ചാർമിനാർ | Photo: AP
നൈസാമിന്റെ നഗരം. ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് സിറ്റിയെന്ന സ്വയം പ്രഖ്യാപിത വിലാസത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട നഗരം. രാമോജി ഫിലിം സിറ്റി, സലാര്‍ജങ് മ്യൂസിയം, ഹൂസൈന് സാഗര്‍, ചാര്‍മിനാര്‍, കോഹിന്നൂര്‍ രത്നം അഹങ്കാരമാക്കിയ ഒരു രാജവംശത്തിന്റെ അനേകം ചരിത്ര ഗാഥകള്‍. ഇതെല്ലാമായിരുന്നു ഹൈദരബാദെന്ന നഗരത്തിന്റെ വിശാലതയിലേക്കുള്ള വിളികള്‍.
വരണ്ട ചെമ്മണ് പാടത്തെ പിളര്‍ന്നു കൊണ്ട് ബാംഗ്ലൂരില്‍ നിന്ന് തെലങ്കാനയിലേക്കുള്ള പാത അനന്തതയിലേക്ക് നീണ്ടുപോകുന്നു. പേരിനുപോലും മഴ വന്നുപോകാത്ത നാടിന്റെ കാഴ്ചകള്‍ മനസ്സിനെയും മരവിപ്പിക്കുകയാണ്. കടുത്ത വേനലില്‍ വരണ്ടുണങ്ങിപ്പോയ ഗ്രാമങ്ങളില്‍ ദാഹജലം തേടി മനുഷ്യരും കന്നുകാലികളും ഒരുപോലെ ഇഴയുന്നു. മരുഭൂമിയിലൂടെ തീറ്റ തേടി മടുത്ത ആട്ടിന്‍ പറ്റങ്ങള്‍ ചുട്ടുപഴുത്ത ദേശീയ പാതയ്ക്കരികില്‍ യാത്രക്കാരുടെ കാരുണ്യത്തിലേക്ക് കണ്ണുപായിച്ചുനില്ക്കുന്നു. അതിരാവിലെ തന്നെ ഉണര്‍ന്നുകഴിഞ്ഞ ഗ്രാമങ്ങളില്‍ തൊഴില്‍ തേടി അലയുന്നവരുടെ ബഹളങ്ങളെല്ലാം നാട്ടുകവലകളില്‍ ചിതറുന്ന കാഴ്ച. ജമീന്ദര്‍മാര്‍ കനിയാതെ ജീവിതം മുന്നോട്ടില്ല. വരണ്ടു വിണ്ടുകീറിയ കൃഷിയിടത്തില്‍ ഇനി കൃഷിക്കാലമെത്തണമെങ്കില് മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. അതുവരെ ഒരോ നാളുകളും തള്ളി നീക്കണം. വരണ്ടുണങ്ങിയ ചിരികളില്‍ എല്ലാം ഒതുക്കി തെലങ്കാനയുടെ മക്കള്‍ എങ്ങോട്ടെന്നില്ലാതെ പകലു മുഴുവന്‍ അലയുകയാണ്. കനത്തു പൊള്ളുന്ന നട്ടുച്ചകളെ അതിജീവിച്ച ആട്ടിന്പറ്റങ്ങള് കഷ്ടിച്ച് ഒരാള്‍ പൊക്കമുള്ള ഇലകള്‍ കരിഞ്ഞുണങ്ങിയ വേപ്പ് മരത്തണലില്‍ ചൂടകറ്റാന്‍ തിടുക്കം കൂട്ടുകയാണ്. മുന്നിലൂടെ ഇടമുറിയാതെ പാഞ്ഞു പോകുന്ന അനേകം വാഹനങ്ങള്‍ക്കിടയില്‍ നിന്നും അനന്തമായ മരുഭൂമിയിലെ ഒറ്റപ്പെട്ട തണലിലേക്ക് കണ്ണെറിയുന്നവരുടെ കാഴ്ചകള്‍ ഇങ്ങനെ നീളുകയാണ്.
