ലോകത്തിന് മുമ്പില്‍ അത്ഭുതമായി ഒരു ജനത; ജപ്പാന്‍ യാത്രാനുഭവം


സ്വാതി ബി.

ജപ്പാനിലെ റൈക്കന്‍ ബ്രയിന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതാണ് ജപ്പാന്‍ സന്ദര്‍ശനം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴി ഒരുക്കിയത്.

മെയ്ജി ക്ഷേത്രത്തിലെ ടോറി കവാടം

ഒളിമ്പിക്‌സ് കാലത്ത് വാര്‍ത്തകളില്‍ ജപ്പാന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു പഴയ ജപ്പാന്‍ യാത്ര ഓര്‍മ്മിച്ചെടുത്ത് ടോക്കിയോയിലെ പ്രധാന കാഴ്ചകളെ പരിചയപ്പെടുത്തുകയാണിവിടെ.
ഉദയസൂര്യന്റെ നാട്. സുനാമിയും ഭൂകമ്പവും ചുഴലികാറ്റും പുത്തരിയല്ലാത്ത നാട്. വ്യത്യസ്തവും വിചിത്രവുമായ സംസ്‌കാരവും ആചാരങ്ങളുമുളള നാട്, വിനയവും അദ്ധ്വാനശീലവും ഉപചാരമര്യാദകളും കൊണ്ട് ലോകത്തിന് മാതൃകയായ ഒരു ജനതയുളള നാട് തുടങ്ങി വിശേഷങ്ങള്‍ ഏറെയുണ്ട് ജപ്പാന്‍ എന്ന പൗരസ്ത്യ ഏഷ്യന്‍ രാജ്യത്തിന്. ഗവേഷണപഠനത്തിന്റെ ഭാഗമായി ജപ്പാനിലെ റൈക്കന്‍ ബ്രയിന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതാണ് ജപ്പാന്‍ സന്ദര്‍ശനം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴി ഒരുക്കിയത്.
ടോക്കിയോ നഗരത്തിലൂടെ
അംബരചുംബികളായ കെട്ടിടങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, ഉദ്യാനങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങി കാഴ്ചകള്‍ ധാരാളമുണ്ട് തലസ്ഥാനനഗരിയായ ടോക്കിയോയില്‍. ഇവിടുത്തെ ജില്ലകളെയെല്ലാം കോര്‍ത്തിണക്കികൊണ്ടുളള മെട്രോ റെയില്‍ ശൃംഖല അതിവിപുലവും മികവുറ്റതുമാണ്. അതിനാല്‍ നഗരം ചുറ്റാന്‍ മികച്ച മാര്‍ഗ്ഗം മെട്രോ തന്നെ. ടോക്കിയോ മാപ്പും ട്രെയിന്‍ ടിക്കറ്റുമുണ്ടെങ്കില്‍ ഏതു സ്ഥലവും കണ്ടെത്തി സന്ദര്‍ശിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ഭൂകമ്പങ്ങള്‍ നിത്യ സംഭവങ്ങളായ ഈ നാട്ടില്‍ ആകാശം മുട്ടി നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ വിസ്മയകരമായ കാഴ്ച തന്നെയാണ്. ഇവിടുത്തെ വീടുകളും, കെട്ടിടങ്ങളും തീവ്രമായ ഭൂചലനത്തെ പോലും പ്രതിരോധിക്കുംവിധം നിര്‍മ്മിച്ചിട്ടുളളതാണ്. വിചിത്രമായ ആകൃതിയിലും വിസ്മയിപ്പിക്കുന്ന ഉയരത്തിലുമുളള കെട്ടിടങ്ങള്‍ ഏറെയുണ്ടിവിടെ. ഉയരത്തില്‍ വമ്പന്‍ ടോക്കിയോ സ്‌കൈട്രിയാണ്. 634 മീറ്റര്‍ ഉയരമുളള ഈ വാര്‍ത്താവിനിമയഗോപുരത്തിന് ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ക്രെഡിറ്റുമാത്രമല്ല എറ്റവും ഉയരം കൂടിയ ഗോപുരമെന്ന ലോകറെക്കാര്‍ഡുമുണ്ട്. ഉയരത്തില്‍ രണ്ടാമന്‍ ടോക്കിയോ ടവ്വറാണ്. കാഴ്ചയില്‍ പാരീസിലെ ഈഫല്‍ ടൗവ്വറിന്റെ പകര്‍പ്പാണ് കക്ഷി. എന്നാല്‍ ഉയരത്തില്‍ ഈഫലിനെക്കാള്‍ കേമന്‍. ടോക്കിയോ ടവ്വറിന്റെയും സ്‌കൈട്രീയുടെയും ഒബ്‌സര്‍വ്വേറ്ററിയില്‍ നിന്നാല്‍ ടോക്കിയോ നഗരത്തിന്റെ പൂര്‍ണ്ണചിത്രം കണ്ട് ആസ്വദിക്കാനാകും.
