അളകനല്ലൂരിനിത് അഴകിന്റെ കാലമാണ്. മധുരയുടെ കൈവഴികളെല്ലാം ജനുവരിയില്‍ ജല്ലിക്കെട്ട് വേദികളിലേക്ക് നീളും. വീരവിളയാട്ടിന് സാക്ഷ്യം വഹിക്കാന്‍ ഒരുലക്ഷത്തിലധികംപേരെയാണ് തമിഴകത്തിന്റെ ഉള്‍ഗ്രാമങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്.
മധുരയില്‍നിന്നാദ്യം പോയത് അളകനല്ലൂരിലേക്കാണ്. കാളയ്ക്ക് പിറകെയോടുന്നതില്‍ പേരുകേട്ടവരാണ് ഈ നാട്ടുകാര്‍. ജല്ലിക്കെട്ടിനെക്കുറിച്ചും കൂറ്റനെ പിടിച്ചുകെട്ടുന്ന നാട്ടുവീരന്‍മാരെപ്പറ്റിയും നേരിട്ട് കണ്ടുംകേട്ടും അറിയുക എന്നതായിരുന്നു യാത്രയ്ക്കുപിന്നിലെ ലക്ഷ്യം.
വേനലിന്റെ ചൂടില്‍ പാടങ്ങള്‍ വിണ്ടുകീറിക്കിടന്നു. അരികുതകര്‍ന്ന റോഡില്‍ പൊടിക്കാറ്റ് പറത്തിക്കൊണ്ട് കാര്‍ മുന്നോട്ടുകുതിച്ചു. മധുര റെയില്‍വേസ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ട് അളകനല്ലൂരിലെത്താന്‍. മാടുകളിയുടെ നാടെത്തിയെന്ന് ആരോ വിളിച്ചുപറയുന്നതുപോലെ. അങ്ങുദൂരെ ആടിനെയും പശുവിനെയും തെളിച്ചുപോകുന്ന കുട്ടികളെ കണ്ടു. റോഡരികിലൂടെ കാല്‍നടയായി പോയ സ്ത്രീകളുടെയെല്ലാം തലയില്‍ നെല്‍ക്കറ്റകളുണ്ടായിരുന്നു. നാട്ടടയാളം കാണിച്ച് അളകനല്ലൂര്‍ അതിഥികളെ വരവേല്‍ക്കുന്നതായി തോന്നി.

ഹക്കിം, അതായിരുന്നു യാത്രയ്ക്ക് തുണവന്ന ഇരുപത്തഞ്ചുകാരനായ ഡ്രൈവറുടെ പേര്. മധുരക്കാരനല്ലെങ്കിലും കടുത്തൊരു ജല്ലിക്കെട്ട് ആരാധകനാണ് ഹക്കിം. കാളക്കൂറ്റന്‍മാരുടെ പടമെടുക്കാന്‍കൂടിയാണ് യാത്രയെന്നുകേട്ടപ്പോള്‍ അവന്റെ ആവേശം മൂത്തു, കാറിന്റെ വേഗത്തേക്കാള്‍ കുതിപ്പുണ്ടായിരുന്നു പിന്നീടങ്ങോട്ട് ഹക്കിം നടത്തിയ മാടുപുരാണത്തിന്.
''പൊയ് സാര്‍.., ഇങ്കൈയാരും മാട്ക്ക് ദ്രോഹം പണ്ണാത്, മാട് നമ്മക്ക് ദൈവം മാതിരി''. കൃഷി ഉപജീവനമായവന് നാല്‍ക്കാലികള്‍ ദൈവമാണെന്ന പ്രഖ്യാപനമായിരുന്നു അവന്റെ സംസാരത്തിന്റെ പൊരുള്‍.
പാരമ്പര്യം പാലൂട്ടി വളര്‍ത്തിയ വിശ്വാസത്തില്‍ ഗ്രാമത്തിലെ ഓരോ അംഗങ്ങളും കണ്ണിചേര്‍ക്കപ്പെട്ടിരുന്നു. പരിഷ്‌കൃതസമൂഹത്തിന് അവയില്‍ പലതും പ്രാകൃതമായി തോന്നിയേക്കാം. എന്നാല്‍ കര്‍ഷകഗ്രാമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആചാരങ്ങളെയും കീഴ്വഴക്കങ്ങളെയും നിയമംകൊണ്ട് നിരോധിക്കാന്‍ സാധ്യമല്ലെന്ന് ഇന്ന് അധികൃതര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. പരമ്പരാഗതവിശ്വാസങ്ങളില്‍നിന്നുള്ള മോചനം ഇവിടുത്തെ നാട്ടുകാര്‍ ആഗ്രഹിക്കുന്നില്ല. അതിനുശ്രമിച്ചാല്‍ കാളക്കൂറ്റന്റെ ശൗര്യത്തോടെതന്നെ അവര്‍ നാടിളക്കിവരും.
