വിവാഹം സ്വര്‍ഗത്തില്‍ തന്നെയാവട്ടെ; 'ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്‌' -ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം


ആമി അശ്വതി

6 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: എസ്.എൽ ആനന്ദ്

വിവാഹത്തെപ്പറ്റി പറഞ്ഞുപഴകിയ ഒരു വാചകമുണ്ട്, എന്നാല്‍ പഴകുംതോറും വീഞ്ഞുപോലെ മധുരിക്കുന്നത് വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു. വിവാഹം സ്വര്‍ഗത്തിലല്ല, വിവാഹം നടക്കുന്നത് എവിടെയോ അവിടമാണ് സ്വര്‍ഗം എന്നു പറയും പുതിയ തലമുറ. ആ സ്വര്‍ഗം അവരുടെ സ്വപ്‌നങ്ങളില്‍നിന്നിറങ്ങി വന്നതുപോലെയുണ്ടാകും. പ്രകൃതി അതിന്റെ ഭംഗി പൂര്‍ണതയിലെത്തിക്കുന്നിടത്ത്, മണ്ണും വിണ്ണും കാറ്റും കടലും സ്വച്ഛതയുടെ, സൗന്ദര്യത്തിന്റെ വര്‍ണങ്ങള്‍ നിറയ്ക്കുന്നിടത്താണ് ആ സ്വര്‍ഗം. സ്വര്‍ഗം ഭൂമിയിലിറങ്ങുന്നിടത്തുവെച്ച് ഇനി എന്നേയ്ക്കും കൈകള്‍ കോര്‍ത്തുപിടിക്കേണ്ട രണ്ടു പേര്‍ പ്രിയപ്പെട്ടവരുടെ ആരവങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ക്കുമിടയില്‍ ഒന്നാകും. മുത്തശ്ശിക്കഥകളിലെ കല്യാണങ്ങള്‍ ഓര്‍മയില്‍ കുതിരക്കുളമ്പടി മുഴക്കി പാഞ്ഞെത്തുന്നു. ഏതൊക്കെയോ മനോഹര തീരങ്ങളില്‍വെച്ച് രാജകുമാരിയെ സ്വന്തമാക്കുന്ന വീരയോദ്ധാവ്. മുത്തശ്ശിക്കഥകളിലെ ഭാവനയുടെ അതേ രസം തന്നെയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ മുന്നോട്ടുവെക്കുന്നത്. കൃത്യമായ ബജറ്റ് പ്ലാനിങ്ങും മികച്ച ഐഡിയയുമുണ്ടെങ്കില്‍ ആര്‍ക്കും മനോഹരമായ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്ലാന്‍ ചെയ്യാം.

അത് കേരളത്തില്‍ തന്നെയാകാം, രാജസ്ഥാനിലെ കൊട്ടാരങ്ങളിലോ ഗോവയിലെ ബീച്ചിലോ വാഗമണിലെ മൊട്ടക്കുന്നുകളിലോ ഡാര്‍ജിലിങ്ങിലെ മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിലോ ആകാം. ബെല്‍ജിയത്തിലോ സ്വിറ്റ്‌സര്‍ലന്‍ഡിലോ ഓസ്ട്രിയയിലോ ലണ്ടനിലോ ആകാം. ലോകമെങ്ങും വിവാഹവേദിയൊരുക്കി കാത്തിരിക്കുന്നത് എണ്ണമറ്റ സ്ഥലങ്ങളാണ്. വിവാഹാലോചന തുടങ്ങും മുന്‍പേ തുടങ്ങുന്ന സ്വപ്നം കാണലാണ്, ആ ദിവസം... അതെങ്ങനെയായിരിക്കണമെന്ന്. എന്തു ധരിക്കണം, ഏതു നിറം വേണം, എങ്ങനെയുള്ള ആഭരണങ്ങള്‍ വേണം, കൂടെയുള്ള അകമ്പടിക്കാര്‍ എങ്ങനെയായിരിക്കണം, പന്തല്‍, പുഷ്പാലങ്കാരങ്ങള്‍, വിരുന്ന് തുടങ്ങി ഓരോ നിമിഷവും ഒരു സിനിമയിലെന്നപോലെ സങ്കല്പത്തില്‍ തെളിഞ്ഞുവരും. ഇത്തിരി പൈങ്കിളിയല്ലേ എന്നു തോന്നാം. പക്ഷേ, ചില കാലങ്ങള്‍ ചരിത്രാതീത കാലം തൊട്ടേ ഇനി കല്പാന്തകാലത്തോളവും അങ്ങേയറ്റം കാല്പനികവും കൃത്യമായി പറഞ്ഞാല്‍ പൈങ്കിളിയുമായി തുടരും. പ്രണയം അങ്ങനെയാണ്.