tokyo tower
ടോക്കിയോ ടവ്വര്‍

ഷിന്റോമതവും ബുദ്ധമതവും പ്രചാരത്തിലുളള ജപ്പാനില്‍ ഇരുമതക്കാരുടെയും ആരാധനാലയങ്ങള്‍ ഏറെയുണ്ട്. ജപ്പാനില്‍ ഉടലെടുത്ത ഷിന്റോമതത്തിന് അവിടുത്തെ സംസ്‌കാരത്തോളം പഴക്കമുണ്ട്. എന്നാല്‍ ബുദ്ധമതം ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന് പറിച്ചു നട്ടിട്ടുളളതാണ്. ടോക്കിയോയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം ഷിന്റോമതക്കാരുടെ മെയ്ജി ജിങ്കുവും ബുദ്ധമതക്കാരുടെ സെന്‍സോജിയുമാണ്. ആധുനിക ജപ്പാനിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന മെയ്ജിയുടെയും ഷോകെന്‍ രാജ്ഞിയുടേയും സ്മരണയ്ക്കായ് നിര്‍മ്മിച്ചിട്ടുളളതാണ് മെയ്ജി ക്ഷേത്രം. നൂറ്റിയെഴുപത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഒരു വനത്തിലാണ് ഈ ക്ഷേത്രം നിലകൊളളുന്നത്. ജാപ്പനീസ് പരമ്പരാഗതരീതിയില്‍ നിര്‍മ്മിച്ചിട്ടുളള ടോറി കവാടമാണ് സന്ദര്‍ശകരെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. പന്ത്രണ്ട് മീറ്ററോളം നീളമുളള ഈ ഭീമന്‍ഗേറ്റ് 1500 വര്‍ഷം പഴക്കമുളള സൈപ്രസ് മരത്തിന്റെ തടി കൊണ്ട് നിര്‍മ്മിച്ചിട്ടുളളതാണ്. ഇത്തരം ടോറി കവാടങ്ങള്‍ ഷിന്റോ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ക്ഷേത്രത്തിന്റെ അള്‍ത്താരയില്‍ പ്രതിഷ്ഠയോ പൂജകളോ ഇല്ല. ഷിന്റോമതക്കാര്‍ ആരാധിക്കുന്നത് 'കാമി' എന്ന ചൈതന്യത്തെയാണ്. കാറ്റ്, മഴ, പുഴകള്‍, മരങ്ങള്‍, മലകള്‍, മൃഗങ്ങള്‍, പരേതാത്മാവ് തുടങ്ങി കാമി ഏതു രൂപത്തിലുമാകാം. അവയെ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും വിശുദ്ധ വസ്തുക്കളാവും ഷിന്റോക്ഷേത്രങ്ങളില്‍ ഉണ്ടാവുക.