കാളയ്ക്കുപിറകെ സഞ്ചരിക്കുന്ന നാട് സംശയത്തോടെയാണ് ആദ്യം ഞങ്ങളെ പിന്‍തുടര്‍ന്നത്. വീരകഥകള്‍ തിരക്കി ചോദ്യങ്ങള്‍ തൊടുത്തപ്പോള്‍ സംശയം നിഴലിച്ച മുഖങ്ങളില്‍ പുഞ്ചിരിനിറഞ്ഞു. ഗോവിന്ദമ്മാള്‍, ചിലമ്പ്, കനകന്‍ എല്ലാവരുടെ വീട്ടിലുമുണ്ടായിരുന്നു ശൗര്യം കൂടിയ കൂറ്റന്‍മാര്‍. വര്‍ഷം ഒന്നരലക്ഷത്തിനുമീതെ ചെലവിട്ടാണ് ഓരോ മാടിനേയും ഉടമസ്ഥന്‍ തീറ്റിപ്പോറ്റുന്നത്. ഒരുലക്ഷം മുതല്‍ നാലര ലക്ഷം വരെ വിലവരുന്ന കാളക്കൂറ്റന്‍മാരെ യാത്രയില്‍ കാണാനായി.
ജനുവരി പാതിയില്‍ പൊങ്കലാഘോഷത്തിന്റെ ഭാഗമായാണ് പ്രധാന ജല്ലിക്കെട്ടുകളെല്ലാം അരങ്ങേറുന്നത്. വീരവിളയാട്ട് മുന്‍പന്തിയില്‍നിന്ന് കാണണമെങ്കില്‍ മുന്‍കൂട്ടി പാസുകള്‍ ഉറപ്പിക്കണം. അളകനല്ലൂരിലെ പച്ചക്കറിച്ചന്തയാണ് മത്സരത്തിന് വേദിയാകുന്നത്. പച്ചക്കറിച്ചന്ത അവിടെ രൂപംകൊള്ളുംമുന്‍പേ മത്സരം ആ പ്രദേശത്ത് അരങ്ങേറിയിരുന്നെന്ന് പഴമക്കാരുടെ വാക്കുകള്‍.
അഞ്ഞൂറുവര്‍ഷത്തെ പഴക്കമുണ്ട് ജല്ലിക്കെട്ടിനെന്നുപറഞ്ഞ് വിശദീകരിച്ച കാളവാസല്‍ ശെല്‍വന്‍ എട്ടുതലമുറ പിറകിലുള്ള കുടുംബചരിത്രം തെളിവിനായി എടുത്തുയര്‍ത്തി. ചില്ലിട്ട് ചുമരില്‍ തൂക്കിയ ചിത്രങ്ങളായിരുന്നു തെളിവിനാധാരം. കൂറ്റനുമുന്നില്‍ ഫോട്ടോക്കായി ഇരിക്കുമ്പോള്‍ ഇളയ തലമുറയില്‍നിന്ന് പേരക്കുട്ടിയായ യുവരാജിനെക്കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശെല്‍വന്‍ നിര്‍ബന്ധം പിടിച്ചു.
നാട്ടില്‍ മാറാവ്യാധി മരണതാണ്ഡവമാടിയപ്പോള്‍ സ്വാമിയുടെ അരുളപ്പാടായി ജല്ലിക്കെട്ട് തുടങ്ങിയെന്നതാണ് ശെല്‍വന്‍ പറഞ്ഞ കഥയിലെ കനമുള്ള ഏട്. മണ്ണില്‍ മനുഷ്യച്ചോരവീഴ്ത്തി ദൈവകോപം ശമിപ്പിച്ച കഥകളാണ് ജല്ലിക്കെട്ടിന്റെ ചരിത്രമായി പാലമേട്ടിലെ കാരണവന്‍മാരും അവണിയാപുരത്തെ നാട്ടുകൂട്ടങ്ങളും പങ്കുവെച്ചത്. കാര്‍ഷികവിജയം നേടിയ നാട്ടുമക്കള്‍ കുലദൈവത്തിന്റെ പ്രീതിയ്ക്കായി നടത്തുന്ന ഉത്സവമാണ് ജല്ലിക്കെട്ടെന്ന് മുനിയാണ്ടിക്കോവിലിനുമുന്നില്‍ കണ്ട പഴനിയമ്മ ഇന്നും വിശ്വസിക്കുന്നു
വിശ്വാസങ്ങളിലൂന്നിയ കഥകള്‍ പിന്നെയും ഘോഷയാത്രകണക്കെ വന്നുകൊണ്ടിരുന്നു. അവയെയൊന്നും ചോദ്യംചെയ്യാന്‍ മുതിര്‍ന്നില്ല, എന്നാല്‍
ഒരുകാര്യം സത്യമാണ്, പഴയകാലകഥയോട് ചേര്‍ന്നുനിന്നാണ് ഇന്നും ഇവിടങ്ങളില്‍ ജല്ലിക്കെട്ട് നടക്കുന്നത്.
മുനിയാണ്ടിക്കോവിലുമായി ബന്ധപ്പെടുന്നതാണ് അളകനല്ലൂരിലെ ജല്ലിക്കെട്ട്. കോവിലിലെ കൂറ്റന്‍ ശില്‍പ്പത്തിന്റെ ദൃഷ്ടി പതിയുന്നിടത്തുനിന്നാണ് മത്സരത്തിനായി കാളകള്‍ ഇറങ്ങുക.
