കാട് ഒരു സ്വപ്ന ഭൂമിയാണ്. ജീവന് പച്ചക്കുടയാവുന്ന അഭയാരണ്യം. ഹരിതവിശുദ്ധിയുടെ ഗഹനതയില്‍നിന്ന് മൃദുപാദമൂന്നി മെല്ലെ വരുന്ന സ്വര്‍ണത്തിളക്കമാണ് കടുവ. കറുത്തവരകള്‍കൊണ്ട് വേറിട്ട് അടയാളങ്ങള്‍ തീര്‍ക്കുന്ന ഗാംഭീര്യം. ഇന്ത്യയുടെ അഭിമാനം! സ്വര്‍ണനിറമുള്ള മുഖരോമങ്ങളുടെ അഴകില്‍ രാജപ്രഭ വിടരും. ഗിര്‍ വനങ്ങളില്‍ മാത്രമെങ്കിലും ഏഷ്യന്‍ സിംഹങ്ങള്‍ കാടിന് കൂട്ടാവുന്നു. മെലിഞ്ഞൊതുങ്ങിയ ശരീരമാകെ നക്ഷത്രപ്പൊട്ടുകള്‍ ചാര്‍ത്തിയ പുള്ളിപ്പുലികള്‍, നിനവുകളിലെപ്പോഴും നിറയുന്ന ഇന്ത്യന്‍ വനപ്രകൃതിയിലെ അപൂര്‍വ ജനുസ്സായ കാടിന്റെ കണ്‍മണികള്‍! (The Big Cats).

കാട് കാക്കുന്ന കാവലാളുകളാണ് കടുവയും സിംഹവും പുള്ളിപ്പുലിയും ഉള്‍പ്പെടുന്ന മാര്‍ജാര രാജാക്കന്മാര്‍. കാടിടങ്ങളിലെ കരുത്തരായ വേട്ടക്കാര്‍! ഭക്ഷ്യശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ നില്‍ക്കുന്ന, ഇരയും പരഭോജിയും തമ്മിലുള്ള അനുപാതം കാത്തു വയ്ക്കുന്ന, ഭക്ഷ്യപിരമിഡിന്റെ സന്തുലനം സാധ്യമാക്കുന്ന ഇരപിടിയന്മാരായ മാംസഭോജികള്‍! ഒരു കാട് നിലനില്‍ക്കണമെങ്കില്‍ അവിടെ കടുവയോ സിംഹ മോ വേണം. അല്ലാത്തപക്ഷം സസ്യഭോജികളായ കുളമ്പുള്ള മൃഗങ്ങള്‍ അനിയന്ത്രിതമായി പെറ്റുപെരുകുകയും ഇവയുടെ പാദ പതനങ്ങളേറ്റ് വനഭൂമി വിത്തുകള്‍ മുളയ്ക്കാത്ത, പുതുപ്പൊടിപ്പുകള്‍ ഉണരാത്ത തരിശാകുകയും ചെയ്യും. കാട് മെല്ലെ അപ്രത്യക്ഷമാകും, ഈ പ്രപഞ്ചത്തിനാകെ ജീവവായുവും തണലും തണുപ്പും ദാഹജലവും പച്ചപ്പും വനവിഭവങ്ങളും നാനാവര്‍ഗത്തില്‍പെട്ട പരശ്ശതം ജീവജാലങ്ങള്‍ക്കുള്ള ആശയവുമായ കാടുകള്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകാതിരിക്കാന്‍ കാടുകാക്കുന്ന കടുവയും സിംഹവും പുള്ളിപ്പുലികളും ഉള്‍പ്പെടുന്ന മാര്‍ജാരകുലം സംരക്ഷിക്കപ്പെടണം. 

പരഭോജികളുടെ എണ്ണം കുറയുമ്പോള്‍ കാടുകളില്‍നിന്ന് പച്ചപ്പ് ഒഴിയുന്നു. രാജ്യത്താകെയുള്ള 50 കടുവാസങ്കേതങ്ങളില്‍ മധ്യപ്രദേശിലെ സത്പുരയും കര്‍ണാടകയിലെ ബന്ദിപ്പൂരും മാത്രമാണ് പച്ചപ്പ് നഷ്ടപ്പെടാതെ നിലകൊള്ളുന്നത്. അവിടെ വര്‍ഷംതോറും കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന കാണുന്നു. എന്നാല്‍ കടുവകളുടെ എണ്ണം ആപേക്ഷികമായി കുറയുന്ന ബാന്ധവ്ഗഡ്, ജിം കോര്‍ബെറ്റ്, പെഞ്ച്, തഡോബ, ഇന്ദ്രാണി കടുവാസങ്കേതങ്ങളില്‍നിന്നും 75 ശതമാനം പച്ചപ്പ് ഒഴിഞ്ഞുപോയെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച (Centre for wildlife studies) കണക്കുകള്‍ പറയുന്നത്. 750 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഭൂമുഖത്ത് കാടുകാക്കാന്‍ 4000-ല്‍ താഴെ കടുവകളേ ഇന്ന് അവശേഷിക്കുന്നുള്ളു. ഏതാണ്ട് അത്രയും പുള്ളിപ്പുലികളും. 20-ാം നൂറ്റാണ്ടിന്റെ ആദി പ്രഭാതങ്ങളില്‍ ലോകത്ത് അതിസാന്ദ്രതയോടെയുണ്ടായിരുന്ന ചെറിയ ജനിതക വ്യതിയാനങ്ങളോടുകൂടിയ കടുവവര്‍ഗത്തില്‍നിന്നാണ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും 4000- ത്തിലേക്ക് പതിക്കുന്നത്. ലോകത്ത് ഏഷ്യാറ്റിക് സിംഹങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഏക വനസ്ഥലിയായ ഗുജറാത്തിലെ സാസന്‍ ഗിറിലാകട്ടെ 2017-ലെ കണക്ക് പ്രകാരം 680 സിംഹങ്ങളാണ് കുടിപാര്‍ക്കുന്നത്. പക്ഷേ, ആശ്വാസകരമായ വസ്തുത ആകെയുള്ള 4000-ല്‍ താഴെ കടുവകളില്‍ 2967 എണ്ണം ഇന്ത്യയിലാണ്. 