japan temple gate
മെയ്ജി ക്ഷേത്രത്തിലെ ടോറി കവാടം

മതവിശ്വാസങ്ങളെ പോലെതന്നെ വ്യത്യസ്തമാണ് ഷിന്റോമതക്കാരുടെ ആചാരങ്ങളും ആരാധനാക്രമങ്ങളും. എല്ലാ ക്ഷേത്രങ്ങളുടെ മുറ്റത്തും 'ടെമിസുയ' എന്ന ചെറിയ ജലസംഭരണിയുണ്ടാവും. അതില്‍ നിന്ന് വെളളമെടുത്ത് കൈയും വായും കഴുകിയശേഷമേ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കാവൂ. അള്‍ത്താരയിലെത്തിയാല്‍ ആദ്യംതന്നെ മണി മുഴക്കി തങ്ങളുടെ വരവ് ദൈവത്തെ അറിയിക്കണം. ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിക്കണം. പ്രാര്‍ത്ഥിക്കേണ്ട വിധം ഇങ്ങനെ-ആദ്യം രണ്ട് വട്ടം ശരീരം മുന്നോട്ട് വളച്ച് വണങ്ങുക. പിന്നെ രണ്ട് വട്ടം കൈകൊട്ടുക. കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചശേഷം ഇനി ഒരു വട്ടം കൂടി വണങ്ങുക. എമ എന്ന തടിപലകയില്‍ ആഗ്രഹങ്ങള്‍ എഴുതി തൂക്കിയിടാനുളള സംവിധാനം ക്ഷേത്രമുറ്റത്തുണ്ട്. ഭാഗ്യാന്വേഷികള്‍ക്ക്‌ 'ഒമികുജി' എന്ന ഭാഗ്യം പ്രവചിക്കുന്ന കടലാസ് തുണ്ടുകള്‍ വാങ്ങാം.
ടോക്കിയോയിലെ ഏറ്റവും പുരാതനബുദ്ധമതക്ഷേത്രമാണ് സെന്‍സോജി എന്നറിയപ്പെടുന്ന അസകുസ കാമോന്‍ ക്ഷേത്രം. കാരുണ്യത്തിന്റെ പ്രതീകമായ 'ഗുവാനിന്‍' ദേവനാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. കാമിനാരിമോന്‍ കവാടവും, കോമഗറ്റാടോ പ്രാര്‍ത്ഥനാ ഹാളും അഞ്ച് നില പഗോഡയും ജാപ്പനീസ് സുവനീറുകള്‍ വില്ക്കപ്പെടുന്ന നക്കാമീസ് തെരുവീഥിയും ഉള്‍പ്പെട്ടതാണ് അസകുസ ക്ഷേത്രം. ജപ്പാനിലെ മങ്കമാര്‍ അവരുടെ പരമ്പരാഗതവേഷമായ കിമോണോ ധരിച്ചാണ് ക്ഷേത്രദര്‍ശനത്തിനെത്തുക. മിനാറ്റൊ പ്രദേശത്തെ സൊജോജി ക്ഷേത്രം ജോഡോ ബുദ്ധമതവിശ്വാസികളുടെ സ്വന്തമാണ്. ഇവിടുത്തെ ഉദ്യാനത്തെ അലങ്കരിക്കുന്നത് പൂക്കളല്ല, മറിച്ച് കുട്ടികളുടെ കല്‍പ്രതിമകളാണ്. ഗര്‍ഭമലസിയും ഭ്രൂണഹത്യ സംഭവിച്ചും ചാപിളളയായുമൊക്കെ കുട്ടികള്‍ ജനിക്കാതെപോയ അമ്മമാര്‍ ഇവിടെ വന്ന് കുട്ടിപ്രതിമകള്‍ക്ക് കുപ്പായവും തൊപ്പിയും കളിപ്പാട്ടങ്ങളും സമര്‍പ്പിക്കുന്നത് കണ്ണ് നനയിപ്പിക്കുന്ന ഒരു കാഴ്ചയാണ്. ഇങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങള്‍ മരണാനന്തരജീവിതത്തിലേക്ക് കടക്കുമെന്നാണ് അവരുടെ വിശ്വാസം.