രുദ്രയാഗം നടത്തി കാവല്‍ദൈവത്തെ പ്രീതിപ്പെടുത്തുന്ന ആചാരം ഇപ്പോഴും ഈ നാട്ടിലുണ്ട്. മഴ കുറയുമ്പോള്‍, മാറാവ്യാധികള്‍ കൂടുമ്പോള്‍, നാട് കൂട്ടമായി കോവിലിലേക്ക് ഓടിക്കയറും. കഴിഞ്ഞവര്‍ഷം ജല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ കോവിലില്‍ പ്രത്യേക പൂജകള്‍ നടന്നെന്നും യാഗത്തിന്റെ ഫലമായാണ് നിരോധനം നീങ്ങിയതെന്നും കോവിലിലെ ശാന്തിക്കാരന്‍ വീരന്‍ പറയുന്നു. രമണന്‍, കാളിമുത്തു, രാജേന്ദ്രന്‍ എന്നിവരെല്ലാം ഇന്നും കോവിലിന്റെ ഊരാളരായി ജല്ലിക്കെട്ടുനടത്തിപ്പിന് മുന്നില്‍ നില്‍ക്കുന്നു. തലമുറകളില്‍നിന്ന് കൈമാറിക്കിട്ടിയ കഥകളാണ് അവരുടെയെല്ലാം വിശ്വാസത്തിന്റെ കരുത്ത്.
ജല്ലിക്കെട്ടുനാള്‍ മത്സരവേദിക്ക് രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പൊലീസ് ഗതാഗതം നിരോധിക്കും. കാളകളെ കൊണ്ടുവരുന്ന വണ്ടികള്‍ക്ക് മാത്രമേ പിന്നീട് പ്രവേശനമുണ്ടാകുകയുള്ളൂ. മറ്റുജില്ലകളില്‍നിന്ന് ലോറികളിലാണ് കൂറ്റന്‍മാര്‍ എത്തുക. അളകനല്ലൂരില്‍ ജനുവരി പതിനാറിനാണ് ഇത്തവണ മത്സരം നടക്കുന്നത്. 700 കാളകളെയും 300 വീരന്‍മാരെയുമാണ് നാട് പ്രതീക്ഷിക്കുന്നത്.
മുന്‍കൂര്‍ രജിസ്റ്റര്‍ചെയ്ത കാളകള്‍ വരിനിന്നാണ് മത്സരത്തില്‍ പങ്കെടുക്കുക. മത്സരക്കാളയുടെ കണ്ണില്‍ മുളകെഴുതുമെന്നും മദ്യം കൊടുക്കുമെന്നും വാലില്‍ കടിച്ച് പ്രകോപിപ്പിക്കുമെന്നുമെല്ലാമുള്ള അടക്കംപറച്ചിലുകളില്‍ സത്യമില്ലെന്ന് സര്‍ക്കാര്‍ ഡിസ്പെന്‍സറിയിലെ ഉദ്യോഗസ്ഥന്‍ ദുരൈസ്വാമിയുടെ സാക്ഷ്യം. മൈതാനത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മത്സരം നടക്കുന്നത്. പങ്കെടുക്കുന്ന കാളയുടെ പ്രായം, ആരോഗ്യനില തുടങ്ങി പന്ത്രണ്ടിലധികം കോളങ്ങള്‍ അനുകൂലമായാല്‍ മാത്രമേ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകൂ. വൈദ്യപരിശോധനയില്‍ അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിച്ചവീരന്‍മാര്‍ക്കുമാത്രമേ മത്സരാര്‍ഥികളായി കളത്തില്‍ ഇറങ്ങാനും കഴിയൂ.
മൂന്നുതരം ജല്ലിക്കെട്ടുകളാണ് തമിഴകത്തെ ഗ്രാമങ്ങളില്‍ പ്രധാനമായും കാണുന്നത്. തുറന്ന മൈതാനത്തേക്ക് ഒന്നിലധികം കാളകളെ ഒരേസമയം ഇറക്കിവിടുന്ന രീതിയും കാത്തുനില്‍ക്കുന്ന വീരന്‍മാര്‍ക്കുമുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതുമാണ് ഇന്ന് വ്യാപകമായി നടക്കുന്നത്. നീണ്ട വടത്തില്‍ കാളയെ കെട്ടിയിട്ട് ഏഴംഗസംഘം അതിനെ കീഴ്പ്പെടുത്തുന്ന മത്സരം ഇന്ന് എണ്ണത്തില്‍ കുറവാണെന്ന് പാലമേട്ടിലെ ജല്ലിക്കെട്ട് പ്രേമികള്‍ പറയുന്നു.
ഗ്രാമത്തിലെ വിശാലമായ മൈതാനത്തും ചന്തകളിലുമെല്ലാമാണ് ജല്ലിക്കെട്ട് നടക്കുന്നത്. മത്സരം നടക്കുന്ന സ്ഥലം ചകിരിച്ചോറും പൂഴിയും ഉപയോഗിച്ച് നിറച്ചുവെച്ചിരിക്കും. മത്സരക്കളത്തിലേക്ക് കാളക്കൂറ്റന്‍ ഇറങ്ങുന്ന ഇടുങ്ങിയ വഴിക്ക് 'വാടിവാസല്‍' എന്നാണ് പറയുക. കളത്തിലേക്കുള്ള കാളയുടെ രംഗപ്രവേശത്തിനുതൊട്ടുമുന്‍പ് കാഴ്ചക്കാരുടെ കണ്ണുകളെല്ലാം വാടിവാസലില്‍ സമ്മേളിക്കും, മുന്നിലേക്കെത്തുന്നവരെ കുതറിത്തെറിപ്പിക്കാനായുള്ള കാളയുടെ വരവ് ശ്വാസമടക്കിപ്പിടിച്ചാണ് കാഴ്ചക്കാര്‍ കണ്ടുനില്‍ക്കുക. മരണം മറന്ന് കൂറ്റന് മുന്നിലേക്ക് എടുത്തുചാടുന്നവര്‍ക്ക് ആവേശംപകരുന്ന ആര്‍പ്പുവിളികള്‍ പിന്നീടുയര്‍ന്നുകേള്‍ക്കാം.
