ജല്ലിക്കെട്ട് (ഫയൽ ചിത്രം) | Photo: AP
മാട്ടുപൊങ്കല്‍ മാസം. തമിഴ്നാട്ടിലും അതിര്‍ത്തിഗ്രാമങ്ങളിലും സമൃദ്ധിയുടെയും കാര്‍ഷിക വിളവെടുപ്പിന്റെയും വരവറിയിച്ചു കൊണ്ട് പൊങ്കല്‍ ആഘോഷങ്ങള്‍ അന്നാണ്. ശനിയാഴ്ച മുതല്‍ 17 വരെ പൊങ്കലും ജല്ലിക്കെട്ടുമൊക്കെയായി ആഘോഷങ്ങള്‍ പൊടിപൊടിക്കും. കാര്‍ഷിക സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വര്‍ണ്ണങ്ങളുടെയും സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ഹരിതാഭമായ സംഗമ ആഘോഷമാണ് തമിഴ് ജനതക്ക് പൊങ്കല്‍ ഉല്‍സവം. തൈ പൊങ്കലാഘോഷത്തിന്റെ പ്രധാന വിഭവമായ ചെങ്കരിമ്പ് പാടങ്ങളില്‍ നിന്നും കരിമ്പുകള്‍ മുറിച്ച് ഗ്രാമങ്ങളില്‍ എത്തിച്ചു തുടങ്ങി. കരിമ്പ് കൂടാതെ വൈവിധ്യ നിറങ്ങളുള്ള പൊടികളും ചെറുവുളാ പൂക്കളും മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, കുമളി, തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്തി തുടങ്ങി.
പൊങ്കല്‍ ചരിത്രം
നല്ല വിളവെടുക്കുവാന്‍ സഹായിച്ച ഭൂമി, സൂര്യന്, കൃഷിയിറക്കുമ്പോള്‍ അധ്വാനത്തിന് കൂടെ നിന്ന കാള, പശുക്കള്‍ എന്നിവയ്ക്ക് നന്ദി അറിയിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെ ചരിത്രമായി പറയുന്നത്. കാര്‍ഷിക മേഖലയെ ജീവിതചര്യയാക്കി മാറ്റിയ തമിഴ് ജനതയുടെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നാണ് പൊങ്കല്‍ ഉത്സവം. വിളവെടുപ്പ് ഉത്സവം കൂടിയാണ് പൊങ്കല്‍. ധനുമാസത്തിന്റെ (മാര്‍ഗഴി മാസം) അവസാന ദിവസവും മകരമാസത്തിന്റെ (തൈമാസം) അദ്യ മൂന്നു ദിവസവുമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. തമിഴ് മാസമായ തൈമാസം ഒന്നിന് അതിരാവിലെ സൂര്യനുദിക്കുമ്പോള്‍ കിഴക്ക് ദര്‍ശനത്തില്‍ മുറ്റത്ത്കൂട്ടിയ അടുപ്പില്‍ മണ്‍പാത്രത്തില്‍ പാലും വെള്ളവും ഒഴിച്ച് അത് തിളച്ച് വീഴുന്നതിനെയാണ് പൊങ്കല്‍ എന്ന് പറയുന്നത്. ശിലായുഗകാലത്തില് ഈ ഉത്സവത്തിന് പുതു ഈട് എന്ന് പേര് ഉണ്ടായിരുന്നു .

ജനുവരി 14ബോഗി (ബോഗ) പൊങ്കല്‍
ഈ ഉത്സവ ദിനത്തില്‍ പഴയതും വേണ്ടാത്തതുമായ എല്ലാം അഗ്നിക്ക് സമര്‍പ്പിക്കും. കൂടെ ദു:ഖങ്ങളും നഷ്ടങ്ങളും എല്ലാം ഉപേക്ഷിക്കും. വിളയിറക്കാനും വിളവെടുക്കാനും കാലവസ്ഥയില്‍ അനുകൂല സാഹചര്യമൊരുക്കി തന്ന സൂര്യദേവനു നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണിത്. വീടും പരിസരവും വൃത്തിയാക്കി ഉത്സവത്തിന് ഒരുങ്ങുന്നു. ചെങ്കരിമ്പും ചെറുവുള പൂക്കളും മാവിലകളും വാഴകളും കൊണ്ട് വീടും വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കും.
ജനുവരി 15 മനപ്പൊങ്കല്‍ (തൈ പൊങ്കല്‍)
വീട്ടില്‍ ബന്ധുമിത്രാദികളുമായി ആഘോഷിക്കുന്നു. വീട്ടുമുറ്റത്ത് ചാണകം കഴുകി നാനാ വര്‍ണ്ണങ്ങളില്‍ കോലം വരയ്ക്കുന്നു. വീടിനു പുറത്ത് വച്ച് പാലില്‍ അരിയിട്ട് വേവിക്കുന്നു. കരിമ്പ്, അരി, പഴം, നാളികേരം തുടങ്ങിയ സാധനങ്ങള്‍ സൂര്യദേവന് സമര്‍പ്പിച്ച് കുടുംബസമ്മേതം പ്രാര്‍ത്ഥിക്കുന്നു. പുതിയതായി വിവാഹം കഴിച്ച ബന്ധുക്കള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കും.
ജനുവരി 16 മാട്ടുപ്പൊങ്കല്‍
കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് പ്രധാനമായ മാട്ടുപ്പൊങ്കല്‍ മൂന്നാം ദിനമാണ്. തൊഴുത്ത് അലങ്കരിച്ച് കന്നുകാലികളെ അലങ്കരിച്ച് പൂജിക്കുക എന്നതാണ് പ്രധാന ചടങ്ങ്. കന്നുകാലികള്‍ക്ക് മധുരവും പായസവും നല്കുന്നു.

ജനുവരി 17 കാണിപ്പൊങ്കല് (കാണും പൊങ്കല്‍)
ഈ ദിനത്തില്‍ ബന്ധുമിത്രാദികളുടെ സംഗമമാണ്. പരസ്പരം പുതുവസ്ത്രങ്ങളും സമ്മാനങ്ങളും നല്കുന്നു. വലിയ കര്‍ഷകര്‍ തൊഴിലാളികള്‍ക്ക് പുതുവസ്ത്രങ്ങളും സമ്മാനവും വിരുന്നും നല്കി വരുന്നു.
വീര വിളയാട്ടിന്റെ ദിനങ്ങള്‍

തമിഴ് ജനതയുടെ സ്വകാര്യ അഹങ്കാരമായ ജല്ലിക്കെട്ട് ഈ ദിനങ്ങളിലാണ് തമിഴ്നാട് ഗ്രാമങ്ങളില്‍ നടക്കുന്നത്. തമിഴരുടെ പാരമ്പര്യത്തിലുള്ള വിശ്വാസത്തിന്റെ നേര്‍കാഴ്ചയാണ് ജല്ലിക്കെട്ട്. പാഞ്ഞു വരുന്ന കാളയെ മുതുകില്‍ പിടിച്ച് അടക്കുന്നവര്‍ വീരന്മാര്. ഒരു നിമിഷത്തെ അശ്രദ്ധ കാളയുടെ കൊമ്പുകള്‍ വയറ്റില്‍ കുത്തി കയറുമെന്നറിഞ്ഞിട്ടും ആയുധങ്ങള്‍ ഒന്നുമില്ലാതെ വെറും കൈകളോടെ കാളയെ മെരുക്കുവാന്‍ ഇറങ്ങുന്ന യുവാക്കള്‍ തമിഴ്നാട്ടില്‍ വില്ലാളിവീരന്മാരാണ്. കാളകളെ അടക്കുന്ന വീരന്മാര്ക്കും അടക്കാത്ത കാളയുടെ ഉടമകള്‍ക്കും സമ്മാനം ലഭിക്കും. ജനുവരി 10ന് പുതുക്കോട്ട തച്ചന് കുറിശ്ശിയില്‍ ജല്ലിക്കെട്ടിന് തുടങ്ങി. തമിഴ്നാട്ടില്‍ നാലായിരത്തോളം ഗ്രാമങ്ങളില്‍ ചെറുതും വലുതുമായ ജല്ലിക്കെട്ടുകള്‍ നടക്കും. ജൂണ്‍ മാസം വരെ അത് നീളും. 15ന് മധുര അവനിയാപുരം, 16ന് മധുര പാലമേട്, ജനുവരി 17ന് ലോകപ്രശസ്തമായ മധുര അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ട് എന്നിവ നടക്കും.
Content Highlights: Jallikattu Bull Festival Tamil Nadu pongal season
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..