asakusa temple
അസകുസ കാമോന്‍ ക്ഷേത്രകവാടം

ടോക്കിയോ നഗരത്തിന്റെ ഹൃദയഭാഗത്താണ് ജപ്പാന്‍ ചക്രവര്‍ത്തിയുടെ വസതിയായ ഇംപീരിയല്‍ പാലസ്. ജപ്പാനില്‍ രാജഭരണമല്ലെങ്കിലും ജനങ്ങള്‍ ചക്രവര്‍ത്തിയെ അവരുടെ പ്രതിരൂപമായ് ആരാധിച്ചുപോരുന്നു. പ്രധാനകൊട്ടാരം കൂടാതെ രാജകുടുംബാംഗങ്ങളുടെ വസതികളും ഔദ്യോഗിക കാര്യാലയങ്ങളും ഉദ്യാനങ്ങളും മ്യൂസിയങ്ങളുമുളള ഇംപീരിയല്‍ പാലസിന്റെ ഈസ്റ്റ് ഗാര്‍ഡനില്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനമുളളൂ. നമ്മുടെ നാടിന്റെ 'ഹരിതാഭയും പച്ചപ്പും' ജപ്പാനില്‍ കാണണമെങ്കില്‍ ഷിഞ്ചുക്കു ജയോണ്‍ പാര്‍ക്കില്‍ പോകണം. പരമ്പരാഗത ജാപ്പനീസ് പൂന്തോട്ടം, തൈവാനീസ് പവിലിയല്‍,ഗ്രീന്‍ ഹൗസ്, ഫ്രഞ്ച് ഫോര്‍മല്‍ ഗാര്‍ഡന്‍ തുടങ്ങി അനേകം വൈവിധ്യങ്ങള്‍ ഉണ്ടിവിടെ. ചെറിമരങ്ങള്‍ പൂക്കുന്ന വസന്തകാലത്താണ് സന്ദര്‍ശകരുടെ തിരക്ക് ഇവിടെ ഏറ്റവും കൂടുതല്‍. യൊയോഗി പാര്‍ക്കാണ് മറ്റൊരു പൂന്തോട്ടകാഴ്ച. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കലാകാരന്മാര്‍ സംഗീത-നൃത്തമേളകള്‍ അവതരിപ്പിക്കുവാന്‍ ഇവിടെയെത്താറുണ്ട്. കലാമേളകള്‍ക്കൊപ്പം ഒരുങ്ങുന്ന ഫുഡ് സ്റ്റാളുകള്‍ ഭക്ഷണപ്രേമികളുടെയും മനസ്സ് നിറയ്ക്കുന്നു.
imperial palace
ടോക്കിയോ ഇംപീരിയല്‍ കൊട്ടാരം

ഉയനോ പാര്‍ക്കാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരു നഗരോ ദ്യാനം. മ്യൂസിയങ്ങള്‍,ക്ഷേത്രങ്ങള്‍,മൃഗശാല തുടങ്ങി കാഴ്ചകള്‍ ഉയനോയില്‍ സുലഭം. ജപ്പാന്‍ സംസ്‌ക്കാരത്തേയും ചരിത്രത്തേയും പരമ്പരാഗതകലകളേയും തുറന്നുകാട്ടുന്നവയാണ് ഇവിടുത്തെ മ്യൂസിയങ്ങള്‍. ബുദ്ധക്ഷേത്ര പഗോഡകളും ഷിന്റോ ക്ഷേത്രങ്ങളും അനേകമുണ്ടിവിടെ. മുപ്പത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മൃഗശാലയാണ് ഉയനോയിലെ പ്രധാന ആകര്‍ഷണം. കടല്‍ എന്ന മഹാലോകത്തിന്റെ കാഴ്ചകള്‍ ഒരു ചില്ലിനപ്പുറം സൂക്ഷിച്ചിരിക്കുന്നു ഷിനഗാവ അകേ്വാറിയത്തില്‍. 'കടലിനടിയിലൂടെ ഒരു സാങ്കല്പിക സഞ്ചാരം' എന്ന മായിക അനുഭവമാണ് ഷിനഗാവ നമുക്ക് നല്‍കുന്നത്. ഇവിടുത്തെ ഡോള്‍ഫിന്‍ ഷോയും സീലയണ്‍ ഷോയും കാണികളുടെ മനംകവരുന്ന അഭ്യാസപ്രകടനങ്ങളാണ്.
