Indian wild dog | ഫോട്ടോ അനീഷ് ബാലകൃഷ്ണപിള്ള
വയനാടന്‍ സൗന്ദര്യമറിയാന്‍ ഇറങ്ങിത്തിരിച്ച യാത്ര ആയിരുന്നില്ല അത്. വയനാട് മറ്റൊരു യാത്രയിലെ ഇടത്താവളം മാത്രം ആയിരുന്നു. പക്ഷെ ആ സായാഹ്നം ഞങ്ങള്‍ക്ക് സമ്മാനിച്ചത് ഓര്‍മ്മയില്‍ എന്നും കാത്തു സൂക്ഷിക്കാന്‍ പാകത്തിനുള്ള ഒരുപിടി ഓര്‍മ്മകളും ചിത്രങ്ങളും. വയനാട്ടിലേക്ക് ജോലി ട്രാന്‍സ്ഫര്‍ ആയി വന്ന അളിയന് അന്നേക്ക് തങ്ങാനായി ഒരു സ്ഥലം തരപ്പെടുത്തിത്തന്നു. അങ്ങനെ കര്‍ണാടകത്തില്‍ നിന്നും വന്ന ഞങ്ങള്‍ അന്ന് ഉച്ച കഴിഞ്ഞു മുത്തങ്ങയ്ക്കു സമീപമുള്ള താമസസ്ഥലത്തേക്ക് എത്തി. വരും വഴി നല്ല താളമുള്ള പാട്ടും, കൊട്ടും ദൂരെ നിന്നും കേട്ടു. മുന്നോട്ട് പോകും തോറും അതിന്റെ തീവ്രത പതിയെ പതിയെ കൂടിക്കൊണ്ടേ ഇരുന്നു. അതൊരു ആദിവാസി ഊര് ആയിരുന്നു, അവിടെ എന്തോ പൂജയും ആഘോഷങ്ങളും നടക്കുന്നു. ചടങ്ങുകള്‍ ഏകദേശം തീരാറായ സമയം ആയിരുന്നു. കര്‍ണാടകത്തില്‍ നിന്നും വന്ന നായ്ക്കര്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു അവര്‍. അവരുടെ ഭാഷക്ക് ലിപികളും ഇല്ലത്രെ.
കിട്ടിയ കുറച്ചു സമയം കൊണ്ട് ഇത്രയുമൊക്കെ വിവരങ്ങള്‍ സംഘടിപ്പിച്ചു. 'നിങ്ങള്‍ കുറച്ചു മുന്നേ എത്തിയിരുന്നേല്‍ ഡാന്‍സ് ഒക്കെ കാണാമായിരുന്നല്ലോ'എന്ന് നാട്ടുകാരനായ ഒരു ചേട്ടന് പറഞ്ഞു. നഷ്ടബോധത്തിന്റെ ഒരു ചിരി അദ്ദേഹത്തിന് തിരിച്ചു സമ്മാനിക്കാനേ പറ്റിയുള്ളൂ. പൂജയും ആഘോഷങ്ങളും ഏകദേശം 5 മണിയോട് കൂടി അവസാനിച്ചു. അവിടെ നിന്നും താമസസ്ഥലത്തേക്ക് പോയ ഞങ്ങള്‍ പെട്ടന്നൊരു കുളി പാസ്സാക്കി. കാരണം വെളിച്ചം പോകുന്നതിനു മുന്നേ ഒരു ഡ്രൈവിന് പോകണം. വൈകുന്നേരം ആണ് വന്യമൃങ്ങളെ കാണാന്‍ ചാന്‍സ്. കൂടാതെ നല്ല ലൈറ്റിംഗും കിട്ടും. ഏകദേശം അഞ്ചേകാലോടെ ക്യാമെറകളും എടുത്തു ഞങ്ങള്‍ വെളിയിലിറങ്ങി. വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ദൂരെ പുല്‍ത്തകിടിയില്‍ കുറേ ചെങ്കല്‍ നിറങ്ങള്‍ അനങ്ങും പോലെ ഒരു തോന്നല്‍. 'ഓ അത് മാനാരിക്കും ഡാ', എന്നാലും ഒന്ന് ഉറപ്പിക്കണമെല്ലോ ക്യാമറയില്‍ ടെലി ലെന്സെടുത്തിട്ടു. അതിലൂടെ നോക്കിയപ്പോള്‍ 'കാട്ടുനായ്ക്കള്‍'. ചിത്രങ്ങള്‍ എടുക്കണമെന്ന് കുറേ നാളായി ആഗ്രഹിച്ച കാട്ടിലെ നിഷ്ടൂരരായ വേട്ടക്കാര്‍. നെല്ലിയാമ്പതിയിലും, കര്‍ണാടകയിലെ ബന്ദിപ്പൂരിലും പിന്നെ മഹാരാഷ്ട്രയിലെ തടോബയിലും ആണ് നേരത്തെ ഇവരെ കാണാനും ഫോട്ടോ എടുക്കാനും എനിക്ക് സാധിച്ചിട്ടുള്ളത്.
.jpeg?$p=aeda630&f=1x1&w=284&q=0.8)
.jpeg?$p=3ecc514&f=1x1&w=284&q=0.8)
.jpeg?$p=e44935a&q=0.8&f=16x10&w=284)

.jpeg?$p=db0d1e4&q=0.8&f=16x10&w=284)
+1
ക്യാമറയുമായി പതുക്കെ ആ സ്ഥലം ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ആദ്യം അല്പം ധൃതിയിലായിരുന്നു നടത്തം. പിന്നെ പിന്നെ അത് സാവധാനം ആക്കി. കാട്ടുനായ്കളെ Indian Wild Dogs എന്നും Dhole എന്നും അറിയപ്പെടുന്നു . ഇവരുടെ കൂട്ടത്തിനെ പായ്ക്ക് (pack) എന്നാണ് വിളിക്കുന്നത്. സാധാരണയായി 78 പേരുള്ള കൂട്ടത്തെ ആണ് കണ്ടിട്ടുള്ളത് എന്നാല്‍ ഇപ്പോള്‍ കണ്മുന്നില് ഉള്ളത് ഇരുപതിലധികം വരുന്ന ഒന്ന് ഏകദേശം ആറേഴു കുട്ടികളും ഇളം പ്രായക്കാരും അമ്മമാരും കാരണവന്മാരും അടങ്ങുന്ന ഒരു കുടുംബം. വയല്‍ പ്രദേശം പോലെ തുറസ്സായ ഒരു സ്ഥലം ആയിരുന്നു അവിടം. കൂട്ടത്തിലെ കാവല്ക്കാര് അങ്ങിങ്ങായി ചിതറി ഇരുന്ന് ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഓരോ ചലനങ്ങളും അവര്‍ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. 'കാട്ടുനായ്ക്കളാണ്, സാമാന്യം നല്ല ഒരു കൂട്ടം ആണ്' ആ ഒരു ബോധം ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ട് താനും. കാട്ടുപോത്തിനേയും മ്ലാവിനെയും കശാപ്പ് ചെയ്യുന്ന ഇവര്‍ക്ക് മനുഷ്യന് ഒരു ഇരയേ അല്ല.
ഞങ്ങള്‍ പതിയെ പതിയെ മുന്നിലേക്ക് നീങ്ങി ഫോട്ടോകള്‍ പകര്‍ത്തിക്കൊണ്ടേ ഇരുന്നു. എടുത്ത ഒരു ഫോട്ടോയില്‍ നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇവന്മാര് എന്തിനെയോ വേട്ടയാടി ഭക്ഷിച്ച് വയറു നിറഞ്ഞിരിക്കയാണെന്ന്. ഉള്ളിലെ ചെറിയ ഒരു ആശങ്ക മാറിക്കിട്ടി, കാരണം അവന്മാര്ക്ക് ഇനി വിശപ്പ് കാണില്ലല്ലോ! അത് കുറച്ചു കൂടി അടുത്തേക്ക് പോകുവാനുള്ള ധൈര്യവും തന്നു. ഞങ്ങള്‍ ഇരുന്ന സ്ഥലത്തിന് മുന്നിലായി മൂന്ന് കൂറ്റന്‍ മാവുകള്‍ നില്‍പ്പുണ്ടായിരുന്നു. അവയുടെ മറവില്‍ നിന്നാല്‍ കുറച്ചു കൂടി നല്ല ചിത്രങ്ങള്‍ പകര്‍ത്താം. ആദ്യം അവിടേക്കു ലിജോ ചേട്ടനെ വീട്ടു, പുള്ളി 400 എംഎം ലെന്‍സിന്റെ പരിമിതിയില്‍ വീര്‍പ്പുമുട്ടി നില്‍ക്കുകയായിരുന്നു. അടുത്തേക്ക് പോയാല്‍ കുറേ കൂടി നല്ല ചിത്രങ്ങള്‍ പകര്‍ത്താം. പുള്ളിക്കാരന് അടുത്തേക്ക് നീങ്ങുമ്പോള്‍ കാവല്ക്കാരുടെ കണ്ണുകള്‍ വിടാതെ പിന്തുടര്ന്നുണ്ടായിരുന്നു. മാവിന്റെ മറവില്‍ നിന്നും ആശാന് ചിത്രങ്ങള്‍ എടുത്തു തുടങ്ങി. കൂട്ടത്തെ ശ്രദ്ധിച്ച ഞങ്ങള്‍ക്ക് അവര്‍ക്കതൊരു പ്രശ്നമല്ല എന്ന് മനസ്സിലായി. ഞാനും രാജീവ് ചേട്ടനും കൂടി പതിയെ മുന്നോട്ട് പോയി ഓരോ മാവിന് ചുവട്ടില്‍ സ്ഥാനം പിടിച്ചു. മുന്നില്‍ തുറസായ പുല്‍മേട് പിന്നെ ഒരു നൂറു മീറ്ററിനപ്പുറം കാട്ടുനായ്ക്കളും.
കുട്ടികള്‍ തിമിര്‍ത്തു കളിക്കുന്നുണ്ട്. ഇടയ്ക്കു നമ്മള് മനുഷ്യരുടെ നിര്‍മ്മിതികളായ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും ആയി അവരുടെ കളി. 'പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വനപ്രദേശമേഖലകളില് എങ്കിലും അവ ഉപയോഗിക്കരുത് എന്നും ദൈവത്തിന്റെ ഉത്തംഗസൃഷ്ഠി എന്ന് വിശ്വസിക്കുന്ന മനുഷ്യന് തിരിച്ചറിയുന്ന കാലം എന്ന് വരുമെന്നോ എന്തോ!' ഒരു നിമിഷം നിശ്വസിച്ചു. അവരുടെ കളികളുടെ നിമിഷങ്ങള്‍ ഒപ്പിയെടുത്തു കൊണ്ടിരിക്കെ ഒരു കാര്യം മനസ്സിലായി. ഇത് കളി മാത്രമല്ല അവരുടെ ട്രെയിനിങ് സെഷന് കൂടിയാണ്. വായിച്ചും കേട്ടും അറിഞ്ഞത് വച്ച് കാട്ടുനായ്ക്കള്‍ വേട്ടയാടുമ്പോള്‍ ഇരയുടെ പിന്‍കാലുകളില്‍ കടിച്ചു മുറിവേല്‍പ്പിച്ചിട്ടാണ് അവയെ താഴെ വീഴ്ത്തുന്നത്. ഇതേ കാര്യങ്ങള്‍ തന്നെ ആയിരുന്നു അവിടെ കണ്ടതും. പിന്കാലില് ഉള്ള കടിയും കഴുത്തിനെ ലക്ഷ്യം വച്ചുള്ള കുതിപ്പും എല്ലാം. അങ്ങിനെ അതെല്ലാം കണ്ടിരിക്കുമ്പോള്‍ 'ഉറുമ്പ് കടിക്കുന്നു' എന്നും പറഞ്ഞു രാജീവ് ചേട്ടന് എന്റടുത്തേക്കു വന്നു. പാവം പോയിരുന്നത് ഒരു ഉറുമ്പിന് കൂട്ടിനു മുകളില്‍ ആയിരുന്നിരിക്കണം . പക്ഷെ ആ ഒരു ചലനവും ശബ്ദവും അത് വരെ ഒരു കൂസലും ഇല്ലാതിരുന്ന നായ്ക്കളെ അസ്വസ്ഥരാക്കിക്കാണും. കുട്ടികളും അമ്മമാരും പതുക്കെ കാടിനുള്ളിലേക്ക് കയറി. പതിയെ പതിയെ ഓരോ പോസ്റ്റിലെയും കാവല്‍ക്കാരും ഉള്ളിലേക്ക് നീങ്ങി. ഏറ്റവും ഒടുവില്‍ കൂട്ടത്തിലെ കാരണവര്‍ ആയിരിക്കണം ഞങ്ങളെ ഒന്ന് നോക്കി ചെറിയ ഒരു മണ്‍കൂനയ്ക്കു മുകളില്‍ കയറി കാടിനുള്ളിലേക്ക് തന്റെ കൂട്ടം പോകുന്നതും നോക്കി നിന്നു. ശേഷം പതിയെ ഇറങ്ങി കാട്ടിലേക്ക്. അപ്രതീക്ഷിതമായി കിട്ടിയ കുറേ നിമിഷങ്ങള്‍ നന്നേ ആസ്വദിച്ച് കാര്‍ഡും മനവും നിറച്ചു ഞങ്ങളും തിരികെ വീട്ടിലേക്ക് കയറി.
Content Highlights: Indian wild dog sighting at wayanad wildlife photography travelogue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..