കലിപൂണ്ട് കുതറിയോടുന്ന കാളയുടെ മുതുകില്‍ പിടിച്ച് നിശ്ചിതദൂരം വീഴാതെ തൂങ്ങിപ്പോകുന്നവനാണ് കളിയിലെ വിജയി. വീഴാതെ പിടിച്ചുതൂങ്ങാന്‍ മത്സരാര്‍ഥിയും കുടഞ്ഞുവീഴ്ത്താന്‍ കാളയും ശ്രമിക്കുന്നിടത്ത്് കളി മുറുകും.
മത്സരക്കാളയുടെ വാലിലും കൊമ്പിലും പിടിക്കരുതെന്നും വടിയോ മറ്റായുധങ്ങളോ ഉപയോഗിച്ച് വേദനിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന നിയമവും പുതിയകാലത്ത് ശക്തമാണ്.
മാടിന്റെ വിലയും വലുപ്പവും നിശ്ചയിക്കുന്നത് അത് 'പിടിമാടാണോ', 'വീരമാടാണോ' എന്നതിലൂന്നിയാണ്. ജല്ലിക്കെട്ടില്‍ വീരന്‍മാര്‍ക്ക് തൊടാന്‍പോലും കിട്ടാത്ത മാടാണ് 'വീരമാട്', മത്സരാര്‍ഥികള്‍ പിടിച്ചുകെട്ടിയ മാട് പിടിമാടാണ്. മാടിനെ പിടിച്ചു ജയിച്ചവന്‍ ജല്ലിക്കെട്ട് വീരനായി മാറുന്നു.
'സെല്ലിക്കെട്ട്' കാലാന്തരത്തില്‍ പരിണാമം സംഭവിച്ച് ജല്ലിക്കെട്ടായി മാറിയതാണെന്ന് പഴമക്കാര്‍ പറയുന്നു. സെല്ലിയെന്നാല്‍ നാണയവും കെട്ട് എന്നാല്‍ കിഴിയുമായിരുന്നു. പണക്കിഴി നേടാനുള്ള സാഹസിക മത്സരമായിരുന്നുവത്രെ പഴയകാലത്ത് സെല്ലിക്കെട്ട്. ഇന്ന് വീട്ടുപകരണങ്ങളും വാഹനങ്ങളും സ്വര്‍ണമാലകളുമെല്ലാം വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നുണ്ട്. അളകനല്ലൂരിലെ ഇത്തവണത്തെ മത്സരവിജയിയെ കാത്ത് ഇപ്പോള്‍തന്നെ രണ്ട് ബൈക്കുകള്‍ ഗ്രാമത്തിലെത്തിക്കഴിഞ്ഞു. ആര്‍ക്കും പിടിക്കാനാവില്ലെന്നുറപ്പുള്ള കാളകള്‍ക്കായി ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയാണ് ഇവ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കാള വിജയിച്ചാല്‍ സമ്മാനങ്ങള്‍ ഉടമയ്ക്ക് സ്വന്തം.
ജെല്ലിക്കെട്ടിന് ആദ്യം കളത്തിലിറങ്ങുന്നത് ക്ഷേത്രക്കാളയാണ്. അതിനെ ആരും പിടിക്കില്ല. ക്ഷേത്രക്കാളയെ വണങ്ങി പ്രാര്‍ഥിച്ചാണ് മത്സരം തുടങ്ങുക. തമിഴകത്തെ ഏറ്റവും വലിയ ജല്ലിക്കെട്ടുകള്‍ നടക്കുന്നത് അളകനല്ലൂരിലും പാലമേട്ടിലുമാണ്. ദേശക്കൂട്ടങ്ങള്‍ ആര്‍ത്തുവിളിച്ചുനടത്തുന്ന ഉത്സവം കാണാന്‍ അയല്‍ഗ്രാമക്കാര്‍ വീടടച്ചാണിവിടേക്കെത്തുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ മുന്‍പുണ്ടാക്കിയ കുമ്മായവരകള്‍ പിന്നീട് കയറുകളായും കയറുകള്‍ കാലംമാറവെ ബാരിക്കേഡുകളായും ബാരിക്കേഡുകള്‍ ഇന്ന് ഇരട്ടബാരിക്കേഡുകളായും മാറിയത് ആള്‍ത്തിരക്കേറുന്നതിന്റെ തെളിവാണ്. മധുരയ്ക്കുപുറമേ ശിവഗംഗ, തിരുച്ചിറപ്പിള്ളി, പുതുക്കോട്ട, സേലം എന്നിവിടങ്ങളിലും ജല്ലിക്കെട്ട് നടത്തുന്നുണ്ട്.