Shinjuku Gyoen National Garden
ഷിഞ്ചുക്കു ജയോണ്‍ ഉദ്യാനം

ടോക്കിയോ ബേയില്‍ സ്ഥിതിചെയ്യുന്ന ഒരു കൃത്രിമദ്വീപാണ് ഒദൈബ. വന്‍കിട ഷോപ്പിംഗ് മാളുകളും മ്യൂസിയങ്ങളും റെസ്റ്റാറന്റുകളുമുളള ഒരു വിനോദമേഖലയാണിത്. ടോക്കിയോയെയും ഒദൈബയെയും ബന്ധിപ്പിക്കുന്ന മഴവില്‍പ്പാലം (റെയിന്‍ബോ ബ്രിഡ്ജ്) പേരു പോലെ സുന്ദരം. യൂറോപ്യന്‍ നഗരമാതൃകയിലുളള വീനസ് ഫോര്‍ട്ടും ദൈകാന്‍ഷായെന്ന കൂറ്റന്‍ ചക്രഊഞ്ഞാലും ടൊയോട്ട കമ്പനിയുടെ കാര്‍ഗ്യാലറിയായ മെഗാവെബ്ബുമുളള പാലേറ്റ് ടൗണിന്റെ മുഖ്യാകര്‍ഷണം മെഗാവെബ്ബ് തന്നെ. നൊസ്റ്റാള്‍ജിയ പകരുന്ന പഴഞ്ചന്‍ കാറുകള്‍ മുതല്‍ അത്യാധുനിക മോഡല്‍ റേസിങ്ങ് കാറുകള്‍ വരെയുളള എക്‌സിബിഷന്‍ ഹാള്‍ വാഹനപ്രേമികള്‍ക്ക് ആവേശം പകരുമെന്നതു തീര്‍ച്ച.
odaiba
ഒദൈബയിലെ മഴവില്‍പ്പാലവും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പ്രതിമയും

ഇനി ജപ്പാനിലൊരു ജംഗ്ഷനുണ്ട്. ലാലേട്ടന്‍ സിനിമയില്‍ പറയുന്ന 'അമേരിക്കന്‍ ജംഗ്ഷന്‍' പോലെയൊന്നുമല്ല. ഇതാണ് യഥാര്‍ത്ഥ ജംഗ്ഷന്‍. ഷിബുയ റെയില്‍വേ സ്റ്റേഷനു മുന്നിലാണിത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ പെഡസ്ട്രിയന്‍ ക്രോസിങ്ങാണ് ഇവിടുത്തെ ഷിബുയ ക്രോസിങ്ങ്. ഒരേ സമയം രണ്ടായിരത്തിലധികം ആളുകള്‍ ഇവിടെ റോഡ് മുറിച്ച് കടക്കുന്നു. ട്രാഫിക്ക് സിഗ്നല്‍ മിന്നിമായുന്നതനുസരിച്ച് പല ദിശകളില്‍ നിന്ന് കാല്‍നടക്കാര്‍ ഒഴുകിവന്ന് റോഡ് ക്രോസ് ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഈ ജനക്കൂട്ടത്തോടൊപ്പം എത്ര തവണ റോഡ് മുറിച്ച് കടന്നാലും ആവേശം കെട്ടടങ്ങില്ല. ഷിബുയയിലെത്തിയാല്‍ ഹച്ചിക്കോയൊടൊപ്പം ഒരു ഫോട്ടോ മസ്റ്റാണ്. ഹാച്ചി എന്ന ഇംഗ്‌ളീഷ് സിനിമ കണ്ടവരാരും പ്രൊഫസ്സറുടെ വിശ്വസ്തനായ ഹച്ചിക്കോയെന്ന നായക്കുട്ടിയെ മറക്കില്ല. ഷിബുയ സ്റ്റേഷനുമുന്നിലാണ് ഹച്ചിക്കോയുടെ പ്രതിമയുളളത്. വിശ്വസ്തതയുടെയും യജമാനസ്‌നേഹത്തിന്റെയും പര്യായമായി ഹച്ചിക്കോ ഇന്നും ജപ്പാന്‍കാരുടെ മനസ്സില്‍ ജീവിക്കുന്നു എന്നതിന് തെളിവാണ് അവര്‍ എല്ലാ കൊല്ലവും ഹച്ചിക്കോയുടെ ചരമവാര്‍ഷികം ആഘോഷിക്കുന്നത്.