ലോകത്ത് ആകെയുള്ളതിന്റെ 70 ശതമാനം. ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനകം 741 കടുവകളുടെ വര്‍ധനവുണ്ടായി എന്നത് ഒരു ചെറിയ കാര്യമല്ല. ജൈവവൈവിധ്യ പരിപാലനത്തില്‍ വിലയും സാന്നിധ്യമാകുമ്പോഴും, വംശനാശഭീഷണിയില്‍ കഴിയേണ്ടിവരുന്ന കടുവകളെയും പുള്ളിപ്പുലികളെയുമാണ് നാം കാടുതേടുമ്പോള്‍ ആദ്യം കാണാന്‍ കൊതിക്കുന്നത്. കടുവകളെ തേടി ഇന്ത്യന്‍ വനമേഖലകളില്‍ ജിം കോര്‍ബെറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്). കന്‍ഹ, സത്പുര, പെഞ്ച്, ബാന്ധവഗഢ്, പന്ന (മധ്യപ്രദേശ്), രണ്‍തംബോര്‍ (രാജസ്ഥാന്‍), തഡോബ (മഹാരാഷ്ട്ര), മുതുമല (തമിഴ്‌നാട്), നാഗര്‍ഹോളെ, ബന്ദിപ്പുര്‍ (കര്‍ണാടക), പെരിയാര്‍, പറമ്പിക്കുളം (കേരളം) തുടങ്ങിയ പ്രധാന കടു വാസങ്കേതങ്ങളിലേക്ക് യാത്രയാകാം. കടുവകളെ തേടിയുള്ള ഈ യാത്രാപഥത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ അവയുടെ സാമാന്യ സ്വഭാവ ചിത്രീകരണത്തിനായിമാത്രം പങ്കുവയ്ക്കാം. കടുവകളെത്തേടി ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലൂടെ ആകട്ടെ ആദ്യയാത്ര!

നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പുല്‍മേടുകള്‍, മഴക്കാല ജലപാതങ്ങളുടെ ശേഷിപ്പുകളായ വെള്ളാരംകല്ലുകള്‍ വിരിച്ച വനപാതകള്‍, കാടിനെ കുളിരണിയിച്ചൊഴുകുന്ന ചെറു ജലപ്രവാഹങ്ങള്‍, ഇടയ്ക്ക് വിശാലമായ തടാകസമുച്ചയങ്ങള്‍, സാല്‍മരങ്ങളും പീപ്പലുകളും വളര്‍ന്നുനില്‍ക്കുന്ന നിബിഡവനങ്ങള്‍. തേക്ക് മരങ്ങള്‍ നിറഞ്ഞ പരിപാലിത വനങ്ങള്‍, വനഭൂമിയാകെ കൈവഴികളാല്‍ വലയം ചെയ്ത് ഒഴുകുന്ന രാംഗംഗാ നദി. ദൂരക്കാഴ്ചയില്‍ ഹിമാലയത്തിന്റെ പശ്ചാത്തലസൗന്ദര്യം, അതിരുമെതിരുമില്ലാത്ത ജൈവവൈവിധ്യത്തിന്റെ മടിത്തടമാകുന്നു ജിം കോര്‍ബെറ്റ്. വേട്ടക്കാരനും വിരുന്നുകാരനുമായി വന്ന് പരിരക്ഷകനും കാവലാളുമായി മാറിയ ജിം കോര്‍ബെറ്റ് (Jim Edward Corbet 1875-1955) നേപ്പാളിലും കുമയൂണിലും നൈനിത്താളിലുമായി 436-ഓളം ഗ്രാമീണരെ കൊന്നൊടുക്കിയ ചമ്പാവട്ട് എന്ന നരഭോജിയായ പെണ്‍കടുവയെയും, 125-ഓളം ഗ്രാമീണരെ വകവരുത്തിയ രുദ്രപ്രയാഗിലെ പുള്ളിപ്പുലിയെയും 400-ഓളം പേരെ കൊന്ന പാര്‍ പുലിയെയും വേട്ടയാടി കൊന്നാണ് ചിത്രത്തില്‍ തെളിയുന്നത്.

