joemon

(കേരളത്തിലെ ശ്രീലങ്കന്‍ കോണ്‍സുലാര്‍ ഹെഡ്ഡാണ് ലേഖകന്‍)

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും രാജ്യസുരക്ഷയും ഇന്ത്യന്‍ മഹാസമുദ്രവുമായി വളരെയധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒന്‍പതു സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 7500 കിലോമീറ്ററിലധികം സമുദ്രാതിര്‍ത്തിയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഊര്‍ജ്ജ ഇറക്കുമതിയുടെ 80 ശതമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ് ഒഴുകിയെത്തുന്നത്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചടത്തോളം പരമപ്രധാനമാണ്. 

എന്നാല്‍ ഈ മേഖലയിലുള്ള ചൈനയുടെ ഇടപെടലുകള്‍ പലപ്പോഴും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയുടെ ആഗോള സ്വാധീനവും സമ്പദ് വ്യവസ്ഥയും പിന്‍ബലമാക്കി മറ്റു രാജ്യങ്ങളെ തങ്ങളോടൊപ്പം നിര്‍ത്തുവാനുള്ള തന്ത്രങ്ങളാണ് ചൈന നടപ്പിലാക്കി വരുന്നത്. ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, മാല്‍ദീവ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള നിക്ഷേപങ്ങള്‍ ഇതിന്റെ ഉദാഹരങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വളരെ തന്ത്രപ്രധാനമായ സ്ഥാനത്തു നിലകൊള്ളുന്ന ശ്രീലങ്കയില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനയുടെ സാന്നിദ്ധ്യമാണ് സമീപകാലത്ത് ഇന്ത്യക്ക് ഏറ്റവുമധികം തലവേദനകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

30 വര്‍ഷത്തോളം നീണ്ടു നിന്ന ഏഷ്യയിലെ ഏറ്റവും വലിയ ആഭ്യന്തര യുദ്ധം താറുമാറാക്കിയ ഒരു രാജ്യമാണ് ശ്രീലങ്ക. 2009-ല്‍ യുദ്ധം അവസാനിച്ചതിനു ശേഷമുള്ള ചുരുങ്ങിയ കാലയളവില്‍ സമസ്തമേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുവാന്‍ ശ്രീലങ്കക്ക് സാധിച്ചു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. യുദ്ധാനന്തര ശ്രീലങ്കയെ നയിച്ച പ്രസിഡന്റ് മഹിന്ദ രജപക്‌സെ പടിഞ്ഞാറന്‍ രാജ്യങ്ങളുമായി നിലനിന്നിരുന്ന കൂട്ടുകെട്ടുകളെ മാത്രം ആശ്രയിക്കാതെ പ്രാദേശിക ശക്തികളായ ഇന്ത്യയും ചൈനയുമായുള്ള സഹകരണത്തിന് മുന്‍തൂക്കം നല്‍കുന്ന നയമാണ് സ്വീകരിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതില്‍ ശ്രീലങ്ക സുപ്രധാനമായ പങ്കു വഹിക്കുവാന്‍ കഴിയുമെന്നുള്ള തിരിച്ചറിവാണ് ഒരു ചുവടുമാറ്റത്തിന് മഹീന്ദയെ പ്രേരിപ്പിച്ച മുഖ്യഘടകം.

രാജ്യപുന:നിര്‍മ്മാണ പ്രക്രിയയില്‍ ശ്രീലങ്കയുടെ രക്ഷകരായി ഇന്ത്യയേയും ചൈനയേയും ഒരുപോലെ രംഗത്ത് കൊണ്ടുവരുവാന്‍ മഹീന്ദയ്ക്കു സാധിച്ചു. ഗ്രാന്റുകളുടെയും ലോണുകളുടെയും രൂപത്തില്‍ ഇന്ത്യയും ചൈനയും വലിയ തോതിലുള്ള നിക്ഷേപങ്ങളാണ് ശ്രീലങ്കയില്‍ നടത്തിയത്. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളുടെ അടിസ്ഥാന വികസനങ്ങള്‍ക്കാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം കൊടുത്തത്. അങ്ങനെ ചെയ്യുന്നതിലൂടെ തമിഴ് വംശജരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നൊരു ലക്ഷ്യം കൂടി ഇന്ത്യക്ക് ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതേ സമയം തീരദേശ പട്ടണങ്ങളെ ബന്ധപ്പെടുത്തുന്ന ഹൈവേകളും നിര്‍മ്മാണത്തിലും തുറമുഖങ്ങളുടെ വികസനത്തിലുമാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹമ്പന്തോട്ട ആഴക്കടല്‍ തുറമുഖ വികസനത്തിനു വേണ്ടി ശ്രീലങ്ക ആദ്യം ഇന്ത്യയെയാണ് സമീപിച്ചതെങ്കിലും ഇന്ത്യന്‍ ഗവണ്മെന്റ് സ്വീകരിച്ച തണുപ്പന്‍ സമീപനത്തെ തുടര്‍ന്നാണ് ചൈനക്ക് കരാര്‍ നല്‍കിയതെന്നുള്ള മഹിന്ദ രജപക്‌സയുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണേണ്ട ഒരു വസ്തുതയാണ് ശ്രീലങ്കയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ചൈനയുടെ സ്വപ്നപദ്ധതിയായ മാരിഞ്ഞെടം സില്‍ക്ക് റോഡ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