hachiko dog
ഹച്ചിക്കോയുടെ പ്രതിമ

യുവത്വത്തിന്റെ ഫാഷന്‍ തുടിപ്പുകളെ നെഞ്ചിലേറ്റുന്ന ഷോപ്പിംഗ് കേന്ദ്രമാണ് ഹരാജ്ജുക്കു. ഇവിടുത്തെ വീഥികളില്‍ വിചിത്രമായ് അണിഞ്ഞൊരുങ്ങി നടക്കുന്ന പെണ്‍കുട്ടികളെ കാണാം. ഇവരാണ് ലൊലീത ഗേള്‍സ്. കോമിക്കുകളിലെയും ആനിമേഷന്‍ കാര്‍ട്ടൂണുകളിലെയും കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചും മേക്കപ്പിട്ടും മുടി കളര്‍ ചെയ്തുമൊക്കെ നടക്കുന്ന ഈ കൗമാരപ്രായക്കാരെ കണ്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ച് 'ഇതെന്ത് കിറുക്ക്' എന്ന് ചോദിച്ചുപോകും. എന്നാല്‍ ഇത് അവരുടെ ഫാഷന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുമ്പോള്‍ ബഹുമാനിക്കാതെ വയ്യ.
സുമോഗുസ്തിക്കാരുടെ നഗരമായ റയോഗോക്കുവും അഡംബര ഷോപ്പിം ഗിന്റെ കേന്ദ്രമായ ഗിന്‍സയും ഇലക്‌ട്രോണിക്‌സ് നഗരമായ അക്കിഹബാരയും ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ചന്തയായ സുകിജിയുമൊക്കെയാണ് മറ്റ് ടോക്കിയോ കാഴ്ചകള്‍. ജപ്പാനിലെ ഭക്ഷണസംസ്‌കാരത്തിന്റെ വൈവിധ്യം പുകള്‍പെട്ടതാണ്. സൂഷിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ ഐറ്റം. സൂഷിയുടെ രുചിതേടി ഷിബുയയിലെ ഗെങ്കി റെസ്റ്റോറന്റില്‍ എത്തിയപ്പോഴല്ലേ കഥ. ഭക്ഷണം കഴിക്കുവാന്‍ ഇടം പിടിച്ചു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെപോലെ വെയിറ്റര്‍മാരോ മെനുകാര്‍ഡോ മുന്നില്‍ എത്തില്ല. പകരം മുന്നിലുളള ടച്ച് സ്‌ക്രീന്‍ മോണിട്ടറില്‍ മെനു തെളിയും. ഭക്ഷണത്തിന്റെ ചിത്രവും ചേരുവകളും വിലയും ഒക്കെ നോക്കി ഓര്‍ഡര്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം മുന്നിലുളള കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഭക്ഷണം മേശപ്പുറത്തെത്തും. എത്ര മനോഹരമായ ഹൈ-ടെക് ആചാരങ്ങള്‍! കണ്‍വെയര്‍ ബെല്‍റ്റ് റസ്റ്റാറന്റുകള്‍ നമ്മുടെ നാട്ടിലും പ്രചാരം നേടുന്ന കാലം വിദൂരമല്ല.
suchi
ജപ്പാന്‍ പരമ്പരാഗത ഭക്ഷണമായ സൂഷി

മാതൃകയാണ് ജപ്പാന്‍ ജനത
ജപ്പാന്‍ എന്ന നാടിന്റെ ഭംഗി ഇവിടുത്തെ ജനങ്ങളുടെ മനസ്സിലുമുണ്ട്. സംസ്‌കാരം കൊണ്ടും ഉപചാരരീതികളുടെ പ്രതേ്യകതകള്‍ കൊണ്ടും ഇവിടുത്തെ ജനത വ്യത്യസ്തരാകുന്നു. അദ്ധ്വാനശീലവും നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജസ്വലതയും കൈമുതലാക്കിയവര്‍. വിനയത്തിന്റെ ഔന്നത്യവും പരസ്പരബഹുമാനവും അവരുടെ അഭിവാദ്യരീതിയില്‍ നിന്നു തന്നെ മനസ്സിലാക്കാം. ശരീരം മുന്നോട്ട് പകുതിയോളം വളച്ചാണവര്‍ സ്വാഗതം ചെയ്യുന്നതും നന്ദി പറയുന്നതുമൊക്കെ. സഹജീവികളെ സഹായിക്കാന്‍ അതീവ സന്മനസ്സുളളവര്‍. സത്യസന്ധതയുടെ പര്യായം, സമയനിഷ്ഠയുടെ കാര്യം പിന്നെ പറയേണ്ട. ഒറ്റ ഉദാഹരണം മതി എല്ലാം വ്യക്തമാകാന്‍ - ജപ്പാനില്‍ ട്രെയിനുകള്‍ വൈകിയോടുന്നതിന്റെ ശരാശരി സമയം ഒരു മിനിറ്റില്‍ താഴെ. ഇനി സെക്കന്റുകള്‍ വൈകിയാലോ, ക്ഷമാപണം നടത്തികൊണ്ടുളള അറിയിപ്പ് ഉടന്‍ വരും. പൊതുസ്ഥലങ്ങളും ഗതാഗതസംവിധാനങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലും നിയമങ്ങള്‍ പാലിക്കുന്നതിലും അമിതമായി ശ്രദ്ധിക്കുന്നു ഇക്കൂട്ടര്‍. ഒരു നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന ബോധമുണ്ടിവര്‍ക്ക്.
ലോകത്തിനു മുന്നില്‍ ജപ്പാന്‍ ജനത ഒരത്ഭുതമാണ്. ജാപ്പനീസ് ഭാഷ മാത്രം സംസാരിക്കുന്ന സാധാരണ ജനസമൂഹത്തിനിടയിലേക്ക് ഏതു രാജ്യക്കാര്‍ക്കും കടന്നുചെല്ലാം. കാരണം അവര്‍ക്ക് ഒരു ഭാഷകൂടി വശമുണ്ട് - മനുഷ്യത്വത്തിന്റെ ഭാഷ. ഈ ജനതയുടെ ജീവിതമനോഭാവം നമ്മള്‍ക്ക് മാതൃകയാണെന്ന് അലങ്കാരങ്ങളില്ലാതെതന്നെ പറയാം.
Content highlights : japan travelogue and explore famous tourist destinations like tokyo city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented