1989 മോഡല്‍ അംബാസഡര്‍ കാര്‍, മൂന്ന് യാത്രക്കാര്‍, 27 ദിനങ്ങള്‍, 14 സംസ്ഥാനങ്ങള്‍, ഒന്നരലക്ഷം രൂപ, 10,000 ലഘുലേഖകള്‍, പതിനൊന്നായിരത്തോളം കിലോമീറ്റര്‍....യാത്രയുടെ തുടക്കം തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനില്‍നിന്ന്. ലക്ഷ്യം കശ്മീരിലെ ലേ-ലഡാക്ക്. ബുള്ളറ്റിലും മറ്റും സംസ്ഥാനങ്ങള്‍ താണ്ടി നടത്തുന്ന സാഹസികയാത്രകള്‍ പുതുമയല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതിലെന്തു കാര്യമെന്നല്ലേ. പ്രളയജലത്തില്‍ മുറിവേറ്റ സ്വന്തം നാടിന്റെ മുറിവുണക്കാനുള്ള ഉദ്യമം എന്ന പേരിലാണ് ഈ യാത്ര വ്യത്യസ്തമാവുന്നത്. വേറിട്ട യാത്ര നടത്തിയതാകട്ടെ മെഡിക്കല്‍ വിദ്യാര്‍ഥികളും എന്‍ജിനീയറിങ് ബിരുദധാരിയും. 

എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ തിരുവനന്തപുരം കിളിമാനൂരുകാരന്‍ മുഹമ്മദ് ഷാഫി (23), കൊല്ലം പള്ളിമുക്ക് സ്വദേശി ഇജാസ് അബ്ദുള്‍നിസാര്‍ (23), എന്‍ജിനീയറിങ് ബിരുദധാരി കൊല്ലം കരിക്കോട് സ്വദേശി എന്‍.നിയാസ് (27) ഇവരാണ് സംഘാംഗങ്ങള്‍. മുമ്പ് ഇരുചക്രവാഹനത്തില്‍ ദേശങ്ങള്‍ താണ്ടിയ പരിചയമാണ് കൈമുതല്‍. മൂവരുംകൂടി യാത്രച്ചെലവിലേക്കായി സ്വരൂപിച്ചത് ഒന്നരലക്ഷം രൂപ. യാത്ര പ്ലാന്‍ ചെയ്തുതുടങ്ങുമ്പോഴേക്കും തടസ്സം പ്രളയത്തിന്റെ രൂപത്തിലെത്തി. സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് യാത്ര മറ്റൊരു സമയത്തേക്ക് മാറ്റി. പ്രളയം ശമിച്ചു, പിന്നീട് ദുരിതാശ്വാസത്തിന്റെ ദിനങ്ങള്‍. അപ്പോഴാണ് മൂവര്‍സംഘത്തിനിടയില്‍ ഒരാശയം ഉരുള്‍പൊട്ടിയത്. യാത്ര ദുരിതാശ്വാസത്തിനായുള്ള ഫണ്ട് സ്വരൂപിക്കല്‍ എന്ന ലക്ഷ്യത്തോടെയായാലോ. 

ആഡംബരവാഹനങ്ങളോ ഓഫ് റോഡുകള്‍ക്ക് അനുയോജ്യമായ വണ്ടിയോ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. നമ്മുടെ സ്വന്തം അംബാസഡര്‍ കാര്‍ ചിന്തയുടെ 'റിയര്‍വ്യൂ മിററി'ല്‍ തെളിഞ്ഞു. പിന്നെ താമസിച്ചില്ല. സംഘാംഗമായ മുഹമ്മദി ഷാഫിയുടെ  വല്യുപ്പയും സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയുമായിരുന്ന പരേതനായ അബ്ദുള്‍റസാഖിന്റെ പ്രിയപ്പെട്ട വാഹനം പൊടിതട്ടി പുറത്തെടുത്തു. കെ.എല്‍.7  3531 നമ്പര്‍ 1989 മോഡല്‍ നീല അംബാസഡര്‍ കാര്‍. മൈലേജ് 14-15 കിലോമീറ്റര്‍. പിന്നീടെല്ലാം ദ്രുതഗതിയില്‍. കാറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തത് ഞൊടിയിടയില്‍. ചക്രങ്ങള്‍ മാറ്റി. സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും ഗ്രീന്‍ സിഗ്‌നല്‍ കാട്ടിയതോടെ അംബാസിഡര്‍ റോഡിലേക്ക്. പ്രളയദുരിതാശ്വാസം തേടിക്കൊണ്ട് 'കേരള നീഡ്‌സ് യുവര്‍ ഹെല്‍പ്' എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തി അച്ചടിച്ചിറക്കിയത് 10,000 ലഘുലേഖകള്‍.

Car Travel 2
സംഘാംഗങ്ങള്‍ വാഗാ അതിര്‍ത്തിയില്‍

സഹായവഴികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തിരുവനന്തപുരം സിറ്റി ശാഖയിലെ 67319948232 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ലഘുലേഖവിതരണം. യാത്രാമധ്യേ തടസ്സങ്ങളുണ്ടാകരുതെന്നുകരുതി സഹായത്തിനായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം വാഗ്ദാനം ചെയ്തത് പൂര്‍ണസഹായം. മന്ത്രി തോമസ്‌ െഎസക്കുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് നാട്ടില്‍ തിരിച്ചെത്തിയാല്‍ കാണാമെന്ന ഉറപ്പ്. ''ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ നാട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ ആറിനാണ് യാത്ര പുറപ്പെട്ടത്'' -മടക്കയാത്രാമധ്യേ കണ്ണൂരിലെത്തിയ സംഘാംഗങ്ങള്‍ പറഞ്ഞു. ''മൂന്നുപേര്‍ക്കും ഡ്രൈവിങ് അറിയാവുന്നതിനാല്‍ യാത്ര എളുപ്പമായി. ഒരുദിവസം ശരാശരി 400-450 കിലോമീറ്റര്‍ വരെ ഓടി. ചില ദിവസങ്ങളില്‍ അത് 700 കിലോമീറ്റര്‍ വരെയായി. 

കേരളത്തിനെന്തിനാ കാശ് ?

എന്നാല്‍ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത അപൂര്‍വം ചിലരുമുണ്ട്. കേരളം പണക്കാരുടെ നാടല്ലേ, കേരളത്തിന് ഗള്‍ഫില്‍നിന്ന് കോടികള്‍ കിട്ടിയില്ലേ എന്നൊക്കെയായിരുന്നു ചിലരുടെ പ്രതികരണം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ മെഡിക്കല്‍ പരീക്ഷ കഴിഞ്ഞവരാണ് മുഹമ്മദ് ഷാഫിയും ഇജാസും. നിയാസ് ഇപ്പോള്‍ ഇവന്റ് മാനേജ്‌മെന്റ് ടീം അംഗം.

''അച്ചടിച്ച 10,000 ലഘുലേഖകളില്‍ ഇതേവരെ 9,000 എണ്ണം വിതരണം ചെയ്തുകഴിഞ്ഞു. ഇവരില്‍ ഓരോരുത്തരും 100 രൂപ വീതമെങ്കിലും ദുരിതാശ്വാസനിധിയുടെ അക്കൗണ്ടിലിട്ടെങ്കില്‍ അതുതന്നെ ഒരു ഒന്‍പതുലക്ഷമായില്ലേ..''പ്രതീക്ഷ ഏറെയുള്ള ഇവരുടെ കണക്കുകൂട്ടലുകളില്‍ തെളിയുന്നത് മറ്റൊരു കാര്യം: ആരാണ് പറഞ്ഞത് നമ്മുടെ യുവാക്കള്‍ കാര്യപ്രാപ്തിയും ലക്ഷ്യബോധവും മനുഷ്യസ്‌നേഹവും ഇല്ലാത്തവരാണെന്ന് ?