ഊട്ടി
നീലഗിരി ചരിത്രം ആഘോഷിക്കുകയാണ്, ഇംഗ്ലീഷുകാരനായ കളക്ടര്‍ ജോണ്‍ സള്ളിവന് ലോകപ്രശസ്തമായ ഊട്ടി എന്ന കൊച്ചുനഗരം കണ്ടെത്തിയതിന്റെ 200 വര്‍ഷങ്ങളുടെ ആഘോഷം. സള്ളിവന്റെ 234ാമത് ജന്മദിനവും നീലഗിരി ആഘോഷിക്കുകയാണ്. ജൂണ്‍ 15നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. നീലമലകളുടെ നിഗൂഢത അനാവരണംചെയ്ത് ഊട്ടിയെ ലോകത്തിനുമുന്നില്‍ തുറന്നുകൊടുത്ത സാഹസികതയെ ആദരിക്കുകയാണ് നീലഗിരി. അതിനായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍. നീലഗിരിയില്‍ ഇക്കൊല്ലത്തെ വേനല്‍ക്കാല ഉത്സവങ്ങളും ഇതിന്റെഭാഗമായി പതിവിലേറെ നിറപ്പകിട്ടിലായിരുന്നു. ലോകത്തിനുമുന്നില്‍ നീലഗിരി അനാവരണംചെയ്ത വിസ്മയങ്ങളായിരുന്നു പ്രദര്‍ശനങ്ങളുടെ ആകത്തുക. ആരോഗ്യബോധവത്കരണം, നീലഗിരിയുടെ പൈതൃകസമ്പത്തുകള്‍ പരിചയപ്പെടുത്തുക, പോയകാല സ്മരണകളിലേക്കുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്താനൊരുങ്ങുകയാണ്.
നീലഗിരിയിലേക്കുള്ള യാത്ര
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് 'നീലപര്വതങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അതിമനോഹരമായ കഥകളുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാനും അവയുടെ ആധികാരികത പരിശോധിക്കാനും അധികാരികള്‍ക്ക് ഒരു റിപ്പോര്‍ട്ട് അയക്കാനും' കിട്ടിയ ഉത്തരവിലാണ് സള്ളിവന് നീലഗിരി മലനിരകളിലേക്ക് പുറപ്പെട്ടത്. യൂറോപ്യന്മാരുടെയും മദ്രാസ് ശിപായിമാരുടെയും ഒരു സംഘത്തോടൊപ്പം, 1819 ജനുവരി രണ്ടിനാണ് ദൗത്യത്തിന്റെ തുടക്കം. ദുര്‍ഘടവും പരുഷവുമായ ഭൂപ്രദേശങ്ങള്‍ മുറിച്ചുകടക്കുന്നത്, കുത്തനെയുള്ള കൊടുമുടികയറ്റം, വന്യമൃഗങ്ങളില്‍നിന്നുള്ള അപകടം എന്നിവ ഉള്‍പ്പെട്ടതായിരുന്നു യാത്ര. ആറുദിവസം നീണ്ടുനിന്ന ഒരു പര്യവേക്ഷണത്തിനും സംഘാംഗങ്ങളില്‍ ചിലരുടെ ജീവന് നഷ്ടപ്പെട്ടതിനും ശേഷം, സള്ളിവന് ഒടുവില്‍ ഒരു പീഠഭൂമിയിലെത്തി. 1821ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ മൂന്ന് അസിസ്റ്റന്റ് സര്ജന്മാര് കൂടിയെത്തിയതോടെ നീലഗിരിയില്‍ ബ്രിട്ടീഷ് സാന്നിധ്യം കൂടി. അമ്പത് ബ്രിട്ടീഷ് സേനാംഗങ്ങള്‍ സ്ഥിരമായി നീലഗിരിയില്‍ വിന്യസിക്കപ്പെട്ടു. നീലഗിരിയുടെ ഹൃദയഭാഗത്തുള്ള ഉദകമണ്ടലത്തില് (ഊട്ടി) വേനല്‍ക്കാലവസതികള്‍ സ്ഥാപിച്ചു.