ജനുവരിയില്‍ ജല്ലിക്കെട്ടുവീരന്‍മാര്‍ക്കും വീരമാടുകള്‍ക്കും യാത്രയുടെ തിരക്കാണ്. ഒരു വേദിയില്‍നിന്ന് മറ്റൊരു വേദിയിലേക്ക് അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. തമിഴകത്തെ ഉള്‍ഗ്രാമങ്ങളിലെല്ലാം ജനുവരിയില്‍ ചെറുതും വലുതുമായി ജല്ലിക്കെട്ടുകള്‍ അരങ്ങേറും.
ജല്ലിക്കെട്ടിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള നാട്ടുചുമരെഴുത്തുകള്‍ക്കൊപ്പം കാളക്കൂറ്റന്റെയും നാട്ടുവീരന്റെയും ചിത്രങ്ങള്‍ കണ്ടു. രണ്ടുമാസക്കാലം അളകനല്ലൂരിലെയും പാളമേട്ടിലെയുമെല്ലാം ചുമരുകളില്‍ ഇവരെല്ലാമാകും താരങ്ങളെന്ന് നാട്ടുകാരുടെ സാക്ഷ്യം. പൈപ്പിന്‍ചോട്ടിലും പീടികക്കോലായിലും എന്നുവേണ്ട നാലാള്‍ കൂടുന്നിടത്തെല്ലാം മാടുവിശേഷങ്ങള്‍ മാത്രമാണ് കേട്ടത്.
വീരകഥകളില്‍ മനുഷ്യനും മൃഗത്തിനും ഒരുപോലെ സ്ഥാനമുണ്ട്. കളത്തില്‍ തോറ്റ ദുഃഖത്തില്‍ ആത്മഹത്യചെയ്ത വീരന്റെ കഥയും യജമാനന്‍ മരിച്ച ദുഃഖത്തിന് തീറ്റയെടുക്കാതെ പട്ടിണികിടന്ന് ചത്ത മാടിന്റെ കഥയുമെല്ലാം യാത്രയ്ക്കിടെ പല മുഖങ്ങളില്‍നിന്ന് പലതവണ കേട്ടു.
കാളക്കൊമ്പുകൊണ്ട് പോറലേല്‍ക്കുന്നത് അഭിമാനചിഹ്നമായാണ് കുട്ടികള്‍പോലും കാണുന്നത്. വീരന്‍മാരില്ലാത്ത വീട് നാടിന് ശാപമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. വര്‍ഷത്തിലൊരിക്കലാണ് ജല്ലിക്കെട്ട് നടക്കുന്നത്. എന്നാല്‍ വര്‍ഷം മുഴുവന്‍ നാട് അതിനായി കാത്തിരിക്കുന്നു. കാര്‍ഷികവൃത്തി ജീവിതതാളമായുള്ളവരാണ് തമിഴ് മക്കള്‍. കൃഷിയില്‍നിന്ന് മാടും മനുഷ്യനും ഒന്നിച്ചുനേടിയ വിജയം ഇരുവരും ചേര്‍ന്ന് ആഘോഷിക്കുന്നുവെന്നാണ് ജല്ലിക്കെട്ടിനെക്കുറിച്ചുള്ള നാട്ടുഭാഷ്യം. മാട് വീട്ടിലൊരംഗമാണെന്ന വാദം കയറിയിറങ്ങിയ ഓരോ കുടുംബത്തില്‍നിന്നും കേട്ടു. ഒന്നിച്ച് കൃഷിചെയ്യുന്നു, കിട്ടുന്നത് പകുത്തെടുക്കുന്നു മലയാളം ഒഴുക്കോടെ സംസാരിക്കാനറിയുന്ന ഗോരിപ്പാളയത്തുകാരി മല്ലിയമ്മ കാര്യങ്ങളിങ്ങനെ വിശദീകരിച്ചു നെല്ല് - മനുഷ്യന്, വൈക്കോല്‍ മൃഗത്തിന്, കടലയും വാഴപ്പഴവും നമ്മക്ക്, കൂടെ കിട്ടുന്നവ മാടിന് അങ്ങനെ പങ്ക് കൃത്യമായി വിഭജിച്ചുനല്‍കുന്നു, പിന്നെയെങ്ങനെ മാട് വീട്ടിലൊരംഗമല്ലാതാകും..? മുറുക്കിച്ചുവപ്പിച്ച ആ ചോദ്യം നിഷ്‌കളങ്കമായിരുന്നു.
വീരപാണ്ടിയിലെയും ഗോരിപ്പാളയത്തിലെയും പെട്ടിക്കടയില്‍നിന്നുവാങ്ങിയ ചുടുചായക്കൊപ്പവും ആവിപറക്കുന്ന ഒരുപാട് മാടുവിശേഷങ്ങള്‍ കേട്ടു. വഴിയോരത്തെ പേരറിയാത്ത കോവിലുകള്‍ക്കുമുന്നിലും കണ്ടു ശൗര്യം തീരാതെ മണ്ണില്‍ കൊമ്പുകുത്തികളിക്കുന്ന കൂറ്റന്‍മാരെ. ജല്ലിക്കെട്ട് നിരോധിക്കണമെന്ന് വാദിച്ചവര്‍ക്കെതിരേയുള്ള ശക്തമായ വികാരമാണ് പഴമക്കാര്‍ പങ്കുവെച്ചത്. ജല്ലിക്കെട്ടിനെ അനുകൂലിച്ച് സ്വരം കടുപ്പിച്ചവരുടെ ശരീരത്തിലെല്ലാം ഉണങ്ങി കരിഞ്ഞ മുറിപ്പാടുകളുണ്ടായിരുന്നു.