ക്രിക്കറ്റിലെ തീപാറും താരം വിരാട് കോലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മയും ഇറ്റലിയിലെ ടസ്‌കനിയില്‍വെച്ചു വിവാഹിതരായതാണ് ഇന്ത്യന്‍ മീഡിയ ഏറ്റവും ആഘോഷിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളിലൊന്ന്. അതോടെ ടസ്‌കനിയും അവിടുത്തെ അതിസമ്പന്നന്മാര്‍ക്കു മാത്രം പ്രാപ്യമായ ബോര്‍ഗോ ഫിനോചിയെറ്റോ എന്ന റിസോര്‍ട്ടും ഒക്കെ അതോടെ ഇന്ത്യയിലും ഹിറ്റായി. ഗ്രാമത്തിന്റെ സ്വച്ഛതയില്‍ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ 800 വര്‍ഷം പഴക്കമുള്ള ആ പുരാതനമായ ഹോട്ടലില്‍ ഇന്ത്യന്‍ രീതിയില്‍ നടന്ന ആ വിവാഹത്തിലെ ആഡംബരത്തിന്റെയും ആഘോഷത്തിന്റെയും അലകള്‍ ഇങ്ങ് ഇന്ത്യയിലാകെ അലയടിച്ചു. റിസോര്‍ട്ടില്‍ ഒരു രാത്രി ചെലവിടാന്‍ ഏതാണ്ട് 14 ലക്ഷത്തോളം രൂപയാകും. ഒരാഴ്ചയാണ് അനുഷ്‌കയും വിരാടും കുടുംബാംഗങ്ങളും അവിടെ താമസിച്ചത്. ഇന്ത്യന്‍ രീതിയില്‍ നടന്ന വിവാഹവും സബ്യസാചി ഒരുക്കിയ വിവാഹവസ്ത്രങ്ങളും വിവാഹവേദിയും തുടങ്ങി എല്ലാം പിഴവില്ലാത്ത ഒരു വെഡ്ഡിങ് പ്ലാനിങ്ങിന്റെ ഫലമായിരുന്നു. തുടര്‍ന്നും പല ഇന്ത്യന്‍ സെലിബ്രിറ്റികളും ഈ പാത പിന്തുടര്‍ന്നു.