ഭാരതത്തിലെ ഏറ്റവും പഴക്കമേറിയതും വിശാലമായതുമായ ഹെഡ്മി നാഷണല്‍ പാര്‍ക്ക് ജിം കോര്‍ബെറ്റിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജിം കോര്‍ബെറ്റിലാണ് 1973-ല്‍ ഇന്ത്യയില്‍ ആദ്യമായി 'പ്രോജക്ട് ടൈഗര്‍' പദ്ധതിക്ക് തുടക്കം കുറിച്ചത്. കോര്‍ബെറ്റിലെ ദിക്കാല സോണിലൂടെയായിരുന്നു പ്രധാനമായും കടുവകളെ തേടിയുള്ള ഞങ്ങളുടെ യാത്ര. ദിക്കാലയിലെത്തിയപ്പോള്‍ രാംഗംഗയുടെ തീരത്ത് വിലകൂടിയ ക്യാമറയും കൂറ്റന്‍ ലെന്‍സുകളുമായി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ ഒരു പുരുഷാരം തമ്പടിച്ചിരുന്നു. ഒരു കടുവ നദീതീരത്തെ പുല്‍പ്പരപ്പില്‍ അമര്‍ന്നിരിപ്പുണ്ട്. അത് പുറത്തിറങ്ങിവരുന്നതും കാത്തിരിപ്പാണ് എല്ലാവരും. കടുവ ഇറങ്ങിവരാന്‍ സാധ്യതയുള്ള വനപാതയില്‍ അതിന്റെ സഞ്ചാരപഥം ആത്മവിശ്വാസത്തോടെ ഞങ്ങളെ ബോധ്യപ്പെടുത്തിയ ഗൈഡിന്റെ നിര്‍ദേശപ്രകാരം മറ്റ് വാഹനവ്യൂഹങ്ങളില്‍നിന്നകലെയായി ഞങ്ങള്‍ നിലയുറപ്പിച്ചു.

കാത്തിരിപ്പിനൊടുവില്‍ മാര്‍ജാര രാജന്‍ കാടിറങ്ങി. പത്തിരുപത് ചുവട് ഞങ്ങള്‍ക്കഭിമുഖമായി നടന്ന് വാഹനത്തോളമെത്തി കാട് കയറി! നേരത്തെ നിരനിരയായി വാഹനങ്ങളില്‍ കാത്തിരുന്നവര്‍ക്കെല്ലാം പിന്‍ഭാഗദര്‍ശനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍ ഞങ്ങള്‍ക്കുമാത്രം ചേതോഹരമായ ഒരു ചിത്രം ലഭിച്ചു. കാടിന്റെ മനസ്സറിയുന്ന സാരഥിയുടെ കൈയൊപ്പ് ചാര്‍ത്തിയ ചിത്രം. സഹയാത്രികരായ, പാരീസ് ആസ്ഥാനമായ ബി.എന്‍.പി. പരിബാസ് ബാങ്ക് അസോസിയേറ്റ് ഡയറക്ടര്‍ മനോജ് ജനാര്‍ദനനും തളിപ്പറമ്പ് സര്‍ സയിദ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫസര്‍ ടാജോ അബ്രഹാമിനും സന്തോഷം. കോര്‍ബെറ്റിന്റെ ഹൃദയതാളം തേടിയുള്ള യാത്രയായിരുന്നു അത്. കടുവകളെ കൈപ്പാടകലെ കാണുമ്പോള്‍ നമുക്കവയുടെ ശരീരഭാഷയും ചേഷ്ടകളും വായിച്ചെടുക്കാനാവും. കണ്ണുകളുടെ തീക്ഷ്ണതയും കീഴ്ത്താടിയുടെ യും ചുണ്ടുകളുടെയും ദൃഢതയും കോമ്പല്ലുകളുടെ കരുത്തും മൂര്‍ച്ചയും മുഖരേഖകളുടെ സൗന്ദര്യവും ചുവടുവെപ്പുകളുടെ ദൃഢതാളവുമെല്ലാം കാണുമ്പോഴുള്ള ആഹ്ലാദമോ അറിവോ വാക്കുകളില്‍ ഒതുക്കാവതല്ല.

സാധാരണമായി ബംഗാള്‍ കടുവകള്‍ കടുംമഞ്ഞ ഇളംമഞ്ഞ വര്‍ണങ്ങളില്‍ കറുത്തവരകളും ദൃഢപേശികളുമുള്ള സുന്ദരാകാരന്മാരാണ്. ആണ്‍കടുവകള്‍ നാസികാഗ്രംമുതല്‍ വാലറ്റംവരെ 270-310 സെ.മീ. നീളവും 180-258 കി.ഗ്രാം ഭാരവുമുള്ളവയാണെങ്കില്‍ പെണ്‍കടുവകള്‍ 240-265 സെ.മീ. നീളവും 100-160 കി.ഗ്രാം ഭാരമുള്ളവയുമാണ്. കടുവകള്‍ സ്വന്തം സാമ്രാജ്യ പരിധി നിര്‍ണയിച്ച് വാഴുന്നവരാണ്. (Territorial Animal). വൃക്ഷശരീരത്തില്‍ സ്വന്തം മൂത്രം തളിച്ചോ നഖപ്പാടുകള്‍ വീഴ്ത്തിയോ ആണ് ആണ്‍കടുവ സാമ്രാജ്യപരിധി നിര്‍ണയിക്കുന്നത്. തന്റെ സാമാജ്യത്തില്‍ രണ്ടോ മൂന്നോ പെണ്‍കടുവകള്‍ക്കൊപ്പം ജീവിക്കുമ്പോഴും അവന്‍ ഏകാകിയായിരിക്കും. പെണ്‍കടുവകളാകട്ടെ ഏകദേശം രണ്ടുവര്‍ഷക്കാലം കുഞ്ഞുങ്ങളെ കൂടെ കൊണ്ടുനടക്കുന്നു. പിന്നീട് അതിലുള്ള ആണ്‍കടുവ സ്വന്തം സാമ്രാജ്യം സ്ഥാപിക്കുകയും പെണ്‍കടുവകള്‍ മറ്റു സാമാജ്യാ ധിപന്റെ ഇണകളായി ജീവിതം തേടുകയും ചെയ്യുന്നു. ഒരു കടുവയുടെ സാമ്രാജ്യപരിധി പലപ്പോഴും 12 മുതല്‍ 15 വരെ ചതുരശ്ര കി.മീ. ആയിരിക്കും. മുത്തങ്ങയും ബന്ദിപ്പൂരും നാഗര്‍ഹോളെയും മധ്യപ്രദേശിലെ ബാന്ധവഗഢം പെഞ്ചും മഹാരാഷ്ട്രയിലെ തഡോബയും പശ്ചിമബംഗാളിലെ സുന്ദര്‍ബനും ഉള്‍പ്പെടെ ഇന്ത്യയിലെ കടുവാസങ്കേതങ്ങളെ തൊട്ടുഴിഞ്ഞുകൊണ്ട് 12 ദിവസം നീണ്ടുനിന്ന ഒരു കാര്‍ യാത്രാനുഭവവും കടുവകളെയും പുള്ളിപ്പുലികളെയും കൂടുതലറിയാന്‍ സഹായിച്ച കാടോര്‍മയായി ഈ എഴുത്തുസാക്ഷ്യത്തോട് ചേര്‍ത്തുവയ്ക്കട്ടെ. സഹയാത്രികരായി വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ രാജ്‌മോഹന്‍ കോട്ടക്കലും പ്രദീപ് സോമനും പി.എം. മനോജും. 

കടുവകളും പുള്ളിപ്പുലികളും കാഴ്ചകളില്‍ വിരുന്നെത്തിയ ആ അവിസ്മരണീയ യാത്രയില്‍ തഡോബ അഞ്ചേരി വനമേഖലയില്‍വെച്ചാണ് മാധുരി എന്ന പെണ്‍കടുവയുടെയും നാല് മക്കളുടെയും ജലകേളികളില്‍ മനംനിറഞ്ഞത്. മാധുരിയും മക്കളും തഡോബയിലെ ബഫര്‍ സോണിലേക്ക് നീങ്ങിയിട്ടുണ്ടെന്ന സാരഥിയുടെ നിര്‍ദേശമനുസരിച്ച് ഇലപൊഴിയും വൃക്ഷങ്ങള്‍ നിറഞ്ഞ കാടകത്ത് ഒരു പകലറുതി മുഴുവന്‍ സഞ്ചരിച്ചിട്ടും കടുവകളെയൊന്നും കണ്ടെത്താനായില്ല. വഴിയോരങ്ങളില്‍ പതിഞ്ഞ പാദമുദ്രകളില്‍നിന്ന് ഇടയ്ക്ക് വെള്ളം കുടിക്കാനായി കടുവകള്‍ ജലാശയത്തിലേക്ക് വന്നതിന്റെ സൂചന കാണാറായി. അതുകൊണ്ടുതന്നെ മാധുരിയും മക്കളും കാടോരങ്ങളില്‍ തന്നെയുണ്ടെന്ന് സാരഥി ഊര്‍ജം പകര്‍ന്നു. വെയില്‍ ചാഞ്ഞുതുടങ്ങുന്നേരം ഞങ്ങളുടെ നിരാശ നിറഞ്ഞ ഉള്‍ക്കളത്തില്‍ ആഹ്ലാദം നിറച്ചുകൊണ്ട് കാട് മുഴങ്ങും വിധം കുരങ്ങുകളുടെയും മാവുകളുടെയും ചകിതമായ ശബ്ദം അന്തരീക്ഷത്തില്‍ കേള്‍ക്കാറായി (Alarm all). അത് കനത്ത് വരവെ മാധുരിയും മക്കളും കാടിറങ്ങി. കുന്നിന്‍ചെരിവിലെ ജലാശയം ലക്ഷ്യമാക്കി വരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം മാധുരിയും തുടര്‍ന്ന് മക്കളോരോരുത്തരാ യി നാലുപേരും. ചിലര്‍ ദാഹം തീര്‍ത്ത് കരേറുകയും, ചിലര്‍ ജലാശയത്തില്‍ പുതഞ്ഞുകിടന്ന് ചൂടകറ്റുകയും, പരസ്പരം മത്സരിച്ചും ചെറുതായി കലഹിച്ചും വെള്ളത്തില്‍ പുണര്‍ന്ന് മറിഞ്ഞും വല്ലാത്തൊരു അനുഭവ സാഫല്യത്തിലേക്കാണ് ഞങ്ങളെ നയിച്ചത്. കുഞ്ഞുങ്ങളെല്ലാം ജലപാനം ചെയ്ത് കരകയറുംവരെ അമ്മ ജലത്തില്‍ നീന്തിത്തുടിച്ച് കാവലാളായി. അമ്മയും നാല് മക്കളും ചേര്‍ന്നുള്ള കേളീമുഹൂര്‍ത്തങ്ങള്‍ ഇതള്‍വിരിയുമ്പോള്‍ മനസ്സ് വീണുകിട്ടിയ അനര്‍ഘമായ കാഴ്ചാനുഭവത്തിന് നന്ദിയോതുകയായിരുന്നു.

 Madhuri Tiger

സിംഹക്കാഴ്ച്ചകള്‍ 

കാടധിപനായി നാം അവരോധിച്ച മൃഗരാജന്റെ താവളം തേടിയവാം ഇനി യാത്ര. ആകാരസൗഷ്ഠവത്തിന്റെയും ആഭിജാത്യത്തിന്റെയും അധികാര ത്തിന്റെയും പ്രൗഢിയുടെയും കുലീനതയുടെയും കരുത്തിന്റെയും പ്രതീകമായി ആദികാലംമുതല്‍ മാനവസമൂഹം കൊണ്ടാടിയ വ നപ്രജാപതിയുടെ ജീവിതായനം തേടി ലോകത്തില്‍ ഇന്നവശേഷിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസഭൂമിയായ ഗുജറാത്തിലെ സാസന്‍ ഗിറില്‍ ചെന്നെത്താം.