നഗരങ്ങളെക്കാള്‍ പാരവശ്യത്തോടെയാണ് ഗ്രാമങ്ങള്‍. നാടിന്റെ വരളുന്ന നാവിന് തൊട്ടുനനയ്ക്കാന്‍ പോലും പുഴകളും അരുവികളുമില്ല. വിഭജിക്കപ്പെട്ട ആന്ധ്രയുടെ ഉഷ്ണകാലത്തിന്റെ നോവാണിത്. കൈവെള്ളയിലാതുങ്ങിയ ഗൂഗിള്‍ മാപ്പിലേക്ക് കണ്ണോടിച്ചപ്പോള്‍ ഇവിടെ നിന്നും 457 കിലോമീറ്റര്‍ ദൂരം തെലങ്കാനയിലേക്കുണ്ട്. നൂലുപിടിച്ചതുപോലുള്ള പാതയില്‍ മിന്നലുകള്‍ പോലെ കുതിച്ചുപായുന്ന വാഹനങ്ങള്‍ പന്തയ കുതിരകളെപോലെ. ഇത്രയും ദൂരത്തെ മറികടക്കാന്‍ കുതിരക്കാരന്റെ മനസ്സുതന്നെ വേണം. ടോള്‍ ബൂത്തുകളെ പിന്നിലാക്കി പാത ഓരോന്നായി മാറി കുതിച്ചു പായുകയാണ് വാഹനം. ദേശീയ പാതയായിട്ടും വാഹനങ്ങളുടെ തിരക്ക് കുറവ്. ഇത് കനത്ത വേനലാണ്. ഈ സീസണില്‍ ഈ വഴികള്‍ ഇങ്ങനെ തന്നെയാണ്. ഇതിനു മുമ്പും ഇതേ സീസണില്‍ ഇതിലൂടെ വാഹനം ഓടിച്ച ഡ്രൈവറുടെ മറുപടി പുറത്തെ അസഹ്യമായ വെയില് ശരിവെച്ചു. ഇത്രയധികം ഉരുകുന്ന നാട്ടില്‍ ഹൈടെക് നഗരങ്ങില്‍ അല്ലാതെ ഗ്രാമങ്ങള്‍ എങ്ങിനെ അവരുടെ ജീവിതം ശീതീകരിച്ചെടുക്കും. തിളങ്ങുന്ന ഇന്ത്യയെന്ന ഹൈടെക് വിചാരങ്ങളെ ഓര്‍മ്മയിലെത്തിക്കുന്ന ഒരുനാടിന് ഇതിനോട് പ്രതികരിക്കാന്‍ യാതൊന്നുമില്ല. നിങ്ങള്‍ നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കുക എന്നതായിരിക്കും ഇവര്‍ എളുപ്പം സ്വീകരിച്ച ആഹ്വാനം. അത്ര കണ്ട് നഗരങ്ങള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. മണിക്കൂറുകള്‍ പിന്നിട്ട് കഴിഞ്ഞപ്പോള്‍ ഹൈദരബാദ് എന്ന നൈസാമിന്റെ തട്ടകം തലകള്‍ നീട്ടി തുടങ്ങിയിരിക്കുന്നു. ചെഞ്ചായം വിതറിയ ആകാശത്തിന് താഴെ മറ്റൊരു ലോകം ഉണരുകയായി. ഇത്രയും നേരം വിരസതയോടെ നോക്കി നിന്ന പകലുകളെ കാഴ്ചയില്‍ നിന്നും മായ്ച്ച് നിയോണ്‍ ബള്‍ബിന്റെ ചുവപ്പ് കലര്‍ന്ന വെളിച്ചത്തില്‍ നഗരം തിളങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് നഗരമെന്ന് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു വിശേഷിപ്പിച്ച ലോകം.
തടാകക്കരയിലെ പുരാതന നഗരം
പ്രകാശപൂരിതമായ നഗരത്തെ ഇരട്ട പേരുകളില്‍ ഹുസൈന് സാഗര്‍ വേര്‍തിരിക്കുന്നു. വരണ്ടു പൊള്ളിയ മനസ്സിലേക്ക് ഒരു കടലോളം കുളിരു കോരിയിട്ട് ഒരു സാഗരം തന്നെയായി ഹുസൈന് സാഗര്‍ ആരെയും കൊതിപ്പിക്കും. അത്രയധികം വിശാലമാണ് ഈ തടാകത്തിന്റെ വ്യാപ്തികള്‍. തിളച്ചുമറിയുന്ന നഗരത്തിരക്കിലും ഓളപരപ്പുകളില്‍ തിരകളൊന്നുമില്ലാതെ ശാന്തമാണ് ഈ തടാകം. വൈകുന്നേരമുള്ള ബോട്ടുയാത്രയില്‍ ഒരവസരത്തിനായി തിരക്കുകൂട്ടുന്ന നൂറുകണക്കിന് സഞ്ചാരികളാല്‍ ബോട്ടുജെട്ടികള്‍ നിറഞ്ഞിരിക്കുന്നു. തീരത്തുതന്നെയുള്ള ലുംബിനി പാര്‍ക്കില്‍ സായാഹ്നം ചെലവിടാന്‍ പതിനായിരങ്ങളെത്തിയിരിക്കുന്നു. ഹൈദരബാദിന്റെ അവധിക്കാലം ലുംബിനി പാര്ക്കിലൊതുക്കുന്നവര് ധാരാളമുണ്ട്. കുട്ടികളുടെ ഏരിയയില്‍ ആഹ്ളാദത്തിന്റെ തിരതല്ലല്‍. പതഞ്ഞു നുരയുന്ന വാട്ടര്‍ പൂളില്‍ ആര്‍ത്തുല്ലസിക്കുകയാണ് അവര്‍ ഒന്നടങ്കം. അഭ്യന്തര സഞ്ചാരികള്‍ക്കൊപ്പം വിദൂരത്തുനിന്നും ഈ നഗരകാഴ്ചകളിലേക്ക് വിരുന്നുവന്നവരും ഇടകലര്‍ന്നതോടെ ലുംബിനി പാര്ക്കിന് ഉത്സവമേളമായി.

ലുംബിനി പാര്‍ക്കിലെ ലേസര്‍ ഷോ പ്രശസ്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലേസര്‍ ഷോ എന്നാണ് ഇവര്‍ നല്കുന്ന വിശേഷണം. രണ്ടായിരത്തിലധികം പേര്‍ക്ക് ഇരിക്കുവാനുള്ള ഗാലറി ഏറെക്കുറെ നിറഞ്ഞു. ഷോ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പേ തന്നെ ഏവരും സീറ്റ് പിടിച്ചിരിക്കുന്നു. ബോളിവുഡിന്റെ മാസ്മര സംഗീതത്തിനൊപ്പം കൂട്ടമായി നൃത്തം ചെയ്യുന്നവര്‍ പിന് നിരയില്‍ നിന്നും ഏവരുടെയും ശ്രദ്ധക്ഷണിക്കുന്നു. പാര്‍ക്കിലെ വിവിധ റൈഡുകളുടെ പ്രകാശവിധാനങ്ങള്ക്കൊപ്പം എല്ലാം ആഘോഷമയം. നാള്‍ക്കുന്നാള്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്ന ഹൈദരബാദ് നഗരത്തിന്റെ പ്രകീര്‍ത്തനങ്ങളോടെ വിസ്മയമായി ലേസര്‍ ഷോയ്ക്ക് തുടക്കം. ചാറ്റല്‍ മഴ പോലെ ചിതറുന്ന വെള്ളത്തിന്റെ നനുത്ത പ്രതലത്തിലേക്കാണ് ലേസര്‍ പ്രവഹിക്കുന്നത്. ഇന്ത്യന്‍ ദേശീയതയെ വാനോളമുയര്‍ത്തുന്ന ചിത്രരേഖകള്‍ വിസ്മയങ്ങളായി. ലുംബിനി പാര്‍ക്കുകളിലെ തിരക്കുകള്‍ അധികൃതര്‍ക്ക് തലവേദനകൂടിയാണ്. ഇത്തരം തിരക്കുകള്‍ക്കിടയില്‍ നിന്നും ഉഗ്ര സ്ഫോടനങ്ങള്‍ പലതവണ മുമ്പുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രവേശന കവാടത്തില്‍ കനത്ത പരിശോധന നേരിടേണ്ടി വരും. ലഗേജുകളും സ്യൂട്ട്കേസുകളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കും. മുംബൈ കഴിഞ്ഞാല്‍ അതിവേഗം വളരുന്ന മെട്രോപോളിറ്റിന് സിറ്റിയായി നൈസാമിന്റെ ഈ പുരാതന നഗരം മാറി കഴിഞ്ഞിരിക്കുന്നു. രാത്രി വൈകിയും നഗരം ഉറങ്ങുന്നില്ല. ഇന്ത്യയില്‍ തന്നെ പേരുകേട്ട കോട്ടി ബസാറിലും മറ്റും രാത്രിയിലും നല്ല തിരക്കുണ്ട്. ഓരോ പത്തു മിനിറ്റിലും വിമാനങ്ങള്‍ വന്നിറങ്ങുന്ന രാജ്യത്തെ ഏറ്റവും നല്ല വിമാനത്താവളങ്ങളിൽ ഒന്നായ ഹൈദരബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിന്റെ നാനഭാഗങ്ങളിലേക്ക് സര്ക്ക്യൂട്ടുണ്ട്. വിവിധ ദേശങ്ങളുടെ അതിര്‍ത്തികള്‍ പിന്നിട്ട് ഈ പാളയത്തില്‍ വന്നു തിരികെ പോകുന്നവരും ഇതുകൊണ്ട് തന്നെ കൂടുതലാണ്.
തെലങ്കാനയുടെ പ്രഭാതം. നഗരത്തിരക്കിലേക്ക് അലിഞ്ഞുചേരുന്ന ജനക്കൂട്ടം. തലങ്ങും വിലങ്ങുമായിട്ടുള്ള റോഡുകള്‍ക്ക് നടുവിലായി ചരിത്രം കുടിയിരുത്തിയ ചാര്‍മിനാര്‍. അതുവരെയുള്ള സങ്കലപ്പങ്ങളെയെല്ലാം മാറ്റിയെഴുതി ആകാശത്തിന്റെ തൂണുകള്‍ പോലെ നാലു മിനാരങ്ങള്‍. കാലത്തിനും നഗരത്തിനും അനുദിനം വന്ന മാറ്റങ്ങളിലേക്ക് കണ്ണയക്കുകയാണ് ഈ സ്തൂപം. നൈസാമിന്റെ നഗരം ഹൈദരാബാദായി ഇപ്പോള്‍ തെലങ്കാനയും ഇതിനും മുമ്പ് എത്രയോ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ മാറ്റങ്ങള്‍ വന്നുപോയി. എന്നാല്‍ മാറാത്തതായി ഒന്നുമാത്രം. അതാണ് ചാര്‍മിനാറെന്ന സ്മാരകത്തിന്റെ ഔന്നത്യം. മുസി നദിയുടെ കിഴക്ക് ഭാഗത്തായി 1591 ല്‍ മുഹമ്മദ് ക്വിലി കുത്തബ് ഷായാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മഹാമാരിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തതിന്റെ സ്മാരകമായി പില്ക്കാലം ഇതിനെ നിര്‍വചിച്ചു. രോഗത്തിന്റെ അശാന്തിക്കെതിരെ കുത്തബ് ഷാ നടത്തിയ പ്രാര്‍ത്ഥനയുടെ പുണ്യമായാണ് ഇതിനെ വിലയിരുത്തുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇന്ന് ഈ ചരിത്ര സ്മാരകത്തിന്റെ പരിപാലകര്‍. നാലുതൂണുകള്ക്കുള്ളിലൂടെയുളള പിരിയന്‍ ഗോവണിയിലൂടെ മുകളിലേക്ക് കയറിയാല്‍ നഗരത്തിന്റെ നാലുഭാഗത്തേക്കുമുള്ള കാഴ്ചകളിലേക്ക് വാതില്‍ തുറക്കും. കാലുകുത്താനിടമില്ലാത്ത വിധം നിറഞ്ഞൊഴുകുന്ന ജനസഞ്ചയങ്ങള്‍ക്ക് നടുവില്‍ നഗരത്തിന്റെ കോലാഹലങ്ങള്‍ക്ക് കാതുനല്‍കാതെ ചാര്‍മിനാര്‍ അതിഥികളോട് അപ്പോഴും ചരിത്രം പങ്കുവെക്കുന്നു.
കാലത്തിന് സാക്ഷിയായ മിനാരങ്ങള്‍
പടിഞ്ഞാറ് ഭാഗത്തായി മക്കാ മസ്ജിദാണ്. നൂറുകണക്കിന് പ്രാവുകള്‍ ചേക്കേറുന്ന വിശുദ്ധയിടം. നിരവധി സനിമകളില്‍ നിറഞ്ഞു നില്ക്കുന്ന അപൂര്‍വതകള്‍ അനേകമുള്ള സമാധാനത്തിന്റെ തിരുമുറ്റം. ഗ്രാനെറ്റ് കല്ലുകളില്‍ തിളങ്ങി നില്ക്കുന്ന മക്കാമസ്ജിദില്‍ ഖബര്സ്ഥാന് വണങ്ങാന്‍ നീണ്ട നിരയുണ്ട്. കൈകളില്‍ നീട്ടുന്ന ഗോതമ്പുമണികള്‍ കൊത്തിയെടുക്കാന്‍ സമാധാനത്തിന്റെ ദൂതുമായി അരിപ്രാവുകള്‍ പാറിവന്നണയുന്നു. ഒരിക്കല്‍ ഒരു സമാധാനത്തിന്റെ സായാഹ്നത്തില്‍ ഇവിടെയും ഒരുഗ്ര സ്ഫോടനമുണ്ടായി. ഒരിള്ക്കിടിലം പോലെ ഹൃദയം പൊട്ടി മാര്‍ബിള്‍ തറയിലേക്ക് അടര്‍ന്ന് വീണ അരിപ്രാവുകള്ക്കൊപ്പം അന്ന് ചിന്നി ചിതറി പോയി നിരവധി പേരുടെ സ്വപ്നങ്ങളും. അതിനു ശേഷം ഇവിടെയും സുരക്ഷയുടെ വലയത്തിലായി. മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മക്കാ മസ്ജിദെന്ന പുണ്യകേന്ദ്രത്തിലേക്ക് യാത്രയാകാം. കുത്തബ് ഷാഹി രാജവംശത്തിന്റെ അഞ്ചാമനായ മുഹമ്മദ് ക്വിലി കുത്തബ് ഷായാണ് മക്കാമസ്ജിദും പണികഴിപ്പിച്ചത്. കൂറ്റന്‍ ശിലാപാളികള്‍ കൊണ്ട് നിര്‍മ്മിച്ച മസ്ജിദിന്റെ പോരായ്മകളകറ്റാന് മക്കയില്‍ നിന്നും ഒരു ശിലതന്നെ കൊണ്ടുവരേണ്ടി വന്നു. മസ്ജിദിന്റെ ഒരു ഭാഗത്തുള്ള പ്രവേശന കവാടത്തിനരികിലായി ഭിത്തിയില്‍ ഈ കല്ല് ഇപ്പോഴും ദൃഢതയോടെ ഈ ചരിത്ര സ്മാരകത്തെ താങ്ങി നില്ക്കുന്നു.
.jpg?$p=6ac81f4&&q=0.8)
നഗര കേന്ദ്രത്തില്‍ നിന്നും പതിനൊന്നുകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോയാല്‍ ഗോല്‍ക്കൊണ്ട ഫോര്‍ട്ടിലെത്താം. പൂര്‍ണ്ണമായും ശിലയില്‍ നിര്‍മ്മിച്ച അത്ഭുതങ്ങളുടെ കോട്ട. ലോകത്തില്‍ ഇന്നുവരെയും പ്രകൃതിയില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും അമൂല്യമായ കോഹിന്നൂര്‍ രത്നം ഒരുകാലത്ത് സൂക്ഷിച്ചിരുന്ന കോട്ട. കൂറ്റന്‍ മതിലുകള്‍ അതിരിടുന്ന കോട്ടയുടെ കവാടം കടന്നാല്‍ മറ്റൊരുലോകം. പലയിടങ്ങളിലും നാശത്തെ അഭിമുഖീകരിച്ച കോട്ടയുടെ കൂറ്റന്‍ തൂണുകളും മറ്റും ചരിത്ര ശേഷിപ്പുകളായി നില്ക്കുന്നു. മലമുകളിലേക്ക് നീണ്ടുപോകുന്ന കോട്ടയുടെ ഇടനാഴികളില്‍കൂടി യഥേഷ്ടം സഞ്ചരിക്കാം. ഗോല്‍ക്കൊണ്ട എന്നാല്‍ ആട്ടിടയന്മാരുടെ കുന്ന്. കാക്കാത്തിയ രാജവംശത്തിലെ പ്രതാപ രുദ്രനാണ് ഈ കോട്ട 945 കാലഘട്ടത്തില്‍ പുതുക്കി പണിതത്. വാറംഗല്‍ പിടിച്ചെടുത്ത തുഗ്ളക്ക് പട്ടാളത്തില്‍ നിന്നും രക്ഷനേടനാന് വീണ്ടും മുസ്നൂരി നായ്ക്കര്‍ ഈ കോട്ടയെ ബലപ്പെടുത്തി. മുഗള്‍ ഭരണാധികാരിയായ ഔറംഗസീബിന്റെ അക്രമണത്തില്‍ കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. 1507 ല്‍ കുത്തബ് ഷാഹി രാജവംശത്തിന്റെ അധീനതയിലായി ഈ കോട്ട. പിന്നീടിത് ഗ്രാനൈറ്റ് ശിലകളാല്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയായിരുന്നു. മൂല്യങ്ങളായ രത്നങ്ങളുടെ പേരിലായിരുന്നു ഈ കോട്ട അന്ന് അറിയപ്പെട്ടിരുന്നത്. പഴയകാല ദര്‍ബാര്‍ ഹാളുകളും തുരങ്കങ്ങളും ഇവിടെയുണ്ട്. ഇതിന് ഏതാനും കിലോമീറ്റര്‍ അകലെയായി കുത്തബ് ഷാഹിയുടെ ഖബറും കാണാവുന്നതാണ്. കോട്ടയുടെ ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ലൈറ്റ് ആന്റ് സൗണ്ട് ഷോയും എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ നടക്കുന്നു.