.jpg?$p=4f852a2&w=610&q=0.8)
സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍
1819ല്‍ ആദ്യമായി നീലഗിരിയിലെത്തിയ സള്ളിവന് കോത്തഗിരിക്കടുത്തുള്ള ദിംഹട്ടിയിലാണ് തന്റെ ആദ്യത്തെ ക്യാമ്പ് നിര്‍മിക്കുന്നത്. ഈ ക്യാമ്പിന്റെ ഓര്‍മയെന്നോണം, കോത്തഗിരിയിലെ കണ്ണേരിമുക്കിലുള്ള സള്ളിവന് സ്മാരകം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. തുടര്‍ന്ന് 1821ല്‍ ഊട്ടിയിലെത്തി. 1823ല്‍ ആദിവാസികളായ തോഡര്മാരുടെ ശവസംസ്കാരം നടന്നുവന്നിരുന്ന കുഗ്രാമം അദ്ദേഹം വിലയ്ക്കുവാങ്ങുകയും 1823ല്‍ തന്റെ ആദ്യത്തെ വസതിയായ സ്റ്റോണ്‍ഹൗസ് നിര്‍മിക്കുകയും ചെയ്തു. സെറ്റില്‍മെന്റിലെ ആദ്യത്തെ പള്ളി, റോമന്‍ കാത്തലിക് ചാപ്പല്‍, ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളാണ് അവിടെ ഉയര്‍ന്നുവന്നത്. ഇന്ത്യയുടെ ആദ്യത്തെ ഹില്സ്റ്റേഷന് പിറന്നത് അങ്ങിനെയാണ്. ഇന്ത്യയിലെ രോഗബാധിതരായ യൂറോപ്യന്‍ സൈനികരുടെ സാനിറ്റോറിയമായി നീലഗിരി വികസിപ്പിക്കാന്‍ ശ്രമിച്ച സള്ളിവന്, ഊട്ടിത്തടാകം നിര്‍മിച്ചു. ജലസേചനത്തിനും നാവിഗേഷനുമായി വെള്ളം സംഭരിക്കാനുണ്ടാക്കിയ ആദ്യജലസംഭരണിയായിരുന്നു ഊട്ടിത്തടാകം. പ്രാദേശിക കാര്‍ഷികസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിമാറിയ വിളകളായ തേയില, ഉരുളക്കിഴങ്, കാബേജ് എന്നിവ ജില്ലയില്‍ എത്തിച്ചതും സള്ളിവനാണ്. ഗവണ്മെന്റ് ആര്‍ട്സ് കോളേജ് വളപ്പില്‍ ഇപ്പോഴും സ്റ്റോണ്‍ഹൗസ് നിലകൊള്ളുന്നു. സള്ളിവന്റെയും ബ്രിട്ടീഷുകാരുടെയും വരവ് നീലഗിരിയുടെ പാരിസ്ഥിതികനാശത്തിന് തുടക്കമിട്ടുവെന്നത് ശരിതന്നെ. എന്നാല്‍, നീലഗിരിയിലെ മലയോരങ്ങളില്വിളയുന്ന ധാരാളം പച്ചക്കറികള്‍ പരിചയപ്പെടുത്തിയ സള്ളിവന്, ഒരു നൂറ്റാണ്ടിലേറെയായി ജില്ലയുടെ സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിട്ട തേയില വളര്‍ത്താനും ആളുകളെ പ്രേരിപ്പിച്ചു.
ബ്രിട്ടീഷുകാരുടെ വരവ് നീലഗിരിയിലുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കലിന് കാരണമായിരുന്നു. സള്ളിവനുള്പ്പെടെയുള്ളവര്ക്ക് തദ്ദേശീയ ആദിവാസികളുടെ ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ നീലഗിരിയെ വാണിജ്യപരമായ ചൂഷണത്തിനായി തുറന്നുകൊടുത്തു, ഇത് തൊഴിലാളികളുടെയും മറ്റുള്ളവരുടെയും കടന്നുകയറ്റത്തിലേക്ക് നയിച്ചു. ഇത് തദ്ദേശീയസമൂഹങ്ങളെ കൂടുതല്‍ പാര്‍ശ്വവത്കരിക്കാന്‍ കാരണമായി. അവരില്‍ ഭൂരിഭാഗവും ഇപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്നു.
ജോണ്‍ സള്ളിവനും ഊട്ടിയും
ജോണ്‍ സള്ളിവന് നീലഗിരിയിലെ ബ്രിട്ടീഷ് സെറ്റില്‍മെന്റിന്റെ സ്ഥാപകനായാണ് അറിയപ്പെടുന്നത്. പതിനഞ്ചാംവയസ്സില്‍ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ക്ലാര്‍ക്കായി ഇന്ത്യയിലേക്കുവന്ന അദ്ദേഹം 1817ല്‍ കോയമ്പത്തൂര്‍ കളക്ടറായി. തുടര്‍ന്നായിരുന്നു നീലഗിരിയിലേക്കുള്ള യാത്ര.
കാടുംമേടും കടന്നുള്ള ആ യാത്ര ഉദകമണ്ഡലമെന്ന ഊട്ടിയെ കണ്ടെടുക്കുന്നതിലാണ് കലാശിച്ചത്. 1838ല്‍ ഊട്ടിയില്‍വെച്ച് സള്ളിവന്റെ ഭാര്യയും മകളും മരണമടഞ്ഞു. ജോണ്‍ സള്ളിവന്റെ ഭാര്യ ഹെന്റിയേറ്റ സിസിലിയ ഹാരിങ്ടലിന്റെയും മകള്‍ ഹാരിയേറ്റിന്റെയും മൃതദേഹങ്ങള്‍ സെയ്ന്റ് സ്റ്റീഫന്‍സ് പള്ളിയിലെ കല്ലറകളിലാണ് അടക്കം ചെയ്തത്.
ദുഃഖിതനായ സള്ളിവന് താന്‍ വളരെയധികം സ്നേഹിക്കുകയും വികസിപ്പിക്കുകയും ചെയ്ത ഊട്ടി ഹില്സ്റ്റേഷന് ഉപേക്ഷിച്ച് തന്റെ എട്ടു മക്കളുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1855 ജനുവരി 16ന് അന്തരിച്ചു. ഇംഗ്ലണ്ടിലെ ബെര്‍ക്ക്ഷെയറിലുള്ള അപ്ടണ് കം ചാല്വിയിലെ സെയ്ന്റ് ലോറന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..