ദേശീയപാത യാത്രികര്‍ക്ക് ഹരിത ഇടത്താവളമൊരുക്കി പൊങ്ങത്തെ പെട്രോള്‍ പമ്പ് മാതൃകയാകുന്നു. ചെടികളും പൂക്കളും ഔഷധഫലങ്ങളും തണല്‍ മരങ്ങളും യാത്രക്കാര്‍ക്കായി ഒരുക്കിയാണ് പമ്പ് വേറിട്ട് നില്‍ക്കുന്നത്.പമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലം ഒഴിച്ച് ഏക്കറോളം സ്ഥലമാണ് ഹരിത വനം സൃഷ്ടിച്ച് യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ദീര്‍ഘ ദൂര യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും മാനസിക പിരിമുറക്കവും വിരസതയും അകറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രകൃതി സൗഹൃദ പമ്പ് ഒരുക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് ഇതൊരു മാതൃകയായാണ് ഐ.ഒ.സി.അധികൃതര്‍ അവകാശപ്പെടുന്നത്.

ദേശീയപാത വഴി കടന്നുപോകുന്ന ഏത് യാത്രക്കാരേയും ആകര്‍ഷിക്കുന്ന തരത്തില്‍ പമ്പിന്റെ മുന്‍വശം തന്നെ ജൈവ നിര്‍മിത പൂങ്കാവനമാണ്. ഇരുഭാഗങ്ങളിലുമാകട്ടെ നക്ഷത്ര വനതൈകളും ഔഷധ സസ്യങ്ങളുടെയും നിണ്ട നിര തന്നെയുണ്ട്. പമ്പിന്റെ പുറകിലേക്ക് നിങ്ങിയാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്കായി വിശ്രമിക്കാവുന്ന മരത്തണല്‍ തന്നെയുണ്ട്. ഔഷധ വനത്തിലാകട്ടെ മുള്ളാത്ത, റമ്പൂട്ടാന്‍, ഞാവല്‍, ചെറി, കര്‍പ്പൂര ചാമ്പ, സപ്പോട്ട, എളുപ്പത്തില്‍ ഫലം തരുന്ന പ്ലാവ്, മാവുകള്‍, സബ്ബര്‍ജില്ല അങ്ങനെ നീളുന്ന നിരതന്നെയുണ്ട്. ഇതിന് പുറമേ കുട്ടികളുടെ പാര്‍ക്കും, അക്വേറിയവും മത്സ്യക്കുളവും ഉണ്ട്. 

മെക്സിക്കോ താറാവ്, അടയിരിക്കുന്ന താറാവ്, മിനി കോഴി, വിവിധയിനം മുയലുകള്‍ എന്നിവയും യാത്രക്കാരെ ആകര്‍ഷിക്കും.പമ്പിനോട് ചേര്‍ന്ന ഹരിത വനം സംരക്ഷിക്കുന്നതിന് പ്രത്യേക ജീവനക്കാരനെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള സ്ഥലങ്ങളിലാകട്ടെ ഹരിത ഭംഗി പകരുന്ന പുല്‍മൈതാനവും കുട്ടികളേയും മുതിര്‍ന്നവരേയും ആകര്‍ഷിക്കുന്നതാണ്. ഇവയ്ക്കിടയില്‍ വിശ്രമത്തിനായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 

Content Highlights: Pongam Pterol Pump, IOC Petrol Pump Pongam, Kerala Tourism