നീര്‍മഹല്‍: തടാക മധ്യത്തില്‍ പണിത കൂറ്റന്‍ കൊട്ടാരം


എഴുത്തും ചിത്രങ്ങളും: മനു റഹ്മാന്‍

രുദ്രസാഗര്‍ തടാകത്തിന് നടുവിലായാണ് മഹാരാജ ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ഈ കൊട്ടാരം സാക്ഷാത്കരിച്ചിരിക്കുന്നത്. നീര്‍മഹല്‍ എന്നാല്‍ ജലക്കൊട്ടാരമെന്നാണ് അര്‍ഥം. 1930ല്‍ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയായത് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ജൽമഹൽ

രോ നഗരത്തിനും അതിന്റേതായ താളവും ലയവുമുണ്ട്. അത് തിരിച്ചറിയാനായാല്‍ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഭക്ഷിക്കാവുന്നവ കണ്ടെത്താനാവും. ഷെയറിങ് ഓട്ടോകളാണ് അഗര്‍ത്തല നഗരത്തിന്റെ ജീവനാഡി. വ്യത്യസ്തമായ കോണുകളിലേക്ക് എത്താന്‍ ഇതാണ് ഏക ആശ്രയം. പത്തുരൂപയാണ് നിരക്ക്. തനിച്ച് ഓട്ടോ വിളിച്ചാല്‍ രണ്ടും മൂന്നു കിലോമീറ്ററിന് ആളും തരവും നോക്കി അന്‍പതും നൂറുമെല്ലാം ഡ്രൈവര്‍മാര്‍ ഈടാക്കും. രണ്ടു ഭാഗത്തും വാതിലുകള്‍ ഘടിപ്പിച്ചവയാണ് പച്ചനിറമുള്ള ഇവിടുത്തെ ഓട്ടോകള്‍.

ഇന്നലെ രാവിലെ ലോഡ്ജിന് സമീപത്തുനിന്ന് 30 രൂപ നല്‍കിയാണ് നാഗര്‍ജല ബസ് സ്റ്റാന്റില്‍ എത്തിയത്. ഓട്ടോക്കാരന്‍ ആദ്യം ആവശ്യപ്പെട്ടത് നൂറു രൂപയായിരുന്നു. മൂന്നു കിലോമീറ്ററോളം ദൂരത്തിനാണ് ഈ ചാര്‍ജ്. ഏതോ ഒരു ഇരയെകിട്ടിയതോടെ മുന്നോട്ടുനടന്ന എനിക്കരികില്‍ ആ ഓട്ടോക്കാരന്‍ വീണ്ടുമെത്തി. അന്‍പത് രൂപക്ക് കയറാന്‍ ക്ഷണിച്ചു. മുപ്പതില്‍ പിടിച്ചതിനാല്‍ അതില്‍ഒതുങ്ങി. നാഗര്‍ജോല സ്റ്റാന്റിലേക്ക് ഷെയറിങ് ഓട്ടോ ലഭിക്കുമെന്ന് അറിയുന്നത് വൈകിയിട്ടായിരുന്നു. നഗരത്തില്‍ പൊതുഗതാഗതത്തിനായി ബസ് സര്‍വിസ് ഇല്ല. ദൂരസ്ഥലങ്ങളിലേക്ക് മാത്രമായി അത് പരിമിതപ്പെടുത്തിയിരിക്കുന്നു.

വഴിയരികിലെ ദൈവങ്ങള്‍

പശ്ചിമ ബംഗാളിനും ത്രിപുരക്കും പുറമെ ബീഹാര്‍, ഒഡിഷ, ആസാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും കാളി പ്രധാന ആരാധനാമൂര്‍ത്തികളില്‍ ഒന്നാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ദിപാവലി ദിനത്തില്‍ ലക്ഷ്മി പൂജക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഈ മേഖലകളില്‍ അത് കാളി പൂജയായി മാറുന്നു. മുഖ്യ ആരാധനാമൂര്‍ത്തിയായ കാളിയാണ് ത്രിപുരക്കാരുടെയും ഇഷ്ടദൈവം. കമ്മ്യൂണിസം ആഴത്തില്‍ വളര്‍ന്നിട്ടും തകരാതെ നിന്നതാണ് ത്രിപുരക്കാരുടെ കാളിഭക്തി.

മത്സ്യവും മാംസവും അരിയും മധുരപലഹാരങ്ങളുമെല്ലാം കാളിക്കായി അര്‍പ്പിക്കാറുണ്ട്. മുന്‍ കാലങ്ങളില്‍ കാളി ദേവിയെ പ്രസാദിപ്പിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരബലിയും നടന്നിരുന്നു. ഇന്നും കാളിക്കായി നരബലി നടക്കുന്ന ചില വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. നരബലി നിയമംമൂലം തടയപ്പെട്ടതിനാല്‍ മിക്കയിടത്തും മൃഗങ്ങളുടെ ചോരയാണ് കാളിക്കായി തലയോട്ടിയില്‍ നിറച്ച് അര്‍പ്പിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ മുന്‍പ് വരെ കാളി പൂജ നിലനിന്നിരുന്നില്ലെന്നാണ് കരുതുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് രചിക്കപ്പെട്ട ഭക്തിഗ്രന്ഥമായ കലിക മംഗല്‍കാവ്യയിലാണ് ഗ്രന്ഥകര്‍ത്താവായ ബല്‍റാം കാളിക്കായി വര്‍ഷംതോറും നടത്തുന്ന ആഘോഷത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്നത്. നവദ്വീപ ഭരിച്ചിരുന്ന കൃഷ്ണചന്ദ്ര രാജാവാണ് ബംഗാളില്‍ കാളി പൂജക്ക് തുടക്കമിട്ടതെന്നാണ് കരുതുന്നത്. ദുര്‍ഗാ പൂജക്ക് സമാനമായി ദേവതയായ കാളിയെ ആദരിക്കുന്നതിന്റെ ഭാഗമായി ബംഗാളിലെയും ആസാമിലെയും ഗൃഹങ്ങളില്‍ കാളിയുടെ കളിമണ്‍പ്രതിമ നിര്‍മിക്കുകയും കാളി പ്രതിമ സ്ഥാപിക്കാനായി താല്‍ക്കാലിക പവലിയനുകള്‍ കെട്ടുന്നതും പതിവാണ്.

തന്ത്ര മന്ത്രങ്ങളോടെ രാത്രികാലങ്ങളിലാണ് പൊതുവില്‍ കാളിപൂജ അരങ്ങേറുന്നത്. രാമകൃഷ്ണ പരമഹംസരും ബാമഖേപയുമാണ് ബംഗാളില്‍ കാളി കള്‍ട്ടിന് പ്രചാരം നല്‍കിയത്. വിവിധ രൂപത്തിലുള്ള കാളി ആരാധനാ രീതികളാണ് നിലനില്‍ക്കുന്നത്. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലും ഗുവാഹത്തിയിലെ കമാഖ്യ ക്ഷേത്രത്തിലും കാളിയെ ലക്ഷ്മിദേവിയായാണ് ആരാധിക്കപ്പെടുന്നത്. കാളിയുടെ മൂന്നു രൂപങ്ങളായ മഹാ ലക്ഷ്മി, മഹാകാളി, മഹാ സരസ്വതി എന്നീ രൂപങ്ങളെയാണ് കാളിപൂജാ ദിനത്തില്‍ ആരാധിക്കപ്പെടുന്നത്. പൂജാ ദിനത്തില്‍ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ കരമരുന്നു പ്രയോഗവും നടക്കാറുണ്ട്.

നീര്‍മഹല്‍

നീര്‍മഹല്‍ കാണാനായാണ് ഇന്നത്തെ ദിവസം മാറ്റിവച്ചിരിക്കുന്നത്. അഗര്‍ത്തലയിലെ മൂന്നാമത്തെ പകലാണിത്. ഇന്നലെ ഡുംബൂരിലേക്ക് പുറപ്പെട്ട അതേ വഴിയിലൂടെയാണ് യാത്ര. എല്ലാ ദിവസവും അഞ്ചുമണിക്ക് മുന്‍പേ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനാല്‍ ആറു മണിയാവുമ്പോഴേക്കും യാത്ര പുറപ്പെടാന്‍ സാധിക്കുന്നത് സൗകര്യമാണ്. ഈ മേഖലയില്‍ പലയിടത്തും ഉച്ചക്ക് ശേഷം തിരിച്ചെത്താന്‍ ബസ് കിട്ടുമോയെന്ന സംശയം അവശേഷിക്കുന്നതിനാലാണ് ആ രീതിയില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്.

jal mahal

55 കിലോമീറ്റര്‍ ദൂരമുണ്ട് അഗര്‍ത്തലയില്‍നിന്ന് നീര്‍മഹലിലേക്ക്. ദേശീയപാത എട്ടിലൂടെ ഒന്നര മണിക്കൂറോളം യാത്ര ചെയ്താല്‍ 53 കിലോമീറ്റര്‍ അകലെയുള്ള മേലാഘര്‍ ടൗണിലെത്തും. രാത്രിയില്‍ നന്നായി മഴ പെയ്തതിനാല്‍ പൊടിയും ചൂടുമില്ല, സുഖമുള്ള യാത്ര. വനമേഖലയിലൂടെയാണ് യാത്ര. രുദ്രസാഗര്‍ തടാകത്തിന് നടുവിലായാണ് മഹാരാജ ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ഈ കൊട്ടാരം സാക്ഷാത്കരിച്ചിരിക്കുന്നത്. നീര്‍മഹല്‍ എന്നാല്‍ ജലക്കൊട്ടാരമെന്നാണ് അര്‍ഥം. 1930ല്‍ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയായത് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ഹിന്ദു-മുസ്‌ലിം ശില്‍പകലയുടെ മനോഹരമായ സാക്ഷാത്ക്കാരമാണ് ഈ കൊട്ടാരം. ഇന്ത്യയിലുള്ള രണ്ട് ജലക്കൊട്ടാരങ്ങളില്‍ വലുതുമാണിത്. രണ്ടാമത്തേത് രാജസ്ഥാനിലുള്ള ജല്‍ മഹലാണ്. ജയ്പുര്‍ നഗരത്തിലെ മന്‍ സാഗര്‍ തടാകത്തിന് നടുവിലാണിത് സ്ഥിതിചെയ്യുന്നത്. അംബറിലെ മഹാരാജാവായിരുന്ന ജയ് സിങ് രണ്ടാമനാണ് ഇന്നു കാണുന്ന രൂപത്തിലേക്ക് ജല്‍ മഹലിനെ പുതുക്കിപണിത് മനോഹരമാക്കിയത്.
മാണിക്യ മഹാരാജാവിന് വേനല്‍ക്കാലം ചെലവഴിക്കാനായാണ് നീര്‍ മഹല്‍ നിര്‍മിച്ചത്. ബ്രിട്ടീഷ് നിര്‍മാണ കമ്പനിയായ മാര്‍ട്ടിന്‍ ആന്റ് ബേണ്‍സ് ആയിരുന്നു രാജാവിന്റെ സ്വപ്നത്തിന് സാക്ഷാത്ക്കാരം നല്‍കിയത്. ഹിന്ദു മുസ് ലിം പാരമ്പര്യത്തിലും സംസ്‌കാരത്തിലും രാജാവിനുണ്ടായിരുന്ന അതീവ താല്‍പര്യത്തിന്റെ ഉദാഹരണം കൂടിയാണ് ഈ നിര്‍മിതി. കൊട്ടാരത്തിലെ അന്തര്‍ മഹല്‍ എന്ന ഭാഗം രാജകുടുംബത്തിനായി നിര്‍മിക്കപ്പെട്ടതാണ്.

കൊട്ടാരത്തിന്റെ കിഴക്കന്‍ ഭാഗത്തെ ഓപണ്‍ എയര്‍ തിയറ്ററിലായിരുന്നു നാടകവും നൃത്തവും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ മഹാരാജാവിനും കുടുംബത്തിനും ആസ്വദിക്കാനായി അരങ്ങേറിയത്. 24 മുറികളുള്ളതാണ് നീര്‍മഹല്‍. തടാകത്തിലേക്ക് നയിക്കുന്ന രണ്ട് പടിക്കെട്ടുകളും ഇവിടെ കാണാം. മാണിക്യ മഹാരാജാവ് രാജ്ഘട്ടില്‍നിന്ന് വള്ളം തുഴഞ്ഞായിരുന്നു ഇവിടേക്ക് എത്തിയിരുന്നതെന്ന് ചരിത്രം പറയുന്നു.

jal mahal

കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ രുദ്രസാഗര്‍ തടാകത്തില്‍ നടന്ന മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടല്‍ തടാകത്തിന്റെ നാല്‍പത് ശതമാനത്തോളം ചുരുങ്ങുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്. അനിയന്ത്രിതമായ മലിനീകരണവും തടാകക്കരയില്‍ പ്രവര്‍ത്തിക്കുന്ന ആറു ഇഷ്ടിക നിര്‍മാണ യൂണിറ്റുകളുമാണ് തടാകത്തിന് ശവക്കച്ച തുന്നുന്നത്. മാണിക്യ മഹാരാജാവ് തടാകം നിര്‍മിക്കുന്ന കാലത്ത് 12 കുടുംബങ്ങള്‍ മാത്രം വസിച്ചിരുന്ന ഈ പ്രദേശത്ത് ഇന്ന് തിങ്ങിക്കഴിയുന്നത് രണ്ടു ലക്ഷത്തോളമാണ്.

കാടും നാടും തിരിച്ചറിയുക പ്രയാസം. അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. സംസ്ഥാന വിസ്തൃതിയുടെ 54.78 ശതമാനവും വനമാണ്. 5,745 ചതുരശ്ര കിലോമീറ്ററാണ് വനത്തിന്റെ മൊത്തം വിസ്തൃതി. ഫോറസ്റ്റ് ഡിവിഷനായ ബിഷാല്‍ഗഡിലൂടെയാണ് ബസ് പോകുന്നത്.നല്ല തിരക്കുണ്ട് ബസില്‍. ഇരിപ്പിടങ്ങള്‍ നിറഞ്ഞശേഷമാണ് പുറപ്പെട്ടത്. വഴിയില്‍ അധികം സ്റ്റോപ്പില്ല നല്ല വേഗമുണ്ട് ബസുകള്‍ക്ക്. സ്ത്രീകളോട് അങ്ങേയറ്റത്തെ ആദരം പ്രകടിപ്പിക്കുന്ന സംസ്‌കാരമാണ് ത്രിപുരയുടേത്. വാഹനങ്ങളിലും അത് പ്രകടമായിരുന്നു. പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ മേല്‍ഖാറിലാണ് നീര്‍മഹല്‍ സ്ഥിതിചെയ്യുന്നത്. 30 രൂപയാണ് ബസ് ചാര്‍ജ്.

നീര്‍മഹലിലേക്ക് പോകുന്ന അങ്ങാടിയില്‍ ഇറങ്ങി. റോഡ് മുറിച്ചുകടന്നാണ് അങ്ങോട്ടുപോകേണ്ടത്. ടാര്‍ചെയ്ത വീതികുറഞ്ഞ റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്. ആവശ്യമെങ്കില്‍ ആ അഅങ്ങാടിയില്‍നിന്ന് ഇഷ്ടംപോലെ ഓട്ടോകള്‍ ലഭിക്കും. ഷെയറിങ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞതിനാല്‍ നേരെ നടന്നു. കോഴിക്കോട്ടെ തീരദേശത്തെ റോഡുകളോട് സാമ്യം. വേലിക്കെട്ടുകളും അവയോട് ചേര്‍ന്ന് മുറ്റിവളര്‍ന്ന മരങ്ങളുമെല്ലാം അത് ഓര്‍മപ്പെടുത്തി.

പലരോടും ചോദിച്ചാണ് നടത്തം. ഓരോരുത്തരും അധികം ദുരമില്ലെന്ന് ആശ്വസിപ്പിച്ചു. എട്ടേകാലിന് ബസ് ഇറങ്ങിയ ഞാന്‍ പതിനഞ്ചു മിനുട്ടിനകം ബോട്ട്‌ജെട്ടിയിലെത്തി. മൈതാനംപോലെ വിശാലമായ ഒരിടത്തിന്റെ അറ്റത്താണ് തടാകത്തോടുചേര്‍ന്ന ബോട്ടുജെട്ടി. തടാകത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന നീര്‍ മഹല്‍ ദൂരെനിന്നെ കാണാനായി.

15 പേര്‍ക്ക് കയറാവുന്ന ഫൈബര്‍ ബോട്ടില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്താണ് നീര്‍മഹല്‍. പ്രത്യക്ഷത്തില്‍ ഒരു കിറുക്കന്‍ സ്വപ്നംപോലെ അത് നിലകൊളളുന്നു. ആരാലും ശ്രദ്ധിക്കാനില്ലാതെ അതിങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു. ത്രിപുരയില്‍ വിനോദസഞ്ചാര മേഖലയില്‍ എന്തുനടക്കുന്നൂവെന്നതിന്റെ തെളിവാണ് നീര്‍മഹലും വികസനം എത്താന്‍ മടിക്കുന്ന ഈ ബോട്ടുജെട്ടിയുമെല്ലാം.

jal mahal

ബോട്ട് ജെട്ടിയില്‍ നീര്‍മഹല്‍ സന്ദര്‍ശനത്തിനായി ആരും എത്തിയിട്ടില്ല. ചെറിയ ബോട്ടില്‍ 15 പേര്‍ക്ക് യാത്ര ചെയ്യാം. ഒരാള്‍ക്ക് മുപ്പത് രൂപ. ആരും എത്തുന്നില്ലെങ്കില്‍ 450 രൂപ നല്‍കേണ്ടിവരും അവിടംവരെ പോയി തിരിച്ചുവരാന്‍. ആരെങ്കിലും വന്നെത്തിയാലെ നീര്‍മഹലിലേക്ക് പോകാനാവൂ. എഴുത്തിനായി ഉപകാരപ്പെടുന്ന വിവരങ്ങ്ള്‍ കുറിച്ചിടാനായി കാത്തിരിപ്പുകേന്ദ്രത്തിലെ കസേരയില്‍ ഇരുന്നു. ഒന്‍പതര ആവാറായിട്ടും ഒരാളും വന്നില്ല. കാണാതെ പോകേണ്ട സ്ഥിതിയാവുമോ. പത്തു മണി ആവാറായപ്പോഴാണ് മൂന്നു നാലു പേര്‍ എത്തിയത്. ഇനി ആരും വന്നില്ലെങ്കിലും കുഴപ്പമില്ല. നാലിലൊന്നു തുകക്ക് നീര്‍മഹല്‍ കാണാനാവുമെന്ന് ഉറപ്പായിരിക്കുന്നു. ആളില്ലാത്തതിനാല്‍ ഞാന്‍ ചെന്ന നേരത്ത് ടിക്കറ്റ് നല്‍കിയിരുന്നില്ല. കാത്തിരിക്കാന്‍ കൗണ്ടറിലിരുന്ന ജീവനക്കാരന്‍ നിര്‍ദേശിക്കുകയായിരുന്നു.

പത്തുമിനുട്ട് കഴിഞ്ഞില്ല, കുറച്ചുപേര്‍കൂടി എത്തി. പത്തര മണിയാവാറായപ്പോള്‍ ഡ്രൈവര്‍ ബോട്ട് സ്റ്റാര്‍ട്ട് ചെയ്തു. അധികം കഴിയും മുന്‍പ് നീര്‍മഹല്‍ ലക്ഷ്യമാക്കി ബോട്ട് നീങ്ങിത്തുടങ്ങി. ആരുടെയും ശ്രദ്ധപതിയാത്തതിനാലാവണം കുളവഴയും അഴുക്കും നിറഞ്ഞുകിടക്കുന്നത്. പത്തുമിനുട്ടോളമെടുത്തു ബോട്ട് നീര്‍മഹലിന് അരികിലെ ജെട്ടിയില്‍ എത്താന്‍. ചുറ്റിക്കാണാന്‍ അനുവദിച്ചിരിക്കുന്നത് 40 മിനുട്ടാണെന്ന് പുറത്തിറങ്ങവേ ഡ്രൈവര്‍ ഓര്‍മിപ്പിച്ചു.

പത്തു രൂപയാണ് പ്രവേശന ഫീസ്. ഡിജിറ്റല്‍ ക്യാമറക്ക് 20 രൂപകൂടി നല്‍കണം. പടിക്കെട്ടുകള്‍ കയറി മുകളിലെത്തി. വാതിലോ ജനലോ ഇല്ലാതെ പരന്നുകിടക്കുന്ന ഒരു കെട്ടിടസമുച്ചയമാണ് നീര്‍മഹല്‍. ഓരോ മുറിയില്‍നിന്നും യാതൊരു തടസവുമില്ലാതെ അന്ധനുപോലും പരസഹായമില്ലാതെ ചലിക്കാവുന്ന ഒരിടം.

നൃത്തത്തിനായി ഒരുക്കിയ ഹാള്‍, പിന്‍ഭാഗത്തായി പൂന്തോട്ടവും സ്‌നാനഘട്ടിലേക്ക് ഇറങ്ങിപോകാന്‍ വഴിയും നിര്‍മിച്ചിരുന്നു. ഏതോ തടവറയുടെ അടിത്തട്ടുപോലെ തോന്നിച്ചു ആ ഭാഗം. മുകളിലേക്ക് കാണുന്നതിലും അധികം അസ്ഥിവാരം സൃഷ്ടിച്ചാവണം തടാകത്തിനകത്ത് അത്തരം ഒരു നിര്‍മിതി സാക്ഷാത്കരിച്ചിരിക്കുന്നത്. അനുവദിച്ച സമയം അവസാനിച്ചതിനാല്‍ തിരിച്ചുപോന്നു. കെട്ടിടത്തിന്റെ മട്ടുപ്പാവിലേക്ക് പ്രവേശിക്കാന്‍ നിരവധി ചവിട്ടുപടികള്‍ നിര്‍മിച്ചിരുന്നു. കെട്ടിടത്തിന്റെ അകത്തെന്നപോലെ മട്ടുപ്പാവിലും അലസമായി സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് അന്നത്തെ നിര്‍മാതാക്കള്‍ ആ കെട്ടിടം സാക്ഷാത്കരിച്ചിരിക്കുന്നത്.

സെപാഹിജല സുവോളജിക്കല്‍ പാര്‍ക്ക്

നീര്‍മഹലില്‍നിന്ന് അഗര്‍ത്തലയിലേക്ക് തിരിച്ചുപോകുന്ന വഴിയിലായിരുന്നു സെപാഹിജല സുവോളജിക്കല്‍ പാര്‍ക്ക്. 18.53 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 1972ലാ്ണ് ഇത് സ്ഥാപിതമായത്. ബോട്ടാണിക്കല്‍ ഗാര്‍ഡണ്‍, ഡീര്‍ പാര്‍ക്ക്, മൃഗശാല എന്നിവ ഉള്‍പ്പെട്ടതാണിത്. 1987ലാണ് ഇത് വന്യമൃഗ സംരക്ഷണ കേന്ദ്രമായി ഉയര്‍ത്തിയത്. 456 തരം സസ്യ വര്‍ഗങ്ങള്‍, വൈവിധ്യമാര്‍ന്ന മുള ഉള്‍പ്പെടെയുള്ള തൃണ വര്‍ഗങ്ങള്‍ എന്നിവക്കൊപ്പം അനേകം ഔഷധ സസ്യങ്ങളാലും സമ്പന്നമാണിവിടം. സംസ്ഥാന വൃക്ഷമായ ഊദും സംസ്ഥാന പുഷ്പമായ നാഗേശ്വറും ഇവിടെയുണ്ട്. ഇതോടൊപ്പം സാല്‍, ഗര്‍ജാന്‍, ചമല്‍ തുടങ്ങിയ വൃക്ഷങ്ങളും ഇവിടെയുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന റെസസ് വിഭാഗത്തില്‍പ്പെടുന്ന ചെറുകുരങ്ങുകള്‍, പന്നിവാലന്‍ കുരങ്ങ് തുടങ്ങിയവയെ ഇവിടെ കാണാം. ക്ലൗഡ് ലെപേര്‍ഡിനെ കാണാനായിരുന്നു കൂടുതല്‍ പേരും ഇവിടം സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ ജീവി ഈ വന്യജീവി സങ്കേതത്തിന് അന്യമായിരിക്കുന്നു. ടോയ് ട്രെയിനിലും ബോട്ടിലും സവാരിക്കുള്ള സൗകര്യമുള്ള ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് റബര്‍, കാ്പ്പി എന്നിവ വിളയുന്ന വിശാലമായ തോട്ടവും കാണാനാവും. 5.08 ചതുരശ്ര കിലോമീറ്ററിലായാണ് ഇവിടെ അത്യപൂര്‍വ വന്യമൃഗമായ ക്ലൗഡ് ലെപേര്‍ഡിനായി ദേശീയ ഉദ്യാനം സജ്ജമാക്കിയത്. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ സെപാഹിജലക്കകത്ത് റെസ്റ്റ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.

നീര്‍ മഹലിലേക്ക് പോകവേയാണ് വഴിയില്‍ സെപാഹിജല സുവോളജിക്കല്‍ പാര്‍ക്കിന്റെ ബോര്‍ഡ് കണ്ടത്. തിരിച്ചുവരുമ്പോള്‍ അവിടെ ഇറങ്ങാന്‍ സാധിക്കുമെന്ന് കരുതിയിരുന്നു. പതിനഞ്ച് രൂപയുടെ ദൂരമാണ് നീര്‍മഹലിന് സമീപത്തെ അങ്ങാടിയില്‍നിന്നുള്ളത്. അഗര്‍ത്തലയില്‍നിന്ന് 28 കിലോമീറ്റര്‍ മാറിയാണ് ഈ പ്രദേശം.ആ പ്രദേശത്തിന്റെ കിലോമീറ്ററുകളോളം ഭാഗം കൊടുംകാടായിരുന്നു. ആ കാട്ടിനിടയിലാണ് പാര്‍ക്കിന്റെ ബോര്‍ഡും ടിക്കറ്റ് കൗണ്ടറുമെല്ലാം റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കണ്ടക്ടറോട് നേരത്തെ പറഞ്ഞേല്‍പ്പിച്ചിരുന്നു ഇറക്കിവിടാന്‍.

ആ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോഡ് മുറിച്ചുകടന്ന് ടിക്കറ്റ് കൗണ്ടറിനരികിലേക്ക് നടുന്നു. സാല്‍ വൃക്ഷങ്ങള്‍ ധാരാളമായി വളര്‍ന്നുനില്‍ക്കുന്നു. അതിന് ചുവട്ടിലെ കല്‍ക്കെട്ടില്‍ ഇളനീരും മറ്റും വില്‍പന നടത്തുന്ന ഏതാനും പേര്‍.
ടിക്കറ്റെടുത്തു. ഗേറ്റിലൂടെ അകത്തേക്ക് നടന്നു. സുവോളജിക്കല്‍ പാര്‍ക്കായതിനാല്‍ നാലു കിലോമീറ്ററോളം നടന്നാലെ മൃഗശാലയില്‍ എത്താനാവൂ. പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്ന സ്വന്തമായി വാഹനമില്ലാത്തവര്‍ ഓട്ടോയോ, കാറോ വാടകക്കെടുത്താണ് വരിക.
വാഹനം ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ നടക്കാന്‍ തുടങ്ങി. വിജനമായ റോഡ്. ഇടക്ക് ചില വാഹനങ്ങളുടെ ഇരമ്പം. ഒന്നു രണ്ട് ഓട്ടോകള്‍ ആളുകളുമായി കടന്നുപോയി. കൈ കാണിച്ചെങ്കിലും ഫലിച്ചില്ല. ഇത്തരം യാത്രകളിലാണ് നോണ്‍വെജ് ഭക്ഷണം ഒഴിയുന്നതും ദീര്‍ഘിച്ച നടത്തങ്ങള്‍ സംഭവിക്കാറും. കൊളസ്‌ട്രോള്‍ പോകട്ടെയെന്ന് കരുതി കാല്‍നീട്ടിവച്ച്‌നടക്കാന്‍ തുടങ്ങി. റോഡിന്റെ ഇരുവശവും കമ്പിവേലികെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. വന്യമൃഗങ്ങള്‍ റോഡിലേക്ക് എത്താതിരിക്കാനാവണം. ഇരുഭാഗത്തും ധാരാളം മുളങ്കൂട്ടങ്ങള്‍ ഉയരത്തില്‍ വളര്‍ന്നുനിന്നിരുന്നു.

ഒന്നര കിലോമീറ്ററോളം നടന്നു. ഫോറസ്റ്റ് ഡിപാര്‍ട്ടമെന്റിന്റെ ടോട്ടോ വരുന്നത് കണ്ടു. കൈകാണിച്ചപ്പോള്‍ അത് നിര്‍ത്തി. ഒരു കിലോമീറ്ററോളം നടത്തം ഒഴിവായി. വീണ്ടും കുറച്ചു നടന്നപ്പോള്‍ ഒരു ഓട്ടോയില്‍ ലിഫ്റ്റ് കിട്ടി. മൃഗശാലാ കവാടത്തില്‍ ഇറങ്ങി.
സെപാഹിജല പാര്‍ക്കിലെ വിശിഷ്ടതാരം ക്ലൗഡ് ലെപേര്‍ഡാണ്. നിര്‍ഭാഗ്യത്തിന് അവിടെ എത്തിയപ്പോഴാണ് ആ ജീവി യാത്രയായിട്ട് കാലങ്ങളായെന്ന് ബോധ്യപ്പെട്ടത്. യാത്രകളില്‍ ധാരാളം മൃഗശാലകള്‍ സന്ദര്‍ശിച്ചിരിക്കുന്നതിനാല്‍ കൂട്ടിലിട്ട അത്തരം മൃഗങ്ങളെ കാണുന്നതില്‍ ഒരു കൗതുകവും തോന്നാത്തതിനാല്‍ വേഗം മടങ്ങി.റിസര്‍വ് ചെയ്ത് പോകാന്‍ അല്‍പം മാറിയുള്ള ക്യാന്റീന്‍ കെട്ടിടത്തിന് സമീപത്തുനിന്ന് ഓട്ടോ കിട്ടുമെന്ന് കേട്ടു. തൊണ്ണൂറുരൂപ ആവശ്യപ്പെട്ടതിനാല്‍ വേണ്ടെന്നുവച്ചു.

jal mahal

മൃഗശാലയുടെ ഗേറ്റ് പിന്നിട്ട് നടന്നു. വിജനമായ വഴി അന്താളിപ്പിച്ചു. ഈ വഴി മുഴുവന്‍ നടന്നു തീര്‍ക്കണമെന്ന ചിന്ത തളര്‍ത്തി. നാലു കിലോമീറ്റര്‍ നടക്കാന്‍ അര മണിക്കൂറലധികം വേണ്ടിവരും. പച്ചപ്പിന്റെ നിഗൂഢത ആസ്വദിച്ചു നടന്നു.ഇടക്ക് ഒന്നുരണ്ട് വണ്ടികള്‍ കടന്നുപോയെങ്കിലും ലിഫ്റ്റ് കിട്ടിയില്ല. മൂന്നു കിലോമീറ്ററോളം നടന്ന ശേഷമാണ് ഒരു മിനിവാനില്‍ ലിഫ്റ്റ് കിട്ടിയത്. ഇലട്രിക്കല്‍ ജോലിക്കായി എത്തി മടങ്ങുന്ന വാഹനമാണ്. ചുരുട്ടിവച്ചിരിക്കുന്ന കമ്പികൂമ്പാരത്തിന് മുകളില്‍ ബാലന്‍സ് ചെയ്ത കയറി നിന്ന് കവാടത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്.

സാല്‍മരത്തിന് കീഴില്‍ ചെനചോര്‍ വില്‍പന നടത്തുന്ന പ്രായമുള്ള ഒരാളെ കണ്ടു. രണ്ടു കപ്പ് ചെനചോര്‍ കഴിച്ചു. കടലയും മിക്‌സറുമെല്ലാം മിക്‌സ്‌ചെയ്ത സവാളയും പച്ചമുളകും അരിഞ്ഞിട്ട ചെറുനാരങ്ങനീര് ചേര്‍ത്ത അതിന് നല്ലരുചിയായിരുന്നു. അഗര്‍ത്തലക്ക് മടങ്ങാന്‍ ടെമ്പോടാക്‌സായിരുന്നു ആശ്രയം. വണ്ടി പുറപ്പെട്ട് അധികം കഴിയുംമുന്‍പേ സന്ധ്യയുടെ രംഗപ്രവേശം സംഭവിച്ചു. കാടിന്റെ ഇരുളിനൊപ്പം വാനവും ഇരുള്‍ പുതച്ചപ്പോള്‍ ഇരമ്പുന്ന വാഹനത്തില്‍ മാത്രമായി ജീവന്റെഗന്ധം.

Content Highlights: Jal Mahal in Agarthala Tripura wows travellers, travelogue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


agnipath

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented