റോയല്‍ കരീബിയന്‍ ക്രൂസ് യാത്രയുടെ മൂന്നാം ദിവസം എത്തിച്ചേര്‍ന്നത് തായ്‌ലന്‍ഡിലെ ഫുക്കറ്റിലായിരുന്നു. കപ്പലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വരവേറ്റത് കടുംനീല നിറം പുതച്ച കടലായിരുന്നു. തുറമുഖത്തേക്ക് കപ്പല്‍ അടുക്കാത്തതിനാല്‍ ബോട്ടില്‍ വേണമായിരുന്നു കരയെത്താന്‍. ബോട്ടില്‍ പത്തോങ് ബീച്ചിലിറങ്ങിയ ശേഷം നേരെ ഒരു ടാക്‌സി പിടിച്ചു. കടല്‍ക്കാഴ്ചകള്‍ കൂടുതലുള്ള മറ്റൊരു ബീച്ചാണ് ലക്ഷ്യം.
പതോങ് സിറ്റിയിലാണ് ആ യാത്ര അവസാനിച്ചത്. മസാജ് പാര്‍ലറുകളും ബാറും നിരനിരയായി സജ്ജീകരിച്ചിട്ടുള്ള കടകളും. എല്ലാ രീതിയിലും ആസ്വദിക്കാവുന്ന ഒരു തെരുവ്. തെരുവോര കച്ചവടങ്ങളും പൊടിപൊടിക്കുന്നു. അതില്‍ത്തന്നെ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നവയ്ക്ക് തന്നെയാണ് മുന്‍ഗണന. പോകും വഴിയെ ഒരു റെസ്‌റ്റോറന്റിന് മുന്നില്‍ വിവിധ വലിപ്പത്തിലുള്ള ഞണ്ടുകളേയും കൊഞ്ചിനേയുമെല്ലാം ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടു. ഏത് വേണമെന്ന് പറഞ്ഞാലും പാകം ചെയ്ത് മുന്നിലെത്തിച്ചിരിക്കും.
കൂട്ടുകാര്‍ക്കൊപ്പം അല്‍പനേരം കറങ്ങിയതിന് ശേഷം നേരെ ഫുക്കെറ്റിലെ ബിച്ചിലെത്തി. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും അതിനോട് ചേര്‍ന്ന് തന്നെ തണലിനായി പച്ച നിറത്തില്‍ നിരനിരയായി തടിച്ച കാലുള്ള കുടകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സാമാന്യം നല്ല വെയിലുണ്ടായിരുന്നു. സൂര്യസ്‌നാനവും ബീച്ച് ബോട്ട് റേസിങ്ങുമെല്ലാമായി നിരവധി പേര്‍ സമയം ചെലവഴിക്കുന്നുണ്ടായിരുന്നു. ആറുമണി വരെയാണ് കറങ്ങാന്‍ അനുവദിച്ചിരിക്കുന്ന സമയം എന്നതിനാല്‍ കടലില്‍ ഇറങ്ങാനുള്ള ആഗ്രഹം വേണ്ടെന്നുവച്ചു. അഞ്ചുമണിയോടുകൂടി ഫുക്കെറ്റില്‍ നിന്ന് തിരികെ കപ്പലിലേക്ക് തന്നെ തിരിച്ചു.
അഞ്ചാം ഡെക്കിലെ ലാസ് കാലയാണ് കപ്പലിലെ ഏറ്റവും വലിയ തിയ്യറ്റര്‍. രണ്ട് നിലകളുള്ള തിയ്യറ്ററില്‍ അന്നത്തെ പ്രത്യേകത ഒരു സംഗീതവിരുന്നായിരുന്നു. രാത്രി ഒമ്പതരയ്ക്ക്. മൊത്തം അഞ്ച് ദിവസമാണ് കപ്പലില്‍ ചെലവഴിക്കാനായി സമയം കണ്ടെത്തിയിരുന്നത്. അഞ്ചാമത്തെ ദിവസമാണ് റോയല്‍ കരീബിയന്‍ സിംഗപ്പൂര്‍ തുറമുഖത്തടുക്കുക. അതില്‍ പകുതി ദിവസം സിറ്റി ടൂറാണ്. ഷോപ്പിങ്ങിനും സമയം തന്നിരുന്നു. രാത്രി നേരെ കൊച്ചിയിലേക്കുള്ള വിമാനവും പിടിക്കണം. ഒരു പകലും രാത്രിയും കൂടിയേ കപ്പലിനകത്ത് ചിലവഴിക്കാനാവൂ എന്ന് ചുരുക്കം.
നാലാം ദിവസം രാവിലെ പോയത് കപ്പലിനകത്ത് തന്നെയുള്ള ജിമ്മിലേക്കായിരുന്നു. അനുബന്ധമായി ഒരു സ്പായും ഒരുക്കിയിരിക്കുന്നു. ആഡംബരവും അത്യാധുനികതയും നിറഞ്ഞ ജിംനേഷ്യത്തില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചു. ഹാഫ് ഡേ സിറ്റി ടൂറില്‍ ഏറ്റവും ആകര്‍ഷിച്ചത് സണ്‍ ടെക് സിറ്റിയിലൂടെയുള്ള യാത്രയായിരുന്നു. ക്രിഷ് എന്ന ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ വച്ചാണ് ചിത്രീകരിച്ചത്. സിംഗപ്പൂരിലെ തന്നെ വലിപ്പമേറിയ ജയന്റ് വീലായ സിഗപ്പൂര്‍ ഫ്ലയറും ഇടയ്ക്ക് കണ്ടു. വീലിന് സമീപത്തായി തന്നെ ഫ്ലയറില്‍ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് കൗണ്ടറുണ്ട്. വൈകിട്ടത്തെ വിമാനം പിടിക്കേണ്ടതുകൊണ്ട് അതില്‍ കയറാന്‍ നിന്നില്ല.
അവിടെ നിന്ന് നേരെ പോയത് മെര്‍ലയണ്‍ സ്റ്റാച്യൂ പാര്‍ക്കിലേക്കാണ്. അരമണിക്കൂറാണ് അവിടെ ചെലവഴിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ദുബായ്ക്ക് ബുര്‍ജ് ഖലീഫ പോലെയാണ് സിംഗപ്പൂരിന് ലയണ്‍. പക്ഷേ എന്തോ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ആ പ്രസിദ്ധമായ സിംഹ ശില്പം വ്യക്തമായി കാണാന്‍ സാധിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പതാം വര്‍ഷത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുപാലം ഇവിടെയുണ്ട്. നഗര കാഴ്ചകളാസ്വദിക്കുക എന്നത് തന്നെയാണ് പാലംകൊണ്ടുള്ള പ്രധാന ഉദ്ദേശം. പാലത്തില്‍ കയറി നിന്നാല്‍ സിംഹത്തേയും മൂന്ന് ടവറുള്ള ഹോട്ടലും ജയന്റ് വീലും എല്ലാ വ്യക്തമായി കാണാം.
കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ വഹിച്ചുകൊണ്ടുപോകാനുള്ള ബസ് എത്തി. തിയാന്‍ ഹോക്ക് കെങ് എന്ന ബുദ്ധക്ഷേത്രത്തിലാണ് ആ യാത്ര അവസാനിച്ചത്. പ്രാര്‍ത്ഥന നടക്കുന്ന ഭാഗത്ത് പോകാന്‍ പറ്റാത്തതുകൊണ്ട് ക്ഷേത്രത്തിലെ മറ്റുഭാഗങ്ങളിലേ കാഴ്ചകള്‍ കാണാന്‍ തുടങ്ങി. സിംഗപ്പൂരിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ടാന്‍ജോങ് പാഗര്‍ സെന്ററും കാണാന്‍ സാധിച്ചു. 292 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. സിംഗപ്പൂരിലെ ഏറ്റവും നല്ല ഹില്‍ ടോപ്പ് വ്യൂ ലഭിക്കുന്ന ഫെയ്ബര്‍ പാര്‍ക്കിലേക്കായിരുന്നു അടുത്ത യാത്ര. ഏറ്റവും മുകളില്‍ നിന്നാല്‍ മലയുടെ ഇരുവശവും കാണാന്‍ പറ്റും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരുവശം നഗരകാഴ്ചകളാണെങ്കില്‍ മറുവശത്ത് കടല്‍ത്തീരമാണെന്ന വ്യത്യാസം മാത്രം.
ടൂര്‍ ഫോര്‍ എവര്‍ എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയാണ് ഈ ട്രിപ്പിന് വഴിയൊരുക്കിയത്. ഇങ്ങനെയൊരു യാത്രയുടെ ആശയം മനസിലുദിച്ചപ്പോള്‍ അത് നടത്തിയെടുക്കാന്‍ നല്ലൊരു ടൂര്‍ ഓപ്പറേറ്ററുടെ സഹായം വേണമായിരുന്നു. ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ഗ്രീന്‍ ഇന്ത്യാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ഡി അമീന്‍ നെച്ചിക്കാടനാണ് ഈ യാത്ര വിജയിപ്പിച്ചത്.
Content Highlights: Jameshow, Singapore Travel, Royal Caribbean cruise ship, Voyager of the Seas