550 മുതല്‍ 17,500 വരെയാണ് ടിക്കറ്റ് നിരക്ക്, സാധാരണ തീവണ്ടിക്ക് 1760 രൂപ മാത്രമാണ് യാത്രച്ചെലവ്. താമസത്തിന്റെ പൈസ ലാഭിക്കാനായിരുന്നു ഞാന്‍ ഈ വണ്ടി തിരഞ്ഞെടുത്തത്.
ഓസ്ട്രേലിയയില്‍ കുറച്ചുനാള്‍. മെല്‍ബണിലെത്തിയപ്പോള്‍ കനത്ത തണുപ്പ് എന്നെ എറിഞ്ഞുടച്ചു. റെയില്‍വേ സ്റ്റേഷനില്‍ തണുത്തുവിറച്ച് നില്ക്കുമ്പോള് ഒരു പോലീസുകാരന്റെ കാരുണ്യം എനിക്ക് വെയിറ്റിങ് റൂമില്‍ ഇടംനല്കി. ദൈവം നീട്ടുന്ന കരങ്ങള്‍. അവിടെനിന്ന് നവംബര്‍ അഞ്ചിന് കാന്‍ബറയില്‍. മുംബൈയില്‍നിന്ന് പുറപ്പെട്ട് 237 ദിവസമായി 18,000 കിലോമീറ്റര്‍ പിന്നിട്ടു. കാന്‍ബറയില്‍നിന്ന് സിഡ്നിയില്‍. ഇപ്പോള്‍ 301 ദിവസങ്ങള്‍ക്കുശേഷം സിഡ്നിയില്‍നിന്ന് ചെറുവിമാനത്തില്‍ ചിലിയിലെ സാന്‍ഡിയാഗോയില്‍. റിയോഡി ജനയ്റോയില്‍ പള്ളിയിലായിരുന്നു താമസം. മലയാളികളായ ഫാദര്‍മാര്‍ താമസസൗകര്യം ഒരുക്കിത്തന്നു. അവിടെനിന്ന് അര്‍ജന്റീന, ബോളീവിയ, പെറു, ഇക്വഡോര്‍ അതിര്‍ത്തിയിലെ ലിമ, കൊളംബിയ, കോസ്റ്ററീക്ക, ഗ്വാട്ടിമാല, മെക്സിക്കോ സിറ്റി, ലിസ്ബന്, പോര്‍ച്ചുഗല്‍, ബര്‍ലിന്‍, ജര്‍മനി, പാരീസ്, ബുഡാപെസ്റ്റ്, റുമാനിയ... സൂപ്പര്‍ മാരത്തോണ്‍ അവസാനിപ്പിച്ച് യൂറോപ്പ് വഴി തുര്‍ക്കിയില്‍ എത്തുന്നു. 2018 നവംമ്പര്‍ 13-നാണത്. ഡിസംബര്‍ 13-ന് അങ്കാറ വിടുന്നു. ഡിസംബര്‍ 14-ന് ആയിരം ദിവസം പിന്നിടുന്നു. ഡിസംബര്‍ അവസാനത്തോടെ ടെഹ്റാനിലെത്തുന്നു.
പുതുവര്‍ഷത്തില്‍ പാകിസ്താന് വിസയ്ക്കും അഫ്ഗാനിസ്താന് വിസയ്ക്കും അപേക്ഷിക്കുന്നു. ഉസ്ബെകിസ്താനിലെത്തുന്നു. വീണ്ടും ചൈന, ബെയ്ജിങ്ങില്‍. അവിടെനിന്ന് മ്യാന്മര് വഴി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്. അവസാനം ഗുവാഹാട്ടി-എല്‍.ടി.ടി. എക്സ്പ്രസില്‍ ഇറങ്ങിത്തിരിച്ച താനെയുടെ മണ്ണില്‍ തിരിച്ചിറങ്ങുന്നു. 2019 മാര്‍ച്ച് 21-ന് രാത്രി 8.03-ന് താനെയുടെ മണ്ണില്‍. അതെ, ലോകം കറങ്ങി ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു.
Content Highlights: Vishnudas Chapke. Travels of Vishnudas Chapke