സമയോചിതമായി പ്രവര്‍ത്തിക്കുവാന്‍ വിമുഖത കാണിച്ചതിന്റെ അനന്തരഫലം അധികം വൈകാതെ ഇന്ത്യക്കു വലിയ തലവേദനകളാണ് സമ്മാനിച്ചത്. 2014 സെപ്റ്റംബറിലും നവംബറിലും ചൈനീസ് അന്തര്‍വാഹിനി കൊളംബോ തുറമുഖത്ത് സന്ദര്‍ശനം നടത്തിയതോടെയാണ് കാര്യങ്ങളുടെ വ്യാപ്തി പൂര്‍ണമായ തോതില്‍ ഇന്ത്യ മനസ്സിലാക്കുവാന്‍ തുടങ്ങിയത്. ഈ കാലഘട്ടത്തിലാണ് രണ്ടു വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെ മഹിന്ദ രജപക്‌സെ ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2015 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെ പരാജയപ്പെടുകയും മൈത്രിപാല സിരിസേന അധികാരത്തില്‍ എത്തുകയും ചെയ്തു.

ഇന്ത്യന്‍ അനുകൂലി എന്ന് പൊതുവെ കരുതപ്പെടുന്ന മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റ് പഥത്തില്‍ എത്തിയത് ഇന്ത്യക്കു വലിയ ആശ്വാസം നല്‍കുന്ന കാര്യമായിരുന്നു. പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദര്‍ശനത്തിന് സിരിസേന ഇന്ത്യയെ തന്നെയാണ് തിരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയുമായുള്ള സഹകരണത്തിന് മുന്‍തൂക്കം നല്‍കുമെന്നുള്ള സിരിസേനയുടെ വാഗ്ദാനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ആണവ സഹകരണം ഉള്‍പ്പെടെയുള്ള നാലു സുപ്രധാന കരാറുകളില്‍ സിരിസേന ഒപ്പ് വെക്കുകയും ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി ത്രിരാഷ്ട സന്ദര്‍ശനത്തിന്റെ ഭാഗമായി 2015 മാര്‍ച്ചില്‍ ശ്രീലങ്കയിലെത്തി. രാജീവ് ഗാന്ധിക്കു ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി. രാജ്യ പുരോഗതിക്കും പുനര്‍നിര്‍മ്മാണത്തിനും ശ്രീലങ്കക്ക് സഹായകമാകുന്ന വിവിധ പദ്ധതികളാണ് തന്റെ സന്ദര്‍ശനത്തിനിടെ മോദി പ്രഖ്യാപിച്ചത്. കൂടാതെ ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കേണ്ട പില്‍ഗ്രിമേജ് അഥവാ തീര്‍ത്ഥാടന ടൂറിസം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും തന്റെ സന്ദര്‍ശനത്തിനിടെ മോദി പരാമര്‍ശിക്കുകയുണ്ടായി. ഇന്ത്യയിലെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ടും സമാനമായി ശ്രീലങ്കയിലെ രാമായണ ട്രയലും പരസ്പര സഹകരണത്തോടെ വികസിപ്പിച്ചെടുക്കുവാന്‍ മോദി ആഹ്വാനം നല്‍കുകയും ചെയ്തു