നഗരത്തിന്റെ കനത്ത ചൂടില്‍ നിന്നും മൈനസ് ഡിഗ്രി തണുപ്പിലേക്ക് ഊളിയിട്ടുപോകാം. ഐസ് വേള്‍ഡ് എന്ന മഞ്ഞുകൂടാരം ഏവരെയും കാത്തിരിക്കുന്നു. സെക്കന്റ് കാഷ്മീര്‍ എന്നാണ് തണുപ്പിന്റെ ഈ കൃത്രിമ ലോകത്തിന് പേര് നല്‍കിയിരിക്കുന്നത്. മഞ്ഞിലൂടെ ഫുട്ബോള്‍ കളിക്കാം. സ്കീയിങ്ങ് നടത്താം. തെലങ്കാനയിലെ ഐസ് വേള്‍ഡ് ഇങ്ങനെയൊക്കെ വിസ്മയമാണ്. കൊടും തണുപ്പില്‍ നിന്നും പുറത്തിറങ്ങി സലാര്‍ജംഗ് മ്യൂസിയത്തിലേക്ക്. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര മ്യൂസിയം. ഒട്ടുമിക്ക ലോകരാജ്യങ്ങളില്‍ നിന്നുമുള്ള അമൂല്യമായ വസ്തുക്കളെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഓരോന്നും കണ്ടുപോകണമെങ്കില് രണ്ടുദിവസം വേണ്ടി വന്നേക്കാം. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ മ്യൂസിയത്തിന് ശിലയിട്ടത്. കോടിക്കണക്കിന് വിലപിടിപ്പുള്ള സ്വത്തുകള്‍ ഉള്ളതിനാല്‍ സി.ഐ.എസ്.എഫ് ആണ് ഇതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
ജീവനുള്ള ചരിത്ര മ്യൂസിയങ്ങള്‍
.jpg?$p=e4c21f4&&q=0.8)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇറ്റാലിയന്‍ ശിൽപി ജി.ബി ബെന്‍സോണി മാര്‍ബിളില്‍ നിര്‍മ്മിച്ച വെയില്‍ഡ് റബേക്കയുടെ മനോഹര ശിൽപം ആരുടെയും മനം കവരും. ബൈബിൾ കഥാപാത്രമായ റബേക്ക മഴനനയുന്ന ശിൽപം ലോകത്തിന്റെ ആകര്‍ഷണവലയത്തില്‍ ഉള്‍പ്പെട്ടതാണ്. മാര്‍ബിളില്‍ കൊത്തിയെടുത്ത ഒറ്റക്കല്‍ ശില്പത്തിന് മെലഡി ഇന്‍ മാര്‍ബിള്‍ എന്നാണ് വിശേഷണമുള്ളത്. ലോകത്തിന്റെ നാനഭാഗത്തു നിന്നും ഈ ശിൽപം കാണാന്‍ മാത്രം ലക്ഷക്കണക്കിന് പേര് ഇതിനകം ഇവിടെ എത്തിയിട്ടുണ്ടെന്ന് മ്യൂസിയം അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിര്‍മ്മിച്ച ഇരട്ടമുഖമുള്ള മെഫിസ്റ്റോഫിലിസിന്റെ രൂപം സലാര്ജംങിലെ മറ്റൊരു ആകര്‍ഷണമാണ്. നല്ലതിനെ പ്രതിപാദിക്കുന്ന സ്ത്രിയുടെ രൂപവും മറുഭാഗത്ത് ക്രൂരതയുടെ പുരുഷരൂപവുമാണ് ഒരു മാര്‍ബിള്‍ശിലയില്‍ കൊത്തിയെടുത്തിരിക്കുന്നത്. രാജവംശത്തിന്റെ ആയുധങ്ങളും പടക്കോപ്പുകളും ഇവിടെ കമനീയമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിദേശത്ത് നിന്ന് നിര്‍മ്മിച്ചുനല്‍കിയ ആള്‍രൂപം മണിമുഴക്കുന്ന ഘടികാരവും ഇന്നും പ്രവര്ത്തനസജ്ജ്മായി ഇവിടെയുണ്ട്. ഹൈദരാബാദിലെത്തിയാല്‍ മറക്കാതെ പോകേണ്ട ഒരു സ്ഥലമായി ഇതിനെ കണക്കാക്കാം. യുറോപ്യന്‍ ആര്‍ക്കിടെക്റ്ററല്‍ കെട്ടിടവും സുന്ദരമാണ്.