വിശാലമായ പുല്‍ത്തട സമൃദ്ധിക്കിടെ തണല്‍ വിരിക്കുന്ന വൃക്ഷസമുച്ചയങ്ങള്‍ വ്യാപിച്ചുകിടക്കുന്ന പുല്‍പ്പരപ്പാണ് ചുറ്റും, ഒരുപക്ഷേ, ഒരുപാട് കറങ്ങിത്തിരിഞ്ഞാല്‍ തേജസ്വിയായ മൃഗരാജസൗന്ദര്യം മുന്നില്‍ തെളിഞ്ഞന്നുംവരാം. പുല്‍പ്പരപ്പിന്റെ മടിത്തടത്തിലോ വന്‍ വൃക്ഷങ്ങളുടെ ശീതളച്ഛായയിലോ മയക്കം വിടാതെ കിടക്കുന്ന സിംഹങ്ങളിലൊന്നിനെ കണ്ടെത്താം. ഭാഗ്യമുണ്ടെങ്കില്‍ മൂന്നോ നാലോ പെണ്‍സിംഹങ്ങളും അവയുടെ കുഞ്ഞുങ്ങളും വൃക്ഷച്ഛായയില്‍ ചാഞ്ഞുറങ്ങുന്നതും ചിലപ്പോള്‍ എഴുന്നേറ്റ് നിവര്‍ന്നുനിന്ന് കോട്ടുവായിട്ട് വീണ്ടും നിദ്രയിലേക്ക് വീഴുന്നതും കാണാം. അല്ലെങ്കില്‍ പുറത്തേറിമറയുന്ന കുഞ്ഞുങ്ങളുടെ കേളീമുഹൂര്‍ത്തത്തില്‍ സ്വയം അലിയുന്ന വനറാണിയെ കണ്ടെത്താം. ചിലപ്പോള്‍ കുറച്ചകലെയായി നമ്മുടെ യാത്രാപഥം നിരീക്ഷിച്ച് നിസ്സംഗനായി നില്‍ക്കുന്ന ആണ്‍സിംഹത്തെയും കാണാനാവും. ഗുജറാത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന് 1412 ച.കി.മീ. വിസ്തൃതിയുള്ള ഗിര്‍വനം സമൃദ്ധമായ പുല്‍ മേടുകളാലും ഇലപൊഴിയും കാടുകളാലും സിംഹങ്ങളുടെ അതിജീവനത്തിനും വേട്ടയാടാനുള്ള സൗകര്യത്തിനുമായി പ്രകൃതിതന്നെ ഒരുക്കിയ ആരണ്യ അഭയസ്ഥലിയാണ്. ഇതില്‍ 258 ച.കി.മീ. വിസ്തൃതിയുള്ള ഭൂഭാഗം ദേശീയോദ്യാനമായി ഒരു 'കോര്‍ സോണ്‍' പരിരക്ഷയോടെ കാത്തുവെച്ചിരിക്കുന്നു. അവശേ ഷിക്കുന്ന പ്രദേശം വന്യജീവിസങ്കേതത്തിന്റെ സംരക്ഷണപരിധിയിലും. 

ഗുജറാത്തിന്റെ പാരിസ്ഥിതിക സമ്പത്തിന്റെ അക്ഷയഖനിയായി അറിയപ്പെടുന്ന സാസന്‍ഗിറിന്റെ പരിരക്ഷയ്ക്കായി പ്രകൃതിസ്‌നേഹികളും സന്നദ്ധസംഘടനകളും ഗ്രാമവാസികളുമെല്ലാം സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുന്ന ആശാവഹമായ ഒരു പരിണതിയെ നമുക്കിവിടെ തൊട്ടറിയാം. ഗുജറാത്ത് ഭരണാധികാരിയാ യിരുന്ന നവാബ് ജുനാഗറിന്റെ സ്വകാര്യ നായാട്ടരങ്ങായിരുന്ന ഈ ഭാഗത്ത് 1990-ഓടെ അവശേഷിച്ചത് ഒരു ഡസണില്‍ താഴെ വരുന്ന ഏഷ്യാറ്റിക് സിംഹങ്ങളായിരുന്നു. എന്നാലിന്നിപ്പോള്‍ 2017 കണക്ക് പ്രകാരം 650 സിംഹങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വംശനാശഭീഷണിയില്‍നിന്ന് ഏഷ്യാറ്റിക് സിംഹങ്ങളുടെ അംഗസംഖ്യയില്‍ കാണുന്ന ക്രമാനുഗതമായ വര്‍ധന സിംഹങ്ങള്‍ക്ക് സ്വാഭാവിക പരിതഃസ്ഥിതിയില്‍ ജീവിക്കാന്‍ പ്രാപ്തമായ അന്തരീക്ഷം ലഭ്യമായതിന്റെ ശുഭസൂചനയാണ്. അതുകൊണ്ടുതന്നെ ദേശീയോദ്യാനത്തിന്റെ പരിരക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി എല്ലാവര്‍ഷവും ജൂണ്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെ സാസന്‍ഗിറില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.

