ച്ഛനെന്തുകൊണ്ട് ഞങ്ങളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തില്ല?  ചെറുപ്പത്തില്‍ (2022 വയസ്സുവരെ) പലപ്പോഴും തോന്നിയിരുന്ന ഒരു സംശയമായിരുന്നു അത്. ടൈയും ഷൂസും ബാസ്‌കറ്റ് ബോള്‍ കോച്ചിങ്ങും ഒന്നുമില്ലാത്ത നല്ല നാടന്‍ സ്‌കൂളുകളിലേക്കാണ് ഞങ്ങളെ വീട്ടില്‍നിന്നും പറഞ്ഞയച്ചത്. ഡ്രൈവിങ് മാഷില്ലാതെ വണ്ടി ഓടിക്കുന്നതുപോലെ, സംസാരിക്കുമ്പോള്‍ തട്ടീം മുട്ടീം, ഇടയ്ക്കുവെച്ച് ഓഫായും ഇംഗ്ലീഷ് പഠിക്കേണ്ട അവസ്ഥയും ഉണ്ടായി. സ്വന്തം സ്‌കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റി ഇങ്ങനെ പരാതിപ്പെട്ടിരുന്ന ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം,  മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനുമിടയിലെ വരണ്ടകാട്ടിലെ ഒരു കുടിലിനു മുന്നില്‍ നില്‍ക്കുകയാണ്.  എനിക്കറിയാവുന്ന ഹിന്ദിയില്‍ ഒരു അച്ഛനോടും അമ്മയോടും സംസാരിക്കുകയാണ്. അവരുടെ മക്കളെ തിരിച്ച് സ്‌കൂളിലേക്കയക്കാന്‍. ആ ഗ്രാമത്തിലെ സ്‌കൂളിന്റെ നിലനില്‍പ്പിനായി.

അഞ്ചുവര്‍ഷം മുമ്പാണ് ആദ്യമായി ഞാന്‍ 'ജാംന്യ'യില്‍ എത്തുന്നത്. മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും ഇടയിലായി പരന്നുകിടക്കുന്ന 'യാവല്‍' റിസര്‍വ്ഡ് ഫോറസ്റ്റിന് നടുവിലുള്ള ഒരു ഗ്രാമം. 'പാല്‍' എന്ന ചെറിയ ടൗണില്‍നിന്ന് കാട്ടുപാതയിലൂടെ ജീപ്പില്‍ ഒന്നരമണിക്കൂര്‍ കുലുങ്ങിയിരുന്നാല്‍ ഇവിടെ എത്താം.  ഒരു ഓസ്ട്രേലിയന്‍ ഏജന്‍സി ജാംന്യയിലെ സ്‌കൂളിനായി, അവിടത്തെ മണ്ണില്‍നിന്നുണ്ടാക്കിയ ഇഷ്ടികകള്‍കൊണ്ടുതന്നെ ക്‌ളാസ്മുറികളും ക്വാര്‍ട്ടേഴ്സും നിര്‍മിക്കുന്നത്  വീഡിയോയില്‍ പകര്‍ത്തി ഡോക്യുമെന്റ് ചെയ്തുകൊടുക്കലാണ്  എന്റെ ജോലി.  ഈ ഓഫര്‍ വന്നസമയത്ത് വീട്ടില്‍ എന്റെ അമ്മ കാലൊടിഞ്ഞു കിടക്കുകയായിരുന്നു. ഉത്തരവാദിത്വമുള്ള മകന്‍ എന്നനിലയ്ക്ക്  ആദ്യം നിരസിച്ചെങ്കിലും,  പ്ലാസ്റ്റര്‍ വെട്ടി അമ്മ നടന്നുതുടങ്ങിയപ്പോള്‍ത്തന്നെ ഞാന്‍  ഇങ്ങോട്ടു വണ്ടികയറി വന്നതാണ്, ഒരു ഫ്രീ അഡ്വെഞ്ചര്‍ ട്രിപ്പിന്. എന്നാല്‍, അടുത്ത 11 ദിവസങ്ങള്‍ എനിക്ക് സാഹസികതയെക്കാളും വലിയ അനുഭവങ്ങളായിമാറി.

മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത, പകല്‍ ചൂടും രാത്രികളില്‍ തണുപ്പുമുള്ള ഒരു കാട്ടിനകത്തുള്ള ഗ്രാമത്തിലാണ്  മുന്നൂറിലേറെ കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ജാംന്യ ആശ്രമം സ്‌കൂള്‍.  ഞങ്ങളുടെ താമസം അവിടത്തെ  ഓഫീസ്മുറി കെട്ടിടത്തിലായിരുന്നു. കുട്ടികള്‍ ഉറങ്ങുന്നത് അവര്‍ പഠിക്കുന്ന ക്ലാസ്റൂമുകളിലും. കുട്ടികള്‍ക്ക് രണ്ടുനേരത്തെ ഭക്ഷണത്തിനുള്ള റേഷനേ സ്‌കൂളിനുള്ളൂ.  പ്രാതലും ഉച്ചഭക്ഷണവും ഒരുമിച്ച് പകല്‍ പതിനൊന്നു മണിക്കും,  അത്താഴം വൈകീട്ട്  ആറുമണിക്കും വിളമ്പും. രുചിയെക്കാളേറെ അളവ് നോക്കിയിട്ടാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്. 'ഇത് മൊത്തം കഴിക്കുമോ' എന്നതിന്റെ ഹിന്ദി എന്താണെന്ന്  ഞാന്‍ അന്വേഷിച്ചറിഞ്ഞുവരുന്ന സമയംകൊണ്ട് അവര്‍ പ്‌ളേറ്റ് കാലിയാക്കും. പട്ടിണി അറിഞ്ഞവരാണ് ഇവരോരോരുത്തരും. വൈകീട്ട് പ്രാര്‍ഥനകഴിഞ്ഞു  സോളാര്‍ പാനല്‍ ബള്‍ബുകള്‍ക്കു താഴെ ഇരുന്നു പഠിച്ച്,  തറയില്‍ കമ്പിളിവിരിച്ച്,  ഈ കുട്ടികള്‍ സ്വപ്നംകണ്ടുറങ്ങുന്നു.

Jamnya Students
ഉച്ചഭക്ഷണം

രാവിലെ ആറുമണിമുതല്‍, മൂടല്‍ മഞ്ഞിന് നടുവിലുള്ള കിണറിനരികെ നിന്ന് കുട്ടികളുടെ ആരവം കേള്‍ക്കാം. അലക്കും കുളിയുമെല്ലാം ഇവിടെയാണ്.  മരക്കൊമ്പുകള്‍ക്കെല്ലാം കുട്ടികളുടെ യൂണിഫോമിന്റെ ചുവപ്പും വെളുപ്പും നിറമാണപ്പോള്‍. പലര്‍ക്കും ഒരു ജോടി ഉടുപ്പുകളേ ഉള്ളൂ.  അധ്യാപകര്‍ താമസിക്കുന്നത് സ്വയം നിര്‍മിച്ച കുടിലുകളിലാണ്. പലരും ജോലി കൈവിട്ടുപോകാതിരിക്കാന്‍വേണ്ടി മാത്രം ഇവിടെ പിടിച്ചുനില്‍ക്കുന്നവര്‍.

ഭംഗിയുള്ള ഒരു കുടില്‍ വര്‍ഷങ്ങളായുള്ള താമസംകൊണ്ട് വീടായിമാറിയിട്ടുണ്ട്. 14 വര്‍ഷമായി 'ജാംന്യ'യില്‍ പഠിപ്പിക്കുന്ന അധ്യാപക ദമ്പതിമാരാണ് ഇവിടെ താമസം. അകത്ത് ഒരു മൂലയില്‍ 'ഗുരുജി' കുളിച്ചുകൊണ്ടിരിക്കുകയാണ്. എതിരേയുള്ള മൂലയില്‍ അടുപ്പുകൂട്ടി 'ടീച്ചര്‍' ചായ തിളപ്പിക്കുന്നു. ബിസ്‌കറ്റ് ആ ഫ്രിഡ്ജിനകത്തുണ്ട് എന്ന് കുളിച്ചുകൊണ്ടുതന്നെ ഗുരുജി പറയുന്നുണ്ട്. 'ഇവിടെ ഫ്രിഡ്ജുണ്ടോ' എന്ന മട്ടില്‍ ഞാന്‍ ചുറ്റും നോക്കിയപ്പോള്‍, വലിയ ഒരു അലുമിനിയം പ്‌ളേറ്റിനു മുകളിലെ ചൂരല്‍ക്കൂട തുറന്ന് ബിസ്‌കറ്റ് എടുത്തുതന്നുകൊണ്ട് ടീച്ചര്‍ പറഞ്ഞു,  'ഇതാണ് ഞങ്ങളുടെ ഫ്രിഡ്ജ്.'

Jamnya Students 1
ക്ലാസ്‌റൂമില്‍ തന്നെ അടുക്കിവെച്ച മെത്തകള്‍ക്കു മീതെ ഇരുന്ന് ഒരുങ്ങുന്ന വിദ്യാര്‍ത്ഥി

സ്‌കൂളിന് പുറത്ത് ആദിവാസിഗ്രാമങ്ങളാണ്. കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കി ജീവിക്കുന്നവര്‍. ഒന്നാഞ്ഞുതള്ളിയാല്‍ തുറക്കുന്ന വാതിലുകളുള്ള വീടുകളാണിവര്‍ക്ക്. കുട്ടികളെ സ്‌കൂളിലയക്കേണ്ട കാര്യത്തില്‍, ഇവരുടെ മനസ്സിലേക്കും ഇങ്ങനെ തള്ളിത്തുറന്നുതന്നെ കയറണം. പഠിക്കാന്‍ മടിയുള്ളവര്‍ക്ക് ഉടനെ പാടത്ത് ജോയിന്‍ചെയ്യാം. കല്യാണമെല്ലാം 15-16 വയസ്സില്‍ നടക്കും. സ്ത്രീധനം തിരിച്ചാണ് കൊടുക്കേണ്ടത്. കഴിഞ്ഞ വര്‍ഷംവരെ സ്‌കൂളില്‍ വന്നുകൊണ്ടിരുന്ന ഒരു പത്താം ക്‌ളാസുകാരന്‍ 15,000 രൂപകൊടുത്താണ് തന്റെ കാമുകിയെ കല്യാണം കഴിച്ചത്. അവന്റെ അച്ഛന്‍ പറയുന്നത് അത് ലാഭമാണെന്നാണ്.  അവളെ കൃഷിപ്പണിക്കയച്ച്  ഒരു പണിക്കാരന്റെ കൂലി ലാഭിക്കാമല്ലോ.  ഇവിടത്തെ കല്യാണസ്‌കീമില്‍ ഒരു 'മണി റിട്ടേണ്‍ പോളിസി' കൂടെയുണ്ട്.  പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ അത് പറഞ്ഞുതന്നു. ''കല്യാണം കഴിച്ച പെണ്ണ് മറ്റാരുടെയെങ്കിലും കൂടെപ്പോയാല്‍, പുതിയ ഭര്‍ത്താവ് ആദ്യകല്യാണത്തിന്റെ സ്ത്രീധനം ഇവിടെ കൊടുത്തേല്‍പ്പിക്കണം. ഭാര്യ പോയാലും മുടക്കിയ പൈസ തിരിച്ചുകിട്ടും.''