ഇരു രാജ്യങ്ങളിലേയും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപരിയായി ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള നൂതനമായ ഒരു നയതന്ത്രമാണ് തീര്‍ത്ഥാടന ടൂറിസം പദ്ധതിയിലൂടെ മോദി വിഭാവനം ചെയ്തത്. ശ്രീലങ്കയെ ഇന്ത്യന്‍ താല്പര്യങ്ങള്‍ക്കൊപ്പം നിര്‍ത്തുവാന്‍ ഇതുവരെ പരീക്ഷിച്ച നയതന്ത്രം മതിയാകില്ലെന്ന് 2015 മുതലുള്ള സംഭവവികാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും. സിരിസേന പ്രസിഡന്റായി അധികാരത്തില്‍ എത്തിയ ഉടനെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചൈനയുമായി ഉണ്ടാക്കിയ കരാറുകള്‍ പുനഃപരിശോധിക്കുന്നതിനുള്ള പ്രഖ്യാപനം, ഇന്ത്യക്കു വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഈ പ്രഖ്യാപനവും തുടര്‍ന്നുള്ള സിരിസേനയുടെ ഇന്ത്യന്‍ സന്ദര്‍ശനവും മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയുമായി ശ്രീലങ്ക കൂടുതല്‍ അടുക്കുന്നതിന്റെ പ്രതീതിയാണ് ഉളവാക്കിയത്. ശ്രീലങ്കയുടെ ഭാഗത്തുണ്ടായ ചുവടുമാറ്റം അതീവ ഗൗരവത്തോടെയാണ് ചൈനയും വീക്ഷിച്ചത്. പക്ഷെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ചൈനയുമായി ഏര്‍പ്പെട്ടിട്ടുള്ള തുറമുഖ നഗരം ഉള്‍പ്പെടെയുള്ള മുഴുവന്‍ പദ്ധതികള്‍ക്കും ചെറിയ ഭേദഗതികളോടെ അംഗീകാരം നല്‍കിക്കൊണ്ട് തന്ത്രപരമായ ഒരു നിലപാടാണ് പിന്നീട് ഇക്കാര്യത്തില്‍ ശ്രീലങ്ക സ്വീകരിച്ചത്. രാജ്യപുരോഗതിക്കു വേണ്ടി ഇന്ത്യയും ചൈനയും അമേരിക്കയും അടങ്ങുന്ന ഏതു രാജ്യവുമായി രാഷ്ടതാല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള സഹകരണങ്ങള്‍ക്കു തയ്യാറാണെന്നുള്ള സന്ദേശമാണ് ശ്രീലങ്ക ലോകത്തിനു നല്‍കിയത്. 

ചൈനയില്‍ നിന്ന് എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവും ആഭ്യന്തരയുദ്ധം നടന്ന കാലത്ത് ആ രാജ്യത്തു നിന്ന് ലഭിച്ച പിന്തുണയും എളുപ്പം വിസ്മരിക്കാന്‍ ശ്രീലങ്കക്ക് സാധിക്കില്ല എന്നതും മറ്റൊരു വസ്തുതയാണ്. ഇതൊക്കെയാണെങ്കിലും ചൈനക്ക് ഒരു തരത്തിലും അവകാശപ്പെടാന്‍ കഴിയാത്ത പൊക്കിള്‍കൊടി ബന്ധമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉള്ളത്. ഇരു രാജ്യങ്ങളുടെയും ചരിത്രവും സംസ്‌കാരവും വിശ്വാസങ്ങളും വേര്‍തിരിക്കാനാവാത്ത വിധം ഇഴകിച്ചേര്‍ന്ന് കിടക്കുന്നതും മറ്റൊരു സവിശേഷതയാണ്. ശ്രീലങ്കയിലെ ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം വരുന്ന ബുദ്ധമത വിശ്വാസികളുടെ നിരവധി പുണ്യസ്ഥലങ്ങളാണ് ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്നത്. സമാനമായ രീതിയില്‍ രാമായണവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അന്‍പതിലധികം സ്ഥലങ്ങള്‍ ശ്രീലങ്കയിലും സ്ഥിതി ചെയ്യുന്നുണ്ട്. 

ഇന്ത്യയിലെ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ബുദ്ധിസം സര്‍ക്യൂട്ടും ശ്രീലങ്കയിലെ രാമായണ ട്രയലും യാഥാര്‍ഥ്യമാകുന്നതോടെ രണ്ടു രാജ്യങ്ങളിലേക്കും തീര്‍ത്ഥാടകരുടെ വലിയൊരു ഒഴുക്ക് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിലെ വികസനത്തിനു പുറമെ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ത്തിയെടുക്കാനും ഈ പദ്ധതികള്‍ വളെരയധികം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുദ്ധിസ്റ്റ് സര്‍ക്യൂട്ടും രാമായണ ട്രയലും പരസ്പര സഹകരണത്തോടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം 2016 ജൂണ്‍ മാസത്തില്‍ ഒപ്പു വെച്ചു. 

srilanka
Phot Credit - www.srilanka.travel
srilanka
Phot Credit - www.srilanka.travel

ആദ്യപടിയായി ശ്രീലങ്കയിലുള്ള രാവണന്റെ കൊട്ടാരം, അശോകവാടിക, നാഗദീപ് ഡോമ്പ്ര യുദ്ധഗണാവ് എന്നിങ്ങനെ അഞ്ച് സ്ഥാനങ്ങളാണ് രാമായണ ട്രയലില്‍ ഉള്‍പ്പെടുത്തുവാന്‍ ധാരണയായിട്ടുള്ളത്. ഇന്ത്യയിലുള്ള ശ്രാവസ്തി, കുഷിനഗര്‍, ബോധ്ഗയ, സാര്‍നാഥ്, നളന്ദ എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ ബുദ്ധിസ്റ്റ് സര്‍ക്യൂട്ടില്‍ ഇടം പിടിക്കുന്നുണ്ട്. അയല്‍രാജ്യത്തോടുള്ള അദ്ധ്യാന്മികമായ അടുപ്പം ജനങ്ങളുടെ ഉള്ളില്‍ വളരുന്നതിലൂടെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കൂടുതല്‍ സുദൃഢത കൈവരിക്കുവാന്‍ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.