മഞ്ഞയില്‍ ലയിച്ചുചേരുന്ന കറുപ്പും ചുവപ്പും ചാരനിറവും മേളിച്ച് ശിരസ്സും കീഴ്ത്താടിയും മുതുകുറ്റവും മൂടിക്കിടക്കുന്ന ശിരോരോമ ചാരുതയാണ് ആണ്‍സിംഹത്തിന്റെ പ്രൗഢിക്ക് നിദാനം. ജടാമകുടം ചൂടി കരുത്തിന്റെയും കാന്തിയുടെയും ദാര്‍ഢ്യം വഴിയുന്ന ഭാവപ്രകടനങ്ങ ളുമായി ആണ്‍സിംഹം മുന്നില്‍ നില്‍ക്കുമ്പോള്‍ മൃഗരാജനെന്ന വിളിപ്പേര് അന്വര്‍ഥമെന്ന് നാം സമ്മതിച്ചുപോകും.

ഒതുങ്ങിയ ഉദരവും കരുത്തുറ്റ പേശികളോടുംകൂടിയ ഉരസ്സും നീണ്ടവാലറ്റത്തിന് അലങ്കാരമായ രോമങ്ങളും തീക്ഷ്ണനയനങ്ങളും നിസ്സംഗത നിഴലിക്കുന്ന കൂസലില്ലാത്ത ഭാവപ്രകടനങ്ങളും ഇടയ്ക്ക് കോട്ടുവായിടുമ്പോള്‍ തെളിയുന്ന കോമ്പല്ലുകളുടെ ഘടനയും താന്‍തന്നെയാണ് കാ ട്ടിലെ വേട്ടക്കാരനെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആപേക്ഷികമായി ശരീരവലുപ്പം കുറഞ്ഞ പെണ്‍സിംഹങ്ങള്‍ ശിരോമകുടമില്ലെങ്കിലും ആകാര സൗഷ്ഠവത്തിലും ഭംഗിയിലും ഒട്ടും പിറകിലല്ല. ആണ്‍സിംഹത്തിന് 150 മുതല്‍ 250 കിലോഗ്രാം വരെ ഭാരമുണ്ടെങ്കില്‍ പെണ്‍സിംഹത്തിന്റെ ഭാരം 120 മുതല്‍ 185 കിലോഗ്രാം വരെയാണ്.

പൊതുവേ സാമൂഹികജീവിതം നയിക്കുന്ന സിംഹങ്ങള്‍ കൂട്ടുജീവിത സഹവര്‍ത്തിത്വം ജീവിതത്തിലുടനീളം പാലിക്കുന്നതായി കാണാം. ഏഷ്യാറ്റിക് സിംഹങ്ങളുടെ കൂട്ടായ്മയില്‍ (Pride) പൊതുവേ 10-12 പെണ്‍സിംഹങ്ങളും അവയുടെ കുഞ്ഞുങ്ങളുമാണ് കാണുക.

Lion

ആണ്‍സിംഹങ്ങള്‍ പൊതുവേ ഒറ്റയാന്മാരായോ രണ്ടോ മൂന്നോ കൂട്ടാളികളുമൊത്തോ കഴിയുന്നു. ആണ്‍ കൂട്ടായ്മയില്‍ തന്നെ. ശരീരവലുപ്പംകൊണ്ടും വേട്ടയാടാനുള്ള കരുത്തുകൊണ്ടും മുന്നിട്ടുനില്‍ക്കുന്നയാള്‍ മറ്റുള്ളവരില്‍ സ്വന്തം മേധാവിത്വം ഉറപ്പിക്കുകയും യഥേഷ്ടം ഇണചേരുന്നതായും കാണാം. ബിഗ് ക്യാറ്റ് എന്നറിയപ്പെടുന്നവയില്‍ ബാഹ്യഘടനയില്‍ പ്രകടമായ ആണ്‍-പെണ്‍ വ്യതിയാനം കാണുന്നത് സിംഹങ്ങളില്‍ മാത്രമാണ്. പെണ്‍സിംഹങ്ങള്‍ നാലുവര്‍ഷം പ്രായമാകുന്നതോടെ പ്രജനനസന്നദ്ധരാകും. ഗര്‍ഭകാലം 110 ദിവസം വരെ നീളാം. ഒരു പ്രസവത്തില്‍ പരമാവധി നാല് കുട്ടികള്‍. ലോകത്താകെ 650-ല്‍ താഴെ അംഗസംഖ്യയുള്ള ഒരു പ്രത്യേക സ്പീഷിസില്‍പെട്ട ജീവിവര്‍ഗ ത്തിന്റെ, അതും വനഭൂമിയുടെ പ്രൗഢസാന്നിധ്യമായ ഏഷ്യാറ്റിക് സിംഹങ്ങളുടെ കേദാരമായ ഗിര്‍ വനം, എല്ലാവര്‍ഷവും നേരിടുന്ന വലിയ പ്രതിസന്ധി ഉഷ്ണകാലത്തെ വരള്‍ച്ചയും ജലദൗര്‍ലഭ്യവുമാണ്. ഗോദാവരി നദിയും അതിന്റെ കൈവഴികളായ ചെറുനദികളുമായി ഗിറിലേക്കുള്ള ഏക ജലസ്രോതസ്സായ പുല്‍മേടുകള്‍ വരണ്ടുണങ്ങുമ്പോള്‍ ഇടയ്ക്കുള്ള വലിയ ഇലകളുള്ള വൃക്ഷച്ഛായകളില്‍ ഇവ അഭയംതേടുന്നു. കലമാനുകളും നിലക്കാളകളും പുള്ളിമാനുമുള്‍പ്പെടെ ഇരയുടെ സാന്നിധ്യം സമൃദ്ധമായുള്ളതിനാല്‍ നിലനില്‍പ്പിന് മറ്റ് ഭീഷണികളില്ല.

സുരക്ഷയെ കരുതി മധ്യപ്രദേശിലെ കുനോയിലേക്ക് ഗിര്‍വനത്തില്‍നിന്ന് ഒരുപറ്റം സിംഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുളള ഏഷ്യാറ്റിക് ലയണ്‍ റീ ഇന്‍ട്രൊഡക്ഷന്‍ പ്രോജക്ടിന് നേരത്തെ ആലോചനയിലുണ്ടായിരുന്നെങ്കിലും നടപ്പിലാവുകയുണ്ടായില്ല.

പുലിദര്‍ശനം 

കാടുകയറ്റത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ ഓരോന്നിലും സൂക്ഷ്മമായി മനം തേടിയിരുന്നത് പുള്ളിപ്പുലികളെയാണ്. ചതുരാകൃതിയിലുള്ള പുള്ളികളാലലംകൃതമായ മഞ്ഞച്ച സൂക്ഷ്മശരീരം ഏത് കാട്ടുപൊന്തയില്‍നിന്നാണ്, ഏത് ഇലച്ചാര്‍ത്തിനുള്ളില്‍ നിന്നാണ്, ഏത് വനവൃക്ഷത്തിന്റെ ചില്ലയില്‍നിന്നാണ് സംവദിക്കുന്നുണ്ടാവുക? എന്റെ നേര്‍ക്ക് നീളുന്ന ആ മിഴിമുനകളുടെ തീക്ഷ്ണത എപ്പോഴാണ് പാരസ്പര്യത്തില്‍ വിലയിക്കുക. എവിടെയാണ്. ഞങ്ങളുടെ ഐക്യപ്പെടല്‍? എങ്ങനെയാണാ മുഖാമുഖം?

പക്ഷേ, കാടിനുമുന്നില്‍ നമ്രശിരസ്‌കനാകുന്ന കളങ്കരാഹിത്യം കൊണ്ടാവാം ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടി. ചിലപ്പോള്‍ ഇരതേടുന്നവനായി, ചിലപ്പോള്‍ ഇരതേടലിന്റെ ആലസ്യത്തില്‍ വൃക്ഷശിഖരത്തില്‍ ബോധപൂര്‍വം എനിക്ക് പുറംതിരിഞ്ഞുറങ്ങുന്നവനായി, ചിലപ്പോള്‍ ഇണതേടുന്നവനായി, ചിലപ്പോള്‍ തന്നേക്കാള്‍ കരുത്തനായ കടുവയെക്കണ്ട് ഭയന്നോടുന്നവനായി, ചിലപ്പോള്‍ കാഴ്ച്ചയ്ക്ക് പിടിതരാതെ ധൃതിയില്‍ നടന്നുനീങ്ങുന്നവനായി, പലപ്പോഴും ക്യാമറയ്ക്ക് മുഖംതരുന്ന സുഹൃത്തായി.

Leopardശരീരവലുപ്പത്തിലും കരുത്തിലും ഇരതേടാനുള്ള ക്ഷമതയിലും സിംഹത്തിനും കടുവയ്ക്കും പിറകിലാണെങ്കിലും പുള്ളിപ്പുലികളും കാടിന്റെ കാവലാള്‍ തന്നെ. ബിഗ് ക്യാറ്റ് എന്ന വിളിപ്പേര് നല്‍കി ആദരിക്കാവുന്നവന്‍. കുറിയ കാലുകളും കരുത്താര്‍ന്ന ഉരസ്സും കൃശമായ ദീര്‍ഘമേറിയ ഉടലും താരതമ്യേന വലുപ്പമേറിയ ശിരസ്സും ശരീരസംതുലനം പാലിക്കാന്‍ സഹായിക്കുംവിധം നീളമേറിയ വാലും ഏത് കാലാവസ്ഥാവ്യതിയാനങ്ങളോടും പാരിസ്ഥിതികസമ്മര്‍ദങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവും ഏതുതരം ഇരയോടുമുള്ള ആഭിമുഖ്യവും വേട്ടയാടാനുള്ള കരുത്തും തന്നെക്കാള്‍ ഇരട്ടി ഭാരമുള്ള ഇരയെ വേട്ടയാടിപ്പിടിച്ച് വൃക്ഷശിഖരത്തിലേക്ക് വലിച്ചെത്തിക്കാന്‍ പ്രാപ്തമായ കഴുത്തിലെ അസ്ഥികളും സുദൃഢമായ പേശികളും ഇവയുടെ അതിജീവനം സുസാധ്യമാക്കുന്നു. വേട്ടയാടുമ്പോള്‍ ഇരയെ പിന്തുടര്‍ന്ന് മണിക്കുറില്‍ 58 കി.മീ. വേഗത്തില്‍ ഓടാനും ഒറ്റക്കുതിപ്പിന് ആറ് മീറ്ററോളം മുന്നോട്ടും മൂന്ന് മീറ്ററോളം ഉയരത്തിലും ചാടാനും ഇവയ്ക്ക് കഴിയും. ബന്ദിപ്പൂരിലും കബനിയിലും (നാഗര്‍ഹോളെ), പറമ്പിക്കുളത്തും മുതുമലയിലുമെല്ലാം പലഭാവങ്ങളില്‍ പല ചേഷ്ടകളില്‍ പള്ളിപ്പുലികള്‍ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ചിലപ്പോഴെല്ലാം വൃക്ഷശിഖരത്തില്‍ ചാഞ്ഞുറങ്ങുന്ന പുള്ളിപ്പുലി, ഉണരുന്നതുവരെയുള്ള സുദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ശിരസ്സൊന്നുയര്‍ത്തി കോട്ടുവായിട്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതി നിരാശപ്പെടുത്തിയിട്ടുണ്ട്. ഇളം പുല്ലിലൊളിച്ചും ഇടയ്ക്ക് മാത്രം മുഖം തെളിച്ച് പാളിനോക്കി കബളിപ്പിച്ചിട്ടുമുണ്ട്. പുള്ളിപ്പുലിയിണകള്‍ കബനിയിലെ കാടകത്തുനിന്നും കാനനപാതയിലേക്കിറങ്ങി പ്രേമലീലകളിലേര്‍പ്പെടുന്നേരം മറുഭാഗത്തുനിന്ന് കടന്നുവന്ന കടുവയുടെ സാന്നിധ്യത്തില്‍ ഭയന്നോടി മരംകയറുന്ന ദൃശ്യങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്.

