യാത്രയോടുള്ള ഇഷ്ടംകൊണ്ട് എയർക്രാഫ്റ്റ് എന്‍ജിനീയര്‍ ജോലിയിൽ നിന്നും സ്വയം പിരിഞ്ഞു പോന്നയാളാണ് വയനാട് സ്വദേശി ഷിഫാൽ ഹബി. 46ാം വയസ്സിൽ ഹബി ഒരു യാത്ര നടത്തി. ആറ് സംസ്ഥാനങ്ങളിലൂടെ 15000 രൂപയുടെ ഇന്ധനവും നിറച്ച് 5000 കിലോ മീറ്റർ നീണ്ടു ആ യാത്ര. 10 ദിവസം ദൈർഘ്യമുള്ള യാത്രയിൽ 110 മണിക്കൂറായിരുന്നു വിശ്രമത്തിനെടുത്തത്. 

എന്തിനാണ് റോഡ് മാർഗ്ഗം ബുള്ളറ്റിൽ 5000 -ഓളം കിലോ മീറ്റർ സഞ്ചരിച്ചതെന്ന് ഒരിക്കൽ ഞാൻ ഹബിയോടു ചോദിച്ചു. ആകാശയാത്രയിൽ നാടിൻ്റെ സംസ്കാരവും പൈതൃകവും എന്തറിയാനാണ്? റോഡിലൂടെ നാടറിഞ്ഞ് യാത്ര ചെയ്താൽ നാടിൻ്റെ മിടിപ്പുകൾ അനുഭവിച്ചറിയാം. യാതൊരാശങ്കയുമില്ലാതെയുള്ള ഹബിയുടെ മറുപടി ഇങ്ങനെയായിരുന്നു.

Habi

യാത്രയിൽ സൈക്കിൾ ചാമ്പ്യന്മാരെ കണ്ടുമുട്ടി ആശയ സംവാദം നടത്തിയത് നല്ലൊരു അനുഭവമായിരുന്നുവെന്ന് ഹബി പറഞ്ഞു. ഒപ്പം മഹാരാഷ്ടയിലെ സൈക്കിൾ രാജ് പദ്ധതിയെ കുറിച്ച് മനസ്സിലാക്കി. മുംബൈ കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. സമാനമായ പദ്ധതി നടപ്പിലാക്കാൻ കൊച്ചി കോർപ്പറേഷനും ശ്രമിക്കുന്നുണ്ട്.

Habi 4

നമ്മുടെ കണ്ണടകൾ സുരക്ഷിത ഇടങ്ങൾ കാണിക്കുന്നു. പക്ഷേ നാം മറ്റൊരിടത്തേക്ക് നടത്തുന്ന യാത്രകൾ നോവുന്ന കാഴ്ചകൾ കാണിച്ച് തരുമെന്നാണ് ഹബിയുടെ പക്ഷം. അതേ യാത്രകൾ നമ്മളെത്തന്നെ അഴിച്ച് പണിയും. നമ്മുടെ നഗ്നത നമ്മൾ മനസ്സിലാക്കും. കാഴ്ചകൾ സൂക്ഷ്മമാക്കുമെന്നും ഹബി പറയുന്നു.

Habi 2

യാത്രയിൽ ഹബിയെ ഏറെ ആകർഷിച്ച വിനോദ സഞ്ചാര ഭൂമിക എ.ഡി. 1156ൽ  മഞ്ഞ മണൽക്കട്ടകളാൽ തീർത്ത ജയ്സാൽമീർ കോട്ടയാണ്. സൂര്യാസ്തമയ ശോഭയോടെയാണ് ഈ കോട്ട ഇന്നും പ്രൗഢിയോടെ നില കൊള്ളുന്നതെന്ന്  ഹബി പറഞ്ഞു. മലമുകളിലെ ഈ കോട്ട യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതിനാൽ വിദേശ സഞ്ചാരികളടക്കമുള്ള സഞ്ചാരികളുടെ ഇഷ്ട പറുദീസയാണ്. ഒപ്പം ഇറ്റാലിയൻ, ഫ്രഞ്ച് ,നാട്ടു രുചികൾ ഭക്ഷണ ശാലകളിൽ നിന്നും കഴിക്കാം എന്നത് ഏറെ സഞ്ചാരികളെ ആകർഷിക്കുന്നു.

Habi 3

'പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി യാത്രകൾ ചെയ്യാൻ പദ്ധതി ഉണ്ടായിരുന്നു. തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബിൻ്റെ അംഗമായ എനിക്ക് ടീമിൻ്റെ പ്രോത്സാഹനം കൂടി ആയപ്പോൾ യാത്ര സഫലമായി. ജയ്സാൽമീർ വരെ പോയി മടങ്ങി വരാനായിരുന്നു എൻ്റെ ഉദ്ദേശം. പക്ഷേ അവിടെ എത്തിയപ്പോൾ പാക്കിസ്ഥാൻഅതിർത്തി വരെ പോകാൻ തോന്നി. ബി.എസ്. എഫിൻ്റെ അനുമതിയോടെ അങ്ങോട്ട് പോയി... അതിർത്തിയിലെ തോക്കുകൾ മുൾ വേലികളിലൂടെ വിജനതയിലേക്ക് നോക്കി നിന്നപ്പോൾ ഞാൻ ഒന്ന് നിശ്ചയിച്ചു, ഇന്ത്യയെ അറിയാൻ കൂടുതൽ യാത്ര ചെയ്യണമെന്ന്...' ഹബി പറഞ്ഞ് നിർത്തുന്നു.