പതിനേഴാംവയസ്സിലെ മുറിവിന്റെ പാട് തലോടി എഴുപത്തിരണ്ടുകാരന്‍ മുനിസാമി ഓര്‍മകളിലേക്ക് ഇറങ്ങിയപ്പോള്‍ റോഡ് മുറിച്ചുകടന്ന് കേള്‍വിക്കാരാകാന്‍ കുട്ടികളുമെത്തി. സ്‌കൂളില്‍നിന്നുകേട്ട ബെല്ലടിക്കൊന്നും അവരെ കഥയുടെ ആവേശത്തില്‍നിന്ന് ഉണര്‍ത്താന്‍ കഴിഞ്ഞില്ല, വാ പൊളിച്ച് മുനിസാമിയുടെ വായില്‍ നോക്കിയിരുന്ന കുട്ടികളോട് സ്‌കൂളില്‍ പോകടായെന്ന് പറയുന്ന ആരേയും ആ കൂട്ടത്തില്‍ കണ്ടില്ല. നാടിന്റെ കഥകളും വീരന്‍മാരുടെ ചരിത്രവും പുതിയ തലമുറ അറിയണമെന്ന് ഗ്രാമത്തിലുള്ളവര്‍ വിശ്വസിക്കുന്നു. ഇവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ സമയമായില്ലേയെന്ന എന്ന സംശയം മുന്നോട്ടുവച്ചപ്പോള്‍ ചായക്കടക്കാരന്‍ ഗംഗയില്‍ നിന്ന് മറുപടി ഉടന്‍ കിട്ടി, 'കുട്ടികള്‍ ആദ്യം പഠിക്കേണ്ടത് സ്വന്തം ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സത്യങ്ങളാണ്.'
ഡിസംബര്‍ അവധി തുടങ്ങിയാല്‍ ജനുവരി കഴിഞ്ഞേ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം തിരിച്ച് സ്‌കൂളില്‍ കയറൂ. ജല്ലിക്കെട്ടുകാലം ഹാജര്‍നില കുറയുന്നകാലം കൂടിയാണെന്ന് അധ്യാപകര്‍ പറയുന്നു. കാളകളെ കുളിപ്പിക്കാനും പാടം ചെത്തിമിനുക്കാനുമെല്ലാം വിദ്യാര്‍ഥികളാണ് മുന്നിലുണ്ടാകുക. കൂറ്റന്റെ നെറ്റിയും കൊമ്പും കണ്ണുമെല്ലാം നോക്കി ലക്ഷണം പറയുന്ന ഒരുപാടുപേരെ നാട്ടുവഴികളിലെല്ലാം കണ്ടു. ജല്ലിക്കെട്ടുകാളകള്‍ക്കൊപ്പം ജീവിതം മുഴുവന്‍ സഞ്ചരിക്കുന്നവര്‍, കാളയുടെ സൂക്ഷ്മഗണിതം മനസ്സിലാവാഹിച്ചവര്‍,രണ്ട് ജല്ലിക്കെട്ടുകാലങ്ങള്‍ക്കിടയിലാണ് അവരുടെയെല്ലാം ഓരോ വര്‍ഷം കടന്നുപോകുന്നത്.
വീരമല്ല, വേണ്ടത് വിവേകം
മധുരൈ മുടക്കത്താന്‍ മണിയുടെ വീടുനിറയെ സമ്മാനങ്ങളാണ്. ഗൃഹോപകരണങ്ങള്‍ തട്ടിത്തടഞ്ഞ് നടക്കാന്‍കഴിയാത്ത അവസ്ഥ, ജല്ലിക്കെട്ടില്‍നിന്ന് നേടിയതാണ് അവയെല്ലാം. 1998മുതല്‍ തുടര്‍ച്ചയായി മത്സരത്തിനിറങ്ങുന്ന താരം അളകനല്ലൂരിലെ പേരെടുത്ത വീരനാണ്. 139 സ്വര്‍ണമെഡലുകള്‍, വാഹനം, നിലം, കാള ഇവയെല്ലാം മത്സരനേട്ടങ്ങളാണ്.
വിവാഹംപോലും വേണ്ടെന്നുവെച്ച് കാളയ്ക്കുപുറകേ പോയ ജീവിതമാണ് മണിയുടെത്. തമിഴകത്ത് നടക്കുന്ന ഒട്ടുമിക്ക ജല്ലിക്കെട്ടിലും പങ്കെടുത്തുകഴിഞ്ഞു. ശരീരത്തില്‍ മൊത്തം ഇരുപത്തിയെട്ട് വലിയ മുറിവുകളുടെ പാടുണ്ട്, എല്ലാം കാളക്കൊമ്പും കുളമ്പടിച്ചവിട്ടേറ്റുമുണ്ടായവ.