ഓരോ ഗ്രാമത്തിനും 'പോലീസ് പട്ടേല്‍' എന്ന ഒരു തലവനുണ്ട്. തന്റെ വീട്ടിലേക്കു ക്ഷണിച്ച്, ഗ്രാമത്തിലെ പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം ഞങ്ങളോട് പറഞ്ഞുതുടങ്ങി. ''കുടിവെള്ളം, വൈദ്യുതി എല്ലാം ശോച്യാവസ്ഥയിലാണ്. വഴിയിലെ കറന്റ് കമ്പിയില്‍ വയര്‍ കൊളുത്തിയിട്ട് ഇലക്ട്രിസിറ്റി കണക്ഷന്‍ എടുക്കാന്‍ ഇപ്പോള്‍ കുട്ടികള്‍ക്കുപോലും അറിയാം.  വല്ലപ്പോഴും വരുന്ന കറന്റ് അടിച്ച് പലര്‍ക്കും ഷോക്കേറ്റിട്ടുമുണ്ട്. സൗകര്യമുള്ള ഒരാശുപത്രിയില്ല. ഈ വര്‍ഷം മൂന്നു സ്ത്രീകള്‍ പ്രസവസമയത്ത് മരിച്ചു.'' തന്റെ  മകനെ പ്രസവിച്ച് ഭാര്യ മരണാസന്നയായി കിടന്നപ്പോഴാണ് താന്‍ അവരുടെ സഹോദരിയെ വിവാഹം കഴിച്ചതെന്ന് നെടുവീര്‍പ്പോടെ അദ്ദേഹം ഓര്‍ത്തു. പക്ഷേ, ആദ്യഭാര്യ ജീവിതത്തിലേക്ക് എഴുന്നേറ്റുവന്നതിനാല്‍ ഇപ്പോള്‍ പോലീസ് പട്ടേലിന് രണ്ടുഭാര്യമാരും ഏഴു മക്കളുമുണ്ട്.

കാട്ടിലേക്ക് നടക്കാനിറങ്ങിയ സമയത്ത് തന്റെ പഴയ ഒരു വിദ്യാര്‍ഥി മദ്യം വാറ്റുന്നത് സ്‌കൂളിലെ ഒരു സാര്‍ എനിക്ക് കാണിച്ചുതന്നു. ആഘോഷങ്ങള്‍ക്കായുള്ള മദ്യം, മരത്തിന്റെ തോലോ മറ്റോ വാറ്റി അവര്‍തന്നെ ഉണ്ടാക്കുകയാണ്.  അവന്‍ കെമിസ്ട്രി വിഷയങ്ങളില്‍ പണ്ടേ മിടുക്കനായിരുന്നു എന്നാണ് തിരികെപ്പോരുമ്പോള്‍ സാര്‍ പറഞ്ഞത്. ഒരു മാറ്റത്തിനായുള്ള തീരുമാനമെടുക്കാന്‍ അധികൃതര്‍ക്ക് വര്‍ഷങ്ങളുടെ സമയം വേണ്ടിവരുമ്പോള്‍ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാന്‍പറ്റാതെ രാജ്യത്തെ ഒരുപാടിടങ്ങളില്‍ ഒരു തലമുറതന്നെ താഴോട്ടു വീണുപോകുന്നുണ്ട്. ചിലര്‍ മാത്രം രക്ഷപ്പെടുന്നു. കാട്ടില്‍, തനിയെ പടര്‍ന്നു വിരിഞ്ഞുവരുന്ന ഭംഗിയുള്ള പൂക്കളെപ്പോലെ. സ്‌കൂളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനും ഓസ്ട്രേലിയന്‍ ഏജന്‍സി തുടങ്ങിവെച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍വേണ്ടിയുള്ള ഫണ്ടിനുവേണ്ടിയും, അവിടത്തെ 11 ദിവസങ്ങള്‍ 27 മിനിറ്റിലൊതുക്കി ഞാന്‍ 'ജാംന്യ' എന്ന ഡോക്യുമെന്ററി സിനിമ ചെയ്തു.

Jamnya Morning Assembly
രാവിലത്തെ അസംബ്ലി

അഞ്ചുവര്‍ഷം കഴിഞ്ഞു, 'വരനെ ആവശ്യമുണ്ട്' എന്ന എന്റെ ആദ്യ സിനിമ റിലീസ് ചെയ്തതിന്റെ അടുത്തയാഴ്ചയാണ്,  ഞാന്‍ വീണ്ടും  ജാംന്യയിലേക്ക് എത്തുന്നത്.  അവിടത്തെ പുരോഗതികള്‍ ഷൂട്ട് ചെയ്ത് ഡോകുമെന്ററി ഒന്ന് പുതുക്കാന്‍വേണ്ടി. പുതിയ നാലു കെട്ടിടങ്ങള്‍ വന്നു; പരിചയമുള്ള മുഖങ്ങള്‍ക്ക് അഞ്ചുവയസ്സ് കൂടി, എന്നീ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല കുട്ടികളും സ്‌കൂള്‍ വിട്ടുപോയെങ്കിലും ഡോക്യുമെന്ററിയുടെ കവര്‍ചിത്രമായ ഹോസിത എന്ന നീലക്കണ്ണുള്ള അന്നത്തെ എട്ടു വയസ്സുകാരിയെ ഞാന്‍ തേടി കണ്ടെത്തി. ഇപ്പോള്‍ 13  വയസ്സിന്റെ നാണമുണ്ടെങ്കിലും, ''നല്ലവണ്ണം പഠിച്ച് ജോലി വാങ്ങിയിട്ടേ ഞാന്‍ കല്യാണം കഴിക്കൂ'' എന്നാണവള്‍ എന്നോട് അവസാനം പറഞ്ഞത്. ഞാന്‍ ഇറങ്ങുമ്പോള്‍ ആ ഡോക്യുമെന്ററി അവളുടെ അച്ഛന്റെ ഫോണിലേക്ക് സേവ് ചെയ്ത് അവള്‍ കണ്ടുകൊണ്ടിരിക്കുകയാണ്,  താന്‍ പറഞ്ഞത് തന്നെത്തന്നെ ഓര്‍മിപ്പിക്കാനെന്നപോലെ. തിരിച്ച് കാട്ടിലൂടെ ബൈക്കോടിച്ചു പോകുമ്പോള്‍ എവിടെവെച്ചോ മൊബൈലിലേക്ക് നെറ്റ്വര്‍ക്ക് മടങ്ങിവന്ന് ഒരു മെസ്സേജ് ഇട്ടുപോയിരുന്നു. 'ശോഭന മാം, പാലക്കാട് തിയേറ്ററിലേക്ക്  ബുര്‍ഖ ധരിച്ച് വന്ന് സിനിമകണ്ടു. കേരളത്തിലെ ഒരു തിയേറ്ററിലേക്ക് ശോഭനയും,  ശോഭന അഭിനയിച്ച ഒരു സിനിമയും  മടങ്ങിവരുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. അവര്‍ സന്തോഷത്തോടെയാണ് തിരികെപ്പോയത്.'  സിനിമയിലൂടെയായാലും  ഡോക്യുമെന്ററിയിലൂടെയായാലും, ചിലരെ തിരിച്ചുകൊണ്ടുവരുന്നത് ഒരു സന്തോഷം തന്നെയാണ്!

Anoop Sathyan With Hositha
ലേഖകന്‍ ഹോസിതയ്‌ക്കൊപ്പം 2020-ല്‍

കൊറോണ ലോക്ഡൗണില്‍ നാട്ടിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ജാംന്യയിലെ കുട്ടികളെപ്പറ്റി അന്വേഷിച്ചു. അവര്‍ക്ക് നീണ്ട അവധിയാണത്രെ. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കുട്ടികളെയെല്ലാം വീടുകളിലേക്ക് അയച്ചിരിക്കുകയാണ്.

അതെ, അവര്‍ തിരിച്ചുവരുമായിരിക്കാം...

Content Highlights: Jamnya, School in Jamnya Village, Maharashtra Forest Village, Travel, Anoop Sathyan