പ്രിയപ്പെട്ട സ്ഥലം എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാകും. എന്നാല്‍ അതു സാധ്യമാക്കുക എളുപ്പമാണോ എന്നു പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്ലാനിങ്ങിന്റെ ആദ്യപടി അതിഥികളുടെ കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടാക്കുക എന്നതാണ്. വേണ്ടപ്പെട്ടവര്‍ക്കുകൂടി എത്തിച്ചേരാനാകുന്ന സ്ഥലമായിരിക്കണം. ചെലവും ദൂരവും കൂടുന്നതനുസരിച്ച് അതിഥികള്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി ചുരുങ്ങും. വിവാഹത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം വേണ്ടപ്പെട്ട ആളുകള്‍ക്ക് എത്തിപ്പെടാനാകുന്നതല്ല എങ്കില്‍ അവര്‍ക്ക് കൂടി പങ്കെടുക്കാനാകുന്ന ഒരു ഡെസ്റ്റിനേഷന്‍ കണ്ടെത്തേണ്ടതായി വരും. അതിഥികള്‍ താമസിക്കുന്ന ഹോട്ടലില്‍ത്തന്നെ വിവാഹവേദി ഒരുക്കണമെന്നില്ല. അല്പം ദൂരെ മാറി മറ്റൊരു സ്ഥലം കണ്ടെത്താം. വിവാഹത്തിന്റെ അന്നു മാത്രം എല്ലാവരും ആ സ്‌പെഷ്യല്‍ ലൊക്കേഷനില്‍ എത്തിച്ചേരട്ടെ. അതിലെന്തായാലും അല്പം സര്‍പ്രൈസ് കൂടി ഉണ്ട്.

കേട്ടറിവ് മാത്രം പോര

സ്വാഭാവികമായും വിവാഹത്തിനാകുമ്പോള്‍, സാധാരണ ഒരു വിദേശയാത്രയ്ക്ക് വേണ്ടിവരുന്നതിനേക്കാള്‍ തയ്യാറെടുപ്പുകള്‍ വേണം. അപരിചിതമായ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കൂടുതല്‍ ഹോംവര്‍ക്ക് വേണ്ടി വരുമെന്ന് ചുരുക്കം. ഇന്റര്‍നെറ്റില്‍ കാണുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിമനോഹരമായിരിക്കും. അതുമാത്രം വെച്ച് സ്ഥലങ്ങളെപ്പറ്റി നിഗമനത്തിലെത്തരുത്. പാസ്‌പോര്‍ട്ട്, ഭാഷ, കാലാവസ്ഥ, താമസം, ഭക്ഷണം, യാത്രാസൗകര്യങ്ങള്‍, പ്രാദേശികമായ പ്രത്യേകതകള്‍ എന്നിവ നിങ്ങളുടെ ഏജന്‍സിയുമായി അഥവാ ഇവന്റ് പ്ലാനറുമായി ആദ്യമേ സംസാരിച്ച് ഉറപ്പുവരുത്താം. ദ്വിഭാഷികൂടിയായ ഒരു പ്രാദേശിക ഗൈഡിനെ ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ സഹായകരമായിരിക്കും. ലൊക്കേഷനിലുള്ള ഏജന്റുമായി നിരന്തരമായ ആശയവിനിമയം ഉണ്ടായിരിക്കണം. സാധ്യമെങ്കില്‍ ലൊക്കേഷന്‍ വിവാഹത്തിന് മുന്‍പേ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെടണം. അല്ലാത്തപക്ഷം വീഡിയോ കോളുകള്‍ തന്നെയാണ് ആശ്രയം. ലൊക്കേഷനെ പറ്റിയും അവിടുത്തെ സാധ്യതകളെപ്പറ്റിയും കൃത്യമായ ധാരണയുണ്ടെങ്കില്‍ വിവാഹം അതിന് സാധ്യമായ എല്ലാ വഴിയിലും ആഘോഷമാക്കാം. മതപരമായ ചടങ്ങുകളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുത്ത രാജ്യത്ത് അതിന് അനുവാദമുണ്ടോ എന്നതും പരിശോധിക്കണം.