12 മുതല്‍ 17 വര്‍ഷംവരെ നീളുന്ന ജീവിതായനത്തില്‍ അനുകൂലമായ എല്ലാ കാലാവസ്ഥയിലും ഇവ പ്രജനനസന്നദ്ധരാവുന്നു. ഇണതേടുന്ന കാലത്ത് മാത്രം കൂട്ടുജീവിതം നയിക്കുന്ന പുള്ളിപ്പുലികള്‍ പലപ്പോഴും ഒറ്റയാന്മാരായാണ് സഞ്ചരിക്കുക. ഗര്‍ഭകാലം 90 മുതല്‍ 105 ദിവസം വരെ. ഒരു പ്രസവത്തില്‍ രണ്ടുമുതല്‍ നാലുവരെ കുഞ്ഞുങ്ങളുണ്ടാവുമെങ്കിലും അതിജീവനസാധ്യത 50 ശതമാനമാകുന്നു. പലപ്പോഴും പകല്‍ വിശ്രമം കാംക്ഷിക്കുന്ന പുള്ളിപ്പുലികള്‍ പകലറുതിയിലും രാത്രിയിലുമാണ് പ്രധാനമായും സജീവമാകുന്നതും ഇരതേടുന്നതും. കാടകത്തിന്റെ ജൈവവൈവിധ്യം പരിപാലിക്കുന്നതില്‍ സജീവ പങ്കുവഹിക്കുന്ന പുള്ളിപ്പുലികളും സംരക്ഷിക്കപ്പെടേണ്ട കാടഴകുകള്‍ തന്നെ.

കടുവയെ തിരയുമ്പോള്‍

കാട്ടില്‍ കടുവാസാന്നിധ്യം തിരിച്ചറിയുക, മണ്ണില്‍ പതിച്ച പാദമുദ്രകളും (Pugmark) ഇരകളുടെ ഭയചകിതമായ ശബ്ദവും (Alarmcal) ശ്രദ്ധിച്ചാണ്. കടുവാക്കുഞ്ഞുങ്ങളെ രണ്ടുവര്‍ഷക്കാലം പ്രായമാകുന്നതുവരെ (Sub Adult cub) കൂടെ കൊണ്ടുനടക്കുന്ന സ്‌നേഹധന്യമായ മാതൃത്വത്തിനുടമകളാണ് കടുവകള്‍. ഒരു പ്രസവത്തില്‍ 6-7 കുഞ്ഞുങ്ങള്‍ ജനിക്കുമെങ്കിലും ബാലാരിഷ്ടതകള്‍ പിന്നിട്ട് അതിജീവനം തേടുക മൂന്നോ നാലോ കുഞ്ഞുങ്ങളാവും.

കടുവകള്‍ പൊതുവേ മികച്ച നീന്തല്‍ക്കാരും അരുവിയിലോ വെളളക്കെട്ടിലോ പുതഞ്ഞുകിടന്ന് ചൂടകറ്റുന്നതില്‍ തത്പരരുമാണ്. പകല്‍വേളകളില്‍ ഊര്‍ജസ്വലരായി കഴിയുന്ന കടുവകള്‍ ഏഴ് കി.മീറ്ററുകളോളം നീന്തി പുഴകടക്കാനും 29 കി.മീറ്ററുകളോളം ദിവസേന നീന്താനും പ്രാപ്തിയുള്ളവരുമാണ്.

Yathra Cover August 2020
യാത്ര വാങ്ങാം

ആവാസവ്യവസ്ഥാ നഷ്ടവും, ആവാസവ്യവസ്ഥയുടെ ശിഥിലീകരണവും, അനധികൃത വേട്ടയാടലും മനുഷ്യനുമായുള്ള നിരന്തരമായ ഏറ്റുമുട്ടലും മരുന്നിനും വിശ്വാസസംരക്ഷണത്തിനുമുള്ള വധവും ഒക്കെ ചേര്‍ന്ന് കടുവകളുടെ ജീവിതം ഇപ്പോഴും വംശനാശഭീഷണിയിലാണ്. കടുവയില്ലെങ്കില്‍ കാടില്ല. കാടില്ലെങ്കില്‍ നാടില്ല, നമ്മളില്ല എന്ന തിരിച്ചറിവിലേക്ക് പൊതു സമൂഹം ഉണരുമ്പോഴേ കടുവാസംരക്ഷണം പൂര്‍ണാര്‍ഥത്തില്‍ പ്രാപ്യമാകൂ.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Indian Tiger, Indian Lion, Jim Corbett National Park, Wildlife Photography, Azeez Mahe