.jpg?$p=6f66744&&q=0.8)
പിന്നെയും മരുഭൂമികള്‍ കടന്ന് യാത്ര രാമോജി ഫിലിം സിറ്റിയിലേക്ക്. ലോകത്തെ ഏറ്റവും വലിയ ഫിലിം സിറ്റി എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം തേടിയ കേന്ദ്രം. രാമോജി എന്നെഴുതിയ കൂറ്റന്‍ പ്രവേശന കവാടം പത്തുകിലോമീറ്റര്‍ അകലെ നിന്നേ കാണാം. അടുത്തു വരും തോറും അത്ഭുത ലോകം തെളിഞ്ഞുവരികയായി. അവര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ പിന്നീടുള്ള യാത്ര. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത അത്ഭുത ലോകം കണ്ടാല്‍ മതിവരില്ല. കൊട്ടാരങ്ങളും കോട്ടകളുമൊക്കെ അതേ പോലെ തന്നെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. അകലങ്ങളിലെ ലോകങ്ങളെല്ലാം ഇവിടെ സനിമയക്ക് വേണ്ടി സൃഷ്ടിച്ചെടുത്തിരിക്കുന്നു. അതിനൊപ്പം വിനോദ സഞ്ചാരികള്‍ക്കും രാമോജിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. സിനിമയുടെ ആരും പറഞ്ഞുതരാന്‍ മടിക്കുന്ന ടെക്നിക്കുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. സന്ദര്‍ശകരെ സിനിമയുടെ പ്രതലത്തിലേക്ക് സന്നിവേശിപ്പിക്കാനും ഇവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് നൂറ്മാര്ക്കാണ്. കൂറ്റന്‍ സിനിമയുടെ സെറ്റുകളും ഇവര്‍ ടൂറിസ്റ്റുകള്‍ക്കായി പൊളിക്കാതെ വെച്ചിരിക്കുന്നു. കുട്ടികള്‍ക്കായി വലിയ പാര്‍ക്കുകള്‍ വേറെയുമുണ്ട്. 1400 ഏക്കറില്‍ പടുത്തുയര്‍ത്തിയ ഫിലിം സിറ്റി കാണാന്‍ മാത്രം ഇവിടെ എത്തിയവര്‍ അനേകമാണ്. മരുഭൂമിയില്‍ വിരിഞ്ഞ രാമോജിയുടെ വിശേഷങ്ങള്‍ ഇങ്ങനെ നീളുകയാണ്.

നഗരത്തിലെ പേള്മാര്ക്കറ്റിലും തിരക്കേറിവരികയാണ്. ഹൈദരബാദ് പേള്‍ പ്രശസ്തമാണ്. ആഭരണങ്ങളുടെ കരുതല്‍ ശേഖരങ്ങളിലേക്ക് പേള്‍ തേടിയിറങ്ങിയവരാണ് അധികവും. സർട്ടിഫൈഡ് പേളുകള്ക്കെല്ലാം നല്ല വിലയുണ്ട്. ഇതൊന്നും കൂസാതെ ആഭരണ ഭ്രമത്തില്‍ മയങ്ങിപോകുന്നവരുടെ പരിഭവങ്ങളും ഇവിടെ ഇഴപിരിയുന്നു. പഴയകാല സൗധങ്ങളുടെ നഗരം സായാഹ്നത്തിലേക്ക് വഴുതിവീണു. ചുവന്ന ആകാശത്തിനു താഴേപകല് മുഴുവന്ചുട്ടുപൊള്ളിയ പാതയിലൂടെ തിരികെ യാത്ര. നൈസാമിന്റെ തട്ടകം അകലങ്ങളിലേക്ക് അടര്‍ന്നുപോകുന്നു. നഗരത്തിന്റെ രാത്രി വെളിച്ചങ്ങള്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി. യാത്ര പറഞ്ഞുപോകുന്നവരുടെ വാഹനങ്ങള്‍ നീണ്ട നിരകളായി ലക്ഷ്യത്തിലേക്ക് തിരികെ പായുന്നു.
Content Highlights: hyderabad travel charminar mecca masjid jung museum film city
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..