കല്യാണം നിയമപരമാകണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അവിടുത്തെ മാര്യേജ് ലൈസന്‍സിനായുള്ള നിര്‍ദേശങ്ങള്‍ മുന്‍പേ പരിശോധിക്കാം. അക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടാകാതെ നാട്ടില്‍വെച്ച് നിയമപരമായ വിവാഹം നടത്തുന്നതാണ് എളുപ്പം. അതായത് വിവാഹം സ്വന്തം നാട്ടില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം. അതിഥികളുടെ സന്തോഷമാണ് വിവാഹാഘോഷത്തിനെ പൂര്‍ണതയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഡെസ്റ്റിനേഷനെപ്പറ്റി അതിഥികളെയും വ്യക്തമായി ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. ഡ്രസ് കോഡ്, കറന്‍സി എക്‌സ്‌ചേഞ്ച്, പ്രാദേശികമായ യാത്രാസൗകര്യങ്ങള്‍ തുടങ്ങി അതിഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആതിഥേയര്‍ ഉറപ്പായും നേരത്തേതന്നെ സംസാരിക്കുന്നത് നന്നായിരിക്കും. യാത്രയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ്‌സ് അതിഥികളെ അറിയിക്കാം. എങ്ങനെയായിരിക്കും സ്ഥലമെന്നും എന്താണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും നല്ല ധാരണയുള്ള അതിഥിയായിരിക്കും ഏറ്റവും സന്തോഷവാനായ അതിഥി. കാരണം വിവാഹം രണ്ടുപേര്‍ തമ്മിലുള്ള കാര്യമാണെങ്കിലും ആഘോഷം അവിടെ കൂടുന്നവരുടെ കൈയിലാണ്.

ഇത് മനോഹരതീരങ്ങള്‍

ഇന്ത്യയില്‍ പ്രധാനമായും ബീച്ച്, ബാക്ക് വാട്ടര്‍, കൊട്ടാരങ്ങള്‍ എന്നിവയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനൊരുങ്ങുന്നവരുടെ ഇഷ്ടപശ്ചാത്തലങ്ങള്‍. ഒപ്പം സ്ഥലസൗകര്യം, യാത്രാ സൗകര്യം, താമസസൗകര്യം തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ആ സ്വര്‍ഗവേദി എവിടെയാകണം എന്ന് തീരുമാനിക്കുക. ഇന്ത്യയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് നമ്മുടെ സ്വന്തം കേരളം. കടലിന്റെയും കായലിന്റെയും സാന്നിധ്യംതന്നെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ വെഡ്ഡിങ് നടന്നത് നമ്മുടെ കോവളത്താണ് എന്നറിയുമ്പോള്‍ തന്നെ മനസ്സിലാകുമല്ലോ മലയാളനാടിന്റെ വമ്പ്. സാസ്‌കാരിക വൈവിധ്യംകൊണ്ടും പ്രകൃതിഭംഗി കൊണ്ടും ആകര്‍ഷകമായ ഇന്ത്യയ്ക്കകത്തും അടുത്തുമുള്ള ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ചിലത് പരിചയപ്പെടാം.

അധികം ബുദ്ധിമുട്ടാതെ, കേരളത്തനിമയുള്ള എന്നാല്‍ വിവാഹം ഒരു ഡെസ്റ്റിനേഷന്‍ ഫങ്ഷന്‍ കൂടിയാകണം എന്നാഗ്രഹമുണ്ടോ? കേരളം തന്നെയാണ് ബെസ്റ്റ് ചോയ്‌സ്. ഈ മേഖലയില്‍ വമ്പന്‍ സാധ്യതകളാണ് കേരളത്തിനുള്ളത്. പ്രകൃതിഭംഗി തന്നെ പ്രധാനകാരണം. കേരളത്തിലെ ഡെസ്റ്റനേഷന്‍ വെഡ്ഡിങ്ങുകളെ പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ടൂറിസം വകുപ്പും മുന്നിട്ടറങ്ങിയിട്ടുണ്ട്. കോവളം, ആലപ്പുഴ, പിന്നെ കൊച്ചി... കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്രേമികളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളാണ് ഇവ. എത്തിച്ചേരാനുള്ള എളുപ്പം, മികച്ച ഹോട്ടലുകള്‍, മനോഹരമായ പ്രകൃതി തുടങ്ങി ഒട്ടേറെ ഗുണങ്ങളുണ്ട് ഈ സ്ഥലങ്ങള്‍ക്ക്.

കോവളം

കടലിന്റെ അപാരതയെ സാക്ഷിനിര്‍ത്തി ഒന്നാകണം. പ്രിയപ്പെട്ടവരുടെ ആരവങ്ങളില്‍ സന്തോഷം അലയടിച്ചുയരണം. കടലും പച്ചപ്പും കാണണം ആ കല്യാണം. എങ്കില്‍ നേരെ വണ്ടി പിടിച്ചോളൂ, കോവളത്തേക്ക്. ബീച്ച് തന്നെയാണ് വിവാഹപാര്‍ട്ടികളെ കോവളത്തേക്ക് ആകര്‍ഷിക്കുന്നത്. ബീച്ച് റിസോര്‍ട്ടുകളും നക്ഷത്രഹോട്ടലുകളും ഇവിടെ ഇഷ്ടം പോലുണ്ട്. സ്വാഭാവികമായും ചെലവ് താരതമ്യേന കൂടും. ട്രെയിന്‍, എയര്‍പോര്‍ട്ട് സൗകര്യങ്ങള്‍ക്കൊപ്പം ലോക്കല്‍ ട്രാന്‍സ്‌പോര്‍ട്ടും കാര്യക്ഷമമാണ്. കോവളത്തെ പ്രധാന ആകര്‍ഷണം സീ ഫുഡ് തന്നെ. ഒപ്പം തനത് കേരളഭക്ഷണവും എളുപ്പത്തില്‍ കിട്ടും.

ആലപ്പുഴ/കുമരകം

വിവാഹം വ്യത്യസ്തമാകണം. അല്പം കൂടി പോക്കറ്റ് ഫ്രണ്ട്‌ലിയുമാകണം. എങ്കില്‍ ഒരു ഹൗസ്‌ബോട്ട് വെഡ്ഡിങ് മികച്ച ആശയമായിരിക്കും. ആലപ്പുഴയും കുമരകവുമാണ് അക്കാര്യത്തില്‍ എതിരില്ലാത്ത ചോയ്‌സ്. കായലിന്റെ പശ്ചാത്തലത്തില്‍ കെട്ടുവള്ളത്തില്‍വെച്ച് ഒരു സ്‌റ്റൈലിഷ് വെഡ്ഡിങ്. തികച്ചും പരമ്പരാഗതത്തനിമയുള്ള പശ്ചാത്തലവും പകരം വെക്കാനില്ലാത്ത പ്രകൃതിഭംഗിയുമാണ് ഈ കായല്‍ കല്യാണങ്ങളുടെ പ്രധാന ആകര്‍ഷണം. പരമ്പരാഗത റിസോര്‍ട്ടുകളുടെ ഒരു നീണ്ട നിര തന്നെ ഇവിടങ്ങളിലുണ്ട്. ഏത് ബജറ്റിലും ഭംഗിയായി ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്ലാന്‍ ചെയ്യാന്‍ കഴിയും എന്നതാണ് ആലപ്പുഴയെയും കുമരകത്തെയും ഇവന്റ് പ്ലാനിങ്ങിന്റെ ഹോട്ട്‌ലിസ്റ്റില്‍ നിലനിര്‍ത്തുന്നത്. താമസം, ലൊക്കേഷന്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി ചോയ്‌സുകള്‍ ഉണ്ട് എന്ന് ചുരുക്കം. കായലിന്റെയും പച്ചപ്പിന്റെയും പശ്ചാത്തലത്തില്‍ തീം വെഡ്ഡിങ്ങുകള്‍ക്കുള്ള സാധ്യതയുമുണ്ട്. കായല്‍ ഭക്ഷണവും നല്ല നാടന്‍ഭക്ഷണങ്ങളും സുലഭമായിക്കിട്ടും. ഫോട്ടോഗ്രഫിക്കും മികച്ച സാധ്യതകളുണ്ട് എന്നുപറയേണ്ടതില്ലല്ലോ. കെട്ടുവള്ളങ്ങള്‍ മാത്രമല്ല, കൊതുമ്പുവള്ളങ്ങളും പാതിരാമണല്‍പോലുള്ള ദ്വീപുകളും കേരളത്തനിമ തുളുമ്പുന്ന പശ്ചാത്തലവും തുടങ്ങി എന്തെല്ലാം ഉണ്ട്, ആലപ്പുഴയെ പ്രണയിക്കാന്‍.

