ഗ്രീക്ക് പുരാണങ്ങളിലും ഈഡിപ്പസ് നാടകത്തിലും പരാമര്‍ശിക്കുന്ന പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദെല്‍ഫി (Delphi). അവിടെ സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ആതന്‍സില്‍നിന്ന് ഇരുനൂറ്റിപ്പത്തോളം കിലോമീറ്റര്‍ ദൂരമുള്ള ദെല്‍ഫിയില്‍  റോഡുമാര്‍ഗമേ എത്താന്‍ കഴിയൂ. അതുകൊണ്ട് അവസരം വരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. അപ്രതീക്ഷിതമായാണ് ദെല്‍ഫിക്കടുത്തുള്ള പിന്‍ഡോസ് (Pindos) മലനിരകള്‍ക്കിടയിലുള്ള എലാത്തി (Elati) ഗ്രാമത്തില്‍നിന്നുള്ള സുഹൃത്ത് നിക്കോളാസ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിനായി എന്നെയും ക്ഷണിച്ചത്.
 
ആതന്‍സില്‍നിന്ന് ഉച്ചയോടെ നിക്കോളാസിന്റെ കാറില്‍ പലയിടങ്ങളിലും വിശ്രമിച്ച് ചുരംവഴിയുള്ള യാത്ര എലാത്തിയില്‍ എത്തിയപ്പോള്‍ സന്ധ്യയോടടുത്തിരുന്നു. സെപ്റ്റംബറിലെ തണുപ്പകറ്റാനും അതിഥിയെ സത്കരിക്കാനുമായി അദ്ദേഹത്തിന്റെ അമ്മയും അമ്മാവനും അമ്മായിയും അമ്മയുടെ സഹോദരിയും മറ്റു സുഹൃത്തുക്കളും ലിറ്റര്‍ കണക്കിന് ചിപ്പുറൊ (Tsipouro) എന്ന  നാടന്‍ വാറ്റും ഗ്രീക്ക് ലഘുഭക്ഷണങ്ങളുമായി കാത്തിരിക്കുന്നത് അവിശ്വസനീയമായിരുന്നു. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവര്‍ ഇവിടെ വിരളമായതിനാല്‍ നിക്കോളാസും അയാളുടെ ബന്ധുവും എന്റെ പരിഭാഷകരായി കൂടെനിന്നു. സൗഹൃദങ്ങള്‍ക്ക് ഊഷ്മളതയും ഊര്‍ജവും അകമഴിഞ്ഞ് നല്‍കുന്ന നിക്കോളാസ് യാത്ര ദെല്‍ഫി വഴിയാക്കി.
 
ദെല്‍ഫിയിലേക്ക് യാത്രപോകാമെന്ന് നിക്കോളാസ് സൂചിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി കൈവന്ന മറ്റൊരവസരം അവാച്യമായൊരു ആനന്ദം നല്‍കി. അന്‍പതിനായിരം വര്‍ഷങ്ങള്‍ക്കും അയ്യായിരം വര്‍ഷത്തിനുമിടയിലായി മനുഷ്യവാസത്തിന്റെ ശേഷിപ്പുകള്‍ ഇതിലുള്ള ഗുഹയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അവിശ്വസനീയമായ ഭൂപ്രകൃതിയുള്ള തെസ്സലിയന്‍ (Thessalian) സമതലതപ്രദേശത്ത് മുന്നൂറു മീറ്ററിലധികം ഉയരത്തില്‍ കുത്തനെയുള്ള മഹാശിലാ സ്മാരകങ്ങളുടെ മുകളില്‍ പതിനൊന്നാം നൂറ്റാണ്ടുമുതല്‍ നിര്‍മിച്ച ഇരുപതിലധികം സന്ന്യാസിമഠങ്ങളുടെ കാഴ്ച ആകര്‍ഷണീയമാണ്. ഭൂമിശാസ്ത്രപരമായ അദ്ഭുതങ്ങളെ തൊട്ടുണര്‍ത്തുന്ന ഇവിടെനിന്നുള്ള കാഴ്ച ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പ്രദേശം കാത്തിരുന്ന ഭയാനകനായ പെരുമ്പാമ്പിനെ (Python) അപ്പോളോ (Apollo) ദേവന്‍ വകവരുത്തിയതിന്റെ ഓര്‍മയ്ക്കായി Pythia  എന്നപേരില്‍ ഉത്സവം നടത്തിയിരുന്നതായി പൗരാണിക ഗ്രീക്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 
4000 ബി.സി. മുതല്‍ ഭൂമാതാ സങ്കല്പവുമായി ചേര്‍ന്നുള്ള പരിശുദ്ധമായ അനുഷ്ഠാനങ്ങള്‍ക്കായി  ഇവിടം മനുഷ്യര്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. പ്രപഞ്ചനാഭി കണ്ടുപിടിക്കുന്നതിനായി സിയൂസ് (Zeus) ദേവന്‍ ഇവിടെനിന്ന് രണ്ട് ഗരുഡന്‍മാരെ ഭൂമിയുടെ വ്യത്യസ്തദിശയില്‍ പറത്തിയതായി ഗ്രീക്ക് പുരാണത്തില്‍ പരാമര്‍ശിക്കുന്ന സ്ഥലത്ത് സ്വല്പം സ്ഥൂലിച്ച അണ്ഡാകൃതിയിലുള്ളതും പ്രതലം ആവര്‍ത്തിച്ചുള്ള ബിംബങ്ങളാല്‍ അലംകൃതമായതുമായ പ്രതിഷ്ഠ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇവിടെയുള്ള മ്യൂസിയത്തിലുണ്ട്.
 
ബി.സി. ആറാംനൂറ്റാണ്ടുവരെ രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ ദെല്‍ഫിയുടെ നടത്തിപ്പും മതപരമായ ആചാരങ്ങള്‍ക്കായി പുരോഹിതരെ തിരഞ്ഞെടുക്കാനുള്ള അധികാരവും പന്ത്രണ്ട് വ്യത്യസ്ത ഗോത്രസമിതികള്‍ക്കായിരുന്നു. സമ്പത്ത് സംഭരണത്താല്‍ പലപ്പോഴും ദെല്‍ഫി അന്യദേശ ഭരണാധികാരികളുടെ ആക്രമണത്തിന് ഇരയായിരുന്നു. പര്‍ണാസോസ് മലയുടെ ഗാംഭീര്യതയും ഉയരംകൂടിയ ദേവദാരു, സൈപ്രസ് മരങ്ങളും നിറഞ്ഞ മലഞ്ചെരുവില്‍ തങ്ങിനിന്നിരുന്നതും സിരകളില്‍ അരിച്ചു കയറിയതുമായ നിശ്ശബ്ദതയാണ് എന്റെ ശ്രദ്ധ കൂടുതലായി ആകര്‍ഷിച്ചത്. മുപ്പത്താറായിരത്തോളം ഏക്കര്‍ വിസ്തൃതമായ പര്‍ണാസോസ് മലനിരകള്‍ പരിസ്ഥിതിലോലവും ജൈവവൈവിധ്യവുംനിറഞ്ഞ ഭൂപ്രദേശമായതിനാല്‍ ഇവിടം സര്‍ക്കാര്‍  ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
 
അപ്പോളോ ദേവനുവേണ്ടി നിര്‍മിച്ച ദേവാലയത്തിന് മുകളിലെ കമാനത്തില്‍ കൊത്തിവെച്ചിരുന്ന വിഖ്യാതമായ 'gnothi seauton'എന്ന ഗ്രീക്ക് തത്ത്വം ഇംഗ്‌ളീഷില്‍ 'Know thy self' എന്നാണ് വിവര്‍ത്തനംചെയ്തിരിക്കുന്നത്. സാമൂഹിക നിര്‍മിതിയായ സ്വത്ത്വത്തെ അറിയുകയെന്ന ലളിതമായ മാര്‍ഗം മറ്റൊരുരീതിയില്‍ വ്യാഖ്യാനിച്ചാല്‍ സ്വയം അറിയുകയെന്നാണ്. ഇപ്പോഴിവിടം കാട്ടുപന്നികള്‍, തുരപ്പന്‍ കരടി, കീരി, ചെമ്മരിയാട് എന്നിവകളുടെ അഭയകേന്ദ്രമാണെന്ന് നിക്കോളാസ് നര്‍മത്തോടെ സൂചിപ്പിച്ചു. ദെല്‍ഫിയിലെ സ്റ്റേഡിയത്തില്‍നിന്ന് തിരിച്ചുവരുമ്പോള്‍ അപരിചിതനായ നാട്ടുകാരന്‍ 'ഹലോ ഡോക്ടര്‍' എന്ന് എന്നെ അഭിസംബോധനചെയ്തത് എല്ലാവരിലും അമ്പരപ്പുളവാക്കി.

യാനിസ് എന്നുപേരുള്ള ആശാരിയായിരുന്നു അയാള്‍. (ഗ്രീക്ക് ഭാഷയില്‍ ആശാരിക്ക് മരഗോസ് എന്നാണ് പറയുന്നത്). അയാളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ ഡോക്ടറല്ലെന്ന് പറഞ്ഞപ്പോള്‍ മനുഷ്യരെല്ലാം ഡോക്ടറാണെന്ന മറുപടി വന്നത് കൗതുകമുണര്‍ത്തി. ആരെയാണ് നമ്മള്‍ ചികിത്സിക്കുന്നതെന്ന ചോദ്യത്തിന് സ്വയം ചികിത്സയാണെന്ന മറുപടിയും 'സ്വയം അറിയുകയെന്ന' ദെല്‍ഫിയിലെ തത്ത്വവും തമ്മിലുള്ള സമാനത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 

Content Highlights: Delphi Travel, Johns Mathew Travelogue