യുദ്ധങ്ങളും സംഘര്‍ഷങ്ങളും വരുത്തിവെയ്ക്കുന്ന നഷ്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അങ്ങനെയൊരു സംഘട്ടനത്തില്‍ ലൈബീരിയയ്ക്ക് നഷ്ടമായത് ഒരു സ്വപ്‌നം തന്നെയായിരുന്നു. തലസ്ഥാനമായ മണ്‍റോവിയയിലെ ഡ്യൂക്കോര്‍ എന്ന ഹോട്ടലിനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആഫ്രിക്കന്‍ സ്വപ്‌നം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ ഹോട്ടല്‍ ഇന്ന് പ്രേതഭവനം കണക്കേയാണ് നിലകൊള്ളുന്നത്. 

Hotel Ducor 2

1960-ല്‍ തുറക്കപ്പെടുമ്പോള്‍ ആഫ്രിക്കയിലെ ഒരേയൊരു പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു ഡ്യൂക്കോര്‍. ആധുനിക ശൈലിയില്‍ ഇസ്രായേല്‍ വാസ്തുശില്പിയായ മോഷെ മേയറാണ് ഹോട്ടല്‍ രൂപകല്പന ചെയ്തത്. ഉള്ളില്‍ നൈറ്റ് ക്ലബും ശീതീകരിച്ച മുറികളും. വിരുന്നുകാരായി വന്നവരില്‍ മുന്‍ എത്യോപ്യന്‍ ഭരണാധികാരി ഹെയ്ലി സെലാസ്സിയടക്കമുള്ളവര്‍. സ്വിമ്മിങ് പൂളിന്റെ ശീതളിമയില്‍ കോക്ടെയിലും നുകര്‍ന്ന് അറ്റ്‌ലാന്റിക്കിലെ അസ്തമയങ്ങള്‍ അവര്‍ ആസ്വദിച്ചു. പക്ഷേ ആ സന്തോഷനിമിഷങ്ങള്‍ അവസാനിക്കാനുള്ള സമയം വരുന്നതേയുണ്ടായിരുന്നുള്ളൂ.

Hotel Ducor 3

ഒന്നിനുപിറകേ ഒന്നായി വന്ന ആഭ്യന്തരയുദ്ധങ്ങള്‍ കാരണം 1989-ല്‍ ഡ്യൂക്കോര്‍ അടച്ചുപൂട്ടി. രണ്ടര ലക്ഷത്തിലേറെ പേരാണ് 1989 മുതല്‍ 1997 വരേയും 1999 മുതല്‍ 2003 വരേയും നടന്ന വിവിധ സഘര്‍ഷങ്ങളില്‍ ജീവന്‍ വെടിഞ്ഞത്. ഇന്ന് ആഭ്യന്തര യുദ്ധങ്ങളുടെ സ്മാരകംപോലെ, ഓര്‍മപ്പെടുത്തല്‍ പോലെ നിലകൊള്ളുകയാണ് ഈ വമ്പന്‍ ഹോട്ടല്‍. ലിംബോയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ ഉടമയാരാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു ഡൗണ്‍ടൗണും ചേരിയും ഹോട്ടലിന് സമീപമുണ്ട്.

Hotel Ducor 4
ഹോട്ടല്‍ ഡ്യൂക്കോറിനടുത്തുള്ള ഡൗൺടൗണും ചേരിപ്രദേശവും

വെടിയുണ്ടകളും ഷെല്ലുകളുമേറ്റ് തകര്‍ന്ന ഹോട്ടല്‍ ചുമരില്‍ പൂപ്പല്‍ പിടിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളുപയോഗിക്കുന്നവരുടെ താവളമാണിപ്പോളിവിടം. ലിബിയൻ ഭരണാധികാരിയായിരുന്ന ​ഗദ്ദാഫിയുടെ സഹായത്തോടെ ലൈബീരിയന്‍ സര്‍ക്കാര്‍ ഹോട്ടലിന് പഴയ പ്രതാപം നല്‍കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ 2011-ല്‍ ​ഗദ്ദാഫിയുടെ പതനത്തോടെ ആ നീക്കം പാതിവഴിയിലായി. അന്നുമുതല്‍ പദ്ധതി സ്തംഭനാവസ്ഥയിലാണ്. എങ്കിലും ഡ്യൂക്കോര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലാണ് നല്ലൊരു വിഭാഗം ആളുകളും.

Content Highlights: Liberia, hotel ducor, abandoned five star hotel, haunted hotel liberia