ഇന്ന് വീരപാണ്ടിയിലെയും അളകനല്ലൂരിലെയും പുതുതലമുറയിലെ കുട്ടികള്‍ക്ക് ജല്ലിക്കെട്ടിന് പഠിപ്പിച്ചുകൊടുക്കുന്നത് മണിയാണ്. കാളയെ മെരുക്കാനും വരുതിയിലാക്കാനുമുള്ള ചെപ്പടിവിദ്യകളല്ല ക്ലാസുകള്‍. വര്‍ഷങ്ങളുടെ പരിചയംകൊണ്ട് താന്‍ നേടിയ അനുഭവങ്ങളാണ് പകര്‍ന്നുകൊടുക്കുന്നത്.
ജല്ലിക്കെട്ട്കാളയെ കീഴ്പ്പെടുത്താന്‍ വീരമല്ല, വിവേകമാണ് വേണ്ടത്, കാളയുടെ തിമില്‍ (മുതുക്) പിടിച്ച് അണന്ത് (ചേര്‍ന്ന്) പോകാനാകണം. അതിനാദ്യം കാളയുടെ നീക്കങ്ങള്‍ അറിഞ്ഞ് സഞ്ചരിക്കണം. ഒരു അധ്യാപകനെപ്പോലെ യാണ് മണി സംസാരിച്ചത്.
പട്ടാളക്കാരും ഐ.ടി. ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം മണിക്കിന്ന് ശിഷ്യന്മാരായുണ്ട്. കാളയെക്കുറിച്ചുള്ള അറിവ് നല്‍കിയാണ് ക്ലാസ് തുടങ്ങുന്നത്. അപകടത്തെക്കുറിച്ചും ഇടപെടേണ്ട രീതികളെക്കുറിച്ചുമെല്ലാം ആദ്യഘട്ടത്തില്‍ത്തന്നെ പറഞ്ഞുകൊടുക്കും. നീന്തല്‍, ഓട്ടം എന്നിവയിലൂടെയാണ് വീരനാകാന്‍ ഒരാള്‍ ശരീരം ദൃഢപ്പെടുത്തുന്നത്. മാടിനൊപ്പം കൂടുതല്‍ സമയം ചെലവിടാനുള്ള അവസരങ്ങള്‍ നല്‍കിയാണ് പഠനം മുന്നോട്ടുപോകുക. വൈകുന്നേരങ്ങളില്‍ തുറന്ന മൈതാനത്തുവെച്ചാണ് പരിശീലനം.
പഠിക്കാനെത്തുന്ന ആളിന്റെ തരമനുസരിച്ചുള്ള മാടുകളെയാണ് ആദ്യം നല്‍കുക. പിന്നീട് വലിയ മാടുകളെ കൊടുക്കും. അവസാന ഘട്ടത്തിലാണ് കൂറ്റന്മാരെവെച്ചുള്ള പരിശീലനം. നാലുമാസംമുതല്‍ ഒരുവര്‍ഷംവരെ എടുത്താണ് പലരും നല്ലൊരു വീരനായി മാറുന്നത്, ജല്ലിക്കെട്ട് പ്രമേയമാക്കി കമലഹാസന്‍ സിനിമ ഒരുക്കാന്‍തുടങ്ങിയ സമയത്തും മുടക്കത്താന്‍ മണിയെ തേടി വിളികള്‍ എത്തിയിരുന്നു. സ്വന്തം നാടിന്റെ തനതുത്സവം ലോകത്തിനുമുന്നില്‍ വിളിച്ചറിയിക്കുകയെന്ന ഉദ്ദേശത്തോടെ മണിയിന്ന് ജല്ലിക്കെട്ടിനായൊരു വെബ്സൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്. ജല്ലിക്കെട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളുമെല്ലാം www.jallikattuphotos.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഉള്ളു തണുപ്പിക്കാന്‍ ജിഗര്‍തണ്ഡ
വേനല്‍ച്ചൂടിലും വീരവിളയാട്ട് കഥകളിലും ഉള്ള് നിറഞ്ഞുപുകഞ്ഞപ്പോള്‍ ഡ്രൈവര്‍ ഹക്കിമാണ് പറഞ്ഞത് ഒരു ജിഗര്‍തണ്ഡ കഴിക്കാമെന്ന്. ഉള്ളുതണുപ്പിക്കുന്ന മധുരയുടെ വിശേഷാല്‍ പാനീയത്തെക്കുറിച്ച് അപ്പോഴാണ് ആദ്യമായി കേട്ടത്. മധുരയാത്ര പൂര്‍ണമാകണമെങ്കില്‍ ജിഗര്‍തണ്ഡ ഉള്ളിലെത്തണമെന്ന ഹക്കിമിന്റെ കമന്റില്‍ വീണുപോയി.
വെളക്കത്തൂരിലെ കടയുടെ മുന്നിലെത്തുമ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. ജിഗര്‍തണ്ഡയ്ക്കായി കാത്തിരിക്കുന്നവരുടെ തിരക്ക് ദൂരെനിന്നുതന്നെ കാണാമായിരുന്നു. സംഗതി സ്പെഷ്യല്‍, ഓര്‍ഡിനറി എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. ആദ്യമായി രുചിച്ചുനോക്കാനെത്തിയവനെന്ന് മനസ്സിലാക്കിയതുകൊണ്ടാകണം ചോദ്യവുംപറച്ചിലുമൊന്നുമില്ലാതെ സ്പെഷ്യല്‍ ജിഗര്‍തണ്ഡതന്നെയാണ് കൈയിലേക്ക് വെച്ചുതന്നത്.