ഗോവ

വൂ....ഹൂ... ഗോവ! ബീച്ച് എന്നാല്‍ ഗോവ തന്നെ. ആഘോഷം എന്നാല്‍... ഗോവ തന്നെ. അപ്പോള്‍ പിന്നെ ഏറ്റവും പോപ്പുലറായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നായി ഗോവ തിരഞ്ഞെടുത്താല്‍ അതിശയമില്ല. തീമാറ്റിക് ഇന്‍ഡോ വെസ്റ്റേണ്‍ മിക്‌സില്‍ ബജറ്റ് ഫ്രണ്ട്‌ലിയായ മനോഹരമായ ഒരു വിവാഹാഘോഷമാണ് പ്ലാന്‍ ചെയ്യുന്നെങ്കില്‍ ഗോവയിലേക്ക് പോകാം. വലിയ അവസരങ്ങളാണ് ഗോവന്‍ സംസ്‌കാരവും പ്രകൃതിയും മുന്നോട്ടുവെക്കുന്നത്. മനോഹരമായ ബീച്ചും അതിമനോഹരമായ ഉള്‍നാടന്‍ ഗ്രാമങ്ങളും. അനവധി റിസോര്‍ട്ടുകള്‍, നക്ഷത്ര ഹോട്ടലുകള്‍ എന്നിവ വിരുന്നുകാരെ കാത്തിരിക്കുന്നു. കര്‍ക്കശമല്ലാത്ത മദ്യനയവും ടൂറിസ്റ്റുകള്‍ക്ക് അങ്ങേയറ്റം പ്രോത്സാഹനം നല്‍കുന്ന നിയമങ്ങളുമാണ് പ്രധാന ആകര്‍ഷണം. ട്രെയിന്‍എയര്‍പോര്‍ട്ട് സൗകര്യവും മികച്ച റോഡുകളുമുണ്ട്. നൈറ്റ് ക്രൂസുകളിലെ ആഘോഷവും ഗോവയ്ക്ക് സ്വന്തം. തനത് ഭക്ഷണവൈവിധ്യത്തിനൊപ്പം ഗോവന്‍ മദ്യങ്ങളും വിദേശഭക്ഷണങ്ങളും സുലഭം. ബീച്ചില്‍ ഒരു മോര്‍ണിങ് വെഡ്ഡിങ്. അല്ലെങ്കില്‍ കടല്‍ത്തിരകളെ സാക്ഷിയാക്കി ഒരു റൊമാന്റിക് ഈവനിങ് വെഡ്ഡിങ്. പഴയ പള്ളികളുടെയും മറ്റും പശ്ചാത്തലത്തില്‍ ഒരു വിന്റേജ് വെഡ്ഡിങ് ആയാലോ? വെറുതെയാണോ ഗോവ എന്ന് കേള്‍ക്കുമ്പോള്‍ വൗ പറഞ്ഞുപോകുന്നത്.

രാജസ്ഥാന്‍

പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ ഒരു രാജകീയ വിവാഹം ആണോ മനസ്സില്‍. രാജസ്ഥാന്‍ വിളിക്കുന്നുണ്ട്. ഉദയ്പുര്‍ കൊട്ടാരത്തിലെ സെലിബ്രിറ്റി വെഡ്ഡിങ്ങുകളിലൂടെയാണ് രാജസ്ഥാന്റെ രാജകീയ പ്രതാപം സാധാരണക്കാരുടെ മനസ്സില്‍ ഇടം നേടുന്നത്. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നാണ് രാജസ്ഥാന്‍. ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും കോട്ടകളും തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും വലിയ സൗന്ദര്യം. കേരളത്തിന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്‌കാരവും. ഒപ്പം മരുഭൂമിയും. ജയ്‌സാല്‍മീര്‍ പോലുള്ള മനോഹരമായ ലൊക്കേഷനുകളുണ്ട് രാജസ്ഥാനില്‍. വിവാഹാഘോഷത്തിന് മാറ്റുകൂട്ടാന്‍ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും നൃത്തവും ക്യാമല്‍ സഫാരിയും ഡെസേര്‍ട്ട് ക്യാമ്പും. രാജസ്ഥാനിലെ വര്‍ണശബളമായ സാംസ്‌കാരിക വൈവിധ്യം വെഡ്ഡിങ് ഫോട്ടോഗ്രഫിക്കും വിരുന്നാകും. തീം വെഡ്ഡിങ്ങുകള്‍ക്ക് മികച്ച സ്ഥലമാണ് രാജസ്ഥാന്‍. യാത്രാസൗകര്യവും ഹെറിറ്റേജ് ഹോട്ടലുകളിലുള്‍പ്പെടെ താമസസൗകര്യവുമുണ്ട്. ബജറ്റ് പരിമിതിയില്ലെങ്കില്‍ മികച്ച ചോയ്‌സാണ് രാജസ്ഥാന്‍.

ശ്രീലങ്ക

വെസ്റ്റേണ്‍ കള്‍ച്ചറുള്ള കേരളം. ഒറ്റവാക്കില്‍ അങ്ങനെ പറയാം ശ്രീലങ്കയെ. വളരെ ടൂറിസ്റ്റ് ഫ്രണ്ട്‌ലിയായ രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ശ്രീലങ്ക. ഭൂപ്രകൃതിയുടെ വൈവിധ്യം തന്നെയാണ് ലങ്കന്‍ മണ്ണിലേക്ക് വലിച്ചടുപ്പിക്കുക. കടല്‍, മലനിരകള്‍, പച്ചപ്പ്, ചരിത്രവും പൗരാണികതയും മായാത്ത അവശേഷിപ്പുകള്‍, ബുദ്ധക്ഷേത്രങ്ങള്‍... സാംസ്‌കാരിക വൈവിധ്യത്തിനൊപ്പം ലങ്ക കാത്തുവെച്ചിരിക്കുന്നത് കാഴ്ചകളുടെ കലവറയാണ്. പണത്തിന് മൂല്യം കുറവാണ് എന്നതുകൊണ്ടുതന്നെ നക്ഷത്ര ഹോട്ടലുകളുള്‍പ്പെടെ താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. വിസ ഓണ്‍ അറൈവല്‍ സൗകര്യവും കപ്പല്‍ സര്‍വീസും മറ്റു പ്രത്യേകതകളാണ്. കടല്‍വിഭവങ്ങള്‍ക്കൊപ്പം തനത് ലങ്കന്‍ വിഭവങ്ങളും വിവാഹവിരുന്നില്‍ ഉള്‍പ്പെടുത്താം.

പുനഃപ്രസിദ്ധീകരണം

Content Highlights: How to Plan a Destination Wedding, best wedding destination in Kerala, India, srilanka

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Mandarin Duck

3 min

ഇത് പക്ഷിയോ? അതോ അതോ, ചിത്രകാരന്റെ ബ്രഷിൽ രൂപമെടുത്ത വർണക്കൂട്ടുകളോ?

Dec 16, 2021


mathrubhumi

2 min

അനുസ്മരിക്കാം ഈ മാന്ത്രികസഞ്ചാരിയെ

Mar 14, 2016


train

3 min

മഴയത്ത് ചോരുന്ന കോച്ചുകളുടെ ഓട്ടയടക്കാതെ വന്ദേഭാരതിന്റെ നിറം മാറ്റിയിട്ട് എന്ത് ഗുണം?

Sep 6, 2023

Most Commented