ഷോപ്പിന്റെ ടെക്നിക്കല്‍ മാനേജര്‍ എസ്. മുഹമ്മദ് മീരാനാണ് ജിഗര്‍തണ്ഡയുടെ പേരും പെരുമയും ചരിത്രവുമെല്ലാം വിശദീകരിച്ചത്. മുഹമ്മദ് മീരാന്റെ മുത്തച്ഛന്‍ എം. ഷേക്ക് മീരാനില്‍ നിന്നാണ് ജിഗര്‍തണ്ഡയുടെ ചരിത്രം തുടങ്ങുന്നത്. മൂന്നുതലമുറ പിന്നീട് അതേവഴിയില്‍ സഞ്ചരിച്ചു. തിരുനെല്ലിക്കാരന്‍ എം. ഷേക്ക് മീരാന്‍ ജീവിക്കാന്‍ ജോലിതേടിയാണ് മധുരയിലേക്ക് വണ്ടികയറിയത്. സൈക്കിളില്‍ സഞ്ചരിച്ച് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം തെരുവുകളില്‍ വില്‍ക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. പിന്നീട് ആ വഴിയിലേക്ക് പലരുമെത്തിയപ്പോള്‍ മാറിനടക്കാന്‍ മീരാന്‍ തീരുമാനിച്ചു.
അഞ്ചു ചേരുവകള്‍ പ്രത്യേക അളവില്‍ ചേര്‍ത്ത് സ്വന്തമായുണ്ടാക്കിയ പാനീയത്തിന് ഷേക്ക് മീരാന്‍തന്നെയാണ് ജിഗര്‍തണ്ഡയെന്ന പേരിട്ടത്. ബദാം, പിസ്ത, നന്നാറിവേര് സര്‍ബത്ത്, ഐസ്‌ക്രീം, പാല്‍ തിളപ്പിച്ച് കുറുക്കിയത് എന്നിവയെല്ലാമാണ് ജിഗര്‍തണ്ഡയുടെ കൂട്ട്.
ജിഗര്‍തണ്ഡയെന്നാല്‍ ഉള്ളത്തെ കുളിര്‍പ്പിക്കുന്നത്, മനസ്സ് തണുപ്പിക്കുന്നത് എന്നെല്ലാമാണ് അര്‍ഥം വരുന്നത്. മീരാന്റെ പരീക്ഷണപാനീയം പെട്ടെന്നുതന്നെ പേരെടുത്തു. മധുരക്കാരുടെ ഇഷ്ടരുചിതേടി അയല്‍ ജില്ലക്കാരുമെത്തിയതോടെ വ്യാപാരം നാടിന്റെ അതിര്‍ത്തികളെ മായ്ച്ചു വ്യാപിക്കാന്‍ തുടങ്ങി.
50 വര്‍ഷത്തിനുള്ളില്‍ ജിഗര്‍തണ്ഡയെന്ന പേര് തമിഴ്നാട്ടുകാര്‍ക്കും ഇവിടേക്ക് വിരുന്നെത്തുന്ന അതിഥികള്‍ക്കും പരിചിതമായി. മധുരയില്‍ മീരാന്‍ കുടുംബത്തില്‍നിന്ന് എട്ടു കടകളുണ്ട്. ചെന്നൈ, ട്രിച്ചി എന്നുവേണ്ട പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകള്‍ വേറെയും.
വെളുക്കത്തൂരിലെ കടയില്‍ മാത്രം 14 ജോലിക്കാരുണ്ട്. ആഘോഷദിവസങ്ങളില്‍ കളക്ഷന്‍ രണ്ടുലക്ഷത്തിനുമീതെ വരുമെന്ന് ജോലിക്കാര്‍ പറയുന്നു. മീരാന്‍ കുടുംബത്തിന്റേതല്ലാത്ത ചെറുതും വലുതുമായി ജിഗര്‍തണ്ഡകടകള്‍ വഴിയോരങ്ങളില്‍ വേറെയും കണ്ടു. പക്ഷേ, അവയ്‌ക്കൊന്നും മീരാന്‍ നല്‍കുന്ന രുചിക്ക് പകരംനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹക്കിമിന്റെ സാക്ഷ്യം.
ദൈവാനുഗ്രഹത്തിനൊപ്പം കഠിനമായ അധ്വാനവും വര്‍ഷങ്ങളായി പകര്‍ന്നുനല്‍കുന്ന രുചിയിലും ജോലിയിലും തുടരുന്ന സത്യസന്ധതയുമാണ് ജിഗര്‍തണ്ഡയുടെ പിന്നിലെ വിജയരഹസ്യമെന്ന് മുഹമ്മദ് മീരാന്‍ വിശദീകരിച്ചു.
ജിഗര്‍തണ്ഡയെന്ന പേരിന്റെ ജനകീയത കണ്ടുകൊണ്ടാകണം ഈ പേരില്‍ ഒരു തമിഴ് സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
രാവിലെ 10.30 മുതല്‍ രാത്രി 10.30വരെ കടകള്‍ പ്രവര്‍ത്തിക്കും. മധുര പെരിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളു വെളക്കത്തൂരിലെ കടയിലേക്ക്.
(2018 ജനുവരി ലക്കം മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Jallikkattu Alakanalloor Madurai Tamil Nadu